

സാമ്പത്തിക വളർച്ചയും, നയപരമായ ഇടപെടലുകളും ഉണ്ടായിട്ടും, ഇന്ത്യയിൽ അവശ്യ പോഷകാഹാരങ്ങളെക്കാൾ കൂടുതൽ ചെലവഴിക്കുന്നത് ഇപ്പോഴും പുകയിലയ്‌ക്കാണ് - ഇത് വർധിച്ചു വരുന്ന പൊതുജനാരോഗ്യ പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നു.
സാംസ്കാരിക മാനദണ്ഡങ്ങളിലും തൊഴിൽ സാഹചര്യങ്ങളിലും വേരൂന്നിയ ഈ പ്രവണത, വരുമാനം ഉയർന്നിട്ടും ആരോഗ്യകരമായ ഭക്ഷണ രീതികളിലേക്കുള്ള മാറ്റം സംഭവിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്നു; തത്ഫലമായി, പോഷകസമൃദ്ധമായ ഭക്ഷണങ്ങൾക്ക് വേണ്ടിയുള്ള ചെലവ് കൂട്ടുന്നതിന് പകരം, പുകയില ഉപഭോഗത്തിലുള്ള ചെലവാണ് കൂടുന്നത്.
ഇന്ത്യയിൽ, പയര്‍, പഴങ്ങള്‍ തുടങ്ങിയ പോഷകമൂല്യമുള്ള ഭക്ഷണവസ്തുക്കളേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നത് പുകയിലയിലും ലഹരിവസ്തുക്കളിലുമാണ്. സാമ്പത്തിക വളര്‍ച്ചയും, നികുതി വര്‍ധനകളും, നിയമപരമായ നിയന്ത്രണങ്ങളും എല്ലാം മറികടന്ന് പുകയിലയുടെ ഉപയോഗം ഒരു പൊതുജനാരോഗ്യ പ്രശ്നമായി നിലനിൽക്കുകയാണ്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് (MoSPI) കീഴിലുള്ള നാഷണൽ സാമ്പിൾ സർവേ ഓഫീസ് (NSSO) നടത്തിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേയിൽ നിന്നുള്ള ഡാറ്റ പ്രകാരം, 2023–24ല്‍ പാന്‍ (വെറ്റില), പുകയില, ലഹരിവസ്തുക്കള്‍ എന്നിവ നിരവധി സംസ്ഥാനങ്ങളിലെ ഗ്രാമീണ കുടുംബങ്ങളുടെ മാസ ശരാശരി മൊത്തം ചെലവിന്റെ 5–9 ശതമാനം വരെ വിഹിതം കൈവരിച്ചു. പലപ്പോഴും ഇത് പയര്‍, പഴങ്ങള്‍ എന്നിവയ്‌ക്കുള്ള ചെലവിനെ മറികടക്കുകയും ചില സാഹചര്യങ്ങളില്‍ പാലിനുള്ള ചെലവിനെപ്പോലും കടത്തിവെട്ടുകയും ചെയ്യുന്നു. നഗരപ്രദേശങ്ങളിലും കുറവല്ല; പലപ്പോഴും പയറിനുള്ള ചെലവിനെക്കാള്‍ കൂടുതലാണ്.
ഈ പ്രവണത പുതിയതല്ല. NSSOയുടെ 55-ാം റൗണ്ട് (1999–2000) ഡാറ്റ പ്രകാരം, ഇന്ത്യയൊട്ടാകെ മൊത്തം ഉപഭോഗ ചെലവിന്റെ ഏകദേശം 10 ശതമാനം പാന്‍, പുകയില, ലഹരിവസ്തുക്കള്‍ എന്നിവയ്‌ക്കായി ഗാർഹിക ചെലവിന്റെ ഭാഗമായി മാറ്റിവെച്ചിരുന്നു. മില്ലേനിയത്തിന്റെ തുടക്കത്തിലും തന്നെ, പ്രത്യേകിച്ച് ദരിദ്ര കുടുംബങ്ങളില്‍, പുകയില ചെലവ് പയര്‍, പഴങ്ങള്‍ പോലുള്ള പോഷകപ്രാധാന്യമുള്ള ഭക്ഷണവിഭാഗങ്ങൾക്ക് തുല്യമായോ അവയെ മറികടക്കുകയോ ചെയ്തിരുന്നു. 1990കളില്‍ ഭക്ഷണ ബജറ്റുകളില്‍ ധാന്യങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരുന്നുവെങ്കിലും, പുകയില, കുടുംബങ്ങളിൽ ഭക്ഷ്യേതര വസ്തുവായി മാറിയിരുന്നു. ലഹരിവസ്തുക്കള്‍ പോഷണം മാറ്റിനിര്‍ത്തുന്ന പ്രവണത കുടുംബങ്ങളിലെ ഉപഭോഗത്തിന്റെ ഘടനാപരമായ സവിശേഷതയാണെന്നതിനെ ഇത് സൂചിപ്പിക്കുന്നു.
