ഇറാൻ യുദ്ധം: ഇന്ത്യൻ മരുന്ന് വിപണിയെ ബാധിക്കുന്നു
1996-ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇറാഖിന് മേൽ ബോംബാക്രമണം അഴിച്ചുവിട്ട കാലം. അന്നത്തെ യുഎസ് അംബാസഡറും പിന്നീട് സ്റ്റേറ്റ് സെക്രട്ടറിയുമായ മഡലീൻ ആൽബ്രൈറ്റിനോട് ഒരു സിബിഎസ് ടെലിവിഷൻ പരിപാടിയിൽ വെച്ച് ഒരാൾ ചോദിച്ചു: യുദ്ധം വരുത്തിവെക്കുന്ന നാശനഷ്ടങ്ങളും ഒരു രാജ്യത്തിന്മേൽ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഉപരോധങ്ങളും ഇത്ര വലിയൊരു വില നൽകാൻ മാത്രം മൂല്യമുള്ളതാണോ? ആൽബ്രൈറ്റ് നൽകിയ ഭീതിജനകമായ മറുപടി, അമേരിക്കയും സഖ്യകക്ഷികളും ഇത്തരം യുദ്ധങ്ങളെ എങ്ങനെ കാണുന്നു എന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. ഭക്ഷണവും കുടിവെള്ളവും ചികിത്സയും കിട്ടാതെ ആയിരക്കണക്കിന് കുട്ടികൾ മരിച്ചൊടുങ്ങിയാലും, സാധാരണക്കാർക്ക് ഏൽക്കുന്ന ആഘാതം (collateral damage) അവരുടെ പരിഗണനയിലില്ല. ബെഞ്ചമിൻ നെതന്യാഹുവിന്റെയും ഡൊണാൾഡ് ട്രംപിന്റെയും ഇസ്രായേൽ-യുഎസ് ഭരണകൂടങ്ങൾ ഇറാനെതിരെ നടത്തുന്ന കുറ്റകരമായ ആക്രമണങ്ങൾ ലോകമെമ്പാടും ദുരിതം വിതയ്ക്കുമ്പോൾ ഈ കാര്യങ്ങൾ നാം ഓർക്കേണ്ടതുണ്ട്. "ലോകത്തിന്റെ ഔഷധശാല" (pharmacy of the world) എന്നറിയപ്പെടുന്ന ഇന്ത്യൻ മരുന്ന് വ്യവസായം ഇന്ന് വലിയൊരു പ്രതിസന്ധിയിലാണ്. ഇത് ഇന്ത്യയിലെ ജനങ്ങളെ മാത്രമല്ല, ആഫ്രിക്കയിലെയും മറ്റ് വികസ്വര രാജ്യങ്ങളിലെയും ജനങ്ങളെയും ഗുരുതരമായി ബാധിക്കും.
1996-ലെ ആൽബ്രൈറ്റിന്റെ കുപ്രസിദ്ധമായ ആ തുറന്നുപറച്ചിലിലേക്ക് നമുക്കൊന്ന് തിരിഞ്ഞുനോക്കാം. പത്രപ്രവർത്തകയായ ലെസ്ലി സ്റ്റാൾ ചോദിച്ചു: "അഞ്ച് ലക്ഷത്തോളം (ഇറാഖി) കുട്ടികൾ മരിച്ചതായി ഞങ്ങൾ കേട്ടു. അതായത് ഹിരോഷിമയിൽ മരിച്ച കുട്ടികളേക്കാൾ കൂടുതൽ. ഇത്രയും വലിയൊരു വില നൽകുന്നത് ശരിയാണോ?" അമേരിക്കൻ ഉദ്യോഗസ്ഥയുടെ മറുപടി വ്യക്തമായിരുന്നു: "അതൊരു കഠിനമായ തിരഞ്ഞെടുപ്പാണെന്ന് ഞാൻ കരുതുന്നു, എങ്കിലും ആ വില നൽകാൻ ഞങ്ങൾ തയ്യാറാണ്."
