കേരളം കാത്തിരുന്ന 'ഗ്രീൻ ചീഫ് മിനിസ്റ്റർ' വി.ഡി. സതീശനാണോ?

ഗാഡ്ഗിൽ റിപ്പോർട്ടിലെ ഒറ്റപ്പെട്ട വിയോജിപ്പിൽ നിന്ന് അധികാര കേന്ദ്രത്തിലെ പരിസ്ഥിതി രാഷ്ട്രീയത്തിലേക്ക്; സതീശന്റെ വളർച്ച കേരളത്തിൽ ഒരു പുതിയ പാരിസ്ഥിതിക യുഗത്തിന്റെ സൂചനയാണ്
വി.ഡി. സതീശൻ: കേരളത്തിന് എക്കാലത്തും ആവശ്യമായിരുന്ന ആ 'ഹരിത മുഖ്യമന്ത്രി'യാണോ അദ്ദേഹം?
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം എറണാകുളത്ത് സന്തോഷം പങ്കിടുന്ന വി.ഡി. സതീശൻഫോട്ടോ: @vdsatheesan / എക്സ്
Published on

പതിറ്റാണ്ടുകളായി കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയം അധികാരത്തിന്റെ ഭൂപടത്തിന് പുറത്തായിരുന്നു. പശ്ചിമഘട്ടത്തിന്റെ നാശത്തെക്കുറിച്ച് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി, കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് കീഴിൽ തണ്ണീർത്തടങ്ങൾ അപ്രത്യക്ഷമായി, പുഴകളിൽ നിന്ന് മണൽ വാരിയും വിഷം കലർത്തിയും നശിപ്പിച്ചു, ക്വാറികൾക്കായി കുന്നുകൾ ഇടിച്ചുനിരത്തി, പരിസ്ഥിതിലോല പ്രദേശങ്ങളിൽ പോലും അനിയന്ത്രിതമായി ടൂറിസം വ്യാപിച്ചു. ഗവൺമെന്റുകൾ ഇവയെല്ലാം വളരെ മാന്യമായി കേട്ടിരുന്നെങ്കിലും, പിന്നീട് റോഡുകൾ, റിസോർട്ടുകൾ, റിയൽ എസ്റ്റേറ്റ്, രാഷ്ട്രീയ ലാഭമുണ്ടാക്കുന്ന "വികസനം" എന്നീ പരിചിത ശൈലികളിലേക്ക് തന്നെ മടങ്ങിയെത്തി. പരിസ്ഥിതി പ്രവർത്തകർ വികസനത്തിന് തടസ്സമാകുന്നവരായി ചിത്രീകരിക്കപ്പെട്ടു. പാരിസ്ഥിതിക ആശങ്കകൾ രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് അപൂർവ്വമായിരുന്നു.

കേരളത്തിലെ മുഖ്യധാര രാഷ്ട്രീയത്തിൽ ദീർഘകാലമായി വേറിട്ട പരിസ്ഥിതി കാഴ്ച്ചപ്പാട് വെച്ചുപുലർത്തുന്ന വി.ഡി. സതീശന്റെ വളർച്ചയോടെ ആ രാഷ്ട്രീയ അന്തരീക്ഷം ഇപ്പോൾ മാറിയേക്കാം. സതീശന്റെ ഈ ഉയർച്ച കോൺഗ്രസിനുള്ളിലെ ഒരു നേതൃമാറ്റം മാത്രമല്ല. കഴിഞ്ഞ ദശകത്തിൽ പ്രളയങ്ങളും ഉരുൾപൊട്ടലുകളും തീരശോഷണവും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങളും ആവർത്തിച്ചു തകർത്ത ഒരു സംസ്ഥാനത്ത്, ഭരണത്തിന്റെ കേന്ദ്രത്തിലേക്ക് പാരിസ്ഥിതിക രാഷ്ട്രീയം കടന്നുവരുന്നതിന്റെ സൂചനയാണിത്.

