ഖീച്ന: രാജസ്ഥാനിലെ ആദിവാസി പെണ് കുട്ടികളുടെ ബാല്യകാലം നഷ്ടപ്പെടുത്തുന്നത് എങ്ങനെ?
ഫോട്ടോ: CRY ഇന്ത്യ

ആദിവാസി പെൺകുട്ടികളുടെ ബാല്യകാലം നഷ്ടപ്പെടുത്തുന്ന "ഖീച്ന ഉത്സവം"

രാജസ്ഥാനിലെ ഗ്രാമങ്ങളിൽ നടക്കുന്ന ഖീച്ന ഉത്സവത്തിലെ അനൗപചാരിക കണ്ടുമുട്ടലുകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പഠനം പാതിവഴിയിലാക്കുകയും, നേരത്തെയുള്ള ഗർഭധാരണം, ആരോഗ്യപരമായ അപകടസാധ്യതകൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് തെളിവുകൾ വെളിപ്പെടുത്തുന്നു.
Published on

രാജസ്ഥാനിലെ കൊത്ര ബ്ലോക്കിലെ ഭിൽ എന്ന കുഗ്രാമത്തിൽ നിന്നുള്ള, പഠിക്കാൻ മിടുക്കിയായ, പതിനഞ്ചുകാരിയായ രൂപാലി (പേര് മാറ്റിയിരിക്കുന്നു) ഒരു അധ്യാപികയാകണമെന്ന് സ്വപ്നം കണ്ടിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം, ചെറുപ്പക്കാരായ ഭിൽസ് പങ്കാളികളെ തിരഞ്ഞെടുക്കുന്ന പരമ്പരാഗതമായ "ഖീച്ന" ഉത്സവത്തിനിടെ അവൾ, തനിക്ക് ഇഷ്ടപ്പെട്ട ഒരാൺകുട്ടിയോടൊപ്പം ഇറങ്ങിപ്പോയി. അവളുടെ മാതാപിതാക്കൾ ഇക്കാര്യത്തിൽ അസ്വസ്ഥരായിരുന്നുവെങ്കിലും, അത് അവരുടെ പാരമ്പര്യത്തിന്റെ ഭാഗമായതിനാൽ അംഗീകരിച്ചു.

ഏതാനും മാസങ്ങൾക്കുള്ളിൽ രൂപാലിയുടെ ജീവിതം മാറിമറിഞ്ഞു. പഠനം നിർത്തിയ അവളുടെ പുസ്തകങ്ങൾ പൊടിപിടിച്ചു കിടന്നു, ഗർഭവതിയായ അവളുടെ ശരീരം ക്ഷീണിച്ചു. അവളുടെ ശരീരം ക്ഷീണിച്ചു.

"അതെ, ഈ ജീവിതം ഞാൻ തിരഞ്ഞെടുത്തതാണ്", രൂപാലി ശാന്തമായി പറഞ്ഞു. "എന്നാൽ അതിന്, എനിക്കെന്തുമാത്രം വില കൊടുക്കണ്ടിവരുമെന്ന് എന്നോടാരും ഒരിക്കലും പറഞ്ഞു തന്നിരുന്നില്ല."

സാംസ്കാരിക സ്വാതന്ത്ര്യം അതുപോലെ വളരെ പെട്ടെന്ന് പെൺകുട്ടികൾ മുതിർന്നവരുടെ ഉത്തരവാദിത്തങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വിഷമതകൾ, ഇവയെല്ലാം ഇന്ന് കൊത്ര ബ്ലോക്കിലെ നിരവധി പെൺകുട്ടികൾ നേരിടുന്ന ജീവിത യാഥാർഥ്യങ്ങളാണ് എന്നുള്ളതാണ് അവരുടെ കഥകളിലൂടെ പ്രതിഫലിക്കുന്നത്.

തെക്കൻ രാജസ്ഥാനിലെ ആദിവാസി കുന്നുകളിൽ, ചില ഗ്രാമങ്ങളിൽ "ഭഗോറിയ" എന്ന പേരിലും അറിയപ്പെടുന്ന "ഖീച്ച്ന" ഒരു വാർഷിക ഉത്സവമാണ്. ഭിൽ, ഗരാസിയ സമുദായങ്ങളിൽ നിന്നുള്ള യുവതീ യുവാക്കൾ സ്വതന്ത്രമായി ഇടപഴകുമ്പോൾ, സംഗീതവും ജനക്കൂട്ടവും അന്തരീക്ഷത്തിൽ നിറയുന്നു.