2023–24ല്‍ ഛത്തീസ്ഗഢില്‍, ഗ്രാമീണ കുടുംബങ്ങള്‍ മൊത്തം ഉപഭോഗത്തിന്റെ 7.08 ശതമാനം പുകയിലയ്ക്കും ലഹരിവസ്തുക്കള്‍ക്കുമായി ചെലവഴിച്ചു - പയറിന് മാറ്റിവെച്ച വിഹിതത്തിന്റെ (3.22 ശതമാനം) ഇരട്ടിയിലധികവും, പഴങ്ങള്‍ക്കായി ചെലവഴിച്ചതിന്റെ (2.65 ശതമാനം) ഏകദേശം മൂന്നു മടങ്ങും. മേഘാലയയില്‍ ഗ്രാമീണമേഖലയിൽ പുകയില ഉപഭോഗം 9.04 ശതമാനമായി ഉയര്‍ന്നു; ഇത് പയറിനുള്ള ചെലവിനെ (1.01 ശതമാനം) വളരെ പിന്നിലാക്കുകയും, പഴങ്ങളുടെ ഉപഭോഗത്തെക്കാള്‍ മൂന്നു മടങ്ങിലധികമാകുകയും ചെയ്തു.
താരതമ്യേന ഉയര്‍ന്ന വരുമാനമുള്ള പ്രദേശങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ചണ്ഡീഗഢില്‍, 2023–24ല്‍ കുടുംബങ്ങള്‍ മൊത്തം ഉപഭോഗത്തിന്റെ 2.95 ശതമാനം പുകയില സംബന്ധമായ വസ്തുക്കള്‍ക്കായി ചെലവഴിച്ചു - ഇത് പയറിനുള്ള ചെലവിനെക്കാള്‍ (0.7 ശതമാനം) കൂടുതലും, പഴങ്ങള്‍ക്കുള്ള ചെലവിനോട് ഏകദേശം സമാനവുമാണ്. സിക്കിമില്‍, ഗ്രാമീണ കുടുംബങ്ങള്‍ ഇപ്പോള്‍ ധാന്യങ്ങള്‍, പഴങ്ങള്‍, പയര്‍ എന്നിവയെക്കാൾ കൂടുതല്‍ പുകയിലയ്‌ക്കാണ് (8.79 ശതമാനം) ചെലവഴിക്കുന്നത്.
ഇതിനു വിപരീതമായി, ഏറ്റവും വിലകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമായതുമായ പ്രോട്ടീന്‍ ഉറവിടമായ പയര്‍, സംസ്ഥാനങ്ങളാകെ ഏറ്റവും കുറഞ്ഞ ചെലവാണ് ചെയ്യുന്നത് - നഗരപ്രദേശങ്ങളില്‍ പലപ്പോഴും 1 ശതമാനത്തില്‍ താഴെയും, ഗ്രാമീണ ഇന്ത്യയില്‍ അപൂര്‍വമായി മാത്രമേ 3 ശതമാനം കവിയുന്നുള്ളൂ. പോഷകസംബന്ധമായ ഈ വിട്ടുവീഴ്ച അതീവ ഗൗരവമുള്ളതാണ്: ലഹരിവസ്തുക്കൾക്കായുള്ള ചെലവ് അടിസ്ഥാന പോഷണത്തിനുള്ള ചെലവിനെ പതിവായി മാറ്റിനിര്‍ത്തുന്നു.
വരുമാനമുയർന്നാൽ ഉപഭോഗം സ്വാഭാവികമായി കൂടുതല്‍ ആരോഗ്യകരമാകും എന്ന ധാരണയെ ഈ പ്രവണത ചോദ്യം ചെയ്യുന്നു. ഗ്രാമീണ ഉപഭോഗം 2022–23ലെ 3,773 രൂപയില്‍ നിന്ന് 2023–24ല്‍ 4,122 രൂപയായി ഉയര്‍ന്നു; നഗരങ്ങളിൽ ചെലവ് 6,459 രൂപയില്‍ നിന്ന് 6,996 രൂപയായും വര്‍ധിച്ചു. എന്നിട്ടും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍, പുകയിലയുടെ വിഹിതം ആനുപാതികമായി കുറഞ്ഞിട്ടില്ല.
