

ആന്ധ്രാപ്രദേശിലെ വൈ.എസ്.ആർ കടപ്പ ജില്ലയിൽ രണ്ട് കോവിഡ് മരണങ്ങളും എട്ട് സജീവ (ആക്ടീവ്) കേസുകളും റിപ്പോർട്ട് ചെയ്തു.
രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെ സാമ്പിളുകൾ പരിശോധിച്ചുവരികയാണ്. നിലവിൽ പടരുന്ന വകഭേദം ഏതാണെന്ന് തിരിച്ചറിയുന്നതിനായി സാമ്പിളുകൾ ജീനോം സ്വീക്വൻസിംഗിനായി പുണെയിലേക്ക് അയച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിൽ ഒഡീഷ ആന്ധ്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കോവിഡ് പരിശോധന വ്യാപിപ്പിച്ചു.
വലിയൊരു കോവിഡ് തരംഗത്തിനുള്ള തെളിവുകളൊന്നും ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഈ പുതിയ രോഗവ്യാപന കേന്ദ്രം (ക്ലസ്റ്റർ) കോവിഡിന് ശേഷമുള്ള ഇന്ത്യയുടെ രോഗനിരീക്ഷണ സംവിധാനത്തെയും പൊതുജന ആശയവിനിമയത്തെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലുണ്ടായ രണ്ട് കോവിഡ് മരണങ്ങളും ചെറിയൊരു കോവിഡ് വ്യാപന കേന്ദ്രവും (ക്ലസ്റ്റർ) അയൽ സംസ്ഥാനങ്ങളെ മുൻകരുതൽ നടപടികളിലേക്ക് നയിച്ചിരിക്കുകയാണ്. ഒപ്പം, കോവിഡ് മഹാമാരി ഒഴിഞ്ഞതിനു ശേഷമുള്ള ഇന്ത്യയുടെ രോഗനിരീക്ഷണ സംവിധാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഇത് ഉയർത്തുന്നുണ്ട്.
ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് വൈ.എസ്.ആർ കടപ്പ ജില്ലയിലാണ്. രാജംപേട്ട് സ്വദേശിയായ 60 കാരൻ 2026 ജൂൺ 28-ന് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ വെച്ചും, 46-കാരൻ കടുത്ത ശ്വാസകോശ സംബന്ധമായ തടസ്സങ്ങളെ തുടർന്ന് കടപ്പയിലെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.
വീട്ടുനിരീക്ഷണത്തിലുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥി ഉൾപ്പെടെ എട്ട് സജീവ (ആക്ടീവ്) കോവിഡ് കേസുകൾ കൂടി ജില്ലയിൽ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഏകദേശം 40 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്, ഇവയുടെ ഫലം വരാനുണ്ട്. നിലവിൽ പടരുന്ന വകഭേദം (variant) ഏതാണെന്ന് തിരിച്ചറിയുന്നതിനായി സാമ്പിളുകൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജീനോം സ്വീക്വൻസിംഗിനായി അയച്ചിട്ടുണ്ട്.
നിലവിൽ രോഗബാധിതരുടെ എണ്ണം കുറവാണ്, കൂടാതെ വലിയൊരു കോവിഡ് തരംഗം പടരുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല. എന്നാൽ ഈ വർഷം ആദ്യം ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകൾ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയ സാഹചര്യത്തിൽ ഈ പുതിയ തരംഗം ആശങ്കയുണർത്തുന്നുണ്ട്. 2026 ജനുവരി 11-ന് ഇന്ത്യയിലെ കോവിഡ് കേസുകൾ പൂർണ്ണമായും പൂജ്യത്തിൽ എത്തിയിരുന്നു, അതിനുശേഷം ഫെബ്രുവരിയിൽ രാജ്യത്തെ ആകെ കോവിഡ് കേസുകൾ ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയിരുന്നു.
ആന്ധ്രാപ്രദേശിൽ ജാഗ്രത; അയൽ സംസ്ഥാനങ്ങൾ പരിശോധന ശക്തമാക്കി
ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് സംസ്ഥാനവ്യാപകമായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുക, ദ്രുതകർമ്മ സേനയെ (rapid response team) സജ്ജമാക്കുക, ആർടി-പിസിആർ കിറ്റുകൾ, പിപിഇ കിറ്റുകൾ, ഓക്സിജൻ ബെഡുകൾ എന്നിവ ആശുപത്രികളിൽ ആവശ്യത്തിന് ലഭ്യമാക്കുക തുടങ്ങിയവയാണ് സ്വീകരിച്ചിരിക്കുന്ന നടപടികൾ.
ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ജില്ലയിൽ നിന്നുള്ള നിയമസഭാ സാമാജികയായ (MLA) എസ്. സവിത, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും പൊതുജനങ്ങൾക്കിടയിൽ അവബോധം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ആരോഗ്യ അധികൃതർ സമ്പർക്കപ്പട്ടിക തയ്യാറാക്കലും നിരീക്ഷണവും ശക്തമാക്കിയതായാണ് ജില്ലയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രോഗവ്യാപനത്തേക്കാൾ വേഗത്തിലാണ് ആശങ്ക പടരുന്നത്. തങ്ങളുടെ സംസ്ഥാനത്ത് ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഒഡീഷ മുൻകരുതൽ നടപടിയെന്ന നിലയിൽ ആന്ധ്രയുമായി അതിർത്തി പങ്കിടുന്ന മൽക്കൻഗിരി, കോരാപുട്ട്, റായഗഡ, ഗജപതി, ഗഞ്ചം, നബരംഗ്പൂർ തുടങ്ങിയ ജില്ലകളിൽ പരിശോധനയും നിരീക്ഷണവും വ്യാപിപ്പിച്ചിട്ടുണ്ട്.
തെലങ്കാന ഇതുവരെ ഔദ്യോഗികമായി യാതൊരു മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, ഹൈദരാബാദിലെ ഡോക്ടർമാർ ശ്വാസകോശ സംബന്ധമായ അണുബാധകൾ വർദ്ധിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
കടപ്പയിലെ ഈ കോവിഡ് വ്യാപനത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇതുവരെ ദേശീയ തലത്തിൽ പ്രസ്താവനയോ നിർദ്ദേശങ്ങളോ പുറപ്പെടുവിച്ചിട്ടില്ല. നിലവിൽ, കേന്ദ്ര ഇടപെടലുകളേക്കാൾ സാധാരണയായി പിന്തുടരുന്ന രോഗനിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് സംസ്ഥാന-ജില്ലാ തലങ്ങളിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.
കടപ്പയിലെ കോവിഡ് വ്യാപനം ഒരു പുതിയ കോവിഡ് തരംഗത്തിന്റെ സൂചനയാണെന്ന് വിലയിരുത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ നേരത്തെയായിരിക്കുമെങ്കിലും, കേവലം രണ്ട് മരണങ്ങൾ മാത്രമുണ്ടായ ഈ പ്രാദേശിക കോവിഡ് വ്യാപനം പോലും, വ്യക്തമായ തെളിവുകൾ പുറത്തുവരുന്നതിന് മുൻപ് എത്ര വേഗത്തിലാണ് നമ്മൾ പ്രതിരോധ ജാഗ്രതയിലേക്ക് മാറുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)