

2024 ജൂലൈയിൽ, വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ വൻ ഉരുൾപൊട്ടൽ വീടുകളും കൃഷിയിടങ്ങളും ഉപജീവനമാർഗങ്ങളും മാത്രമല്ല തകർത്തത്. നൂറുകണക്കിന് കുടുംബങ്ങൾ കെട്ടിപ്പടുത്ത ഭാവിയുടെ സാമ്പത്തിക അടിത്തറ കൂടിയാണ് അത് ഇല്ലാതാക്കിയത്. ഭൂമി, കന്നുകാലികൾ, കൃഷി, ചെറുകിട കച്ചവടങ്ങൾ, ആയുഷ്കാല സമ്പാദ്യം എന്നിവയെല്ലാം ടൺ കണക്കിന് മണ്ണിനടിയിലായി. എന്നാൽ ഒന്നുമാത്രം ബാക്കിയായി - അവരുടെ 'കടങ്ങൾ'.
ദുരന്തം നടന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷവും പലർക്കും ബാങ്കുകളിൽ നിന്ന് ജപ്തി നോട്ടീസുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ നിലവിലില്ലാത്ത വീടുകൾക്കും, കൃഷിക്കും, വാഹനങ്ങൾക്കും വേണ്ടി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ, എല്ലാം നഷ്ടപ്പെട്ട ഈ കുടുംബങ്ങളോട് ആവശ്യപ്പെടുകയാണ് ബാങ്കുകൾ. ഭൂമിയോ, വരുമാനമോ, മറ്റ് ആസ്തികളോ ഇല്ലാത്ത ഇവർ, സാമ്പത്തികവും, നിയമപരവുമായ മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടപ്പെടുകയായിരുന്നു.
ഈ ധാർമ്മികവും ഭരണപരവുമായ ശൂന്യതയിലാണ്, ഉരുൾപൊട്ടൽ ബാധിതരുടെ വായ്പകൾ ഏറ്റെടുക്കാനും എഴുതിത്തള്ളാനുമുള്ള കേരള സർക്കാരിന്റെ തീരുമാനം ചരിത്രപരമായ പ്രാധാന്യം നേടുന്നത്.
555 വ്യക്തികളുടേതായി 1,620 വായ്പകൾ (ഏകദേശം 18.75 കോടി രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൊടുത്തു തീർക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിലൂടെ സ്വകാര്യ വ്യക്തികളുടെ കടബാധ്യതയെ ഒരു 'പൊതു ഉത്തരവാദിത്തമായി' സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്തത്. ഇന്ത്യയിലെ ദുരന്തനിവാരണ ചരിത്രത്തിൽ തന്നെ അസാധാരണവും, സമാനതകളില്ലാത്തതുമായ ഒരു നീക്കമാണിത്. ഇതൊരു സാധാരണ സഹായം മാത്രമല്ല, ദുരന്ത പുനരധിവാസത്തിലെ ഒരു വലിയ നയപരമായ ഇടപെടൽ കൂടിയാണ്.
ബാങ്കുകൾ ജപ്തി നടപടികൾ തുടങ്ങിയതോടെ ദുരന്തബാധിതർ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ തീരുമാനം വരുന്നത്. കോടതി ജപ്തി നടപടികൾ തടയുകയും, വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്രസർക്കാർ കാണിച്ച വിമുഖതയെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു.
ദുരന്തനിവാരണ നിയമത്തിലെ പഴയ വ്യവസ്ഥകൾ നീക്കം ചെയ്തതിനാൽ വായ്പാ ഇളവുകൾ ശുപാർശ ചെയ്യാൻ തങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ചുരുക്കത്തിൽ, വൻദുരന്തങ്ങൾ നടന്നാൽ പോലും സ്വകാര്യ കടബാധ്യതകളിൽ ഇടപെടാൻ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
ഇത് സാങ്കേതികമായി ശരിയായിരിക്കാം, പക്ഷേ ഇതിന്റെ ഫലം ഭയാനകമാണ്. കാലാവസ്ഥാ ദുരന്തത്തിൽ തകർന്നടിഞ്ഞ ഒരു ജനതയെ, കടബാധ്യതകളിൽ നിന്ന് രക്ഷിക്കാൻ നിയമമില്ലെന്ന് പറയുന്നത് ക്രൂരതയാണ്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ വളരെ രൂക്ഷമായിരുന്നു. കേവലം നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് മാത്രമല്ല ദുരന്തനിവാരണം എന്നും, ഇരകളെ ബാങ്കുകൾക്കും, കോടതികൾക്കും, ലേല നടപടികൾക്കും മുന്നിലേക്ക് എറിഞ്ഞുകൊടുക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
കേന്ദ്രത്തിന്റെ പിന്മാറ്റം മൂലമുണ്ടായ ഈ നിയമപരവും ധാർമ്മികവുമായ വിടവ് നികത്തുകയാണ് കേരള സർക്കാരിന്റെ ഇപ്പോഴത്തെ ഇടപെടൽ ചെയ്യുന്നത്.