1999–2000ല്‍, പുകയില ഉപഭോഗം പലപ്പോഴും ദാരിദ്ര്യവുമായി ബന്ധപ്പെട്ടു കാണപ്പെട്ട ഒരു പ്രതിരോധ മാര്‍ഗമായി വിശദീകരിക്കപ്പെട്ടിരുന്നു. ഇന്ന്, ഡാറ്റ കൂടുതല്‍ ആഴത്തില്‍ വേരൂന്നിയ ഒരു കാര്യത്തെ സൂചിപ്പിക്കുന്നു: സാംസ്കാരിക ശീലങ്ങള്‍, എളുപ്പത്തിലുള്ള ലഭ്യത, ദുർബലമായ തടയല്‍ നടപടികള്‍ എന്നിവ ശക്തിപ്പെടുത്തുന്ന ഒരു ശീലം - പ്രത്യേകിച്ച് നഗരങ്ങള്‍ക്കു പുറത്തുള്ള പ്രദേശങ്ങളില്‍.
നഗരപ്രദേശങ്ങളില്‍ പുകയിലയുടെ ബജറ്റ് വിഹിതത്തില്‍ ചെറിയൊരു ഇടിവ് കാണപ്പെടുന്നുണ്ട്; ഇത് മെച്ചപ്പെട്ട ആരോഗ്യ ബോധത്തെ പ്രതിഫലിപ്പിക്കുന്നു. എന്നാല്‍ ഗ്രാമീണ ഇന്ത്യ മറ്റൊരു കഥയാണ് പറയുന്നത്. മേഘാലയ, ഛത്തീസ്ഗഢ്‍, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍, ഭക്ഷ്യവിലയും ആരോഗ്യ അപകടസാധ്യതകളും ഉയരുന്നതിനിടയിലും, ഗ്രാമങ്ങളിലെ പുകയില ചെലവ് വര്‍ധിക്കുകയോ കഠിനമായി ഉയര്‍ന്ന നിലയില്‍ തുടരുകയോ ചെയ്യുന്നു.
പുകയില ഉപഭോഗത്തിലെ വർദ്ധനവിന് അഭിവൃദ്ധിയുമായി വലിയ ബന്ധമൊന്നുമില്ലെന്നും കായികാധ്വാനം ചെയ്യുന്നവരുടെ തൊഴിൽ സാഹചര്യങ്ങളിലെ മാറ്റങ്ങളും ശാരീരിക ക്ഷീണവുമാണ് ഇതിന് കാരണമെന്ന് വിദഗ്ദ്ധർ വാദിക്കുന്നു.
“ശാരീരിക തൊഴില്‍ ചെയ്യുന്നവരില്‍ പുകയില ഉപയോഗം ഇപ്പോള്‍ ഒരു മഹാമാരിപോലുള്ള അവസ്ഥയായിക്കഴിഞ്ഞു,” എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ കോംപ്ലക്സ് ചോയ്സസ് (IASCC) അംഗമായ അനില്‍ സൂദ് പറഞ്ഞു. “മിക്കവരും 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നു, ശരിയായ ഇടവേളകളില്ലാതെ, ജോലി തുടർന്ന് കൊണ്ടുപോകാൻ അവർ പുകയില ചവയ്ക്കുന്നു; അതിനിടയില്‍ ഭക്ഷണം വേണ്ടന്നു വെയ്ക്കുന്നു.”
നിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്ന് പാല്‍ ഫാമുകളിലേക്കും നഗരങ്ങളിലെ ടാക്‌സി ഡ്രൈവര്‍മാരിലേക്കും, വിവിധ മേഖലകളിലും പ്രായവിഭാഗങ്ങളിലുമാണ് ഈ പ്രവണത വ്യാപിക്കുന്നതെന്ന് സൂദ് പറഞ്ഞു. “18–19 വയസ്സുള്ള യുവ തൊഴിലാളികള്‍ പോലും മറ്റുള്ളവരെ അനുകരിച്ച് ഈ ശീലം പിന്തുടരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇത് ജോലി ചെയ്യാനുള്ള ശക്തി നൽകുമെന്ന് അവർ വിശ്വസിക്കുന്നു; ഒരിക്കല്‍ തുടങ്ങിയാല്‍ പിന്നെ നിർത്തുന്നില്ല,” അദ്ദേഹം പറഞ്ഞു.
