ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, 'ചൈൽഡ് റൈറ്റ്സ് ആൻഡ് യു'
പൂജ മർവാഹ, ചൈൽഡ് റൈറ്റ്സ് ചീഫ് എക്സിക്യൂട്ടീവ്രചയിതാവ് നൽകി.

ആർത്തവാരോഗ്യം ഇനി മൗലികാവകാശം; 'ഇത് ഭരണഘടനാപരമായ ലിംഗനീതി'

ജീവിക്കാനുള്ള അവകാശത്തിന് പുതിയ അർത്ഥം; ആർട്ടിക്കിൾ 21-ന് നിയമപരമായ വ്യക്തത നൽകുന്ന ചരിത്രവിധി.
Published on
Summary
  • ആർത്തവാരോഗ്യം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം (ജീവിക്കാനുള്ള അവകാശം) ഓരോ വ്യക്തിയുടെയും അടിസ്ഥാന അവകാശമായി കോടതി അംഗീകരിച്ചു.

  • എല്ലാ സ്കൂളുകളിലും സൗജന്യമായി സാനിറ്ററി ഉൽപ്പന്നങ്ങളും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു.

  • ആർത്തവാരോഗ്യം എന്നത് കേവലം ഒരു ആരോഗ്യപ്രശ്നമല്ല, മറിച്ച് ഭരണഘടനാപരമായി ഓരോരുത്തർക്കും ലഭിക്കേണ്ട അവകാശമാണെന്ന് ഈ വിധിയിലൂടെ പുനർനിർവചിക്കപ്പെട്ടു.

ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം (ജീവിക്കാനുള്ള അവകാശം) ആർത്തവാരോഗ്യം, ഓരോ വ്യക്തിയുടെയും മൗലികാവകാശമായി അംഗീകരിച്ച ഈ സുപ്രധാന വിധി, പൊതുസമൂഹത്തിൽ ഉണ്ടായ വലിയ ചർച്ചകൾക്ക് പുറമെ, ആർട്ടിക്കിൾ 21-ന്റെ വ്യാപ്തി വർദ്ധിപ്പിച്ചു എന്ന നിലയിലും എന്നും ഓർമ്മിക്കപ്പെടും. ദശലക്ഷക്കണക്കിന് കൗമാരക്കാരായ പെൺകുട്ടികൾ, മതിയായ വിദ്യാഭ്യാസമോ, തുല്യതയോ, ആരോഗ്യ സൗകര്യങ്ങളോ, അന്തസ്സോ ഇല്ലാതെ ആർത്തവകാലം പിന്നിടുന്നു എന്ന ദീർഘകാലമായുള്ള യാഥാർത്ഥ്യത്തെയാണ് ഈ വിധിയിലൂടെ കോടതി അംഗീകരിച്ചിരിക്കുന്നത്.

മുൻകാല സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജസ്റ്റിസ് ജെ.ബി. പാർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച്, ആർത്തവ ശുചിത്വത്തെ കേവലം ഒരു ക്ഷേമപദ്ധതിയോ, സർക്കാരിന്റെ ബജറ്റ് വിഹിതമോ ആയിട്ടല്ല കണ്ടത്, മറിച്ച് ഭരണഘടനാപരമായി നേടിയെടുക്കാവുന്ന ഒരു അവകാശമായിട്ടാണ്. പെൺകുട്ടികളുടെ ആർത്തവാരോഗ്യത്തിന് മുൻഗണന നൽകുന്നത് ഒരു നയപരമായ തിരഞ്ഞെടുപ്പല്ല, മറിച്ച് ലിംഗസമത്വത്തിലധിഷ്ഠിതമായ, ഭരണഘടനാപരമായ നീതിയുടെ ഭാഗമാണെന്ന് ഈ വിധി വ്യക്തമാക്കുന്നു.

ഈ ഇടപെടലിൽ സ്കൂളുകളെ കേന്ദ്രസ്ഥാനത്താണ് കോടതി പ്രതിഷ്ഠിച്ചിരിക്കുന്നത്. വിദ്യാലയങ്ങൾ കേവലം പാഠങ്ങൾ പഠിപ്പിക്കുന്ന സ്ഥലങ്ങൾ മാത്രമല്ല, മറിച്ച് ഭരണഘടനാപരമായ അവകാശങ്ങൾ, ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട സ്ഥാപനങ്ങൾ കൂടിയാണെന്ന് വിധി ഓർമ്മിപ്പിക്കുന്നു. സർക്കാർ-സ്വകാര്യ വ്യത്യാസമില്ലാതെ എല്ലാ സ്കൂളുകളും ഇത് നടപ്പിലാക്കണം. 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി ഉൽപ്പന്നങ്ങൾ നൽകുക, അടപ്പുള്ള ബിന്നുകൾ, സോപ്പ്, വെള്ളം എന്നിവയുള്ള ശുചിമുറികൾ ഉറപ്പാക്കുക, അടിയന്തര സാഹചര്യത്തിൽ യൂണിഫോമും മറ്റും ലഭ്യമാകുന്ന 'മെൻസ്ട്രൽ ഹൈജീൻ കോർണറുകൾ' സ്ഥാപിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭിന്നശേഷിക്കാർക്ക് കൂടി ഉപയുക്തമായ സൗകര്യങ്ങൾ ഒരുക്കണമെന്ന നിർദ്ദേശം പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

