ലോക ക്യാൻസർ ദിനം 2026: ഗ്രാമീണ സ്ത്രീകളെ വേട്ടയാടുന്ന സെർവിക്കൽ ക്യാൻസർ; ഇന്ത്യ നേരിടുന്ന വലിയ ആരോഗ്യ പ്രതിസന്ധി
ആരോഗ്യ സേവനങ്ങളുടെ ലഭ്യതയിലും നടപ്പിലാക്കലിലുമുള്ള വ്യവസ്ഥാപിതമായ അസമത്വങ്ങൾ കാരണം, ഗ്രാമീണ ഇന്ത്യയിൽ സെർവിക്കൽ ക്യാൻസർ ഇന്നും ഗുരുതരമായ ഒരു ആരോഗ്യ പ്രതിസന്ധിയായി തുടരുന്നു.
ദേശീയ പദ്ധതികൾ നിലവിലുണ്ടായിട്ടും, രോഗം തിരിച്ചറിയാൻ വൈകുന്നതും, മതിയായ തുടർചികിത്സ ലഭിക്കാത്തതും കാരണം, ഗ്രാമീണ സ്ത്രീകൾക്കിടയിൽ മരണനിരക്ക് കൂടുതലാണ്.
എച്ച്പിവി-ഡിഎൻഎ (HPV-DNA) പരിശോധനയുടെയും വാക്സിനേഷന്റെയും അഭാവം ഈ പ്രശ്നം കൂടുതൽ വഷളാക്കുന്നു.
ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയിലും, അത് നടപ്പിലാക്കുന്നതിലുമുള്ള അസമത്വങ്ങൾ കാരണം, ഗ്രാമീണ ഇന്ത്യയിൽ സെർവിക്കൽ ക്യാൻസർ (ഗർഭാശയ മുഖ ക്യാൻസർ) ഇന്നും വലിയൊരു ആരോഗ്യ പ്രതിസന്ധിയായി തുടരുന്നു. ദേശീയ തലത്തിൽ പല പദ്ധതികളുണ്ടായിട്ടും, രോഗം തിരിച്ചറിയാൻ വൈകുന്നതും, മതിയായ തുടർചികിത്സ ലഭിക്കാത്തതും കാരണം ഗ്രാമീണ സ്ത്രീകൾക്കിടയിൽ മരണനിരക്ക് കൂടുതലാണ്. എച്ച്പിവി-ഡിഎൻഎ (HPV-DNA) പരിശോധനയുടെയും വാക്സിനേഷന്റെയും കുറവ് ഈ പ്രശ്നം കൂടുതൽ വഷളാക്കുന്നു.
സെർവിക്കൽ ക്യാൻസർ എന്നത് ഒരു ചികിത്സാപരമായ വെല്ലുവിളി എന്നതിലുപരി, പൊതുജനാരോഗ്യ സംവിധാനത്തിന്റെ പരാജയമാണ്. തടയാൻ കഴിയുന്നതും, വളരെ സാവധാനം മാത്രം വളരുന്നതുമായ രോഗമായിട്ടു കൂടി, ഇന്ത്യൻ സ്ത്രീകളിലെ ക്യാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി ഇത് തുടരുന്നു. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം, ഗ്രാമപ്രദേശങ്ങളിലാണ് മരണനിരക്ക് ഏറ്റവും കൂടുതൽ. ദേശീയ ക്യാൻസർ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രണ്ടാമത്തെ ക്യാൻസറാണിത്. ഓരോ വർഷവും ഏകദേശം 1,20,000 പുതിയ രോഗികൾ ഉണ്ടാവുകയും, 75,000-ത്തിലധികം പേർ ഈ രോഗം മൂലം മരിക്കുകയും ചെയ്യുന്നു. 2008-ലെ ഗ്ലോബോക്കാൻ (GLOBOCAN) കണക്കുകൾ പ്രകാരം, ലോകത്താകമാനം സെർവിക്കൽ ക്യാൻസർ മൂലം മരിക്കുന്നവരിൽ 15.2 ശതമാനവും ഇന്ത്യയിലാണ്.
