ബോഡിബിൽഡിംഗ് മരുന്നുകൾ ഹൃദയത്തെ നശിപ്പിക്കുമ്പോൾ
ഒരുകാലത്ത് ഉന്നത കായികതാരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പേശി വളർച്ചാ മരുന്നുകളുടെ (Performance-enhancing drugs) ഉപയോഗം, ഇന്ന് സാധാരണ ജിമ്മുകളിൽ പോകുന്നവർക്കിടയിലും വലിയൊരു ആശങ്കയായി മാറിക്കഴിഞ്ഞു.
ഈ വസ്തുക്കൾ ഹൃദയാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഹൃദയപേശികൾക്ക് ബലക്ഷയമുണ്ടാക്കുന്ന കാർഡിയോമയോപ്പതി പോലുള്ള രോഗാവസ്ഥകളിലേക്കും, പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനുള്ള സാധ്യതയിലേക്കും ഇവ നയിക്കുന്നു.
ശരീര സൗന്ദര്യവും, പ്രവർത്തന ക്ഷമതയും വർധിപ്പിക്കുന്ന മരുന്നുകൾ (ഇമേജ് ആൻഡ് പെർഫോമൻസ് എൻഹാൻസിങ് ഡ്രഗ്‌സ്' (IPED)), ഹൃദയാരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങൾ, പ്രൊഫഷണൽ ബോഡിബിൽഡർമാരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല.
ശാരീരികക്ഷമത വർദ്ധിപ്പിക്കാനോ, ബാഹ്യരൂപം മെച്ചപ്പെടുത്താനോ വേണ്ടി, സാധാരണക്കാരായ ഒട്ടേറെ ജിം പ്രേമികൾ ഇന്ന് ഇത്തരം മരുന്നുകളെ ആശ്രയിക്കുന്നുണ്ട്. ഒരുകാലത്ത്, കായികരംഗത്തെ മൽസരങ്ങളിൽ മാത്രം കണ്ടിരുന്ന ഈ പ്രവണത, ഇന്ന് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.
മസിൽ വളർത്താനും, കായികശേഷി കൂട്ടാനും, രൂപഭംഗി വരുത്താനുമായി അനബോളിക് സ്റ്റീറോയിഡുകൾ, ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ, പെപ്റ്റൈഡുകൾ, സാർമുകൾ (SARM) തുടങ്ങിയ മരുന്നുകൾ, പതിറ്റാണ്ടുകളായി അത്‌ലറ്റുകൾ ഉപയോഗിച്ചുവരുന്നു.
എന്നാൽ ഈ അടുത്ത കാലത്തായി, പതിവായി ജിമ്മിൽ പോകുന്ന സാധാരണക്കാർക്കിടയിലും ഇതിന്റെ ഉപയോഗം ആശങ്കാജനകമാംവിധം വർദ്ധിച്ചിട്ടുണ്ട്. 2014-ലെ കണക്കുകൾ പ്രകാരം, ലോകമെമ്പാടുമുള്ള ജിം ഉപയോക്താക്കളിൽ, ഏകദേശം 3 ശതമാനം പേർ ഐ.പി.ഇ.ഡികൾ ഉപയോഗിച്ചിരുന്നു. പത്ത് വർഷത്തിലേറെ പഴക്കമുള്ള ഈ കണക്കുകളേക്കാൾ എത്രയോ മുകളിലായിരിക്കും, ഇന്നത്തെ യഥാർത്ഥ കണക്ക്.
സൗന്ദര്യ സങ്കൽപ്പങ്ങളെക്കുറിച്ചുള്ള അതിശയോക്തിപരമായ കാഴ്ചപ്പാടുകൾ പണ്ടുമുതലേ ഉണ്ടെങ്കിലും, സോഷ്യൽ മീഡിയ അവയ്ക്ക് പുതിയൊരു മാനം നൽകിയിട്ടുണ്ട്. ഇന്ന് ഇത്തരം മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാകാനും സോഷ്യൽ മീഡിയ കാരണമാകുന്നു. ടിക് ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നവർ അനാബോളിക് സ്റ്റീറോയിഡുകളിലേക്ക് ആകർഷിക്കപ്പെടാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് നിഗമനം.