ആർത്തവം കാരണം ഒരു പെൺകുട്ടിക്ക് പോലും സ്കൂൾ പഠനം മുടങ്ങരുത് എന്ന ലളിതവും, എന്നാൽ ശക്തവുമായ ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. പാഡുകളുടെ അഭാവം, വൃത്തിയില്ലാത്ത ശുചിമുറികൾ, നാണക്കേടുണ്ടാകുമോ എന്ന ഭയം തുടങ്ങിയ കാരണങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയും, ആരോഗ്യത്തെയും, അന്തസ്സിനെയും എങ്ങനെ ബാധിക്കുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിലെ, തുല്യനീതി എന്ന തത്വത്തിലാണ് ഈ വിധി അടിയുറച്ചിരിക്കുന്നത്. സുരക്ഷിതമായ ആർത്തവ സാഹചര്യങ്ങൾ ഒരുക്കാത്തപ്പോൾ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള തുല്യ അവസരം നിഷേധിക്കപ്പെടുകയാണ്. ആർത്തവത്തെ ഒരു സ്വകാര്യ ബുദ്ധിമുട്ടായി കാണാതെ, ഭരണഘടനാപരമായ വിഷയമായി പരിഗണിക്കുന്നതിലൂടെ, വിദ്യാഭ്യാസ അവകാശത്തെ (Article 21A) ആരോഗ്യവുമായും, അന്തസ്സുമായും കോടതി ബന്ധിപ്പിച്ചു. പെൺകുട്ടികൾ സ്കൂൾ വിട്ടുപോകുന്നതിനും, പാർശ്വവൽക്കരിക്കപ്പെടുന്നതിനും കാരണമാകുന്ന 'പിരീഡ് പോവർട്ടി' (Period Poverty) എന്ന അവസ്ഥയെ, ഭരണഘടനാപരമായ ഒരു പ്രതിബന്ധമായി കോടതി ഇതിലൂടെ തിരിച്ചറിയുന്നു.

ആർത്തവവുമായി ബന്ധപ്പെട്ട സാമൂഹികമായ വിലക്കുകളെയും കോടതി നേരിടുന്നു. പാഠ്യപദ്ധതിയിൽ ലിംഗസമത്വ ബോധം വളർത്തുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ NCERT, SCERT എന്നിവയോട് നിർദ്ദേശിച്ച കോടതി, ഇക്കാര്യത്തിൽ ആൺകുട്ടികളെയും, പുരുഷ അധ്യാപകരെയും ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. ആർത്തവത്തെക്കുറിച്ചുള്ള നാണക്കേടിന്റെ മറ മാറ്റി, ശാസ്ത്രീയമായ അറിവിലൂടെയും ബോധവൽക്കരണത്തിലൂടെയും അന്തസ്സ് ഉയർത്തിപ്പിടിക്കാനാണ് വിധി ലക്ഷ്യമിടുന്നത്.

ആർത്തവത്തെക്കുറിച്ച് കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും, അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിനും 'ക്രൈ' (CRY) പോലുള്ള സംഘടനകൾ നടത്തുന്ന 'ലെറ്റ്സ് ടോക്ക് എബൗട്ട് ഇറ്റ്! പിരീഡ്!' (“Let’s Talk About It! Period!”) എന്ന പ്രചാരണ പരിപാടിയുടെ ലക്ഷ്യങ്ങളോട് ഇത് ചേർന്നുനിൽക്കുന്നു. കുടുംബങ്ങളെയും സഹപാഠികളെയും ഉൾപ്പെടുത്തി പെൺകുട്ടികൾക്ക് പിന്തുണ നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

വിധി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യക്തമായ ഒരു ചട്ടക്കൂടും കോടതി നൽകിയിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകളിൽ പരിശോധന നടത്തുകയും വിദ്യാർത്ഥികളിൽ നിന്ന് രഹസ്യമായി അഭിപ്രായങ്ങൾ ശേഖരിക്കുകയും വേണം. ദേശീയ ശിശു അവകാശ സംരക്ഷണ കമ്മീഷൻ (NCPCR) ഇതിന് മേൽനോട്ടം വഹിക്കും. നിയമങ്ങൾ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ പെനാൽറ്റി ചുമത്താനോ, അംഗീകാരം റദ്ദാക്കാനോ വിധി അനുവാദം നൽകുന്നു. രേഖകളിലെ കൃത്യത എന്നതിലുപരി ഫലപ്രദമായ മാറ്റത്തിനാണ് ഇവിടെ ഊന്നൽ നൽകുന്നത്.

