ശക്തമായ ഭൂകമ്പത്തിന് പിന്നാലെ 100-ലേറെ തുടർചലനങ്ങൾ: പനാമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
2026 ഒക്ടോബർ 9-ന് തെക്കൻ പനാമയിൽ 7.7, 6.6 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായി; ഇതിന്റെ പ്രകമ്പനം കൊളംബിയ വരെ അനുഭവപ്പെട്ടു.
5.8, 5.5 തീവ്രതയുള്ള പ്രകമ്പനങ്ങൾ ഉൾപ്പെടെ നൂറിലധികം തുടർചലനങ്ങൾ ഉണ്ടായതിനെ തുടർന്ന് ഒക്ടോബർ 10-ന് പനാമയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭൂകമ്പത്തിൽ 27 ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തു; പാലങ്ങൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കൊപ്പം 900-ഓളം വീടുകൾക്കും പബ്ലിക് സ്കൂളുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.
ഒക്ടോബർ 12-ന് തെക്കൻ പനാമയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം കൂടി ഉണ്ടായതോടെ തുടർച്ചയായ ഭൂചലനങ്ങളിൽ പ്രദേശവാസികളുടെ ആശങ്ക വർദ്ധിച്ചു.
2026 ഒക്ടോബർ 9-ന് തെക്കൻ പനാമയിൽ റിക്ടർ സ്കെയിലിൽ 7.7, 6.6 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായി.
ആദ്യ ഭൂകമ്പത്തിന്റെ തീവ്രത പ്രാഥമികമായി 8.0 എന്നാണ് രേഖപ്പെടുത്തിയത്. ഇതിന്റെ പ്രകമ്പനം കൊളംബിയ വരെ അനുഭവപ്പെട്ടു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ (USGS) കണക്കുപ്രകാരം, മധ്യ പ്രവിശ്യയായ ഹെരേരയിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തിന്റെ തീവ്രത ശക്തമായിരുന്നെങ്കിലും, മരണങ്ങളോ ആളുകളെ കാണാതായ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പനാമ അധികൃതർ ആദ്യഘട്ടത്തിൽ അറിയിച്ചത്. എന്നാൽ ഭൂചലനങ്ങൾ അവിടെക്കൊണ്ട് അവസാനിച്ചില്ല.
കോക്കോസ് (Cocos), നാസ്ക (Nazca), കരീബിയൻ (Caribbean) എന്നീ പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനങ്ങളും പരസ്പരപ്രവർത്തനങ്ങളും സ്വാധീനിക്കുന്ന, ഭൂകമ്പ സാധ്യത ഏറിയ ഒരു മേഖലയിലാണ് പനാമ സ്ഥിതി ചെയ്യുന്നത്. കൂടാതെ, ഈ പ്രദേശം പസഫിക് റിംഗ് ഓഫ് ഫയറിന്റെ (Pacific Ring of Fire) ഭാഗം കൂടിയാണ്.
വലിയ ഭൂകമ്പങ്ങൾക്ക് ശേഷം, അതിനു ചുറ്റുമുള്ള ഫാൾട്ട് നെറ്റ്വർക്കുകളിൽ (ഭൂവൽക്കത്തിലെ വിള്ളലുകളിൽ) യാന്ത്രികമായ പുനഃക്രമീകരണങ്ങൾ നടക്കുന്നു. ഈ പ്രക്രിയ കാരണം, ഭൂവൽക്കം ഒരു പുതിയ സന്തുലിതാവസ്ഥയിലേക്ക് എത്തുന്നതുവരെ തുടർന്നുള്ള ദിവസങ്ങളിലും ആഴ്ചകളിലും 'തുടർചലനങ്ങൾ' (Aftershocks) എന്നറിയപ്പെടുന്ന ചെറുതും വലുതുമായ പത്തോ നൂറോ കണക്കിന് പ്രകമ്പനങ്ങൾ ഉണ്ടാകാം.
ആദ്യമുണ്ടായ രണ്ട് വലിയ ഭൂകമ്പങ്ങൾക്ക് പിന്നാലെ പ്രദേശങ്ങളെ വിറപ്പിച്ചുകൊണ്ട് നൂറിലധികം തുടർചലനങ്ങൾ ഉണ്ടായതിനെ തുടർന്ന്, 2026 ഒക്ടോബർ 10-ന് പനാമ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 5.8, 5.5 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.
പനാമയിലെ 10 പ്രവിശ്യകളിലും 2 തദ്ദേശീയ മേഖലകളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ കണക്കുപ്രകാരം, 27-ഓളം പേർക്ക് പരിക്കേൽക്കുകയും 900-ഓളം വീടുകൾക്കും പബ്ലിക് സ്കൂളുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഏഴ് ഹോട്ടലുകൾ, കുറഞ്ഞത് 13 ആരാധനാലയങ്ങൾ, ഒമ്പത് പാലങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചതായി ഏജൻസി റിപ്പോർട്ട് ചെയ്തു. അധികാരികളുടെ നിർദ്ദേശങ്ങൾക്കായി കാത്തിരുന്നുകൊണ്ട് നിരവധി നിവാസികൾ ശനിയാഴ്ച രാത്രി തെരുവുകളിലാണ് കഴിച്ചുകൂട്ടിയത്.
ഈ വർഷം ആദ്യം വലിയ തോതിൽ ആളപായത്തിനിടയാക്കിയ വെനസ്വേലയിലെ ഭൂകമ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി, പനാമയിൽ വലിയ തോതിലുള്ള ജീവഹാനി ഒഴിവായി.
തലസ്ഥാന നഗരിയിലെ അംബരചുംബികളായ കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ പാലിക്കുന്ന കർശനമായ ബിൽഡിംഗ് കോഡുകളാണ് (കെട്ടിട നിർമ്മാണ ചട്ടങ്ങൾ) വലിയ തോതിലുള്ള ദുരന്തം ഒഴിവാകാൻ പ്രധാന കാരണമായതെന്ന് മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിലെ സീസ്മോളജി വിഭാഗം മേധാവി കർലോസ് വാൽഡെസ് അഭിപ്രായപ്പെട്ടു.
ഭൂചലനങ്ങൾ തുടരുകയായിരുന്നു. ഒക്ടോബർ 12 വൈകുന്നേരം 6:20-ഓടെ, റിയോ ഗ്രാൻഡെയ്ക്ക് (Rio Grande) പടിഞ്ഞാറ് ഏകദേശം 18 കിലോമീറ്റർ അകലെ തെക്കൻ പനാമയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം കൂടി ഉണ്ടായി.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
