ആന്റിബയോട്ടിക്കുകളെ തോൽപ്പിച്ച് ബാക്ടീരിയകൾ; നിർണ്ണായക മരുന്നുകൾ ഫലിക്കാത്തത് ആശങ്കാജനകമെന്ന് പഠനം

മറ്റെല്ലാ ചികിത്സകളും പരാജയപ്പെടുന്ന ഘട്ടത്തിൽ മാത്രം ഉപയോഗിക്കുന്ന 'അവസാന ആശ്രയമായ' (last-resort) ആന്റിബയോട്ടിക്കുകളിൽ ഒന്നാണ് കൊളിസ്റ്റിൻ
നിർണായക ആൻറിബയോട്ടിക്കിനോടുള്ള വർദ്ധിച്ചുവരുന്ന പ്രതിരോധം ആഫ്രിക്കയിലുടനീളം ആശങ്ക ഉയർത്തുന്നുവെന്ന് പഠനം കണ്ടെത്തി
മറ്റെല്ലാ മരുന്നുകളും പരാജയപ്പെടുമ്പോൾ മാത്രം ഉപയോഗിക്കുന്ന 'അവസാനത്തെ ആയുധമായ' (last-resort) ആന്റിബയോട്ടിക്കുകളിൽ ഒന്നാണ് കൊളിസ്റ്റിൻ. കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ചികിത്സയിലും ഇത് ചിലപ്പോൾ ഉപയോഗിക്കാറുണ്ട്.ഫോട്ടോ: iStock
Published on

മറ്റെല്ലാ ചികിത്സകളും പരാജയപ്പെടുമ്പോൾ മാത്രം ഉപയോഗിക്കുന്ന 'അവസാനത്തെ ആയുധമായ' കൊളിസ്റ്റിൻ (Colistin) എന്ന ആന്റിബയോട്ടിക്കിനെതിരെ ആഫ്രിക്കയിൽ പ്രതിരോധം വർദ്ധിച്ചുവരുന്നതായി പുതിയ പഠനം. ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR) ആഫ്രിക്കൻ രാജ്യങ്ങളിൽ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഈ പഠനം മുന്നറിയിപ്പ് നൽകുന്നു.

ആശുപത്രികളിൽ നിന്ന് പകരുന്ന കടുത്ത അണുബാധകൾക്ക് കാരണമാകുന്നതും നിലവിൽ ഒന്നിലധികം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ 'അസിനെറ്റോബാക്റ്റർ ബൗമാനി' (Acinetobacter baumannii), 'സ്യൂഡോമോണസ് എരുഗിനോസ' (Pseudomonas aeruginosa) എന്നീ രണ്ട് അപകടകാരികളായ ബാക്ടീരിയകളെ കേന്ദ്രീകരിച്ചായിരുന്നു ഈ പഠനം. ലോകാരോഗ്യ സംഘടന (WHO) അതീവ അപകടകാരികളായി തരംതിരിച്ചിട്ടുള്ള ഈ ബാക്ടീരിയകൾക്കെതിരെ മറ്റ് ചികിത്സാ മാർഗങ്ങൾ പരിമിതമായതിനാൽ, പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽപ്പോലും കൊളിസ്റ്റിൻ മരുന്ന് വീണ്ടും വ്യാപകമായി ഉപയോഗിക്കേണ്ടി വരുന്നു.

പോളിമിക്സിൻ ഇ (Polymyxin E) എന്നും അറിയപ്പെടുന്ന കൊളിസ്റ്റിൻ, മൾട്ടി-ഡ്രഗ് റെസിസ്റ്റന്റ് (MDR) ബാക്ടീരിയകൾ, പ്രത്യേകിച്ച് എ. ബൗമാനി, പി. എരുഗിനോസ എന്നിവ മൂലമുണ്ടാകുന്ന അണുബാധകളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന അവസാനത്തെ പോംവഴിയാണ്.

ബാക്ടീരിയകളുടെ പുറംപാളിയെ (Membrane) തകർത്ത് അവയെ നശിപ്പിക്കാനുള്ള കൊളിസ്റ്റിന്റെ ശേഷി, എ. ബൗമാനി, പി. എരുഗിനോസ എന്നിവയുടെ പ്രതിരോധശേഷിയുള്ള വകഭേദങ്ങൾക്കെതിരെ ഇതിനെ ഫലപ്രദമാക്കുന്നു.