കാടുകൾ രൂപപ്പെടുത്തിയ വ്യക്തിത്വം

വർഷങ്ങളായി കേരള രാഷ്ട്രീയത്തിൽ അത്ര സുഖകരമല്ലാത്ത ഒരു സ്ഥാനത്തായിരുന്നു സതീശൻ. അദ്ദേഹം ഒരു പരമ്പരാഗത പരിസ്ഥിതി പ്രവർത്തകനോ സംരക്ഷണവാദിയോ ആയിരുന്നില്ല. എന്നിട്ടും മിക്ക മുഖ്യധാരാ രാഷ്ട്രീയക്കാരും ഒഴിവാക്കിയ ചോദ്യങ്ങൾ അദ്ദേഹം നിരന്തരം ഉന്നയിച്ചു. ഇരുമുന്നണികളുടെയും സംരക്ഷണം ക്വാറി ലോബികൾക്ക് ലഭിച്ചിരുന്ന കാലത്ത് അദ്ദേഹം അവർക്കെതിരെ സംസാരിച്ചു. പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം തള്ളിക്കളഞ്ഞ വിവാദപരമായ ഗാഡ്ഗിൽ റിപ്പോർട്ടിനെ അദ്ദേഹം പരസ്യമായി പിന്തുണച്ചു. പ്രകൃതിവിനാശകമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ ചോദ്യം ചെയ്ത അദ്ദേഹം, കേരളം പാരിസ്ഥിതിക തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

2018-ലെ പ്രളയത്തിന് ശേഷം പരിസ്ഥിതിവാദം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതിന് വളരെ മുമ്പ് തന്നെ അദ്ദേഹം ഈ നിലപാടുകൾ സ്വീകരിച്ചിരുന്നു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കാടും വന്യതയുമാണ് സതീശൻ എന്ന രാഷ്ട്രീയക്കാരന്റെ വൈകാരിക പശ്ചാത്തലം രൂപപ്പെടുത്തിയതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. 1980-കളുടെ തുടക്കത്തിൽ തന്റെ സ്കൂൾ കാലഘട്ടത്തിലാണ് പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം ആരംഭിക്കുന്നത്. അക്കാലത്ത് സൈലന്റ് വാലി, പറമ്പിക്കുളം, പെരിയാർ, അഗസ്ത്യാർകൂടം, മുത്തങ്ങ, കബിനി തുടങ്ങിയ വനമേഖലകളിലൂടെയും ആദിവാസി ഊരുകളിലൂടെയും അദ്ദേഹം യാത്ര ചെയ്തു.

ആ യാത്രകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്തകളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. പരിസ്ഥിതി ദുരന്തങ്ങൾ അവഗണിക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ മാത്രം കാലാവസ്ഥയെക്കുറിച്ചും സുസ്ഥിരതയെക്കുറിച്ചും സംസാരിച്ചു തുടങ്ങിയ പല രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തമായി, സതീശന്റെ പാരിസ്ഥിതിക ആശങ്കകൾ പതിറ്റാണ്ടുകളായുള്ള നിരീക്ഷണങ്ങളിലും അനുഭവങ്ങളിലും വേരൂന്നിയതായിരുന്നു.

