

കാറ്റ്ഫിഷുകളിൽ (Catfish) അടുത്തിടെ കണ്ടെത്തിയ ചർമ്മ അർബുദം, സ്വാഭാവികമായി പകരുന്ന ട്യൂമറുകളുള്ള ടാസ്മാനിയൻ ഡെവിളുകൾ, നായ്ക്കൾ, കക്കവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുന്ന അപൂർവം ജീവിവർഗ്ഗങ്ങളുടെ കൂട്ടത്തിലേക്ക് ചേരുന്നു.
ഈ ജീവികളിൽ, ക്യാൻസർ കോശങ്ങൾ തന്നെ ഒരു ജീവിയിൽ നിന്ന് മറ്റൊന്നിലേക്ക് പടരുകയും ഒരു സ്വതന്ത്ര വംശമായി (independent lineages) നിലനിൽക്കുകയും ചെയ്യുന്നു.
എന്നാൽ മനുഷ്യരിൽ, ശക്തമായ രോഗപ്രതിരോധ നിരാകരണം, ഉയർന്ന ജനിതക വൈവിധ്യം, കോശങ്ങളുടെ എളുപ്പത്തിലുള്ള നാശസാധ്യത എന്നിവ ഇത്തരം ക്യാൻസറുകളെ തടയുന്നു. എങ്കിലും, ഇവയെക്കുറിച്ച് പഠിക്കുന്നത് ട്യൂമറുകൾ എങ്ങനെ വികസിക്കുന്നുവെന്നും പ്രതിരോധ സംവിധാനങ്ങളെ കണ്ണുവെട്ടിക്കുന്നുവെന്നും മനസ്സിലാക്കാൻ സഹായിക്കുന്നു.
വെർമോണ്ടിലെ ശാസ്ത്രജ്ഞർ അസാധ്യമെന്ന് കരുതപ്പെട്ടിരുന്ന ഒരു പുതിയ കണ്ടെത്തൽ നടത്തിയിരിക്കുകയാണ്: കാറ്റ്ഫിഷുകളിൽ നിന്ന് കാറ്റ്ഫിഷുകളിലേക്ക് പടരുന്ന ഒരുതരം ചർമ്മ അർബുദം (Skin Cancer). പ്രകൃതിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള, ജീവികളിൽ നിന്ന് ജീവികളിലേക്ക് പടരുന്ന നാലാമത്തെ ക്യാൻസർ മാത്രമാണിത്.
ഒരു ജീവിയിൽ നിന്ന് മറ്റൊന്നിലേക്ക് സ്വാഭാവികമായി പകരാൻ ശേഷിയുള്ള ക്യാൻസറുകളുള്ള അപൂർവം ജീവിവർഗ്ഗങ്ങളുടെ കൂട്ടത്തിൽ ടാസ്മാനിയൻ ഡെവിളുകൾ, നായ്ക്കൾ, കക്കവർഗ്ഗങ്ങൾ എന്നിവയ്ക്കൊപ്പം ഇപ്പോൾ കാറ്റ്ഫിഷുകളും ചേർന്നിരിക്കുന്നു. ഈ ജീവികളിലെല്ലാം, ക്യാൻസർ കോശങ്ങൾ ഒരു ശരീരത്തിൽ നിന്ന് വേർപെട്ട് മറ്റൊരു ശരീരത്തിലേക്ക് സഞ്ചരിക്കുകയും, പുതിയ ആതിഥേയനിൽ വച്ച് ക്യാൻസർ കോശങ്ങളായി തന്നെ തുടർന്നു ജീവിക്കുകയും വിഭജിക്കപ്പെടുകയും ചെയ്യുന്നു. ഇതിൽ വൈറസുകളോ ബാക്ടീരിയകളോ പരാന്നഭോജികളോ ഉൾപ്പെടുന്നില്ല - ക്യാൻസർ കോശങ്ങൾ തന്നെയാണ് നേരിട്ട് പടരുന്നത്; ഇതാണ് ഇവയെ ഇത്ര സവിശേഷമാക്കുന്നത്.
ടാസ്മാനിയൻ ഡെവിളുകൾ ഇണചേരുമ്പോഴോ പോരാടുമ്പോഴോ പരസ്പരം മുഖത്ത് കടിക്കാറുണ്ട്. ഇത് ട്യൂമർ കോശങ്ങൾ ഒരു ജീവിയുടെ മുറിവിൽ നിന്ന് മറ്റൊന്നിലേക്ക് നേരിട്ട് കടക്കാൻ കാരണമാകുന്നു. സമാനമായ ഒരു കാര്യമാണ് നായ്ക്കളിലും സംഭവിക്കുന്നത്. നായ്ക്കളിൽ കാണപ്പെടുന്ന 'കാനൈൻ ട്രാൻസ്മിസിബിൾ വെനീറിയൽ ട്യൂമർ' (CTVT) കോശങ്ങൾ, അവ ഇണചേരുമ്പോൾ ലൈംഗിക അവയവങ്ങളിലെ മുറിവുകൾ വഴി പങ്കാളിയിലേക്ക് പടരുന്നു.