പരമ്പരാഗതമായി, ഈ ഉത്സവത്തിലൂടെ, ഒരു പെൺകുട്ടിക്കും ആൺകുട്ടിക്കും പരസ്പരം ഇഷ്ടപ്പെടാനും, അനൗപചാരികമായി ഒരു ബന്ധം ആരംഭിച്ച് ഒന്നിച്ച് ജീവിക്കാൻ തുടങ്ങാകും ചെയ്യാം. ആചാരങ്ങളൊന്നുമില്ല. പുരോഹിതനില്ല, സ്ത്രീധനമില്ല, രജിസ്ട്രേഷനില്ല. പ്രായപൂർത്തിയാകാത്തവരായിരിക്കുമ്പോൾ തന്നെ രണ്ടുപേർ എടുത്ത ഒരു തീരുമാനം മാത്രം.

എന്നാൽ ഉത്സവത്തിന്റെ നിറശോഭയ്ക്കപ്പുറം, പ്രദേശത്തുടനീളം നിശബ്ദമായ ഒരു പ്രതിസന്ധി ഇപ്പോൾ വ്യാപകമായിട്ടുണ്ട്.

ഏറ്റവും ആശങ്കാജനകമായ കാര്യം, 'ഖീച്ന' ഇപ്പോൾ വാർഷിക മേളയിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. മൊബൈൽ ഫോണുകൾ, സീസണൽ കുടിയേറ്റം, വർദ്ധിച്ചുവരുന്ന സോഷ്യൽ നെറ്റ് വർക്കുകൾ എന്നിവ ഉപയോഗിച്ച്, പെൺകുട്ടികളും ആൺകുട്ടികളും ഇപ്പോൾ വർഷത്തിലെ വ്യത്യസ്ത സമയങ്ങളിൽ ഒരുമിച്ച് വീട് വിട്ടുപോകുന്നു. നിയമപരമായി, ഇതൊരു വിവാഹമോ അതുപോലെ തന്നെ ലംഘനമോ അല്ല.

"കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, സ്കൂൾ ഹാജർ രജിസ്റ്ററുകളിലൂടെയും ആരോഗ്യ പ്രവർത്തകരുടെ രേഖകളിലൂടെയും ഇത്തരം നിരവധി കേസുകൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സ്കൂൾ അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, പ്രാദേശിക സംഘടനകൾ എന്നിവരുടെ കൈകളിൽ മാത്രമേ വിശദാംശങ്ങൾ ഉള്ളൂ എന്നതിനാൽ ഈ കേസുകൾ ഒരു സർക്കാർ രേഖയിലും നിങ്ങൾക്ക് കാണാനാവില്ല," സിആർവൈയു (CRY) മായി സഹകരിച്ച്, ആദിവാസി സമൂഹങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന 'കൊത്ര ആദിവാസി സൻസ്ഥാനിലെ (കെഎഎസ്)' പ്രോഗ്രാം മാനേജർ സർഫ്രാസ് പറഞ്ഞു.

"ഇത് വിവാഹമല്ല," മൂപ്പന്മാർ പറയുന്നു. "അവർ ഒരുമിച്ചാണ് താമസിക്കുന്നത്.

തലമുറകളായി, 'ഖീച്ന', രണ്ട് ചെറുപ്പക്കാർ തമ്മിലുള്ള, സാംസ്കാരികമായി അംഗീകരിച്ച ബന്ധമായി കാണപ്പെടുന്നു. കുടുംബങ്ങൾ തമ്മിൽ ആലോചിച്ചുറപ്പിച്ച വിവാഹങ്ങളുടെയോ, സ്ത്രീധന പാരമ്പര്യങ്ങളുമായോ ബന്ധമില്ലാത്ത, കേവല സ്വാതന്ത്ര്യമായി മൂപ്പന്മാർ ഈ ബന്ധത്തെ ന്യായീകരിക്കുന്നു.

