ഹവായ് വെള്ളപ്പൊക്കത്തിൽ; ഇരുപത് വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ പ്രളയം

പ്രാദേശിക കാലാവസ്ഥാ പ്രതിഭാസമായ ‘കോണ ലോ’യും (Kona low), മണ്ണിലെ അമിതമായ ഈർപ്പവുമാണ് (saturated soils) ഈ അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു
ഹവായിൽ 20 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ പ്രളയം
ലഹൈന സിവിക് സെന്ററിനും (Lahaina Civic Center) കാനാപാലി പാർക്ക്‌വേയ്ക്കും (Kaanapali Parkway) ഇടയിലുള്ള ഹോണോപിലാനി ഹൈവേയിൽ വെള്ളപ്പൊക്കംഫോട്ടോ കടപ്പാട്: @DOTHawaii/X
Published on

അമേരിക്കൻ സംസ്ഥാനമായ ഹവായ് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു. തെക്ക് അല്ലെങ്കിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് ഈർപ്പമേറിയ വായു പ്രവഹിച്ചതിനെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ദ്വീപുസമൂഹത്തിലുടനീളം കനത്ത മഴ പെയ്യുകയാണെന്ന് യുഎസ് സർക്കാർ അറിയിച്ചു.

“കഴിഞ്ഞ ആഴ്ചയുണ്ടായ ‘കോണ ലോ’ (Kona Low) പ്രതിഭാസം ഹവായ് ദ്വീപുകളിൽ 10 ഇഞ്ചിലധികം മഴയാണ് നൽകിയത്. മണ്ണിൽ വെള്ളം അമിതമായി നിറഞ്ഞതും (Saturated soils) കനത്ത മഴയും കാരണം ദ്വീപിന്റെ പല ഭാഗങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കം (Flash flooding) തുടരുകയാണ്. അടുത്ത കുറച്ചു ദിവസങ്ങൾ കൂടി ഈ സാഹചര്യം തുടരും. അതുകൊണ്ട് ജാഗ്രത പാലിക്കുക, അപകടങ്ങളിൽ പെടാതിരിക്കുക,” എന്ന് ഹോണോലുലു നാഷണൽ വെതർ സർവീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

“ഹവായ് - നമ്മൾ ഇപ്പോഴും അപകടത്തിലാണ്. ഞായറാഴ്ച വരെ സംസ്ഥാനത്തുടനീളം ഫ്ലഡ് വാച്ച് തുടരും. പ്രത്യേകിച്ച് ഒവാഹു (Oʻahu), മൗയി (Maui) കൗണ്ടി എന്നിവിടങ്ങളിൽ വലിയ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. നിലവിൽ മണ്ണിൽ വെള്ളം അമിതമായി കെട്ടിക്കിടക്കുന്നതിനാൽ കുറഞ്ഞ അളവിൽ മഴ പെയ്താൽ പോലും അത് വലിയ പ്രളയത്തിനും റോഡുകൾ തകരാനും നാശനഷ്ടങ്ങൾക്കും കാരണമായേക്കാം,” എന്ന് ഹവായ് ഗവർണർ ജോഷ് ഗ്രീൻ എക്സ് (X) പോസ്റ്റിലൂടെ അറിയിച്ചു.

മരണങ്ങളോ പരിക്കുകളോ ആരെയും കാണാതാവുകയോ ചെയ്തതായി റിപ്പോർട്ടുകളില്ലെങ്കിലും, ഇരുനൂറിലധികം പേരെ അധികൃതർ രക്ഷപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 20-ഓടെ ഡസൻ കണക്കിന് വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു, എങ്കിലും നാശത്തിന്റെ യഥാർത്ഥ കണക്കുകൾ ഇനിയും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.

എൻബിസി (NBC) റിപ്പോർട്ട് പ്രകാരം, വിമാനത്താവളങ്ങൾ, സ്കൂളുകൾ, റോഡുകൾ, വീടുകൾ, മൗയിയിലെ കുലയിലുള്ള ആശുപത്രി എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങൾ ഉൾപ്പെടെ മൊത്തം നഷ്ടം 100 കോടി ഡോളറിലധികം (1 Billion) വരുമെന്ന് ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞു.

“ഒരു സംസ്ഥാനമെന്ന നിലയിൽ ഇത് നമുക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും,” ഒരു വാർത്താ സമ്മേളനത്തിൽ ഗവർണർ പറഞ്ഞതായി എൻബിസി റിപ്പോർട്ട് ചെയ്തു. 2004-ൽ മനോവയിലെ (Manoa) വീടുകളും യൂണിവേഴ്സിറ്റി ഓഫ് ഹവായ് ലൈബ്രറിയും വെള്ളത്തിനടിയിലായ പ്രളയത്തിന് ശേഷം ഹവായ് നേരിടുന്ന ഏറ്റവും ഗുരുതരമായ സാഹചര്യമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ഹവായിൽ ശൈത്യകാലത്ത് രൂപപ്പെടുന്ന ഒരു പ്രത്യേക കാലാവസ്ഥാ പ്രതിഭാസമാണ് ‘കോണ ലോ’ (Kona low). വായുസമ്മർദ്ദം കുറയുന്നതിനെത്തുടർന്ന് കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തുന്ന ഇത് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും പ്രളയത്തിനും കാരണമാകുന്നു. സാധാരണയായി വരണ്ട പ്രദേശങ്ങളായ ബിഗ് ഐലൻഡിലെ കോണ ഡിസ്ട്രിക്റ്റിലടക്കം ഇത് ആഘാതം ഉണ്ടാക്കാറുണ്ട്. സാധാരണ വീശാറുള്ള കാറ്റിന്റെ ദിശ മാറി തെക്കുഭാഗത്ത് നിന്ന് ഈർപ്പമേറിയ വായു എത്തുന്നതോടെയാണ് തീവ്രമായ ഈ കാലാവസ്ഥാ സാഹചര്യം രൂപപ്പെടുന്നത്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in