വാർധക്യത്തിലേക്ക് കുതിക്കുന്ന കേരളത്തിലും ബംഗാളിലും രോഗബാധിതർ കൂടുന്നു: എൻ.എസ്.ഒ സർവേ

ആരോഗ്യ റിപ്പോർട്ട് പ്രകാരം കേരളത്തിലെ രോഗബാധിതരുടെ നിരക്ക് 39.7 ശതമാനമാണ്; പശ്ചിമ ബംഗാളിലിത് 24.5 ശതമാനവുമാണ്.
വാർധക്യത്തിലേക്ക് കുതിക്കുന്ന കേരളത്തിലും ബംഗാളിലും രോഗബാധിതർ കൂടുന്നു: എൻ.എസ്.ഒ സർവേ സർവേ
ഫോട്ടോ: സിഎസ്ഇ
Published on

വിവിധ വികസന സൂചികകളിൽ ഒന്നാംസ്ഥാനത്തുള്ള കേരളം, രോഗാതുരതയുടെ കാര്യത്തിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 40 ശതമാനത്തോളം പേർ രോഗബാധിതരാണ്. രണ്ടാം സ്ഥാനത്തുള്ള പശ്ചിമ ബംഗാളിൽ രോഗബാധിതരുടെ എണ്ണം 25 ശതമാനത്തിനടുത്താണ്. നാഷണൽ സർവേ ഓർഗനൈസേഷന്റെ (NSO) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കൗതുകകരമായ ഈ കണക്കുകളുള്ളത്.

നാഷണൽ സാമ്പിൾ സർവേയുടെ 80-ാം വട്ട ആരോഗ്യ റിപ്പോർട്ട് പ്രകാരം കേരളത്തിലെ രോഗാതുരത നിരക്ക് (Morbidity Rate) അഥവാ പി.പി.ആർ.എ (PPRA) 39.7 ശതമാനമാണ്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ തങ്ങൾക്ക് അസുഖം ബാധിച്ചതായി റിപ്പോർട്ട് ചെയ്തവരുടെ അനുപാതമാണിത്. പുരുഷന്മാരിൽ ഇത് ശരാശരി 36.9 ശതമാനവും സ്ത്രീകളിൽ 42.4 ശതമാനവുമാണ്.

കേരളത്തിലെ ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് (38.1 ശതമാനം) നഗരപ്രദേശങ്ങളിലാണ് (41.5 ശതമാനം) രോഗാതുരത നിരക്ക് കൂടുതൽ. കൂടാതെ, രോഗബാധിതരുടെ കാര്യത്തിൽ വ്യക്തമായ ലിംഗപരമായ അസമത്വവും പ്രകടമാണ്. ഗ്രാമപ്രദേശങ്ങളിൽ 35.8 ശതമാനം പുരുഷന്മാർ രോഗബാധിതരാകുമ്പോൾ സ്ത്രീകൾക്കിടയിൽ ഇത് 40.2 ശതമാനമാണ്. നഗരപ്രദേശങ്ങളിൽ പുരുഷന്മാരുടെ നിരക്ക് 38.0 ശതമാനവും സ്ത്രീകളുടേത് 44.6 ശതമാനവുമാണ്.

രോഗാതുരത നിരക്കിൽ കേരളത്തിന് തൊട്ടുപിന്നാലെ പശ്ചിമ ബംഗാളാണെങ്കിലും കേരളവുമായുള്ള വ്യത്യാസം വളരെ വലുതാണ്. 24.5 ശതമാനമാണ് ബംഗാളിലെ നിരക്ക്. കേരളത്തിലേതിന് സമാനമായി ഇവിടെയും ഗ്രാമപ്രദേശങ്ങളെക്കാൾ (22.2 ശതമാനം) നഗരപ്രദേശങ്ങളിലാണ് (29.8 ശതമാനം) രോഗബാധിതർ കൂടുതൽ. പുരുഷന്മാരെക്കാൾ (21.7 ശതമാനം) കൂടുതൽ സ്ത്രീകളാണ് (27.4 ശതമാനം) ഇവിടെയും രോഗബാധിതർ.