എന്നാൽ യാഥാർത്ഥ്യം വളരെ ഭയാനകമാണ്. കൊത്ര ബ്ലോക്കിലെ ഭിൽ, ഗരാസിയ സമുദായങ്ങളുമായി ചേർന്ന് പ്രവർത്തിച്ച സിആർവൈയുടെ (CRY) അനുമാനത്തിൽ, ഒളിച്ചോടുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും 14 നും 16 നും ഇടയിൽ പ്രായമുള്ളവരാണ്. അവരിൽ പലരും ഗർഭധാരണത്തിന്റെ തുടക്കത്തിൽ അനുഭവപ്പെടുന്ന, വിളർച്ചയ്ക്കും മറ്റ് ആരോഗ്യ സങ്കീർണതകൾക്കുംവിധേയരാകുന്നു. കൗൺസിലിങ്ങോ അതുപോലെ മാനസികാരോഗ്യ പിന്തുണയോ അവർക്ക് ലഭിക്കുന്നില്ല.

യുവതീ യുവാക്കൾ പലപ്പോഴും അവരുടെ ജീവിതത്തിന്റെ ശരിയായ അവസ്ഥ പൂർണ്ണമായി മനസ്സിലാക്കുന്നില്ല. പല കൗമാരബന്ധങ്ങളും, വൈകാരികമായ അടുപ്പത്തിൽ നിന്നുമാണ് ആരംഭിക്കുന്നതെന്ന് കൊത്രയിലെ കമ്മ്യൂണിറ്റി പ്രവർത്തകർ അഭിപ്രായപ്പെടുന്നു. കൗമാരക്കാർ, ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിലല്ല, മറിച്ച് വിവരങ്ങളുടെയും പിന്തുണയുടെയും അഭാവത്തിലാണ് അപകടങ്ങളിലാകുന്നത് - അവർ പറയുന്നു. ആരോഗ്യം, ഭാവിയിലെ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശമില്ലാതെ, "ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുക" എന്ന തീരുമാനങ്ങൾ പലപ്പോഴും ഇത്തരം സങ്കീർണത കളിൽ എത്തിച്ചേരുന്നു.

കൊത്രയിലെ ഭിൽ, ഗരാസിയ സമുദായങ്ങളിൽ പരക്കെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയായ ബാബുലാൽ ഗംഹാർ പറയുന്നത്, 'ഖീച്ന' രീതി കുട്ടികളെ വളരെ നേരത്തെ മുതിർന്നവരുടെ ഉത്തരവാദിത്തങ്ങളിലേക്ക് തള്ളിവിടുന്നു. "ധാരാളം ആൺകുട്ടികളും പെൺകുട്ടികളും സ്കൂളിൽ നിന്ന് പഠനം ഉപേക്ഷിക്കുന്നു, നിരവധി പെൺകുട്ടികൾ വളരെ ചെറുപ്പത്തിൽ തന്നെ അമ്മമാരാകുന്നു", അദ്ദേഹം പറഞ്ഞു. "ഇതിനിടയിൽ അവരുടെ കുട്ടിക്കാലം അന്യമാകുന്നു".

എന്തുകൊണ്ട് ഈ കേസുകൾ രേഖകളിൽ ഇല്ല?

2006 ലെ ബാലവിവാഹ നിരോധന നിയമം (പിസിഎംഎ) പ്രകാരം ഒരു പെൺകുട്ടി 18 വയസ്സിന് താഴെയോ ആൺകുട്ടി 21 വയസ്സിന് താഴെയോ ആണെങ്കിൽ വിവാഹത്തെ ശൈശവ വിവാഹമായി നിർവ്വചിക്കുന്നു. അത്തരം വിവാഹങ്ങളിൽ ഇടപെടാനും റദ്ദാക്കാനും കുട്ടികൾക്ക് പിന്തുണ നൽകാനും നിയമം, ശിശു സംരക്ഷണ അധികാരികൾക്ക് അധികാരം നൽകുന്നു.