നഗരങ്ങളിൽ പുകവലി കുറഞ്ഞിട്ടുണ്ടെങ്കിലും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് വരുന്ന കുടിയേറ്റ തൊഴിലാളികളില്‍ പുകയില ഉപയോഗം കൂടുതല്‍ വ്യാപകമായിട്ടുണ്ട്. “നഗരമായാലും ഗ്രാമമായാലും - രണ്ടും ഒരുപോലെ മോശമാണ്,” സൂദ് പറഞ്ഞു. “ഇന്ന് പുകയില ചവയ്ക്കാത്ത ടാക്‌സി ഡ്രൈവര്‍മാരെ കണ്ടെത്താന്‍ തന്നെ പ്രയാസമാണ്.”
ഇന്ത്യയിൽ പുകയില ഉപയോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പ്രധാനമായും സിഗരറ്റുകളെ കേന്ദ്രീകരിച്ചവയാണ്; എന്നാല്‍ പുകരഹിത പുകയില, പാന്‍ മസാല, പ്രാദേശിക ലഹരിവസ്തുക്കള്‍ എന്നിവ ഇപ്പോഴും വിലകുറഞ്ഞതും വ്യാപകമായി ലഭ്യവുമായും, പ്രത്യേകിച്ച് ഗ്രാമീണ വിപണികളില്‍ ദുർബലമായി നിയന്ത്രിക്കപ്പെട്ടവയുമായാണ് തുടരുന്നത്. ആവര്‍ത്തിച്ചുള്ള ജിഎസ്‌ടി വര്‍ധനകള്‍ പോലും ഉപഭോഗം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല;
“തൊഴിലാളികള്‍ക്കിത് ഒരു ശീലമാണ്,” സൂദ് പറഞ്ഞു. “ചെലവ് പ്രശ്നമല്ല, അവര്‍ക്ക് 12 അല്ലെങ്കില്‍ 14 മണിക്കൂര്‍ ജോലി ചെയ്യണം, അതിനായി അവര്‍ ഭക്ഷണച്ചെലവ് കുറച്ച് പുകയിലയെ ആശ്രയിക്കുന്നു.
നികുതി, പാക്കറ്റുകളിലെ ആരോഗ്യ മുന്നറിയിപ്പുകള്‍, പരസ്യങ്ങളിലെ നിയന്ത്രണങ്ങള്‍ തുടങ്ങിയ പുകയില നിയന്ത്രണങ്ങൾ, പ്രധാനമായും സിഗരറ്റുകളെയാണ് ലക്ഷ്യമിട്ടത്; അതേസമയം പുകരഹിത പുകയില ഉല്‍പന്നങ്ങള്‍ ഇതിനിടയിൽ ലഭ്യമായി. വിലകുറഞ്ഞതും സാധാരണവല്‍ക്കരിക്കപ്പെട്ടതുമായ ഇത്തരം ഉൽപ്പന്നങ്ങൾ ഗ്രാമപ്രദേശങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, അവിടെ നിയമ നിർവ്വഹണം ഏറ്റവും ദുർബലമാണ്.
അതേ സമയം, പോഷക നയം പ്രധാനമായും ധാന്യങ്ങളിലൂടെ കലോറി പര്യാപ്തതയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്; എന്നാല്‍ പ്രോട്ടീന്‍, സൂക്ഷ്മപോഷകങ്ങളുടെ കുറവ് തുടരുന്നു. വരുമാനം ഉയര്‍ന്നിട്ടും കുടുംബങ്ങള്‍ പുകയിലയില്‍ നിന്നു പോഷകാഹാരങ്ങളിലേക്ക് ചെലവ് മാറ്റിവയ്ക്കുന്നില്ലെന്നതാണ് ഡാറ്റ സൂചിപ്പിക്കുന്നത്; ആരോഗ്യ നയങ്ങളും പോഷക നയങ്ങളും പരസ്പരം ഒറ്റപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുകയാണെന്നും, കുടുംബ ബജറ്റുകളിലെ യഥാര്‍ഥ മത്സരത്തെ നേരിടുന്നതിൽ അവ പരാജയപ്പെടുകയാണെന്നും ഇത് വ്യക്തമാക്കുന്നു.
