അതിതീവ്ര ചുഴലിക്കാറ്റ് 'അക്വാനെ' നേരിടാൻ ഒരുങ്ങി ഒഡീഷ; ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു

നവംബർ 20 ഉച്ചയോടെ ഗഞ്ചം ജില്ലയിലെ ഗോപാൽപൂർ തീരത്തിന് തൊട്ടുകിഴക്കായി ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുണ്ട്.
ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ടവർ
ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ടവർഭുവനേശ്വറിലെ സ്പെഷ്യൽ റിലീഫ് കമ്മീഷണർ
Published on: 
Summary
  • ഒരു ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചതോടെ 'അക്വാൻ' ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷ സജ്ജമായി.

  • മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് ഗോപാൽപൂരിന് സമീപം കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • അധികൃതർ ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും ഭക്ഷണവും മരുന്നും ഉറപ്പാക്കുകയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

സഞ്ചാരപഥത്തിലുണ്ടായ പെട്ടെന്നുള്ള മാറ്റത്തെത്തുടർന്ന്, അതിതീവ്ര ചുഴലിക്കാറ്റായ 'അക്വാൻ' ഗതിമാറി ഒഡീഷ തീരത്തേക്ക് അതിവേഗം നീങ്ങുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ പ്രവചനമനുസരിച്ച്, നവംബർ 20 ഉച്ചയോടെ ഗഞ്ചം ജില്ലയിലെ ഗോപാൽപൂർ തീരത്തിന് തൊട്ടുകിഴക്കായി ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുണ്ട്.

"നവംബർ 20 ഉച്ചയോടെ നരസാപൂരിനും പുരിക്കും ഇടയിൽ ഗോപാൽപൂരിന് സമീപം 'അക്വാൻ' തീരം കടക്കാൻ സാധ്യതയേറെയാണ്. ഈ സമയം മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റുവീശിയേക്കും," ഭുവനേശ്വർ റീജിയണൽ മെറ്റീരിയോളജിക്കൽ സെന്റർ ഡയറക്ടർ മനോരമ മൊഹന്തി നവംബർ 19-ന് മാധ്യമങ്ങളോട് പറഞ്ഞു. ഗഞ്ചം, ഗജപതി, പുരി, കന്ധമാൽ, കേന്ദ്രപാറ, ജഗത്സിംഗ്പൂർ, ഖുർദ, ബാലസോർ, മയൂർഭഞ്ച് എന്നിവയുൾപ്പെടെ നിരവധി തീരദേശ, ഉൾനാടൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) 'ഓറഞ്ച്', 'റെഡ്' അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഐഎംഡി

ഒഴിപ്പിക്കലും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും

നവംബർ 19-ന് മാധ്യമങ്ങളെ കണ്ട ഒഡീഷ ചീഫ് സെക്രട്ടറി അനു ഗാർഗ്, 1,224 ചുഴലിക്കാറ്റ്-വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിലായി 1,05,304 പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചതായും ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണെന്നും സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത് ഗഞ്ചം ജില്ലയിലാണ്—45,364 പേർ. തൊട്ടുപിന്നാലെ 18,000 പേരെ മാറ്റിപ്പാർപ്പിച്ച ഗജപതി ജില്ലയാണുള്ളത്. ഗജപതി, കന്ധമാൽ ജില്ലകളിലെ മലയോര മേഖലകളിൽ നിന്നും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും താമസക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. മുൻകരുതൽ ആരോഗ്യ നടപടിയെന്ന നിലയിൽ, പ്രസവത്തീയതി അടുത്ത ഏകദേശം 9,000 ഗർഭിണികളെ സമീപത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള ജില്ലകളിലായി 9,299 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവയിൽ പാകം ചെയ്ത ഭക്ഷണവും ഭക്ഷ്യവസ്തുക്കളും, കുടിവെള്ളം, അവശ്യമരുന്നുകൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ ശേഖരിച്ചിട്ടുണ്ട്. ആശാ (ASHA), അങ്കണവാടി പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ഇവയുടെ പ്രവർത്തനം. മാറ്റിപ്പാർപ്പിക്കപ്പെട്ടവർക്ക് തടസ്സമില്ലാതെ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഗഞ്ചം ജില്ലയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സൗജന്യ അടുക്കളകൾ ആരംഭിച്ചതായി ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കുന്നു.

ഐഎംഡി

ബഹുതല ഏജൻസി വിന്യാസവും അടിസ്ഥാന സൗകര്യ സുരക്ഷയും

നവംബർ 18-ന് ഭുവനേശ്വറിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തെത്തുടർന്ന് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ, ദുർബല വിഭാഗങ്ങൾ, അടിയന്തര രക്ഷാപ്രവർത്തനം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് റവന്യൂ-ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി വ്യക്തമാക്കി. അപകടസാധ്യതയുള്ള ജില്ലകളിൽ ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ (ODRAF) 60 സംഘങ്ങളെയും ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) 14 സംഘങ്ങളെയും 221 അഗ്നിരക്ഷാ സേനാ യൂണിറ്റുകളെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ, റോഡുകളിലെ തടസ്സങ്ങൾ നീക്കുന്നതിനായി ഒഡീഷ ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (OFDC) 100 സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.

ഗോപാൽപൂർ, പുരി, സതപാഡ, ചിൽക്ക തുടങ്ങിയ പ്രധാന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. കിംഗ ഘാട്ടി–ഗജ്‌ലബാദി റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. റെയിൽവേ അധികൃതർ നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. ഹെലികോപ്റ്ററുകൾ, ക്രെയിനുകൾ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് സന്നാഹങ്ങൾ എന്നിവ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായി നിർത്തിയിരിക്കുകയാണ്.

നെറ്റ്‌വർക്ക് തടസ്സങ്ങൾ നേരിടുന്നതിനായി സംസ്ഥാന ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സാറ്റലൈറ്റ് ഫോണുകളും മൊബൈൽ കമ്മ്യൂണിക്കേഷൻ യൂണിറ്റുകളും (സെൽസ് ഓൺ വീൽസ്) വിന്യസിച്ചിട്ടുണ്ടെന്ന് പൂജാരി പറഞ്ഞു. കനത്ത മഴയെത്തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കം തടയുന്നതിനായി ഒഡീഷ ജലവിഭവ വകുപ്പ് മുഴുവൻ സമയ പട്രോളിംഗും വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഗഞ്ചം ജില്ലയിലെ നിർണ്ണായക മേഖലകളിലും ഋഷികുല്യ നദിയുടെ വിവിധ ഭാഗങ്ങളിലും രാത്രികാല നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും നദീതീരങ്ങളിൽ നിന്നും ജലാശയങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചതായും പൂജാരി കൂട്ടിച്ചേർത്തു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)