എന്നിരുന്നാലും, ഖീച്ന വഴി രൂപീകരിച്ച യൂണിയനുകൾ, ഈ നിയമപരമായ നിർവ്വ ചനത്തിന് പുറത്താണ്. ഈ ബന്ധങ്ങളിൽ, ഒരു ഔപചാരിക ചടങ്ങോ രജിസ്ട്രേഷനോ ഉൾപ്പെടുന്നില്ല. തൽഫലമായി, ഒന്നോ രണ്ടോ വ്യക്തികൾ പ്രായപൂർത്തിയാകാത്തവരാണെങ്കിലും അവ വിവാഹങ്ങളായി ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നില്ല. ഇത് നിർണായകമായ, നിയമപരമായ, അവസ്ഥയിലേക്ക് നയിക്കുന്നു. ഈ കൂടിച്ചേരലുകൾ വിവാഹങ്ങളായി രേഖപ്പെടുത്താത്തതിനാൽ, അവ ശൈശവ വിവാഹങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. കടലാസിൽ ഔപചാരിക ലംഘനമില്ലാതെ, ഇടപെടാൻ ആവശ്യമായ നിയമപരമായ അവകാശം ഭരണകൂടത്തിന് ഇല്ല.

ആചാരങ്ങൾ പ്രതിസന്ധികൾ നേരിടുമ്പോൾ

രാജസ്ഥാനിൽ, ഒരുകാലത്ത് അതിജീവനത്തിനും, സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങൾ നിറവേറ്റുവാനുമായോ രൂപപ്പെടുത്തിയ, വിവാഹവുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങൾ ഇപ്പോൾ കുട്ടികളുടെ ജീവിതത്തെ ദോഷമായി ബാധിക്കുന്നുണ്ട്. കുടുംബങ്ങൾക്കിടയിൽ വധുവിനെ കൈമാറുന്ന ആതാ-സാതയിൽ, പെൺകുട്ടികൾ ഗാർഹിക പീഡനങ്ങളുടെയും ദാമ്പത്യപരമായ വേർപിരിയലിന്റെയും വക്കിലാണ് ജീവിക്കുന്നത്. നത്ര-ജാഗ്ദയിൽ, സന്തോഷകരമല്ലാത്ത വിവാഹങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ പലപ്പോഴും ഉയർന്ന സാമ്പത്തിക പിഴ നൽകാൻ നിർബന്ധിതരാകുന്നു. അവരെ സാമൂഹികമായ നിയന്ത്രണങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ ദ്രോഹിക്കുന്നു. ഖീച്ന' ഔപചാരിക വിവാഹത്തിന് പകരമായി രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും, പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന അതേ മാതൃകയിൽ പ്രവർത്തിക്കുന്നു, എന്നാൽ ഇവിടെയും പെൺകുട്ടികൾക്ക് ആത്യന്തികമായ സംരക്ഷണം ഇല്ല.

കൊത്രയിൽ, സിആർവൈയുടെ പിന്തുണയുള്ള കെഎഎസ് (KAS) പോലുള്ള സംഘടനകൾ സമുദായത്തിനൊപ്പം സുരക്ഷ കെട്ടിപ്പടുക്കുന്നു, അല്ലാതെ അതിനെതിരെയല്ല. കമ്മ്യൂണിറ്റിയിൽ നിന്നുള്ള പ്രാദേശിക യുവ നേതാക്കൾ, ബന്ധങ്ങൾ, ആരോഗ്യം, സുരക്ഷ, സ്വപ്നങ്ങൾ എന്നിവയെക്കുറിച്ച് തുറന്ന സംഭാഷണങ്ങൾ നടത്തുന്നു. ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനുപകരം, ആരോഗ്യം, വിദ്യാഭ്യാസം, വ്യക്തിഗത വികസനം എന്നിവയെക്കുറിച്ച് അവബോധം വളർത്തിയെടുക്കുന്നതിന് കെഎഎസ് ഊന്നൽ നൽകുന്നു. അതുവഴി കൗമാരക്കാർക്ക് കൂടുതൽ മികച്ച തീരുമാനങ്ങലെടുക്കാനും ഇണകളെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് ആവശ്യമായ പിന്തുണ തേടാനും കഴിയും.