ഭക്ഷണം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നിവയെക്കാൾ പുകയില ഉപയോഗം കൂടിയതിനാൽ ദാരിദ്ര്യം കൂടുതല്‍ രൂക്ഷമാക്കുന്നു എന്ന മുന്നറിയിപ്പ് പൊതുജനാരോഗ്യ വിദഗ്ധര്‍ ഏറെക്കാലമായി നല്‍കി വരുന്നു. ഉപഭോഗ ഡാറ്റ ഇപ്പോള്‍ ആ മുന്നറിയിപ്പിനെ കണക്കുകളോടെ തെളിയിക്കുന്നു: പല സംസ്ഥാനങ്ങളിലും, കുടുംബങ്ങള്‍ ആരോഗ്യം സംരക്ഷിക്കുന്നതിനേക്കാള്‍ അതിനെ നശിപ്പിക്കുന്നതിനാണ് കൂടുതല്‍ ചെലവഴിക്കുന്നത്.
ഇന്ത്യയില്‍ പുകയില നിയന്ത്രണവുമായി ബന്ധപ്പെട്ട നയങ്ങള്‍ക്ക് ഒട്ടും കുറവില്ല. 2003ലെ സിഗരറ്റുകളും മറ്റ് പുകയില ഉല്‍പന്നങ്ങളും (നിയന്ത്രണം) നിയമം (COTPA) പരസ്യങ്ങള്‍ നിരോധിക്കുകയും, പൊതു സ്ഥലങ്ങളിലെ പുകവലി നിയന്ത്രിക്കുകയും, ചിത്രസഹിതം ആരോഗ്യ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കുകയും, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തും വില്‍പ്പന നിരോധിക്കുകയും ചെയ്തു. 2007–08ല്‍ തുടങ്ങിയ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ നടപ്പാക്കുന്ന ദേശീയ പുകയില നിയന്ത്രണ പരിപാടി (NTCP) ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും, 600-ലധികം ജില്ലകളെയും ഉൾക്കൊള്ളിച്ചിട്ടുണ്ട്; പ്രായോഗികമായി നടപ്പാക്കൽ, ബോധവല്‍ക്കരണം, ലഹരിമുക്ത സേവനങ്ങള്‍ എന്നിവയ്ക്കായി ഫണ്ടുകളും മാറ്റിവെച്ചിട്ടുണ്ട്.
ധനകാര്യ നടപടികളും കടുപ്പിച്ചിട്ടുണ്ട്. ജിഎസ്‌ടിക്ക് കീഴില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന “പാപവസ്തുക്കള്‍” ആയി തുടരുന്നു; സിഗരറ്റുകള്‍, പാന്‍ മസാല, പുകരഹിത പുകയില എന്നിവയ്ക്ക് അധിക നഷ്ടപരിഹാര സെസും എക്‌സൈസ് നികുതിയും ചുമത്തിയിട്ടുണ്ട്. പുകയില നികുതിയെ, തടയല്‍ ഉപാധിയായി കേന്ദ്ര സര്‍ക്കാര്‍ തുടരുന്നു, അതേസമയം പുകയില വരുമാനത്തെ ആശ്രയിക്കുന്നുമുണ്ട്. എന്നാല്‍ നയങ്ങൾ നടപ്പാക്കുന്നതിൽ ഇപ്പോഴും വീഴ്ചകളുണ്ട്. നഗര കേന്ദ്രങ്ങളില്‍ ആരോഗ്യ മുന്നറിയിപ്പുകളും, പൊതുസ്ഥലങ്ങളിലെ പുകവലി നിയന്ത്രണങ്ങളും ദൃശ്യമാണെങ്കിലും, പുകരഹിത പുകയിലയുടെ ആധിപത്യം പുലര്‍ത്തുന്ന ഗ്രാമീണ, അനൗപചാരിക മേഖലകളില്‍ നിയമ നിർവ്വഹണം ദുർബലമാണ്.
