ജോലിസ്ഥലത്തെ ഏകാന്തത നമ്മൾ വിചാരിക്കുന്നതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്.
ഫോട്ടോ: iStock

ജോലിസ്ഥലത്തെ ഏകാന്തത നിസ്സാരമല്ല; അറിഞ്ഞിരിക്കണം ഈ പ്രത്യാഘാതങ്ങൾ

ജോലിസ്ഥലത്തെ ഏകാന്തത എന്നത് നിസ്സാരമോ, താത്കാലികമോ ആയ ഒരു പ്രശ്നമല്ല; മറിച്ച്, ആധുനിക തൊഴിൽ ജീവിതത്തിന്റെ വ്യവസ്ഥാപിതവും, ഗൗരവമേറിയതുമായ ഒരു വിഷയമാണ്.
Published on

ലോകം മുഴുവൻ ഏകാന്തത ഒരു മഹാമാരി പോലെ പടരുമ്പോൾ, വ്യക്തിബന്ധങ്ങൾ ശക്തമാക്കാനോ, അല്ലെങ്കിൽ അവ നഷ്ടപ്പെടാനോ സാധ്യതയുള്ള പ്രധാന ഇടങ്ങളിലൊന്നായി ജോലിസ്ഥലം മാറിയിരിക്കുന്നു. 2023-ൽ അമേരിക്കയുടെ മുൻ സർജൻ, ജനറൽ വിവേക് മൂർത്തി, ഏകാന്തതയെ ഒരു "മഹാമാരി" എന്ന് വിശേഷിപ്പിക്കുകയും, ഇതിന്റെ പ്രത്യാഘാതങ്ങൾ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് തുല്യമാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഈ ആശങ്ക, ആഗോളതലത്തിലും പ്രതിഫലിക്കുന്നുണ്ട്. ലോകത്ത് ആറിലൊരാൾ വീതം കടുത്ത ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) ഇപ്പോഴത്തെ കണക്ക്.

ഈ പ്രതിസന്ധിയുടെ കേന്ദ്രബിന്ദു ജോലിസ്ഥലമാണ്. ഭൂരിഭാഗം മുതിർന്നവരിലും, കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും പുറത്തുള്ള അവരുടെ പ്രധാന സാമൂഹിക ഇടം ജോലിസ്ഥലമാണ്. മാനേജ്‌മെന്റ്, സൈക്കോളജി, ആരോഗ്യം എന്നീ മേഖലകളിലെ ദശാബ്ദങ്ങൾ നീണ്ട പഠനങ്ങളെയും, ഇരുനൂറിലധികം ഗവേഷണ പ്രബന്ധങ്ങളെയും ആസ്പദമാക്കി, ഞാനും എന്റെ സഹപ്രവർത്തകരും ഒരു വിശകലനം തയ്യാറാക്കി.

ജോലിസ്ഥലത്തെ ഏകാന്തത എന്നത് നിസ്സാരമോ താത്കാലികമോ ആയ ഒരു പ്രശ്നമല്ലെന്നും, മറിച്ച് അത് ആധുനിക തൊഴിൽ ജീവിതത്തിന്റെ വ്യവസ്ഥാപിതവും ഗൗരവകരവുമായ ഒരു സവിശേഷതയാണെന്നും ഞങ്ങൾ കണ്ടെത്തി. അത് ജീവനക്കാരുടെ ക്ഷേമത്തെയും, പെരുമാറ്റത്തെയും, പ്രവർത്തനക്ഷമതയെയും, ഒരു വ്യക്തി എന്നതിലുപരി വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.

എന്തുകൊണ്ട് ജോലിസ്ഥലത്തെ ഏകാന്തത ഗൗരവമായി കാണണം?

ജോലിസ്ഥലത്തെ ഏകാന്തത എന്തുകൊണ്ട് ഗൗരവമായ വിഷയമാകുന്നു എന്ന് മനസ്സിലാക്കാൻ, ഏകാന്തത എന്നത്, സങ്കീർണ്ണമായ ഒരു അനുഭവമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരാൾ ആഗ്രഹിക്കുന്ന സാമൂഹിക ബന്ധങ്ങളും, അവർക്ക് നിലവിൽ ലഭിക്കുന്ന ബന്ധങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് തോന്നുമ്പോഴാണ്, ഏകാന്തത ഉടലെടുക്കുന്നത്. ഇത് വ്യക്തിനിഷ്ഠമായ ഒരു അനുഭവമായതുകൊണ്ട് തന്നെ, തിരക്കേറിയതോ, സഹപ്രവർത്തകർക്കൊപ്പം ചേർന്ന് ജോലി ചെയ്യുന്നതോ ആയ ഇടങ്ങളിൽ പോലും, ഒരാൾക്ക് ഏകാന്തത അനുഭവപ്പെട്ടേക്കാം.