ഗാഡ്ഗിൽ നിമിഷം

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതിയെ (Gadgil Committee) ചൊല്ലിയുള്ള കടുത്ത വിവാദത്തിനിടയിലാണ് അദ്ദേഹത്തിന്റെ പരിസ്ഥിതി രാഷ്ട്രീയത്തിലെ നിർണ്ണായക നിമിഷം ഉണ്ടാകുന്നത്. ലോകത്തിലെ ഏറ്റവും സവിശേഷമായ ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തിൽ ശക്തമായ പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ ശുപാർശ ചെയ്തുകൊണ്ട് സമിതി 2011-ൽ റിപ്പോർട്ട് സമർപ്പിച്ചു. മൈനിംഗ്, ക്വാറി, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും, വികേന്ദ്രീകൃത പരിസ്ഥിതി ഭരണവും പരിസ്ഥിതിലോല മേഖലകളുടെ വർഗ്ഗീകരണവും നടപ്പിലാക്കാനും റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഉടൻ തന്നെ കേരളത്തിൽ ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ശക്തരായ സഭാ നേതൃത്വങ്ങളും പ്ലാന്റേഷൻ ഉടമകളും ക്വാറി മാഫിയകളും രാഷ്ട്രീയ പാർട്ടികളും ഈ റിപ്പോർട്ട് കർഷകർക്കും കുടിയേറ്റക്കാർക്കും എതിരാണെന്ന് ചിത്രീകരിച്ചു. മലയോര ജില്ലകളിൽ ഭയത്തിന്റെ അന്തരീക്ഷം അതിവേഗം പടർന്നു. കർഷകർ സ്വന്തം ഭൂമിയിൽ നിന്ന് ഒഴിപ്പിക്കപ്പെടുമെന്ന് പ്രചരിപ്പിക്കപ്പെട്ടു. ഗാഡ്ഗിൽ റിപ്പോർട്ട് തങ്ങളുടെ ഉപജീവനമാർഗ്ഗം തകർക്കുമെന്നും വികസനം തടസ്സപ്പെടുത്തുമെന്നും ജനങ്ങൾ വിശ്വസിച്ചു.

തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് ഭൂരിഭാഗം രാഷ്ട്രീയക്കാരും പിൻവാങ്ങി. എന്നാൽ സതീശൻ പിന്മാറിയില്ല. ഒരു എം.എൽ.എ എന്ന നിലയിൽ, റിപ്പോർട്ടിനെക്കുറിച്ച് ശാസ്ത്രീയമായ സംവാദം നടക്കേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം പരസ്യമായി പിന്തുണയ്ക്കുകയും, കക്ഷിതാൽപ്പര്യക്കാർ ജനങ്ങൾക്കിടയിൽ ഭീതിയും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ന് സുസ്ഥിരതയെക്കുറിച്ച് സംസാരിക്കുന്ന പാർട്ടികൾ പോലും അന്ന് ഗാഡ്ഗിൽ ശുപാർശകളെ തള്ളിക്കളയുകയോ ലഘൂകരിക്കുകയോ ചെയ്തപ്പോൾ, ശാസ്ത്രീയ മുന്നറിയിപ്പുകളെ കേരളത്തിന് ദീർഘകാലം അവഗണിക്കാൻ കഴിയില്ലെന്ന് സതീശൻ ഉറപ്പിച്ചു പറഞ്ഞു. ഗാഡ്ഗിൽ വിവാദ കാലത്തെ സതീശന്റെ നിലപാട് രാഷ്ട്രീയമായി ഇന്നും ഏറെ പ്രാധാന്യമുള്ളതാണെന്ന് പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ പറയുന്നു. "ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെയുള്ള സംഘടിത പ്രചാരണത്തിന് മുന്നിൽ ഏതാണ്ട് എല്ലാവരും കീഴടങ്ങുകയായിരുന്നു. മലയോര മേഖലകളിൽ വോട്ട് നഷ്ടപ്പെടുമെന്ന് രാഷ്ട്രീയ പാർട്ടികൾ ഭയന്നു. ഹ്രസ്വകാല രാഷ്ട്രീയ ലാഭങ്ങൾക്കായി പരിസ്ഥിതിയെ ബലികഴിക്കാനാവില്ലെന്ന് പരസ്യമായി വാദിച്ച ചുരുക്കം ചില മുഖ്യധാരാ രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു സതീശൻ," അദ്ദേഹം വ്യക്തമാക്കുന്നു.