ദേശീയ, ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യങ്ങൾ പ്രകാരം പുകയില ഉപയോഗം 30 ശതമാനം കുറയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെങ്കിലും, COTPA ലംഘനങ്ങൾക്കുള്ള ദുർബലമായ നിരീക്ഷണം, പരിമിതമായ മനുഷ്യശക്തി, കുറഞ്ഞ ശിക്ഷാ നിരക്കുകൾ എന്നിവ പാർലമെന്ററി കമ്മിറ്റികളും പൊതുജനാരോഗ്യ വിദഗ്ധരും ആവർത്തിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ചില സംസ്ഥാനങ്ങള്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അതീതമായി ഗുട്ട്ഖയും ചവച്ചു തിന്നുന്ന പുകയില ഉല്‍പന്നങ്ങളും പൂര്‍ണമായും നിരോധിക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വായിലൂടെ പകരുന്ന ക്യാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്നതിനെ ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ക്കു കീഴില്‍ നിരോധനങ്ങള്‍ പ്രഖ്യാപിക്കുകയോ, പുതുക്കുകയോ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, വലിയ തോതിലുള്ള അനധികൃത വിതരണക്കാര്‍ക്കെതിരെ സംഘടിത കുറ്റകൃത്യ നിയമങ്ങള്‍ പ്രയോഗിക്കാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ നിയമ നിർവ്വഹണം ഇപ്പോഴും ശരിയായ രീതിയിൽ നടക്കുന്നില്ല. നിരോധിച്ച ഉല്‍പ്പ ന്നങ്ങള്‍, കള്ളക്കടത്ത്, പുനര്‍ബ്രാന്‍ഡിംഗ്, നിയമപരമായ വിടവുകള്‍ എന്നിവ വഴി പതിവായി വിപണിയില്‍ തിരിച്ചെത്തുന്നു; ചെറുകിട വില്‍പ്പനക്കാര്‍ ശിക്ഷയുടെ ഭയം കൂടാതെ തന്നെ പുകയില വില്‍പ്പന തുടരുന്നു. ഛത്തീസ്ഗഢ്, മേഘാലയ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങള്‍, തുടങ്ങിയ ഉയര്‍ന്ന പുകയില ഉപഭോഗമുള്ള മേഖലകളില്‍, ഇത്തരം നിരോധനങ്ങളോ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളോ കുടുംബ ചെലവില്‍ മാറ്റമുണ്ടാക്കിയതായി വ്യക്തമായ തെളിവുകളില്ല.
പ്രത്യക്ഷ പരസ്യങ്ങള്‍ക്ക് പകരമുള്ള പരസ്യങ്ങള്‍, പാന്‍ മസാല ബ്രാന്‍ഡിംഗിലെ മേല്‍നോട്ടകുക്കുറവ്, ഉപജീവനവും നികുതി വരുമാനവുമായി ബന്ധമുള്ള ഉല്‍പന്നങ്ങളെ നിയന്ത്രിക്കുന്നതിലെ രാഷ്ട്രീയ സൂക്ഷ്മത എന്നിവയും പരിമിതമായ ഫലത്തിനുള്ള പ്രധാന കാരണങ്ങളായി പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
ജനസംഖ്യാ ലാഭവിഹിതത്തെയും തൊഴില്‍ ഉല്‍പാദനക്ഷമതയെയും ഇന്ത്യ ആശ്രയിക്കുന്ന സാഹചര്യത്തില്‍, ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗൗരവമേറിയതാണ്. ഉയര്‍ന്ന പുകയില ഉപഭോഗം വര്‍ധിച്ചു വരുന്ന ആരോഗ്യച്ചെലവുകള്‍, കുറഞ്ഞ തൊഴില്‍ ഉല്‍പാദനക്ഷമത, ദീര്‍ഘകാല സാമ്പത്തിക നഷ്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു - ഇവയുടെ ഭാരം ഏറ്റവും കൂടുതല്‍ ചുമക്കുന്നത് ദരിദ്ര, ഗ്രാമീണ കുടുംബങ്ങളാണ്.
1999-2000 നും 2023-24 നും ഇടയിലുള്ള തുടർച്ച സൂചിപ്പിക്കുന്നത് ഇതിൽ വലിയ തോതിലുള്ള മാറ്റം സംഭവിച്ചിട്ടില്ല, മറിച്ച് അത് സാധാരണ നിലയിലാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നാണ്. ഭക്ഷ്യവില വര്‍ധനവും പോഷകഫലങ്ങളിലെ മന്ദഗതിയും തുടരുമ്പോള്‍, ഒരു കാര്യം വ്യക്തമാണ്: സാമ്പത്തിക വളര്‍ച്ച മാത്രം പൊതുജനാരോഗ്യ മേഖലയിലെ പരാജയങ്ങൾ പരിഹരിക്കില്ല.