ഏകാന്തത മാനസിക വിഷമം ഉണ്ടാക്കുന്ന ഒന്നാണ്, എന്നാൽ അത് കേവലം വികാരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. ജോലിസ്ഥലത്തെ ശ്രദ്ധ, പ്രചോദനം , ദൈനംദിന ഇടപെടലുകൾ എന്നിവയെ സ്വാധീനിച്ചുകൊണ്ട് അത് ആളുകളുടെ ചിന്താഗതിയെയും, പെരുമാറ്റത്തെയും രൂപപ്പെടുത്തുന്നു.

ഏകാന്തതയുടെ ദൈർഘ്യവും സ്വഭാവവും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും; അതിന് അതിന്റേതായ പ്രത്യാഘാതങ്ങളുമുണ്ട്. ചില ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഏകാന്തത എന്നത്, ഒരു പുതിയ ജോലിയിൽ പ്രവേശിക്കുമ്പോഴോ അല്ലെങ്കിൽ നേതൃസ്ഥാനങ്ങളിലേക്ക് മാറുമ്പോഴോ ഉണ്ടാകുന്ന തികച്ചും താത്കാലികമായ ഒന്നാണ്. ഇത്തരം സന്ദർഭങ്ങളിൽ, മറ്റുള്ളവരുമായി വീണ്ടും ബന്ധങ്ങൾ സ്ഥാപിക്കാൻ ഈ ഏകാന്തത ഒരു പ്രേരണയായേക്കാം.

എന്നാൽ മറ്റു ചിലരിൽ, ഏകാന്തത എന്നത് വിട്ടുമാറാത്ത ഒരു അവസ്ഥയായി മാറുന്നു. ഇത് മാറ്റിയെടുക്കാൻ പ്രയാസമുള്ളതും കാലക്രമേണ കൂടുതൽ ദോഷം ചെയ്യുന്നതുമായ ഒരു സ്വയം ആവർത്തന രീതിയായി അവരിൽ ഉറച്ചുപോയേക്കാം. ഇത്തരം വ്യത്യാസങ്ങളാണ് ഏകാന്തത, ഓരോ ജീവനക്കാരെയും, സ്ഥാപനങ്ങളെയും, വ്യത്യസ്ത രീതികളിൽ ബാധിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്നത്.

മാനസികാരോഗ്യവും പ്രവർത്തനക്ഷമതയും

ജോലിസ്ഥലത്തെ ഏകാന്തതയുടെ പരിണതഫലങ്ങൾ വ്യക്തിപരവും അതേപോലെതന്നെ സ്ഥാപനത്തെ മൊത്തമായി ബാധിക്കുന്നതുമാണ്.

ഇത് ജീവനക്കാരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നു. വിട്ടുമാറാത്ത മാനസിക സമ്മർദ്ദം പോലെ തന്നെ, ഏകാന്തതയും ഒരു വ്യക്തിയുടെ മാനസികവും വൈകാരികവുമായ ശേഷിയെ നിരന്തരം തളർത്തുന്നു. ജോലിസ്ഥലത്തെ ഏകാന്തതയും വൈകാരികമായ തളർച്ചയും, മാനസിക പ്രയാസങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ഗവേഷണങ്ങൾ നിരന്തരം ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിലെ 'കോർട്ടിസോൾ' ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ശാരീരിക സമ്മർദ്ദങ്ങളുമായും ഏകാന്തത ബന്ധപ്പെട്ടിരിക്കുന്നു. മാനസിക സമ്മർദ്ദത്തിന് പുറമെ, ഏകാന്തത, സന്തോഷത്തെയും, ജീവിത സംതൃപ്തിയെയും ജീവിതത്തിന് ഒരു അർത്ഥമുണ്ടെന്ന തോന്നലിനെയും കുറയ്ക്കുകയും, പകരം നിഷേധാത്മകമായ വൈകാരിക അനുഭവങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ജോലിയോടുള്ള താൽപ്പര്യവും, ഫലപ്രാപ്തിയും ഇതോടൊപ്പം കുറഞ്ഞേക്കാം. ഏകാന്തത അനുഭവിക്കുന്ന ജീവനക്കാർക്ക്, അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൽപ്പര്യം കുറവാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. അവർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിൻവലിയാനും, ഊർജ്ജസ്വലത കുറയ്ക്കാനും, അതുവഴി സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലേക്കുള്ള തങ്ങളുടെ സംഭാവനകൾ ചുരുക്കാനും സാധ്യതയുണ്ട്.