കേരളത്തെ മാറ്റിയ കാലാവസ്ഥാ ദുരന്തങ്ങൾ

2018-ലെയും 2019-ലെയും പ്രളയങ്ങളും അതിനെത്തുടർന്ന് വയനാട്ടിലും ഇടുക്കിയിലും ആവർത്തിച്ചുണ്ടായ ഉരുൾപൊട്ടലുകളും പരിസ്ഥിതിയെയും വികസനത്തെയും കുറിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ച്ചപ്പാടുകളെ അടിമുടി മാറ്റിമറിച്ചു. ഈ വിനാശത്തിന്റെ വ്യാപ്തിക്ക് കാരണം കനത്ത മഴ മാത്രമല്ല, പരിസ്ഥിതിലോല പ്രദേശങ്ങളിലെ ക്വാറി ഖനനം, മലഞ്ചെരുവുകളിലെ അസ്ഥിരത, വനനശീകരണം, അനിയന്ത്രിതമായ നിർമ്മാണങ്ങൾ എന്നിവ കൂടിയാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിച്ചു. ഈ ദുരന്തങ്ങളിൽ പലതും "മനുഷ്യനിർമ്മിതമാണ്" എന്ന് ഗാഡ്ഗിൽ ആവർത്തിച്ച് വ്യക്തമാക്കി. പെട്ടെന്ന് തന്നെ പരിസ്ഥിതി പ്രശ്നങ്ങൾ വെറും ആക്ടിവിസ്റ്റുകളുടെയോ അക്കാദമിക് വിദഗ്ദ്ധരുടെയോ മാത്രം ചർച്ചയല്ലാതായി മാറി; അവ നിലനിൽപ്പിന്റെ ചോദ്യങ്ങളായി രൂപാന്തരപ്പെട്ടു.

2011-2016 കാലഘട്ടത്തിൽ, കോൺഗ്രസ് നേതൃത്വം നൽകുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനുള്ളിൽ (UDF) നിയമസഭയ്ക്കകത്ത് നിരന്തരം പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ച ചെറുപ്പക്കാരായ ജനപ്രതിനിധികളുടെ ഒരു ചെറിയ കൂട്ടായ്മയുടെ ഭാഗമായി സതീശൻ മാറി. വി.ടി. ബൽറാം, ടി.എൻ. പ്രതാപൻ തുടങ്ങിയ നേതാക്കൾക്കൊപ്പം ചേർന്ന് അദ്ദേഹം പരിസ്ഥിതി നാശമുണ്ടാക്കുന്ന പദ്ധതികളെ ചോദ്യം ചെയ്യുകയും, ജലസ്വകാര്യവൽക്കരണത്തെ എതിർക്കുകയും, തണ്ണീർത്തട നാശവും അനിയന്ത്രിതമായ ക്വാറി ഖനനവും ഭൂമി പരിവർത്തനവും നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തു. രാഷ്ട്രീയ വൃത്തങ്ങൾക്കിടയിൽ അദ്ദേഹം കേരളത്തിന്റെ "ഗ്രീൻ എം.എൽ.എ" എന്ന് വിളിക്കപ്പെടാൻ തുടങ്ങി.

നെല്ലിയാമ്പതിയിലെ അനധികൃത ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള ഇടപെടലുകളിലൊന്ന്. പാട്ടക്കാലാവധി കഴിഞ്ഞ സ്വകാര്യ പ്ലാന്റേഷനുകളും എസ്റ്റേറ്റുകളും കൈവശം വെച്ചിരിക്കുന്ന വനഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്ന് സതീശൻ വാദിച്ചു. കേരളത്തിൽ പാർട്ടി വ്യത്യാസമില്ലാതെ കാലങ്ങളായി രാഷ്ട്രീയ സംരക്ഷണം അനുഭവിച്ചുപോന്ന വൻകിട പ്ലാന്റേഷൻ ഗ്രൂപ്പുകൾക്കുള്ള വെല്ലുവിളിയായിരുന്നു ആ ആവശ്യം. ശക്തമായ സാമ്പത്തിക ശക്തികളെ നേരിടാനുള്ള അപൂർവ്വമായ ധീരതയാണ് ആ ഇടപെടൽ വ്യക്തമാക്കിയതെന്ന് പരിസ്ഥിതി പ്രവർത്തകൻ എൻ. ബാദുഷ പറയുന്നു. "കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയം സാധാരണയായി ബിസിനസ്സ് താല്പര്യങ്ങൾ തുടങ്ങുന്നിടത്ത് അവസാനിക്കാറാണ് പതിവ്. പ്ലാന്റേഷൻ മുതലാളിമാർക്കും ക്വാറി-ടൂറിസം ഗ്രൂപ്പുകൾക്കും എല്ലാ രാഷ്ട്രീയ പാർട്ടികളിലും വലിയ സ്വാധീനമുണ്ട്. സതീശൻ ഇത്തരം ഘടനകളെ പരസ്യമായി ചോദ്യം ചെയ്യാൻ ശ്രമിച്ചു," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പ്രതീകാത്മകതയ്ക്ക് അപ്പുറം