എന്നാൽ ഈ രോഗത്തിന്റെ ആഘാതം എല്ലായിടത്തും ഒരേപോലെയല്ല. നാഷണൽ ക്യാൻസർ രജിസ്ട്രി പ്രോഗ്രാമിന്റെ (1982-2005) വിവരങ്ങൾ അനുസരിച്ച്, നഗരങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ഇത് ഇപ്പോഴും വളരെ കൂടുതലാണ്; അവിടെ പലപ്പോഴും രോഗം മൂർച്ഛിച്ച ശേഷമാണ് തിരിച്ചറിയുന്നത്. രോഗം മൂർച്ഛിച്ച അവസ്ഥയിലുള്ള ചികിത്സ കൂടുതൽ പ്രയാസകരവും, ചെലവേറിയതും, ഫലപ്രാപ്തി കുറഞ്ഞതുമാണ്. ഇതാണ് ഇന്ത്യൻ ഗ്രാമങ്ങളിൽ മരണനിരക്ക് ഉയരാൻ കാരണം. പതിറ്റാണ്ടുകളായി ദേശീയ തലത്തിൽ പദ്ധതികളും മാർഗ്ഗരേഖകളും ഉണ്ടായിരുന്നിട്ടും, സെർവിക്കൽ ക്യാൻസർ ഇന്നും മരണകാരണമായി തുടരുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാൻ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള ഈ അന്തരം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
ഈ രോഗത്തിന്റെ സ്വഭാവം സ്ഥിതിഗതികളെ കൂടുതൽ ആശങ്കാജനകമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗരേഖകൾ പ്രകാരം, സെർവിക്കൽ ക്യാൻസർ സാധാരണയായി വളരെ സാവധാനത്തിലാണ് വളരുന്നത്. ക്യാൻസറിന് മുൻപുള്ള അവസ്ഥയിൽ നിന്ന് ഗുരുതരമായ രോഗാവസ്ഥയിലേക്ക് മാറാൻ 10 മുതൽ 20 വർഷം വരെ സമയമെടുക്കും.
ലക്ഷണങ്ങളില്ലാത്ത ഈ നീണ്ട കാലയളവ്, രോഗം നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും ആവശ്യമായ സമയം നൽകേണ്ടതാണ്. എന്നാൽ, ഇന്ത്യയിൽ പരിശോധനാ നിരക്ക് ഇപ്പോഴും വളരെ കുറവാണ്. പലപ്പോഴും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ശേഷം മാത്രമാണ് രോഗം തിരിച്ചറിയുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കണക്കുകൾ ഈ പ്രവണത വ്യക്തമാക്കുന്നു.
പരിശോധനാ സൗകര്യങ്ങളുടെ അപര്യാപ്തത
സെർവിക്കൽ ക്യാൻസർ പരിശോധനയ്ക്കായി ഇന്ത്യയ്ക്ക് കൃത്യമായ നിയമങ്ങളും മാർഗ്ഗരേഖകളും ഉണ്ട്. ജീവിതശൈലീ രോഗ നിയന്ത്രണത്തിനായുള്ള ദേശീയ പോർട്ടൽ പ്രകാരം, 2025 ജൂലൈ 20 വരെ, 30 വയസ്സിനു മുകളിലുള്ള 101.8 ദശലക്ഷം (10.18 കോടി) സ്ത്രീകളെ ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (നവീകരിച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ) വഴി പരിശോധിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണിത്.
30 മുതൽ 65 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സബ്-ഹെൽത്ത് സെന്ററുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ നടത്തുന്ന 'വിഷ്വൽ ഇൻസ്പെക്ഷൻ വിത്ത് അസെറ്റിക് ആസിഡ്' (VIA) എന്ന പരിശോധനാ രീതിയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്.