മികച്ച ശരീരസൗന്ദര്യത്തിനായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത്, സോഷ്യൽ മീഡിയ ഒരു സ്വാഭാവിക കാര്യമായി ചിത്രീകരിക്കാറുണ്ടെങ്കിലും, ഇവ ഹൃദയാരോഗ്യത്തിന് വരുത്തുന്ന വലിയ നാശനഷ്ടങ്ങളെക്കുറിച്ച് ജിം പ്രേമികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഇറ്റലിയിൽ നടന്ന പഠനങ്ങൾ പ്രകാരം, ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്ന പുരുഷ ബോഡിബിൽഡർമാർക്ക്, മരുന്നുകൾ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് 'സഡൻ കാർഡിയാക് ഡെത്ത്' (പെട്ടെന്നുള്ള ഹൃദയസ്തംഭനം) സംഭവിക്കാനുള്ള സാധ്യത പത്തിരട്ടി കൂടുതലാണ്.
ഐ.പി.ഇ.ഡികൾ ഉപയോഗിക്കുന്ന വനിതാ കായികതാരങ്ങളിലും ഇത്തരം അപകടസാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് അപകടസാധ്യത അല്പം കുറവാണെങ്കിലും (ഏകദേശം 7 ശതമാനം കുറവ്) ഇവരുടെ നിലയും ഒട്ടും സുരക്ഷിതമല്ല.
ഹൃദയപേശികൾക്കുണ്ടാകുന്ന ബലക്ഷയം, ഹൃദയത്തിലെ കലകൾക്കുണ്ടാകുന്ന ക്ഷതം, ഹൃദയഭിത്തിയുടെ അമിതമായ കനംവെക്കൽ, ചെറുപ്പത്തിലേ ഉണ്ടാകുന്ന കൊറോണറി ആർട്ടറി രോഗം, ഹൃദയതാളത്തിലെ വ്യതിയാനങ്ങൾ, പക്ഷാഘാതം എന്നിവയുമായാണ് ഇത്തരം മരണങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത്.
അനാബോളിക് സ്റ്റീറോയിഡുകൾ, ഹൃദയത്തിന്റെ വളർച്ചയെയും പ്രവർത്തനത്തെയും നിയന്ത്രിക്കുന്ന കോശങ്ങളിലെ സിഗ്നലിങ് പാതകളിൽ മാറ്റം വരുത്തുകയും, ഹോർമോൺ സന്തുലിതാവസ്ഥ തെറ്റിക്കുകയും, രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, രക്തത്തിലെ കൊഴുപ്പിന്റെ അളവിൽ ദോഷകരമായ മാറ്റങ്ങൾ വരുത്തി, ധമനികളിൽ തടസ്സങ്ങൾ ഉണ്ടാക്കാനും കാരണമാകുന്നു.
ഈ മാറ്റങ്ങളെല്ലാം ചേർന്ന് ഹൃദയത്തെ ദുർബലപ്പെടുത്തുകയും, ശരീരത്തിലേക്ക് രക്തം പമ്പ് ചെയ്യാനുള്ള അതിന്റെ ശേഷി കുറയ്ക്കുകയും ചെയ്യുന്നു. പുറമെക്ക് തികഞ്ഞ ആരോഗ്യവാനായി തോന്നുന്ന ഒരാളിൽ പോലും, നിശബ്ദമായി രൂപപ്പെടുന്ന ഇത്തരം തകരാറുകൾ ഹൃദയസ്തംഭനത്തിലേക്കോ, മറ്റ് അപകടങ്ങളിലേക്കോ നയിക്കാം.