പിന്നീട് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ, ഇടതുപക്ഷ സർക്കാർ നിർദ്ദേശിച്ച സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽപ്പാതയുടെ ഏറ്റവും ശക്തനായ വിമർശകനായി സതീശൻ മാറി. പദ്ധതിയുടെ പരിസ്ഥിതി ആഘാതം, സാമ്പത്തിക ലാഭം, ഭൂമി ഏറ്റെടുക്കൽ രീതി എന്നിവയെ അദ്ദേഹം ചോദ്യം ചെയ്തു. പദ്ധതി തണ്ണീർത്തടങ്ങളെയും നെൽവയലുകളെയും തകർക്കുമെന്നും കേരളത്തെ വൻ കടക്കെണിയിലാക്കുമെന്നും വിമർശകർ വാദിച്ചു. അനിയന്ത്രിതമായ നിർമ്മാണാധിഷ്ഠിത വളർച്ചയ്ക്ക് പകരം സുസ്ഥിരതയിൽ ഊന്നിയ ഒരു ബദൽ വികസന മാതൃക മുന്നോട്ടുവെക്കാൻ സതീശൻ ശ്രമിച്ചു.

അദ്ദേഹത്തിന്റെ പ്രായോഗികമായ ചില പരിസ്ഥിതി ഇടപെടലുകൾ സ്വന്തം മണ്ഡലത്തിൽ നിശബ്ദമായി നടക്കുന്നുണ്ട്. കൊച്ചിക്കടുത്തുള്ള പറവൂരിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ വേലിയേറ്റ വെള്ളപ്പൊക്കം തടയാൻ ശ്രമിക്കുന്ന 'ഇക്വിനോക്ട്' (Equinoct) എന്ന ശാസ്ത്ര ഗവേഷണ കൂട്ടായ്മയെ സതീശൻ സഹായിക്കുന്നുണ്ട്. സമുദ്രനിരപ്പ് ഉയരുന്നതും തണ്ണീർത്തടങ്ങളുടെ നാശവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഈ തീരദേശ മേഖല കടുത്ത വേലിയേറ്റ ഭീഷണി നേരിടുന്നുണ്ട്. ഈ പ്രദേശത്തെ ലവണാംശം കലരൽ, വെള്ളപ്പൊക്ക സാധ്യതകൾ, ശാസ്ത്രീയമായ പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് ഈ കൂട്ടായ്മയിലെ ഗവേഷകർ പഠനം നടത്തിവരികയാണ്.