പരിസ്ഥിതി പ്രവർത്തകനായ ശ്രീധർ രാധാകൃഷ്ണൻ ഇതിനെ 'വൈകിപ്പോയെങ്കിലും അത്യാവശ്യമായ' തീരുമാനമായാണ് കാണുന്നത്. ഭൂമി ഏറ്റെടുക്കൽ നിയമം പോലെ, ഇരകൾക്ക് നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കുന്ന ഒരു ദേശീയ ദുരന്ത നഷ്ടപരിഹാര നിയമം ഇന്ത്യക്ക് അടിയന്തിരമായി ആവശ്യമാണെന്ന് അദ്ദേഹം വാദിക്കുന്നു.
"ഇതൊരു സ്വാഗതാർഹമായ തീരുമാനമാണ്, പക്ഷേ വളരെ വൈകിപ്പോയി. അധികാര സമവാക്യങ്ങളും രാഷ്ട്രീയ കളികളും കാരണം വയനാട് ദുരന്തത്തിന് ശേഷം രണ്ട് വർഷത്തോളം ഇത് വൈകിപ്പിച്ചു. ഈ കാലതാമസം ജനങ്ങളിലുണ്ടാക്കിയ മാനസിക സംഘർഷം ചെറുതല്ല. ബാക്കിയുള്ള അന്തസ്സ് കൂടി നഷ്ടപ്പെടുമോ എന്ന ഭയത്തിലായിരുന്നു അവർ ഇത്രയും നാൾ ജീവിച്ചത്," അദ്ദേഹം പറഞ്ഞു.
ഈ തീരുമാനത്തിന്റെ പ്രാധാന്യം ശരിയായി മനസ്സിലാക്കണമെങ്കിൽ, ദുരന്തത്തിന് ശേഷമുള്ള തിരിച്ചുവരവിൽ 'കടം' എങ്ങനെയാണ് വില്ലനാകുന്നതെന്ന് തിരിച്ചറിയണം. ലോകമെമ്പാടും പുനരധിവാസത്തിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്ന, എന്നാൽ ഏറ്റവും കുറച്ച് മാത്രം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് കടബാധ്യത.
വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം കൃത്യസമയത്ത് കിട്ടിയാൽ പോലും, അത് ഉപജീവനമാർഗ്ഗങ്ങൾ തിരിച്ചുപിടിക്കാൻ തികയാറില്ല. കൃഷി തുടങ്ങാനോ, കച്ചവടം പുനരാരംഭിക്കാനോ, പുതിയ ഉപകരണങ്ങൾ വാങ്ങാനോ അവർക്ക് പുതിയ വായ്പകൾ ആവശ്യമായി വരും. എന്നാൽ പഴയ വായ്പയുടെ പേരിൽ ബാങ്കുകൾ നടപടികൾ തുടങ്ങുന്നതോടെ, ഇവർക്ക് പുതിയ വായ്പകൾ നിഷേധിക്കപ്പെടുന്നു. അവരുടെ 'ക്രെഡിറ്റ് സ്കോർ' തകരുന്നു. അതോടെ അവരുടെ മുന്നോട്ടുള്ള വഴി പൂർണ്ണമായും അടയുന്നു. വയനാട്ടിലെ കർഷകർ, മക്കളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ്; അതിനാൽ തന്നെ വിദ്യാഭ്യാസ വായ്പകളുടെ കാര്യവും വലിയൊരു ആശങ്കയായിരുന്നു.