എന്നാൽ കക്കവർഗ്ഗങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ഇത് ചെയ്യുന്നത്. അവ ജീവിക്കുന്ന വെള്ളത്തിലൂടെയാണ് ക്യാൻസർ കോശങ്ങൾ പരസ്പരം കൈമാറുന്നത്. ക്യാൻസറുള്ള ഒരു കക്ക ചത്തുപോകുമ്പോൾ, അത് വൻതോതിൽ രോഗബാധിതമായ രക്തകോശങ്ങളെ വെള്ളത്തിലേക്ക് പുറന്തള്ളുന്നു. മറ്റു കക്കകൾ ഭക്ഷണം കഴിക്കുന്നതിനായി ഈ വെള്ളം അരിച്ചെടുക്കുമ്പോൾ, അവയിലേക്ക് ക്യാൻസർ കോശങ്ങൾ എത്തുവാൻ ഇടയാകുന്നു.
കാറ്റ്ഫിഷുകൾക്കിടയിൽ ഈ രോഗം കൃത്യമായി എങ്ങനെയാണ് പടരുന്നതെന്ന് ശാസ്ത്രജ്ഞർ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. നായ്ക്കളിലും ടാസ്മാനിയൻ ഡെവിളുകളിലും കാണുന്നത് പോലെ ഇണചേരൽ രീതികളുമായി ഇത് ബന്ധപ്പെട്ടിരിക്കാം, അല്ലെങ്കിൽ കക്കകളെപ്പോലെ വെള്ളത്തിൽ നിന്ന് നേരിട്ട് ക്യാൻസർ കോശങ്ങൾ സ്വീകരിക്കുന്നതാകാം എന്നാണ് ഈ പഠനത്തിന് പിന്നിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
എന്തുകൊണ്ടാണ് ഇത് ഇത്ര അപൂർവമായിരിക്കുന്നത്?
പകരുന്ന ക്യാൻസറുകൾക്ക്, ജീവനുള്ള ക്യാൻസർ കോശങ്ങൾ ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്ക് മാറുകയും പുതിയ ആതിഥേയനിൽ നിലനിൽക്കുകയും ചെയ്യേണ്ടതുണ്ട് - ഇത് കേൾക്കുമ്പോൾ ലളിതമായി തോന്നാമെങ്കിലും, ജൈവശാസ്ത്രപരമായി വളരെ പ്രയാസമേറിയ ഒന്നാണ്.
ആരോഗ്യമുള്ള ഒരു പ്രതിരോധ സംവിധാനം എന്നത് ശക്തമായ ഒരു പ്രതിരോധ കോട്ടയാണ്; സ്വന്തമല്ലാത്ത (foreign) ഏതിനെയും അത് നിരന്തരം തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നു. മറ്റൊരു ജീവിയിൽ നിന്നുള്ള ക്യാൻസർ കോശങ്ങൾ സ്വന്തം വർഗ്ഗത്തിൽപ്പെട്ടവയിൽ നിന്നാണെങ്കിൽ പോലും പ്രതിരോധ സംവിധാനത്തിന് അപരിചിതമായി തോന്നുകയും അവ പെട്ടെന്ന് തന്നെ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകളിലും ഇതേ തത്വമാണ് പ്രവർത്തിക്കുന്നത്: ദാതാവിന്റെ അവയവം സ്വീകർത്താവിന്റെ പ്രതിരോധ സംവിധാനം നിരസിച്ചേക്കാം, അതുകൊണ്ടാണ് അവയവം സ്വീകരിക്കുന്ന രോഗികൾക്ക് പ്രതിരോധ സംവിധാനത്തെ അടിച്ചമർത്തുന്ന മരുന്നുകൾ (immune-suppressing drugs) നൽകുന്നത്.
ജനിതകഘടന മറ്റൊരു തടസ്സം സൃഷ്ടിക്കുന്നു. മനുഷ്യർ ഉൾപ്പെടെയുള്ള മിക്ക ജീവികളിലും സ്വന്തം ജീവിവർഗ്ഗത്തിനുള്ളിൽ തന്നെ വലിയ ജനിതക വൈവിധ്യമുണ്ട്. അതിനാൽ, ഒരു ജീവിയിലെ ക്യാൻസർ കോശങ്ങൾക്ക് അതേ വർഗ്ഗത്തിലെ മറ്റൊരു ശരീരത്തിൽ അതിജീവിക്കാൻ കഴിയാത്തവിധം ജനിതക വ്യത്യാസമുണ്ടാകും. ഇതിനൊരു അപൂർവ അപവാദമാണ് ടാസ്മാനിയൻ ഡെവിളുകൾ: അവയിലെ ജനിതക വൈവിധ്യം വളരെ കുറവാണ്, ഇതാണ് അവയുടെ മുഖത്തെ ട്യൂമർ രോഗം ഇത്ര എളുപ്പത്തിൽ പടരാൻ ഒരു കാരണം.