ഈയൊരു ധാർമ്മികത വെച്ച് നോക്കുമ്പോൾ, ഇപ്പോഴത്തെ ആക്രമണകാരികൾ ആഗോള മരുന്ന് വ്യവസായത്തിന് ഏൽക്കുന്ന ആഘാതത്തെക്കുറിച്ച് ഒട്ടും ആശങ്കാകുലരാകാൻ വഴിയില്ല. ഇതിന്റെ പ്രത്യാഘാതങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കും, അതിൽ ഭൂരിഭാഗവും കുട്ടികളായിരിക്കും. ഗൾഫ് മേഖലയിൽ പടരുന്ന യുദ്ധം മരുന്നുകളുടെ ലഭ്യതയെ ഏറ്റവും വലിയ ഇരയാക്കുമെന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. മിസൈൽ ആക്രമണങ്ങൾ വിതരണ ശൃംഖലയെ തകർക്കുകയും ഇറക്കുമതിക്കാരെ അവരുടെ ചരക്കുനീക്കം വഴിതിരിച്ചുവിടാൻ നിർബന്ധിക്കുകയും ചെയ്തിരിക്കുന്നു. പ്രത്യേകിച്ച് കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ പോലെ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കേണ്ട മരുന്നുകളെ ഇത് ബാധിച്ചു. ഗൾഫിലെ പ്രധാന വിമാനത്താവളങ്ങൾ തകർക്കപ്പെട്ട വാർത്തകൾ പുറത്തുവരുമ്പോൾ ഇന്ത്യൻ മരുന്ന് വ്യവസായം വലിയ ആശങ്കയിലാണ്. മരുന്നുകൾക്ക് നിലവിൽ ക്ഷാമമില്ലെങ്കിലും, മരുന്ന് നിർമ്മാണത്തിന് ആവശ്യമായ രാസവസ്തുക്കളുടെയും അസംസ്‌കൃത വസ്തുക്കളുടെയും (raw materials) കുറവ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്ന് വ്യവസായ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. ഉൽപ്പാദനച്ചെലവിലെ വർദ്ധനവ് മൊത്തവ്യാപാര മേഖലയെ ബാധിച്ചുതുടങ്ങിയെന്നും വരും ദിവസങ്ങളിൽ ഇത് വിതരണ ശൃംഖലയെയാകെ തളർത്തുമെന്നും ചെറുകിട മരുന്ന് നിർമ്മാതാക്കൾ ഭയപ്പെടുന്നു. പനി മാറ്റാനുള്ള പാരസെറ്റമോൾ, പ്രമേഹ മരുന്നുകൾ, അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്കുകൾ എന്നിവയുടെ വിതരണമാണ് ആദ്യം തടസ്സപ്പെടാൻ സാധ്യതയുള്ളതായി തിരിച്ചറിഞ്ഞിട്ടുള്ളത്.
ഇന്ത്യയിൽ എന്ത് സംഭവിക്കുന്നു എന്നത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കും. ഏകദേശം 200 രാജ്യങ്ങളിലേക്ക് ഇന്ത്യ മിതമായ നിരക്കിൽ ജനറിക് മരുന്നുകൾ എത്തിക്കുന്നുണ്ട്. വൻവിലയുള്ള ബ്രാൻഡഡ് മരുന്നുകൾ വാങ്ങാൻ ശേഷിയില്ലാത്ത ജനങ്ങൾക്കും ഗവൺമെന്റുകൾക്കും ഇതൊരു ജീവനാഡിയാണ്. എന്നാൽ ആഫ്രിക്കയിലുൾപ്പെടെയുള്ള പൊതുജനാരോഗ്യ പദ്ധതികളെ താങ്ങിനിർത്തുന്ന ഈ ജീവനാഡി ഇന്ന് അപകടത്തിലാണ്. ഇന്ത്യൻ മരുന്ന് വ്യവസായത്തിന്റെ ഒരു വലിയ ബലഹീനതയാണ് ഇതിന് കാരണം: അസംസ്‌കൃത വസ്തുക്കൾക്കായി മറ്റ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത്. ഇറാൻ യുദ്ധം ഈ ദൗർബല്യത്തെ വീണ്ടും തുറന്നുകാട്ടിയിരിക്കുന്നു.
അടുത്ത കാലത്തായി ആഭ്യന്തര ഉൽപ്പാദനം വർദ്ധിച്ചിട്ടുണ്ടെങ്കിലും, മരുന്ന് നിർമ്മാണത്തിന് വേണ്ട അടിസ്ഥാന വസ്തുക്കൾക്കായി (API) ഇന്ത്യ ഇപ്പോഴും ചൈനയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. മരുന്ന് നിർമ്മാണത്തിന്റെ പിരമിഡ് പരിശോധിച്ചാൽ, കീ സ്റ്റാർട്ടിംഗ് മെറ്റീരിയലുകളും (KSM) ഇന്റർമീഡിയറ്റുകളും അടിത്തട്ടിലും, ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രേഡിയന്റുകൾ (API) മുകൾത്തട്ടിലും കാണാം. ഈ പിരമിഡിന്റെ അടിത്തട്ടിലുള്ള രണ്ട് പാളികളിലും ചൈനയ്ക്കാണ് ആധിപത്യമുള്ളത്.