ഗ്രാമത്തിലെ മുതിർന്നവരും, രക്ഷിതാക്കളും, യുവജന ഗ്രൂപ്പുകളും ഉൾപ്പെടുന്ന കമ്മ്യൂണിറ്റി കരാറുകൾ, 18 വയസ്സിന് താഴെയുള്ള ആരെങ്കിലും ഒളിച്ചോടുകയാണെങ്കിൽ, അവർ ഓപ്പൺ സ്കൂൾ വിദ്യാഭ്യാസത്തിൽ ചേരുകയും, ആരോഗ്യ പരിശോധനകളിൽ പങ്കെടുക്കുകയും, പതിവ് ക്ഷേമ സന്ദർശനങ്ങൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ഉറപ്പാക്കുന്നു. ദുർബലരായ കൗമാരക്കാരെ നേരത്തേ തിരിച്ചറിയുന്നതിനും, തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് കൗൺസിലിംഗ് നൽകുന്നതിനും അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരെ നിരന്തരം പിന്തുണയ്ക്കുന്നു. ഈ സമീപനം ബാല്യത്തെ സംരക്ഷിക്കുമ്പോൾ പാരമ്പര്യത്തെ ബഹുമാനിക്കുക കൂടി ചെയ്യുന്നു.

ഗ്രാമത്തിലെ മുതിർന്നവരും രക്ഷിതാക്കളും യുവജന ഗ്രൂപ്പുകളും ഉൾപ്പെടുന്ന കമ്മ്യൂണിറ്റി കരാറുകൾ, 18 വയസ്സിന് താഴെയുള്ള ആരെങ്കിലും ഒളിച്ചോടുകയാണെങ്കിൽ, അവർ ഓപ്പൺ സ്കൂൾ വിദ്യാഭ്യാസത്തിൽ ചേരുകയും ആരോഗ്യ പരിശോധനകളിൽ പങ്കെടുക്കുകയും പതിവ് ക്ഷേമ സന്ദർശനങ്ങൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ഉറപ്പാക്കുന്നു. ദുർബലരായ കൗമാരക്കാരെ നേരത്തേ തിരിച്ചറിയുന്നതിനും തീരുമാനങ്ങൾ വർദ്ധിക്കുന്നതിന് മുമ്പ് കൗൺസിലിംഗ് നൽകുന്നതിനും അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരെ ഞങ്ങൾ നിരന്തരം പിന്തുണയ്ക്കുന്നു. ഈ സമീപനം ബാല്യത്തെ സംരക്ഷിക്കുമ്പോൾ പാരമ്പര്യത്തെ ബഹുമാനിക്കുന്നു.

ഇന്ത്യാ ഗവൺമെന്റ് , അടുത്തിടെ ആരംഭിച്ച 'ബാൽ വിവാഹ് മുക്ത് ഭാരത് കാമ്പയിൻ' പോലുള്ള ദേശീയ ശ്രമങ്ങൾ, നിയമപരമായ ചട്ടക്കൂടിനു പുറത്തു നിൽക്കുന്ന, കൊത്ര പോലുള്ള ഗ്രാമങ്ങളിൽ പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ അടിസ്ഥാന യാഥാർത്ഥ്യങ്ങൾ അടിവരയിടുന്നു. ശക്തമായ അഡ്മിനിസ്ട്രേറ്റീവ് നിരീക്ഷണത്തിന് ഊന്നൽ നൽകുന്നതിലൂടെ, വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായമായി പതിനെട്ടു വയസ്സ് സ്ഥിരീകരിക്കുന്നതിലൂടെ, ഇത്തരം കേസുകൾ തുറന്നു കാട്ടുന്നതിലേക്ക് കാമ്പെയ്ൻ ശ്രദ്ധ ആകർഷിക്കുന്നു. എന്നിരുന്നാലും, ആചാരപരമായ സമ്പ്രദായങ്ങളുടെ സങ്കീർണ്ണതകളുമായി ഇടപഴകുകയും ഇത്തരം സംവിധാനങ്ങൾക് പിടികൊടുക്കാതെ പോകുന്ന കൗമാരക്കാരിലേക്ക് എത്തുകയും ചെയ്യുന്നില്ലെങ്കിൽ, ഇങ്ങനെയുള്ള പ്രചാരണങ്ങളുടെ സ്വാധീനം പരിമിതമായി തുടരും.

Down To Earth
malayalam.downtoearth.org.in