കൂടാതെ, ഏകാന്തത ശ്രദ്ധയും ഏകാഗ്രതയും കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ബൗദ്ധികമായ പ്രവർത്തനക്ഷമതയെ, ദോഷകരമായി ബാധിക്കുന്നു. ഇത് സ്വാഭാവികമായും ഉൽപ്പാദനക്ഷമതയെയും തകർക്കുന്നു.

പെരുമാറ്റവും ഔദ്യോഗിക പ്രതിഫലനങ്ങളും

ഏകാന്തത സൃഷ്ടിക്കുന്ന മാനസികാഘാതങ്ങൾ, ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും, പ്രവർത്തനക്ഷമതയിലും, ആരോഗ്യത്തിലും, വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ജോലിസ്ഥലത്തെ പ്രകടനത്തെ ഇത് ദോഷകരമായി ബാധിക്കുന്നു; ജീവനക്കാർ, സ്വന്തം ജോലിയുടെ മികവിനെകുറിച്ച് നൽകുന്ന വിലയിരുത്തലുകളിലും, മേലുദ്യോഗസ്ഥർ നൽകുന്ന അഭിപ്രായങ്ങളിലും, ഏകാന്തത അനുഭവിക്കുന്നവർ എന്നും പിന്നിലാണെന്ന് കാണാം. ഏകാന്തത അനുഭവിക്കുന്ന ജീവനക്കാർക്ക്, ജോലിയോട് പ്രതിബദ്ധത കുറവാണെന്നും, അവർ മറ്റുള്ളവരോട് അത്ര എളുപ്പത്തിൽ ഇടപഴകാത്തവരാണെന്നും വിലയിരുത്തപ്പെടുന്നു. ഇത് സ്വാഭാവികമായും അവരുടെ പ്രവർത്തനത്തിന്റെ മികവിനെ കൂടാതെ, ജോലിസ്ഥലത്തെ സർഗ്ഗാത്മകത കുറയുന്നതിനും കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ജോലിസമയത്ത് അനാവശ്യമായി ഇന്റർനെറ്റ് ഉപയോഗിക്കുക, സൈബർ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുക, അനാവശ്യമായി ജോലിക്ക് ഹാജരാകാതിരിക്കുക തുടങ്ങിയ നിഷേധാത്മക പ്രവണതകളിലേക്കും ഏകാന്തത നയിച്ചേക്കാം.

ഏകാന്തത, നമ്മുടെ ആത്മനിയന്ത്രണത്തെ ദുർബലപ്പെടുത്തുന്നു; ജോലിസ്ഥലത്തെ ശ്രദ്ധ, വികാരങ്ങൾ, പെരുമാറ്റം എന്നിവ നിയന്ത്രിക്കുന്നതിൽ ഈ ശേഷിക്ക് വലിയ പങ്കുണ്ട്. ആത്മനിയന്ത്രണം നഷ്ടപ്പെടുമ്പോൾ, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, വൈകാരിക പ്രതികരണങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാനും ജീവനക്കാർക്ക് കഴിയുന്നില്ല.

മാത്രവുമല്ല, ആരോഗ്യത്തെയും ഇത് സാരമായി ബാധിക്കുന്നു. മോശമായ മാനസിക-ശാരീരിക അവസ്ഥകളുമായി ഏകാന്തതയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ജോലി ചെയ്യുന്നവരിലെ മാനസിക സമ്മർദ്ദത്തിനും, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾക്കും, ഏകാന്തത ഒരു പ്രധാന കാരണമായി മാറുന്നുണ്ട്.

ജോലിസ്ഥലത്തെ ഏകാന്തത എങ്ങനെ കുറയ്ക്കാം?