വയനാട്ടിൽ ഈ 'കടക്കെണി' അതീവ ഗുരുതരമാണ്. ദുരന്തബാധിതരിൽ ഭൂരിഭാഗവും ചെറുകിട കർഷകരോ, തോട്ടം തൊഴിലാളികളോ, സ്വയം തൊഴിൽ ചെയ്യുന്നവരോ ആണ്. ഉരുൾപൊട്ടലിൽ ഈട് വെച്ച ഭൂമിയും, വരുമാനവും, തിരിച്ചടവ് ശേഷിയും എല്ലാം അവർക്ക് നഷ്ടപ്പെട്ടു. പക്ഷേ, പലിശ കൂടിക്കൊണ്ടിരിക്കുകയും ജപ്തി നോട്ടീസുകൾ വന്നുകൊണ്ടിരിക്കുകയും ചെയ്തു.
പലർക്കും ദുരന്തം ഏൽപ്പിച്ച ശാരീരിക ആഘാതത്തേക്കാൾ വലുതായിരുന്നു കടം വരുത്തിവെച്ച മാനസിക സമ്മർദ്ദം. വായ്പ എഴുതിത്തള്ളാൻ കോടതിയെ സമീപിച്ച, സബിത പറയുന്നു: "തീരുമാനം വൈകിപ്പോയെങ്കിലും ഞങ്ങൾക്ക് സന്തോഷമുണ്ട്. കേന്ദ്രസർക്കാർ കടുംപിടുത്തം പിടിക്കുകയായിരുന്നു. ബാങ്കുകളെ തടയാൻ ഞങ്ങൾക്ക് കോടതിയിൽ പോകേണ്ടി വന്നു."
"കടബാധ്യതയുടെ യഥാർത്ഥ ഇരകൾ സ്ത്രീകളാണ്. കുടുംബത്തിന് എല്ലാം നഷ്ടപ്പെടുമ്പോൾ, കടുത്ത സാമ്പത്തിക സമ്മർദ്ദത്തിൽ വീട് നോക്കിനടത്തേണ്ട ഭാരം സ്ത്രീകളിലാണ് വരുന്നത്. ദുരന്തസമയത്ത് ബാങ്കുകൾ പലിശക്കാരെപ്പോലെയല്ല, മറിച്ച് സംരക്ഷകരെപ്പോലെയാണ് പെരുമാറേണ്ടത്," സബിത കൂട്ടിച്ചേർത്തു.
സർക്കാർ തീരുമാനം മാസങ്ങൾ നീണ്ട മാനസിക സംഘർഷത്തിന് അയവുവരുത്തിയെന്ന് മറ്റൊരു ദുരന്തബാധിതയായ ആർ. വിനീത പറയുന്നു. "ഈ തീരുമാനം ആത്മഹത്യയിൽ നിന്ന് പലരെയും രക്ഷിച്ചു. ജപ്തി നോട്ടീസുകൾ ഞങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു. മരിച്ചുപോയവർക്ക് പോലും നോട്ടീസ് വന്നു. ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ ഇരിക്കുമ്പോഴാണ് നിയമനടപടി നേരിടേണ്ടി വരുന്നത്. ആ ക്രൂരത ഒന്നാലോചിച്ചു നോക്കൂ," വിനീത പറഞ്ഞു.
കടാശ്വാസമില്ലാതെ, പുനരധിവാസം സാമ്പത്തികമായി അസാധ്യമാണ്. പഴയ കടങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ, സർക്കാർ നൽകുന്ന ഓരോ രൂപയും ഭാവി കെട്ടിപ്പടുക്കുന്നതിന് പകരം പഴയ കടം വീട്ടാൻ മാത്രമേ ഉപകരിക്കൂ. ചുരുക്കത്തിൽ, കടബാധ്യത ദുരന്തബാധിതരെ സ്ഥിരമായി 'സാമ്പത്തിക അഭയാർത്ഥികൾ' ആക്കി മാറ്റും.
അതുകൊണ്ട് തന്നെ കേരളത്തിന്റെ ഈ തീരുമാനം വെറുമൊരു പ്രഖ്യാപനമല്ല, സാമ്പത്തികമായി അതീവ നിർണ്ണായകമായ ഒരു ചുവടുവെപ്പാണ്.