യുദ്ധം നീണ്ടുപോകുമ്പോൾ സാഹചര്യം കൂടുതൽ വഷളാകാനാണ് സാധ്യത. എന്നാൽ ഔദ്യോഗിക പ്രസ്താവനകൾ ഈ അപകടങ്ങളെ മറച്ചുവെക്കാൻ ശ്രമിക്കുന്നു. ആഭ്യന്തര ശേഷി വർദ്ധിപ്പിക്കാനുള്ള സർക്കാർ പദ്ധതികൾ (PLI) കാരണം ഇന്ത്യ ഇറക്കുമതിയേക്കാൾ കൂടുതൽ എപിഐകൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ മാർച്ചിൽ പാർലമെന്റിൽ പറഞ്ഞിരുന്നു. 2025 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 41,500 കോടി രൂപയും ഇറക്കുമതി 39,215 കോടി രൂപയുമാണ്. എന്നാൽ ഈ കണക്കുകൾ ഇന്ത്യ നേരിടുന്ന യഥാർത്ഥ ഭീഷണി പുറത്തുവിടുന്നില്ല. ചൈനയിൽ നിന്നുള്ള ഇറക്കുമതി രണ്ട് വർഷം മുമ്പ് 70 ശതമാനമായിരുന്നത് ഇപ്പോൾ 74 ശതമാനമായി ഉയർന്നിട്ടുണ്ട്. അതായത് 29,064 കോടി രൂപ ചൈനയ്ക്ക് നൽകി. ഇറക്കുമതിയെ ആശ്രയിക്കുന്നത് ചരക്കുകൂലി വർദ്ധിക്കാനും വിനിമയ നിരക്കിലെ ചാഞ്ചാട്ടങ്ങൾക്കും ഇടയാക്കും.
കുട്ടികൾക്കായുള്ള വാക്സിനുകളുടെ കാര്യത്തിലാണ് ലോകം ഇന്ത്യയെ പ്രധാനമായും ഉറ്റുനോക്കുന്നത്. ഡിപിടി, ബിസിജി, മീസിൽസ് വാക്സിനുകളുടെ വലിയൊരു ഭാഗം യൂണിസെഫിനും ലോകാരോഗ്യ സംഘടനയ്ക്കും നൽകുന്നത് ഇന്ത്യയാണ്. എന്നാൽ വാക്സിൻ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ 70 ശതമാനവും അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നുമാണ് വരുന്നത് എന്നത് ഇറാൻ യുദ്ധകാലത്ത് വലിയൊരു തടസ്സമായി മാറിയേക്കാം. ഈ പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
സഖ്യകക്ഷികളുടെ അധിനിവേശവും ഉപരോധവും കാരണം ഇറാഖിലെ കുട്ടികൾക്ക് എന്ത് സംഭവിച്ചു എന്നത് നാം ഓർക്കണം. അഞ്ച് ലക്ഷം കുട്ടികൾ മരിച്ചുവെന്ന യൂണിസെഫിന്റെ കണക്കുകളെ അമേരിക്കൻ മാധ്യമങ്ങളും മെഡിക്കൽ ജേണലുകളും പിന്നീട് എതിർത്തു. എങ്കിൽ പോലും, ആരോഗ്യ സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർക്കപ്പെടുന്നത് കുട്ടികളിൽ ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ ആർക്കും നിഷേധിക്കാനാവില്ല.
ഇറാഖ് അധിനിവേശത്തിന് ശേഷം, ഇസ്രായേൽ ഉൾപ്പെടെയുള്ള അധിനിവേശ ശക്തികൾ യുദ്ധതന്ത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് സാധാരണക്കാർ മരിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതും അബദ്ധവശാൽ സംഭവിക്കുന്ന കാര്യങ്ങളല്ല, മറിച്ച് അതൊരു ലക്ഷ്യമായി മാറിയിരിക്കുന്നു. യുദ്ധത്തിന്റെ ആദ്യദിവസം തെക്കൻ ഇറാനിലെ മിനാബിൽ 167 സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ടത് ഇതിന്റെ തെളിവാണ്.
യുദ്ധകാലത്ത്, മരുന്നുകളുടെയും വാക്സിനുകളുടെയും വിതരണം തടസ്സമില്ലാതെ തുടരാൻ ഇന്ത്യൻ മരുന്ന് വ്യവസായത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്. മത്സരങ്ങളെ അതിജീവിക്കണമെങ്കിൽ ഇന്ത്യ സ്വന്തമായി ഗവേഷണങ്ങളിലും പുതിയ കണ്ടെത്തലുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