ജോലിസ്ഥലത്തെ ഏകാന്തത കുറയ്ക്കുന്നതിനായി ഗവേഷണങ്ങൾ മുന്നോട്ടുവെക്കുന്ന ശാസ്ത്രീയമായ ചില മാർഗ്ഗങ്ങൾ ഇവിടെ ചേർക്കുന്നു. വളരെ ശ്രദ്ധയോടെ നടപ്പിലാക്കിയാൽ, ഇവ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

സാമൂഹിക പിന്തുണ ഉറപ്പാക്കുക എന്നതാണ് ഏകാന്തത കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം, പ്രത്യേകിച്ചും ഒറ്റപ്പെടൽ അനുഭവിക്കാൻ കൂടുതൽ സാധ്യതയുള്ളവർക്ക് ഇത് വലിയ ആശ്വാസമാകും. സഹപ്രവർത്തകർക്കിടയിലെ മാർഗ്ഗനിർദ്ദേശം നൽകൽ, ഗ്രൂപ്പ് ചർച്ചകൾ, പരസ്പരം ഇടപഴകാൻ അവസരമൊരുക്കുന്ന പ്രത്യേക സാഹചര്യങ്ങൾ എന്നിവ, ബന്ധങ്ങൾ വളരാൻ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നു.

സാമൂഹികമായി ഇടപെടാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതും ഏറെ സഹായകരമാണ്. പലപ്പോഴും അവസരങ്ങളുടെ കുറവല്ല, മറിച്ച് മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനോ, അത് നിലനിർത്താനോ ഉള്ള പ്രയാസമാണ് ഏകാന്തതയ്ക്ക് കാരണമാകുന്നത്. ആശയവിനിമയ ശേഷിയും, ഊഷ്മളമായ ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള കഴിവും മെച്ചപ്പെടുത്തുന്നത് വഴി, ജോലിസ്ഥലത്തെ ഇടപെടലുകളിൽ കൂടുതൽ ആത്മവിശ്വാസം നേടാൻ ജീവനക്കാർക്ക് സാധിക്കും.

തൊഴിൽ ഘടനയിലെ മാറ്റങ്ങൾ

ജോലിസ്ഥലത്ത് വർദ്ധിച്ചുവരുന്ന ഏകാന്തത, നാം എങ്ങനെയുള്ള തൊഴിൽ സംസ്കാരമാണ് കെട്ടിപ്പടുക്കുന്നത് എന്നതിനെക്കുറിച്ച് ഗൗരവമായ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. വേഗതയ്ക്കും, ഉൽപ്പാദനക്ഷമതയ്ക്കും മുൻതൂക്കം നൽകുന്ന ഇടങ്ങളിൽ, പരസ്പര ബന്ധങ്ങൾക്ക് അർഹമായ പ്രാധാന്യം ലഭിക്കാതെ പോകുന്നു. ഇത് കഴിവും പ്രതിബദ്ധതയുമുള്ള ജീവനക്കാർക്കിടയിൽ പോലും അറിയാതെ തന്നെ ഒറ്റപ്പെടൽ ഉണ്ടാക്കാൻ കാരണമാകുന്നു.

ജീവനക്കാർക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള സാഹചര്യം ഒരുക്കുന്നതോടൊപ്പം തന്നെ, തങ്ങൾ ഒരു സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നൽ ഉണ്ടാക്കുന്ന രീതിയിൽ തൊഴിലിടങ്ങൾ രൂപകൽപ്പന ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. സഹപ്രവർത്തകർക്കിടയിലെ പരസ്പര പിന്തുണ, ടീമുകൾ ഒത്തുചേർന്നുള്ള ആചാരങ്ങൾ, മാനസിക ഏകാഗ്രതയ്ക്കുള്ള അവസരങ്ങൾ എന്നിവ ജോലിയിൽ ഉൾപ്പെടുത്തുന്നത് വഴി സാമൂഹിക ബന്ധങ്ങൾ ശക്തമാക്കാനും അതുവഴി ഉൽപ്പാദനക്ഷമതയും താൽപ്പര്യവും വർദ്ധിപ്പിക്കാനും സാധിക്കും.

ഈ വിഷയത്തെ ഗൗരവമായി കാണുന്ന സ്ഥാപനങ്ങൾ, വെറുമൊരു സാമൂഹിക പ്രശ്നത്തിന് പരിഹാരം കാണുക മാത്രമല്ല ചെയ്യുന്നത്; മറിച്ച് കൂടുതൽ ആരോഗ്യകരവും, പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്തുള്ളതുമായ, ഒരു തൊഴിൽ സംസ്കാരത്തിനായി നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in