അന്താരാഷ്ട്ര തലത്തിൽ, ദുരന്തങ്ങളുമായി ബന്ധപ്പെട്ട കടാശ്വാസ പ്രവർത്തനങ്ങൾ വ്യത്യസ്ത രീതികളിലാണ് നടപ്പാക്കാറുള്ളത്.
ചില സന്ദർഭങ്ങളിൽ, വൻ ദുരന്തങ്ങൾക്ക് ശേഷം രാജ്യങ്ങൾക്ക് അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്ന് കടാശ്വാസം ലഭിക്കാറുണ്ട്. 2010-ലെ ഭൂകമ്പത്തിന് ശേഷം ഹെയ്ത്തിക്ക് ഇതാണ് ലഭിച്ചത്. എന്നാൽ ഇത് സർക്കാരുകൾക്ക് ലഭിക്കുന്ന ഇളവാണ്; സാധാരണ കുടുംബങ്ങളുടെ വ്യക്തിഗത കടങ്ങൾക്ക് ഇത് ബാധകമല്ല.
മറ്റു ചിലയിടങ്ങളിൽ, തിരിച്ചടവിന് സാവകാശം, പലിശ ഇളവ്, തിരിച്ചടവ് കാലാവധി പുനഃക്രമീകരിക്കൽ എന്നിവ നൽകാൻ സാമ്പത്തിക നിയന്ത്രണ ഏജൻസികൾ ബാങ്കുകൾക്ക് നിർദ്ദേശം നൽകുന്നു. 2011-ലെ സുനാമിക്ക് ശേഷം ജപ്പാനും, 'ഹയാൻ' ചുഴലിക്കാറ്റിന് ശേഷം ഫിലിപ്പീൻസും ഈ രീതിയാണ് പിന്തുടർന്നത്. ഇത് വായ്പയെടുത്തവർക്ക് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, അവരുടെ കടബാധ്യത പൂർണ്ണമായി ഇല്ലാതാക്കുന്നില്ല.
യൂറോപ്പ്, ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ 'കറ്റാസ്ട്രഫി ബോണ്ടുകൾ', ഇൻഷുറൻസ് പൂളുകൾ തുടങ്ങിയ മുൻകൂട്ടി തയ്യാറാക്കിയ സാമ്പത്തിക മാതൃകകളും ഉപയോഗിച്ചുവരുന്നുണ്ട്. സർക്കാരുകൾക്ക് പെട്ടെന്ന് പണം ലഭ്യമാക്കാൻ ഇത് സഹായിക്കുമെങ്കിലും, കുടുംബങ്ങളുടെ നേരിട്ടുള്ള കടബാധ്യതകൾക്ക് ഇതൊരു പരിഹാരമാകുന്നില്ല.
അമേരിക്കയിൽ പോലും, കത്രീന ചുഴലിക്കാറ്റിന് ശേഷം ഫെഡറൽ വായ്പകൾ എഴുതിത്തള്ളാൻ വർഷങ്ങളുടെ രാഷ്ട്രീയ പോരാട്ടങ്ങളും നിയമയുദ്ധങ്ങളും വേണ്ടിവന്നു.
ചുരുക്കത്തിൽ, മിക്ക വിദേശ മാതൃകകളും സർക്കാരിനെ സഹായിക്കുകയോ തിരിച്ചടവിന് സാവകാശം നൽകുകയോ ആണ് ചെയ്യുന്നത്. എന്നാൽ വ്യക്തികളുടെ കടം സർക്കാർ നേരിട്ട് ഏറ്റെടുത്ത് വീട്ടുന്ന വയനാട് മോഡൽ ആഗോളതലത്തിൽ തന്നെ അപൂർവ്വമാണ്.
അടിയന്തരമായതും, ഓരോ കുടുംബത്തെയും പ്രത്യേകം പരിഗണിക്കുന്നതും, സർക്കാർ നേരിട്ട് പണം നൽകുന്നതും, ഉപാധികളില്ലാത്തതുമെന്നതാണ് കേരളത്തിന്റെ നടപടിയെ വേറിട്ടുനിർത്തുന്നത്. ആഗോള ദുരന്തനിവാരണ രീതികൾ പരിശോധിച്ചാൽ, കമ്പോളത്തെ അടിസ്ഥാനമാക്കിയുള്ള ക്രമീകരണങ്ങളേക്കാൾ, ജനക്ഷേമ രാഷ്ട്രം എന്ന ആശയത്തോടാണ് കേരളത്തിന്റെ ഈ മാതൃക ചേർന്നുനിൽക്കുന്നത്.