രോഗസാധ്യതയുള്ള സ്ത്രീകളെ ആശാ (ASHA) പ്രവർത്തകർ 'കമ്മ്യൂണിറ്റി ബേസ്ഡ് അസസ്മെന്റ് ചെക്ക്‌ലിസ്റ്റ്' ഫോമുകൾ ഉപയോഗിച്ച് കണ്ടെത്തുകയും, അവരെ പരിശോധനയ്ക്കായി എത്തിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ദേശീയ ക്യാൻസർ അവബോധ ദിനം, ലോക ക്യാൻസർ ദിനം എന്നിവയോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിനായി നാഷണൽ ഹെൽത്ത് മിഷൻ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഫണ്ട് നൽകുന്നുണ്ട്. അച്ചടി-ദൃശ്യ മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ഇത്തരം പ്രചാരണങ്ങൾക്ക് പിന്തുണ നൽകിവരുന്നു.
എന്നാൽ, ഈ കണക്കുകൾക്ക് പിന്നിൽ ഗുരുതരമായ പോരായ്മകളുണ്ട്. പരിശോധനയ്ക്ക് അർഹരായ 254.2 ദശലക്ഷം (25.42 കോടി) സ്ത്രീകളിൽ പകുതിയിൽ താഴെ ആളുകളെ മാത്രമേ യഥാർത്ഥത്തിൽ പരിശോധിച്ചിട്ടുള്ളൂ എന്ന് ദേശീയ എൻസിഡി പോർട്ടലിലെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ കുറവ് എല്ലായിടത്തും ഒരുപോലെയല്ല. ഗ്രാമീണർ, ആദിവാസികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവരാണ് ഇപ്പോഴും ഈ പദ്ധതികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്.
സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധക്കുറവ്, ഗൈനക്കോളജിക്കൽ പരിശോധനയോടുള്ള മടി, തെറ്റായ വിവരങ്ങൾ മൂലമുള്ള ഭയം, കുടുംബത്തിൽ നിന്നുള്ള പിന്തുണയില്ലായ്മ എന്നിവ പരിശോധനയിൽ നിന്ന് മാറിനിൽക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്നു. കൂടാതെ, യാത്രാച്ചെലവ്, തൊഴിൽ നഷ്ടം, കുട്ടികളെ നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പരോക്ഷമായ സാമ്പത്തിക ബാധ്യതകളും ഇതിന് വലിയ തടസ്സമായി നിൽക്കുന്നു.
നടപ്പിലാക്കുന്നതിലെ പോരായ്മകൾ
രോഗപ്രതിരോധത്തിന് വേണ്ടിയുള്ളതാണെങ്കിലും, പല 'ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും' (Health and Wellness Centres) സെർവിക്കൽ ക്യാൻസർ പരിശോധന പതിവായി നടക്കുന്നില്ല. സേവനങ്ങൾ ലഭ്യമാണെങ്കിൽ തന്നെ, അത് പലപ്പോഴും VIA (Visual Inspection with Acetic Acid) പരിശോധന മാത്രമായിരിക്കും; ഇതിന്റെ ഗുണനിലവാരത്തിലോ കൃത്യതയിലോ യാതൊരു ഉറപ്പുമില്ല. തുടർനടപടികൾക്കുള്ള സംവിധാനങ്ങൾ ഇപ്പോഴും ദുർബലമാണ്. പരിശോധനാഫലം പോസിറ്റീവ് ആയാൽ, വിദഗ്ധ ചികിത്സയ്ക്കായി അയക്കുന്ന സംവിധാനങ്ങൾ പലപ്പോഴും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.