മനുഷ്യരിൽ വൃക്കകളെയും നാഡീവ്യൂഹത്തെയും ബാധിക്കാനിടയുള്ള പാർശ്വഫലങ്ങൾ കണക്കിലെടുത്ത്, തുടക്കത്തിൽ ഈ ആന്റിബയോട്ടിക് മൃഗചികിത്സയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് ഇത് ഏറ്റവും ഒടുവിൽ മാത്രം ഉപയോഗിക്കേണ്ട മരുന്നായി (last-resort) മാറ്റിവെച്ചിരിക്കുന്നത്.

35 ഗവേഷണ പ്രബന്ധങ്ങളെ ആസ്പദമാക്കി നടത്തിയ ഈ പഠനമനുസരിച്ച്, ആഫ്രിക്കയിൽ കൊളിസ്റ്റിൻ പ്രതിരോധം ഗണ്യമായി വർദ്ധിക്കുന്നുണ്ട്. എ. ബൗമാനിയിൽ 13.75 ശതമാനവും പി. എരുഗിനോസയിൽ 14.42 ശതമാനവുമാണ് ശരാശരി പ്രതിരോധ നിരക്ക്. ഓരോ രാജ്യങ്ങളിലും ഇതിൽ വ്യത്യാസമുണ്ട്; ഉദാഹരണത്തിന് ഈജിപ്തിൽ എ. ബൗമാനിയുടെ പ്രതിരോധം 18.26 ശതമാനത്തോളമെത്തിയപ്പോൾ ദക്ഷിണാഫ്രിക്കയിൽ ഇത് 10.89 ശതമാനമാണ്. കിഴക്കൻ ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ ഇത് 20 ശതമാനത്തിന് മുകളിലാണ്. പി. എരുഗിനോസയുടെ കാര്യത്തിലും സമാനമായ രീതിയിൽ കിഴക്കൻ ആഫ്രിക്കയിലാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്.

കൂടുതൽ ആശങ്കയുണ്ടാക്കുന്നത് കാലക്രമേണ ഈ പ്രതിരോധത്തിലുണ്ടായ വൻ വർദ്ധനവാണ്. 2010-2017 കാലയളവിൽ എ. ബൗമാനിയിലെ കൊളിസ്റ്റിൻ പ്രതിരോധം 5.64 ശതമാനമായിരുന്നത് 2018-2023 കാലയളവിൽ 16.45 ശതമാനമായി കുതിച്ചുയർന്നു. പി. എരുഗിനോസയുടെ കാര്യത്തിലാകട്ടെ, ഇതേ കാലയളവിൽ പ്രതിരോധം വെറും 2.26 ശതമാനത്തിൽ നിന്ന് 30 ശതമാനത്തിലധികം ആയാണ് വർദ്ധിച്ചത്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് പ്രതിരോധം സ്ഥിരമായി നിൽക്കുന്നതിന് പകരം അതിവേഗം പടരുകയാണെന്നാണ്.

എങ്കിലും, ഓരോ പ്രദേശത്തുനിന്നും ലഭ്യമായ പഠനങ്ങളുടെ എണ്ണം പരിമിതമായതിനാൽ ഈ കണ്ടെത്തലുകളെ അതീവ ജാഗ്രതയോടെ വേണം വിലയിരുത്താൻ.

പഠനത്തിന്റെ ഭാഗമായി സബ്ഗ്രൂപ്പ്, സെൻസിറ്റിവിറ്റി വിശകലനങ്ങൾ മാത്രമാണ് നടത്തിയത്; ബാക്ടീരിയകളുടെ ഈ വൈവിധ്യത്തിന് പിന്നിലെ ഉറവിടങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകാൻ കഴിയുന്ന മെറ്റാ-റിഗ്രഷൻ, നറേറ്റീവ് എക്സ്പ്ലോറേഷൻ തുടങ്ങിയ വിപുലമായ വിശകലന രീതികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

കൊളിസ്റ്റിൻ ഉപയോഗത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, ആന്റിമൈക്രോബിയൽ സ്റ്റീവാർഡ്ഷിപ്പ് പ്രോഗ്രാമുകൾ ശക്തിപ്പെടുത്തുക, രോഗാണുക്കളുടെ പ്രതിരോധം വേഗത്തിൽ തിരിച്ചറിയാനുള്ള ഡയഗ്നോസ്റ്റിക് ടൂളുകൾ നടപ്പിലാക്കുക, കൂടുതൽ മോളിക്യുലാർ എപ്പിഡെമിയോളജിക്കൽ ഗവേഷണങ്ങൾ നടത്തുക എന്നിവയുടെ അടിയന്തര ആവശ്യകതയെ ഈ പഠനം അടിവരയിടുന്നു.

2026 മാർച്ച് 17-ന് 'ജെഎസി-ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്' (JAC-Antimicrobial Resistance) എന്ന ഓപ്പൺ ആക്സസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in