എങ്കിലും, താഴെത്തട്ടിലുള്ള കുറവുകൾ പരിഹരിച്ചാൽ മാത്രമേ ഈ വിധിയുടെ പൂർണ്ണമായ ഫലം ലഭിക്കൂ. ദേശീയ കുടുംബാരോഗ്യ സർവ്വേ (NFHS-5) പ്രകാരം, ശുചിത്വമുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചെങ്കിലും ഇപ്പോഴും അഞ്ചിലൊന്ന് പെൺകുട്ടികൾക്ക് സുരക്ഷിതമായ ആർത്തവ സാഹചര്യങ്ങൾ ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് ആർത്തവാരോഗ്യം വെറും ഉൽപ്പന്നങ്ങളുടെ വിതരണം മാത്രമായി കാണാതെ, ഒരു പൊതുജനാരോഗ്യ വിഷയമായി കണ്ട് നടപ്പിലാക്കേണ്ടതുണ്ട് എന്നാണ്. സ്കൂളിൽ പോകാത്ത കുട്ടികളുടെ ആവശ്യങ്ങളും ഇതിൽ പരിഗണിക്കപ്പെടേണ്ടതുണ്ട്.

വിദൂര മേഖലകളിലും, ദരിദ്ര ചുറ്റുപാടുകളിലും ശുചിത്വ സൗകര്യങ്ങളുടെ അഭാവം വലിയൊരു തടസ്സമാണ്. ഇത് പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, സന്നദ്ധ സംഘടനകൾക്കും വലിയ പങ്കുണ്ട്. പഞ്ചായത്തിരാജ് സംവിധാനങ്ങളും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളും സാമൂഹികമായ ബോധവൽക്കരണത്തിന് നേതൃത്വം നൽകണം.

നിശ്ചിത സമയത്തിനുള്ളിൽ തകരാറിലായ വെൻഡിംഗ് മെഷീനുകൾ നന്നാക്കുക, കൃത്യമായ നിരീക്ഷണവും ഓഡിറ്റും നടത്തുക എന്നിവ നിയമപാലനത്തിൽ അനിവാര്യമാണ്. വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും, നടപടികളിലൂടെയും മാത്രമേ ഇത് സാധ്യമാകൂ.

അതുപോലെ തന്നെ പ്രധാനമാണ് സാനിറ്ററി ഉൽപ്പന്നങ്ങളുടെ സൗജന്യ വിതരണത്തിനായി പ്രത്യേക ബജറ്റ് വിഹിതം മാറ്റിവയ്ക്കുന്നത്. ഉറപ്പായ സാമ്പത്തിക സഹായമില്ലെങ്കിൽ വിധി നടപ്പിലാക്കുന്നത് അസമത്വത്തിന് ഇടയാക്കും.

ഭരണകൂടം പെൺകുട്ടികളുടെ അവകാശങ്ങളെ എങ്ങനെ കാണുന്നു എന്നതിൽ ഈ വിധി ഒരു വലിയ മാറ്റം കുറിച്ചു കഴിഞ്ഞു. പക്ഷേ, ഭരണഘടനാപരമായ അംഗീകാരം എന്നത് ഒരു തുടക്കം മാത്രമാണ്. ആർത്തവ നീതി (Menstrual Justice) നടപ്പിലാക്കാൻ ആരോഗ്യം, വിദ്യാഭ്യാസം, ശിശുക്ഷേമം തുടങ്ങിയ എല്ലാ മേഖലകളും ഏകോപിപ്പിച്ചു പ്രവർത്തിക്കണമെന്ന് 'ക്രൈ' (CRY) വിശ്വസിക്കുന്നു. ഭിന്നശേഷിക്കാർ, പാർശ്വവൽക്കരിക്കപ്പെട്ടവർ, ഗ്രാമീണ മേഖലയിലുള്ളവർ എന്നിവരെയെല്ലാം ഇതിൽ ഉൾപ്പെടുത്തണം.

ഈ വിധിയോടെ, ഓരോ പെൺകുട്ടിയുടെയും ആർത്തവ അന്തസ്സ് ഉറപ്പാക്കാനുള്ള യാത്ര, ശരിയായ ഭരണഘടനാ അടിത്തറയിൽ ആരംഭിച്ചു കഴിഞ്ഞു. ഇതിനെ പ്രാവർത്തികമാക്കേണ്ട ഉത്തരവാദിത്തം, ഇനി വിദ്യാലയങ്ങൾക്കും ഭരണകൂടത്തിനും സമൂഹത്തിനുമാണ്. ആഘോഷിക്കപ്പെടേണ്ട ഒരു വിധി എന്നതിനപ്പുറം, ഇന്ത്യയുടെ ഭരണസംവിധാനത്തിലും, അവകാശങ്ങൾക്കിടയിലും, ആർത്തവാരോഗ്യത്തെ ഉറപ്പിച്ചു നിർത്താൻ നിരന്തരമായ പ്രവർത്തനം അനിവാര്യമാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

കോളം ആദ്യം പ്രസിദ്ധീകരിച്ചത് ആർത്തവ ആരോഗ്യത്തിന്റെ വിലയിരുത്തലിലാണ്, ഇപ്പോൾ 2026 ഫെബ്രുവരി 16-28 അച്ചടി പതിപ്പിൽ മൗലികാവകാശമാണ്. ഡൗൺ ടു എർത്ത്.

Down To Earth
malayalam.downtoearth.org.in