ഇതിന്റെ ഫലങ്ങൾ ഗുരുതരമാണ്. 2016 മുതൽ സെർവിക്കൽ ക്യാൻസർ മരണനിരക്ക് ഉയർന്ന നിലയിൽ തന്നെ തുടരുന്നുവെന്ന് സമീപകാല പഠനങ്ങൾ കാണിക്കുന്നു. VIA വഴിയുള്ള പരിശോധന മാത്രം മതിയാകില്ല എന്നാണ് ഇതിനർത്ഥം. ഇന്ത്യയിൽ 60-70 ശതമാനം കേസുകളും രോഗം മൂർച്ഛിച്ച ഘട്ടത്തിലാണ് തിരിച്ചറിയുന്നത്. കാരണം, VIA പരിശോധനയിൽ പോസിറ്റീവ് ആകുന്ന പല സ്ത്രീകൾക്കും രോഗം സ്ഥിരീകരിക്കുന്നതിനുള്ള 'കോൾപോസ്കോപ്പി'യോ, ചികിത്സയോ ഉടൻ ലഭിക്കുന്നില്ല. ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള ദൂരം, ചെലവ്, ദിവസക്കൂലി നഷ്ടമാകുന്നത്, തുടർന്ന് എന്ത് ചെയ്യണമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങളുടെ അഭാവം, എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ.
പരിശോധന കൊണ്ട് മാത്രം മരണം തടയാനാകില്ല. താളംതെറ്റിയ ഒരു ആരോഗ്യ സംവിധാനത്തെ നേരിടാൻ ഒട്ടും ശേഷിയില്ലാത്ത സ്ത്രീകളെ കുറ്റക്കാരാക്കുക മാത്രമാണ് ഇത് ചെയ്യുന്നത്.
ഗ്രാമീണ ഇന്ത്യ വില നൽകേണ്ടി വരുന്നത് എന്തുകൊണ്ട്?
നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഈ സംവിധാനത്തിലെ ആദ്യത്തെ പിഴവ്. ഗ്രാമങ്ങളിലെ മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എച്ച്പിവി (HPV) പരിശോധന, സൈറ്റോളജി, കോൾപോസ്കോപ്പി തുടങ്ങിയ ആധുനിക പരിശോധനാ സംവിധാനങ്ങൾ പരിമിതമാണ്.
ജില്ലാ ആശുപത്രികളിലോ, നഗരങ്ങളിലെ വലിയ ആശുപത്രികളിലോ മാത്രമാണ് പലപ്പോഴും ഈ സേവനങ്ങൾ ലഭ്യമാകുന്നത്. ഗ്രാമങ്ങളിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം, രോഗനിർണ്ണയത്തിനായി പലതവണ ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നു. ഇതിനായി ബുദ്ധിമുട്ടേറിയ യാത്രാസൗകര്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതും, സ്വന്തം കയ്യിൽ നിന്ന് പണം ചെലവാക്കേണ്ടി വരുന്നതും വലിയ ബാധ്യതയാണ്. ഇത്തരം ഓരോ തടസ്സവും ചികിത്സ വൈകാനോ, അല്ലെങ്കിൽ ചികിത്സ തന്നെ മുടങ്ങിപ്പോകാനോ ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
കൂടാതെ, ഗ്രാമപ്രദേശങ്ങളിൽ പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ്, ഇന്ത്യയുടെ സെർവിക്കൽ ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമാണ്. പരിശോധന, സാമ്പിളുകൾ കൈകാര്യം ചെയ്യൽ, ഫലനിർണ്ണയം, കൗൺസിലിംഗ്, തുടർപരിശോധന എന്നിവയ്ക്ക് ആവശ്യമായ വിദഗ്ധർ പല ഗ്രാമീണ ആശുപത്രികളിലും ഇല്ല; ഉള്ളിടത്താകട്ടെ അത് തുല്യമായി വിന്യസിക്കപ്പെട്ടിട്ടുമില്ല.