കൂടാതെ കോശങ്ങളുടെ ഫ്രെജിലിറ്റി അഥവാ എളുപ്പത്തിൽ നശിക്കാനുള്ള സാധ്യതയും ഒരു കാരണമാണ്. ഒരു സൂചിക്കുഴയിൽ ബാലൻസ് ചെയ്തിരിക്കുന്ന സോപ്പ് കുമിളയെ സങ്കൽപ്പിക്കുക - ചെറിയൊരു തട്ടോ, താപനിലയിലെ മാറ്റമോ, കാറ്റോ വെയിലോ തട്ടിയാൽ അത് ഇല്ലാതാകുന്നു. കോശങ്ങളുടെ കാര്യവും ഏതാണ്ട് ഇതുപോലെ തന്നെയാണ്. ക്യാൻസർ കോശങ്ങൾ ഒരു ശരീരത്തിൽ നിന്ന് പുറത്തുകടന്നാൽ പോലും, പുതിയൊരു ശരീരത്തിൽ എത്തുന്നതിനുമുമ്പ് അവ സാധാരണയായി നശിച്ചുപോകുന്നു. അതുകൊണ്ടാണ് ഇത്തരം ക്യാൻസറുകൾക്ക് ജീവികൾക്കിടയിൽ ഒരു നേരിട്ടുള്ള വഴി ആവശ്യമായി വരുന്നത്: ടാസ്മാനിയൻ ഡെവിളുകളിൽ കോശങ്ങളുടെ കുത്തിവെയ്പ്പ് പോലെ (കടിക്കുമ്പോൾ), നായ്ക്കളിൽ നേർത്ത ചർമ്മങ്ങൾ തമ്മിലുള്ള അടുത്ത സമ്പർക്കം, അല്ലെങ്കിൽ കക്കകളിൽ കടൽവെള്ളം പോലെ അതിജീവിക്കാൻ കഴിയുന്ന ഒരു മാധ്യമം.
സന്തോഷകരമായ വാർത്ത എന്തെന്നാൽ, മനുഷ്യരിൽ സ്വാഭാവികമായി ഉണ്ടാകുന്നതോ, സ്വയം പടരുന്നതോ ആയ ക്യാൻസറുകൾ ഉണ്ടെന്നതിന് യാതൊരു തെളിവുമില്ല. പകരുന്ന ക്യാൻസർ എന്നാൽ, ക്യാൻസർ കോശങ്ങൾ അവയുടെ യഥാർത്ഥ ആതിഥേയനിൽ നിന്ന് വേർപെട്ട്, ഒരു സ്വതന്ത്ര വംശമായി മാറി, ആളുകൾക്കിടയിൽ പടരുകയും, തുടർന്ന് സ്വന്തം നിലയിൽ വികസിക്കുകയും ചെയ്യുന്ന ഒന്നാണ്.
മനുഷ്യരിൽ ഇതിന് സമാനമെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ അല്ലാത്ത ചില അപൂർവ സംഭവങ്ങളുണ്ട് - ഉദാഹരണത്തിന്, മാറ്റിവെച്ച അവയവത്തിലൂടെ ക്യാൻസർ കോശങ്ങൾ എത്തുന്നത്, പ്രസവത്തിന് മുമ്പ് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ക്യാൻസർ പടരുന്നത്, അല്ലെങ്കിൽ ഒരു ലാബ് ജീവനക്കാരന് സൂചി അബദ്ധത്തിൽ കുത്തിക്കയറി അണുബാധയുണ്ടാകുന്നത്, അതുമല്ലെങ്കിൽ ഹ്യൂമൻ പാപ്പിലോമവൈറസ് (HPV) പോലുള്ള വൈറസുകൾ മൂലമുണ്ടാകുന്ന ക്യാൻസറുകൾ. ഇവയൊക്കെ ഒറ്റപ്പെട്ട കൈമാറ്റങ്ങൾ മാത്രമാണ്, അല്ലാതെ സ്വതന്ത്രമായ ജീവിതമുള്ള ഒരു ക്യാൻസറല്ല.
എങ്കിലും, മറ്റു ജീവികളിലെ ഇത്തരം ക്യാൻസറുകളെ കുറിച്ച് പഠിക്കുന്നത് മനുഷ്യരിലെ ക്യാൻസറിനെ കുറിച്ച് - ട്യൂമറുകൾ എങ്ങനെ വികസിക്കുന്നു, പ്രതിരോധ സംവിധാനത്തെ എങ്ങനെ കണ്ണുവെട്ടിക്കുന്നു, എങ്ങനെ പടരുന്നു എന്നിവയുൾപ്പെടെ - ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കും. മനുഷ്യരിലെ ട്യൂമറുകൾക്ക് മാത്രം നൽകാൻ കഴിയാത്ത, ക്യാൻസർ ബയോളജിയിലേക്കുള്ള ഒരു മികച്ച കാൽവെപ്പാണിത്.
ലൂയിസ് സി ഇ മേസൺ, ലക്ചറർ ഇൻ മൈക്രോബയോളജി, കിങ്സ്റ്റൺ യൂണിവേഴ്സിറ്റി
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)