ഇതൊരു ഗൗരവകരമായ മുന്നറിയിപ്പാണ്. വലിയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മാത്രമല്ല, അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ഇത്തരം നിയന്ത്രണങ്ങളില്ലാത്ത മരുന്നുകൾ ഉപയോഗിക്കുന്ന സാധാരണ ജിം പ്രേമികൾക്കും, ഈ മുന്നറിയിപ്പ് ഒരുപോലെ ബാധകമാണ്.
ഹൃദയത്തിലെ മാറ്റങ്ങൾ
ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിൽ, കഴിഞ്ഞ ആറ് വർഷമായി ഐ.പി.ഇ.ഡി (IPED) ഉപയോഗിക്കുന്നവരുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ഞങ്ങൾ പഠനം നടത്തിവരികയാണ്. പ്രൊഫഷണൽ ബോഡിബിൽഡർമാർ മുതൽ, വിനോദത്തിനായി ജിമ്മിൽ പോകുന്നവർ വരെയുള്ള, ഏകദേശം 30 വയസ്സ് പ്രായമുള്ള നൂറോളം പേരിലാണ് ഞങ്ങൾ ഗവേഷണം നടത്തിയത്. ഇവരെ മരുന്നുകൾ ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുകയും ചെയ്തു.
ഹൃദയത്തിന്റെ വൈദ്യുത പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന ഇലക്ട്രോകാർഡിയോഗ്രാഫി (ECG), ഹൃദയത്തിന്റെ അൾട്രാസൗണ്ട് സ്കാനിംഗ് ആയ എക്കോകാർഡിയോഗ്രാഫി എന്നിവ ഞങ്ങൾ ഇതിനായി ഉപയോഗിച്ചു. ഹൃദയത്തിന്റെ നാല് അറകളെയും കൃത്യമായി നിരീക്ഷിക്കാനും, പുറമെ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ ഹൃദയസംബന്ധമായ തകരാറുകൾ കണ്ടെത്താനും ഈ പരിശോധനകളിലൂടെ ഞങ്ങൾക്ക് സാധിച്ചു.
ഐ.പി.ഇ.ഡി ഉപയോഗിക്കുന്നവരിൽ, ഹൃദയത്തിന്റെ പ്രധാന പമ്പിംഗ് അറയായ ഇടത് വെൻട്രിക്കിളിന് (Left Ventricle) വലിപ്പവും ഭാരവും കൂടുതലാണെന്ന് ഞങ്ങൾ കണ്ടെത്തി. ഹൃദയപേശികളുടെ കനം കൂടുന്നതും, ഉള്ളിലെ അറയുടെ വലിപ്പം വർദ്ധിക്കുന്നതുമാണ് ഇതിന് കാരണം. ശരീരത്തിന്റെ വലിപ്പക്കൂടുതൽ കണക്കിലെടുത്താൽ പോലും, ഹൃദയത്തിന്റെ ഘടനയിലുണ്ടാകുന്ന ഈ മാറ്റം പ്രകടമായി തന്നെ നിലനിൽക്കുന്നു എന്നതാണ് ശ്രദ്ധേയം.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇത്തരം മാറ്റങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനക്ഷമത കുറയ്ക്കുന്നു എന്നതാണ്. ആധുനിക ഇമേജിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ, ഇടത് വെൻട്രിക്കിളിന്റെ സങ്കോച-വികാസ പ്രക്രിയകളിൽ സൂക്ഷ്മമെങ്കിലും, ഗുരുതരമായ തകരാറുകൾ ഞങ്ങൾ കണ്ടെത്തി.
ശ്വാസകോശത്തിൽ നിന്ന് രക്തം സ്വീകരിക്കുന്ന അറയായ ഇടത് ആട്രിയത്തിന് ഉണ്ടാകുന്ന കടുപ്പവും, ഞങ്ങളുടെ ഗവേഷണത്തിൽ തിരിച്ചറിഞ്ഞു. ഹൃദ്രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു ലക്ഷണമാണിത്. ഹൃദയത്തിന്റെ ഇടത് വശത്തെപ്പോലെ തന്നെ വലത് വശത്തും, സമാനമായ ദോഷഫലങ്ങൾ കാണപ്പെടുന്നുണ്ട്. ഇത് ഹൃദയത്തിന്റെ എല്ലാ അറകളെയും ഐ.പി.ഇ.ഡി ഉപയോഗം ബാധിക്കുന്നു എന്നതിന്റെ തെളിവാണ്.