ജനങ്ങളിലേക്ക് എത്തുന്നതിനും അവരെ പരിശോധനയ്ക്കായി എത്തിക്കുന്നതിനും ആശാ (ASHA) പ്രവർത്തകരും, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും (ANM) ആണ് പ്രധാന പങ്ക് വഹിക്കുന്നത്. എന്നാൽ, മതിയായ പരിശീലനമോ, സമയമോ നൽകാതെയാണ് ക്യാൻസർ പ്രതിരോധം എന്ന അധിക ജോലി കൂടി അവരുടെ ചുമലിൽ വെച്ചിരിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷന്റെ വിലയിരുത്തലുകളിൽ, ഈ പ്രശ്നം, ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും, അമിതജോലി എന്ന ഈ പ്രതിസന്ധിക്ക് ഇന്നും പരിഹാരമായിട്ടില്ല.
മതിയായ മുന്നൊരുക്കങ്ങളോ പിന്തുണയോ ഇല്ലാതെ, സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള ക്യാൻസർ പ്രതിരോധ ജോലികൾ സാധാരണ ആരോഗ്യപ്രവർത്തകരെ ഏൽപ്പിക്കുന്നത് പദ്ധതിയുടെ വിശ്വാസ്യതയെയും ജീവനക്കാരുടെ കാര്യക്ഷമതയെയും ഒരുപോലെ ബാധിക്കുന്നു.
ചികിത്സാപരമായ അവ്യക്തതകളേക്കാൾ ഉപരി, നിലനിൽക്കുന്ന അസമത്വങ്ങളാണ് ഗ്രാമപ്രദേശങ്ങളിൽ സെർവിക്കൽ ക്യാൻസർ ഇന്നും ഒരു പ്രശ്നമായി തുടരാൻ കാരണം. ഗ്രാമീണരായ സ്ത്രീകളിൽ രോഗം തിരിച്ചറിയാൻ വൈകാനും, പരിശോധനകൾ പൂർത്തിയാകാതിരിക്കാനും, സമയത്തിന് ചികിത്സ ലഭിക്കാതിരിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഒഴിവാക്കാമായിരുന്ന ഒട്ടേറെ മരണങ്ങളാണ് ഇതിന്റെ ഫലം.
VIA പരിശോധനാരീതി മാറ്റി, രോഗികൾക്ക് സ്വയം സാമ്പിൾ എടുക്കാവുന്ന എച്ച്പിവി-ഡിഎൻഎ (HPV-DNA) പരിശോധനയിലേക്ക് മാറണമെന്ന് പൊതുജനാരോഗ്യ വിദഗ്ധരും ലോകാരോഗ്യ സംഘടനയും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. തുടക്കത്തിൽ ഇതിന് ചെലവ് കൂടുതലാണെങ്കിലും, പിൽക്കാലത്ത് ഗുരുതരമായ ക്യാൻസർ ചികിത്സയുടെ ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് WHO ചൂണ്ടിക്കാട്ടുന്നു. ജീവിതശൈലീ രോഗ നിയന്ത്രണത്തിനായുള്ള ദേശീയ പദ്ധതിയിൽ HPV-DNA പരിശോധന കൂടി ഉൾപ്പെടുത്തുന്നത് രോഗനിർണ്ണയവും ഫലപ്രാപ്തിയും ഗണ്യമായി വർദ്ധിപ്പിക്കും.
നഷ്ടപ്പെട്ട അവസരം
എച്ച്പിവി വാക്സിനേഷൻ കൃത്യമായി നടപ്പിലാക്കുക എന്ന സുപ്രധാനമായ പ്രതിരോധ അവസരം ഇന്ത്യയുടെ സെർവിക്കൽ ക്യാൻസർ നയങ്ങൾ ഇപ്പോഴും നഷ്ടപ്പെടുത്തുകയാണ്. വാക്സിനേഷനും ഒപ്പം കൃത്യമായ പരിശോധനയും ഉണ്ടെങ്കിൽ രോഗം വരുന്നത് കുറയ്ക്കാനാകുമെന്ന് ആഗോളതലത്തിലുള്ള കണക്കുകൾ സംശയമില്ലാതെ തെളിയിക്കുന്നു. എന്നാൽ ഇന്ത്യയിൽ, രോഗപ്രതിരോധവും ചികിത്സയും തമ്മിൽ ശരിയായ ഏകോപനം ഇന്നും ഇല്ല.