ദുരിതാശ്വാസം എന്നത് ഒരു ഔദാര്യമല്ല, മറിച്ച് അതൊരു 'സാമൂഹിക സുരക്ഷാ അവകാശമാണ്' എന്ന് കേരളം ഇതിലൂടെ തിരുത്തിയെഴുതുന്നു. കടം ഏറ്റെടുക്കുന്നതിലൂടെ സർക്കാർ ചെയ്യുന്നത് പ്രധാനമായും നാല് കാര്യങ്ങളാണ്: ദുരന്തബാധിതർക്ക് വായ്പ എടുക്കാനുള്ള അർഹത തിരിച്ചു നൽകുന്നു, നിയമനടപടികളിലൂടെയുള്ള ജപ്തി ഒഴിവാക്കുന്നു, അവരുടെ ക്രെഡിറ്റ് സ്കോർ സംരക്ഷിക്കുന്നു, ഒപ്പം അവരുടേതായ ജീവിതം തിരിച്ചുപിടിക്കാൻ അവരെ പ്രാപ്തരാക്കുന്നു.
വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് വയനാട്ടിലെ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയ ശരത് ചേലൂർ വിശ്വസിക്കുന്നത്, ഈ തീരുമാനം ദേശീയതലത്തിൽ തന്നെ ഒരു പുനർചിന്തയ്ക്ക് കാരണമാകണമെന്നാണ്. "ഇന്ത്യയിലെ മുഴുവൻ ദുരന്തബാധിതർക്കും വേണ്ടി ഒരു ദേശീയ മാതൃക രൂപീകരിക്കാൻ കേന്ദ്രസർക്കാരിനെ ഇത് പ്രേരിപ്പിക്കണം. ഉറ്റവരെയും വീടും നഷ്ടപ്പെട്ട ആഘാതത്തിന് പുറമെ, കൂടിക്കൊണ്ടിരിക്കുന്ന കടബാധ്യതകൾ ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണ്. കടങ്ങൾ എഴുതിത്തള്ളുമ്പോൾ മാത്രമാണ് ജനങ്ങൾക്ക് ജീവിതം തിരിച്ചുപിടിക്കാൻ കഴിയുക. സാമ്പത്തിക സ്വാതന്ത്ര്യം വീണ്ടെടുക്കുക എന്നതാണ് യഥാർത്ഥ പുനരധിവാസത്തിന്റെ അടിത്തറ," അദ്ദേഹം പറയുന്നു.
ഫെഡറൽ സംവിധാനത്തിൽ ഇതിന് വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. നിയമപരമായ തടസ്സങ്ങൾ പറഞ്ഞ് കേന്ദ്രസർക്കാർ കൈമലർത്തിയ ഇടത്താണ് ഒരു സംസ്ഥാന സർക്കാർ ഇടപെട്ടത്. 'ദുരന്ത നീതി' നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ അനുമതി കാത്തുനിൽക്കേണ്ടതില്ലെന്നൊരു പുതിയ കീഴ് വഴക്കം ഇത് സൃഷ്ടിക്കുന്നു.
ആ അർത്ഥത്തിൽ, ചരിത്രപ്രസിദ്ധമായ 'കേരള മോഡലിന്റെ' പുതിയൊരു ഏടാണിത്. മുമ്പ് സാക്ഷരത, ഭൂപരിഷ്കരണം, പൊതുജനാരോഗ്യം എന്നിവയായിരുന്നു കേരള മോഡലിന്റെ മുഖമുദ്രയെങ്കിൽ, ഇന്നത് കാലാവസ്ഥാ ഭരണനിർവ്വഹണത്തിലേക്കും, ദുരന്തങ്ങളെ നേരിടുന്നതിലെ സാമ്പത്തിക നയങ്ങളിലേക്കും വ്യാപിക്കുകയാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)