ഞങ്ങളുടെ പഠനത്തിൽ പങ്കെടുത്തവർ ഏകദേശം ഏഴ് വർഷത്തോളമായി, ശരാശരി 1108 മില്ലിഗ്രാം മരുന്ന് ആഴ്ചയിൽ ഉപയോഗിക്കുന്നവരായിരുന്നു. ബോഡിബിൽഡിംഗ് മേഖലയിൽ സാധാരണയായി കണ്ടുവരുന്ന അളവാണിത്. മരുന്നിന്റെ അളവ് കൂടുന്നതും, ഉപയോഗിക്കുന്ന കാലയളവ് ദീർഘിക്കുന്നതും, ഹൃദയത്തിന് ഏൽപ്പിക്കുന്ന ആഘാതം വർദ്ധിപ്പിക്കുന്നു.
നാലോ അഞ്ചോ മാസത്തെ 'ഡ്രഗ് സൈക്കിൾ' (ശരീരസൗന്ദര്യം പരമാവധിയിലെത്തിക്കാൻ മരുന്നിന്റെ അളവും എണ്ണവും ക്രമാനുഗതമായി വർദ്ധിപ്പിക്കുന്ന രീതി), ഹൃദയത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് പരിശോധിക്കുകയാണ് ഞങ്ങളുടെ ഗവേഷണത്തിന്റെ അടുത്ത ഘട്ടം. വ്യായാമ വേളയിൽ, ഹൃദയം ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനാണ് ഞങ്ങൾ പ്രത്യേകം താല്പര്യപ്പെടുന്നത്. ഇതുവരെ കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലാത്ത പേശി വളർച്ചാ മരുന്നുകൾ ഉപയോഗിക്കുന്ന സ്ത്രീകളെക്കുറിച്ചും, ഞങ്ങൾ പഠിക്കാൻ പദ്ധതിയിടുന്നുണ്ട്.
അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം, ഐ.പി.ഇ.ഡി ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക എന്നതാണ്. മരുന്നിന്റെ അളവ് കുറയ്ക്കുക, വ്യാജ വിപണിയിലെ മരുന്നുകൾ ഒഴിവാക്കുക, ഇത്തരം മരുന്നുകളിലേക്ക് നയിക്കുന്ന മാനസിക കാരണങ്ങളെ അഭിസംബോധന ചെയ്യുക, കൃത്യമായ ഹൃദയപരിശോധനകൾ നടത്തുക എന്നിവ ആഘാതങ്ങൾ പരിമിതപ്പെടുത്താൻ സഹായിക്കും.
എങ്കിലും, വർഷങ്ങളോളമുള്ള ഉപയോഗത്തിന് ശേഷം മരുന്ന് നിർത്തുന്നത്, ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുമോ എന്നതിനെക്കുറിച്ച് നമുക്ക് ഇപ്പോഴും വളരെ കുറച്ച് അറിവേ ഉള്ളൂ. ഇത് മനസ്സിലാക്കാൻ അടുത്ത 10 മുതൽ 20 വർഷം വരെ ഇത്തരം ആളുകളെ നിരീക്ഷിക്കാൻ ഞങ്ങളുടെ ഗവേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
യുകെയിൽ മാത്രം പത്ത് ലക്ഷത്തിലധികം ആളുകൾ ഐ.പി.ഇ.ഡി ഉപയോഗിക്കുന്നു എന്നത്, ഇതിനെ ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമാക്കി മാറ്റുന്നു. ഇത്തരം മരുന്നുകളുടെ ദോഷവശങ്ങളെക്കുറിച്ച് കൃത്യമായ അവബോധം നൽകുക എന്നത് വളരെ പ്രാധാന്യമുള്ളതാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