ഈ ഏകോപനമില്ലായ്മയുടെ അനന്തരഫലം പ്രാദേശിക കണക്കുകളിൽ വ്യക്തമാണ്. ലോകത്തെ മൊത്തം രോഗികളിൽ 29.59 ശതമാനവും, മരണങ്ങളിൽ 34.12 ശതമാനവും തെക്കുകിഴക്കൻ ഏഷ്യയിലാണ്. ലോകാരോഗ്യ സംഘടനയുടെയും സിഡ്നി സർവകലാശാലയുടെയും റിപ്പോർട്ട് പ്രകാരം, 2022-ൽ ഇന്ത്യയിൽ 1,27,526 പുതിയ രോഗികളും 79,906 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചില കണക്കുകൾ പ്രകാരം പരിശോധനാ നിരക്ക് വെറും 1.9 ശതമാനം മാത്രമാണ്. പരിശോധനയിലെ കൃത്യതയില്ലായ്മ , സാമൂഹിക-സാംസ്കാരിക തടസ്സങ്ങൾ, സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ, തുടർചികിത്സയിലെ വീഴ്ചകൾ എന്നിവ സ്ഥിതി കൂടുതൽ വഷളാക്കുന്നു.
കോവിഡ്-19 മഹാമാരിയോടുള്ള ഇന്ത്യയുടെ പ്രതികരണം തെളിയിക്കുന്നത്, പരിശോധനാ സൗകര്യങ്ങളും ലാബുകളും അതിവേഗം വിപുലീകരിക്കാൻ രാജ്യത്തിന് കഴിയുമെന്നാണ്. ഈ സൗകര്യങ്ങൾ എച്ച്പിവി-ഡിഎൻഎ (HPV-DNA) പരിശോധനയ്ക്കായി ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യ നയ പഠനങ്ങൾ വ്യക്തമാക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തം, സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റുകൾ, നഗരങ്ങളിലെ വിദഗ്ധരുമായി ഓൺലൈൻ വഴി സംസാരിക്കാനുള്ള സൗകര്യം, തദ്ദേശീയമായി നിർമ്മിക്കുന്ന പരിശോധനാ കിറ്റുകൾ എന്നിവയിലൂടെ നിലവിലുള്ള കുറവുകൾ പരിഹരിക്കാനാകും.
കൃത്യമായ എച്ച്പിവി-ഡിഎൻഎ പരിശോധനയും വാക്സിനേഷനും ഉണ്ടെങ്കിൽ സെർവിക്കൽ ക്യാൻസർ സാധ്യത കുറയ്ക്കാമെന്ന് ഓസ്‌ട്രേലിയ, ഡെന്മാർക്ക്, ഫിൻലാൻഡ്, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾ തെളിയിച്ചിട്ടുണ്ട്. സമാനമായ നടപടികൾ നടപ്പിലാക്കാൻ ആവശ്യമായ ശാസ്ത്രീയ അറിവും അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യയ്ക്കുണ്ട്.
(സബൈൻ കപാസി, ഒരു ഗ്ലോബൽ ഹെൽത്ത് സ്ട്രാറ്റജിസ്റ്റും യുഎൻ ഉപദേഷ്ടാവുമാണ്. ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങൾ ലേഖികയുടേത് മാത്രമാണ്; അത് 'ഡൗൺ ടു എർത്തി'ന്റെ നിലപാടുകൾ ആകണമെന്നില്ല.)
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