20 ശതമാനത്തിന് മുകളിൽ രോഗാതുരത നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ 21.1 ശതമാനവുമായി ആന്ധ്രാപ്രദേശും ഉൾപ്പെടുന്നു. ഇവിടെയും പുരുഷന്മാരെക്കാൾ (18.6 ശതമാനം) കൂടുതൽ സ്ത്രീകൾ (23.5 ശതമാനം) രോഗബാധിതരാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

എൻ.എസ്.ഒ റിപ്പോർട്ട് പ്രകാരം, ദേശീയ ശരാശരിയേക്കാൾ (13.1 ശതമാനം) ഉയർന്ന രോഗാതുരത നിരക്കുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കേരളം (39.7 ശതമാനം), പശ്ചിമ ബംഗാൾ (24.5 ശതമാനം), ആന്ധ്രാപ്രദേശ് (21.1 ശതമാനം), ഗോവ (18.7 ശതമാനം), തമിഴ്‌നാട് (18.5 ശതമാനം), ഒഡീഷ (15.4 ശതമാനം), ഹിമാചൽ പ്രദേശ് (15.3 ശതമാനം), ഉത്തർപ്രദേശ് (15.2 ശതമാനം), തെലങ്കാന (15.0 ശതമാനം), പഞ്ചാബ് (14.4 ശതമാനം), അസം (14.4 ശതമാനം), ജമ്മു കശ്മീർ (13.6 ശതമാനം) എന്നിവ ഉൾപ്പെടുന്നു.

ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ നിരക്കുള്ള സംസ്ഥാനങ്ങളിൽ ബിഹാർ (9.9 ശതമാനം), ഉത്തർപ്രദേശ് (9.7 ശതമാനം), മധ്യപ്രദേശ് (9.5 ശതമാനം), ജാർഖണ്ഡ് (9.2 ശതമാനം), ഛത്തീസ്ഗഡ് (8.8 ശതമാനം) എന്നിവ ഉൾപ്പെടുന്നു.

എന്തുകൊണ്ടാണ് കേരളത്തിൽ രോഗാതുരത നിരക്ക് ഇത്ര അധികം?

കേരളത്തിലെ ഉയർന്ന രോഗാതുരത നിരക്കിന് പ്രധാനമായും രണ്ട് ഘടകങ്ങളാണ് കാരണമായി കരുതപ്പെടുന്നത്. കേരളം നിലവിൽ കാര്യമായ ജനസംഖ്യാപരമായ മാറ്റത്തിന് (Demographic transition) വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്ത് ഏറ്റവും വേഗത്തിൽ പ്രായമേറുന്ന ജനസംഖ്യയുള്ള സംസ്ഥാനമാണിതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പബ്മെഡ് സെൻട്രലിൽ (PubMed Central) പ്രസിദ്ധീകരിച്ച ശാസ്ത്രീയ പഠനം അനുസരിച്ച്, സംസ്ഥാനത്തെ ഉയർന്ന ആയുർദൈർഘ്യം കാരണം വയോജനങ്ങളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. പ്രായമേറുന്നതിനനുസരിച്ച് സ്വാഭാവികമായും ഇവർ വിട്ടുമാറാത്തതും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ രോഗങ്ങൾക്ക് ഇരയാകുന്നു.

കൂടാതെ, മെച്ചപ്പെട്ട ജീവിതനിലവാരവും ഭക്ഷണരീതികളിലെ മാറ്റവും കേരളത്തിൽ പ്രമേഹം, അമിത രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പകർച്ചേതര രോഗങ്ങളുടെ (Non-communicable diseases) സാധ്യത വർധിപ്പിച്ചു. പ്രായമേറുന്നതും ജീവിതശൈലീ രോഗങ്ങളും ചേർന്നുള്ള ഈ ഇരട്ട ആഘാതം കേരളത്തിലെ രോഗാതുരത നിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ ഉയരാൻ കാരണമാകുന്നു.

മാത്രമല്ല, കേരളത്തിലെ ഉയർന്ന രോഗാതുരത നിരക്കിന്റെ പ്രാഥമിക കാരണം യഥാർത്ഥത്തിലുള്ള രോഗബാധ മാത്രമല്ല, മറിച്ച് രോഗങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള അസാധാരണമായ ആരോഗ്യ ബോധം കൂടിയാണ്. രോഗം ബാധിച്ചാൽ അത് റിപ്പോർട്ട് ചെയ്യാനും ചികിത്സ തേടാനുമുള്ള മലയാളികളുടെ പ്രവണത ഇവിടെ കൂടുതലാണ്.

ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസർച്ച് നടത്തിയ ഒരു ഗവേഷണ പ്രബന്ധം വ്യക്തമാക്കുന്നത്, കേരളത്തെപ്പോലെ ഉയർന്ന സാക്ഷരതയുള്ള ഒരു സമൂഹത്തിൽ, ചെറിയ അസുഖങ്ങൾ ഉണ്ടായാൽ പോലും ആളുകൾ ഉടനടി അത് റിപ്പോർട്ട് ചെയ്യുകയും സജീവമായി ചികിത്സ തേടുകയും ചെയ്യുന്നു എന്നാണ്. നേരെമറിച്ച്, സാക്ഷരത കുറഞ്ഞ സംസ്ഥാനങ്ങളിൽ രോഗാവസ്ഥ ഗുരുതരമാകുന്നത് വരെ ആളുകൾ അത് റിപ്പോർട്ട് ചെയ്യാറില്ല. കൂടാതെ, കേരളത്തിലെ ശക്തവും സുഗമവുമായ പ്രാഥമിക ആരോഗ്യ പരിരക്ഷാ സംവിധാനം രോഗികൾ ഉടനടി രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു, ഇതാണ് ദേശീയ സർവേകളിൽ ഏറ്റവും ഉയർന്ന രോഗാതുരത കണക്കുകൾ വരാൻ കാരണമാകുന്നത്.

ബംഗാളും വാർധക്യത്തിലേക്ക്

പശ്ചിമ ബംഗാളിലെ വയോജനങ്ങളുടെ (60 വയസ്സിന് മുകളിലുള്ളവർ) അനുപാതം അതിവേഗം വർധിക്കുകയും നിലവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 12 മുതൽ 14 ശതമാനം വരെ എത്തുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ റിസർച്ച് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ജനസംഖ്യാപരമായ വിശകലനം വ്യക്തമാക്കുന്നത് സംസ്ഥാനം അതിവേഗം ഒരു "വാർധക്യ സമൂഹമായി" (Aging society) മാറിക്കൊണ്ടിരിക്കുകയാണെന്നാണ്. ഈ വലിയ വയോജന ജനസംഖ്യ സ്വാഭാവികമായും സന്ധി വേദന, ശ്വസന സംബന്ധമായ അസുഖങ്ങൾ, കാഴ്ചശക്തി കുറയൽ തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട തീവ്രവും വിട്ടുമാറാത്തതുമായ രോഗങ്ങളിൽ വലിയ വർധനവിന് കാരണമായി. ഇതാണ് ദേശീയ സ്ഥിതിവിവരക്കണക്ക് സർവേകളിൽ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള രോഗാതുരത നിരക്ക് ഉയരാൻ ഇടയാക്കിയത്.

എന്തുകൊണ്ടാണ് ആന്ധ്ര മൂന്നാം സ്ഥാനത്ത്?

ആന്ധ്രാപ്രദേശിലെ ജനസംഖ്യയും അതിവേഗം വാർധക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്, ഇത് പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങളിലേക്ക് അവരെ കൂടുതൽ നയിക്കുന്നു. ഒരു പഠനമനുസരിച്ച്, സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള വയോജനങ്ങളിൽ ഏകദേശം 64 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. മസ്കുലോസ്കലെറ്റൽ (സന്ധികളിലെയും അസ്ഥികളിലെയും വേദന) രോഗങ്ങൾ, അമിത രക്തസമ്മർദ്ദം, കാഴ്ചശക്തി കുറയൽ എന്നിവയാണ് ഏറ്റവും സാധാരണമായ അസുഖങ്ങൾ എന്ന് വിലയിരുത്തലിൽ കണ്ടെത്തി. കൂടാതെ ഏകദേശം 25 ശതമാനം വയോജനങ്ങളും ഒന്നിലധികം രോഗങ്ങൾ അനുഭവിക്കുന്നവരാണ്. വലിയ തോതിലുള്ള ഈ വയോജന ജനസംഖ്യയും അവരുടെ മികച്ച ആരോഗ്യ റിപ്പോർട്ടിംഗും ആന്ധ്രാപ്രദേശിനെ രാജ്യത്ത് ഏറ്റവും ഉയർന്ന രോഗാതുരത നിരക്കുള്ള മൂന്നാമത്തെ സംസ്ഥാനമാക്കി മാറ്റുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in