കേരളത്തിലെ കാലാവസ്ഥാ പ്രതിസന്ധി പ്രാദേശികമായി അനുഭവപ്പെട്ടു തുടങ്ങുന്നതിനാൽ ഇത്തരം പ്രാദേശിക ഇടപെടലുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് എഴുത്തുകാരിയും പരിസ്ഥിതി നിരീക്ഷകയുമായ വീണ മരത്തൂർ പറയുന്നു. "മനുഷ്യർ തങ്ങളുടെ വീടുകൾക്കുള്ളിലെ വെള്ളപ്പൊക്കത്തിലൂടെയും, വറ്റിവരണ്ട് ഇല്ലാതാകുന്ന കുളങ്ങളിലൂടെയും, ഉപ്പുവെള്ളം കയറുന്നതിലൂടെയും, അസഹനീയമായ ചൂടിലൂടെയുമാണ് കാലാവസ്ഥാ വ്യതിയാനം അനുഭവിച്ചറിയുന്നത്. പരിസ്ഥിതി രാഷ്ട്രീയം ഇനിമേൽ കേവലം സിദ്ധാന്തമായി തുടരാനാവില്ല. പറവൂരിലെയും കുട്ടനാട്ടിലെയും പോലുള്ള യാഥാർത്ഥ്യങ്ങളെയാണ് അത് അഭിസംബോധന ചെയ്യേണ്ടത്," അവർ വ്യക്തമാക്കുന്നു.

എന്നിരുന്നാലും, ഒരു "ഹരിത മുഖ്യമന്ത്രി" എന്ന ഈ സങ്കൽപ്പത്തിന് മുന്നിൽ വലിയ വൈരുദ്ധ്യങ്ങളുണ്ട്. പരിസ്ഥിതി നാശമുണ്ടാക്കുന്ന സാമ്പത്തിക മേഖലകളെയാണ് കേരളം ഇപ്പോഴും വളരെയധികം ആശ്രയിക്കുന്നത്. ക്വാറി ഖനനമാണ് അടിസ്ഥാന സൗകര്യ വികസനത്തെയും രാഷ്ട്രീയ ഫണ്ടിംഗിനെയും താങ്ങിനിർത്തുന്നത്. മൂന്നാർ, വാഗമൺ, വയനാട് തുടങ്ങിയ പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഹിൽ ടൂറിസം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നഗരവൽക്കരണത്തിന്റെ ഭാഗമായി തണ്ണീർത്തടങ്ങൾ വർഷംതോറും അപ്രത്യക്ഷമാകുന്നു. തീരദേശ ഗ്രാമങ്ങളിൽ കടലാക്രമണം രൂക്ഷമാകുന്നു. മലിനീകരണവും മണൽവാരലും കാരണം നദികൾ തകർന്നുകൊണ്ടിരിക്കുകയാണ്. പാരിസ്ഥിതിക ഭരണത്തെ ഗൗരവമായി കാണുന്ന ഏതൊരു സർക്കാരിനും ഒടുവിൽ മൈനിംഗ്, നിർമ്മാണം, പ്ലാന്റേഷൻ മുതലാളിമാർ, ടൂറിസം തുടങ്ങിയ രാഷ്ട്രീയ സ്വാധീനമുള്ള വൻകിട ലോബികളെ നേരിടേണ്ടി വരും.

യഥാർത്ഥ പരീക്ഷണം

സതീശൻ തന്നെ പലപ്പോഴും വളരെ ശ്രദ്ധാപൂർവ്വമായ രാഷ്ട്രീയ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ഉദാഹരണത്തിന്, വനങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല ബഫർ സോൺ (Buffer zone) വിഷയത്തിൽ, ശാസ്ത്രീയമായ ആശങ്കകളും കുടിയൊഴിപ്പിക്കൽ ഭയക്കുന്ന കർഷകരുടെയും കുടിയേറ്റക്കാരുടെയും ആശങ്കകളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഇത്തരം നീക്കങ്ങൾ രാഷ്ട്രീയ തന്ത്രമായി തോന്നാം. എന്നാൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രതിസന്ധിക്ക് ഒടുവിൽ ജനപ്രിയമല്ലാത്ത കടുത്ത തീരുമാനങ്ങൾ തന്നെ എടുക്കേണ്ടി വന്നേക്കാം. അതാണ് ഇപ്പോൾ അദ്ദേഹത്തിന് മുന്നിലുള്ള വലിയ വെല്ലുവിളി. പ്രായോഗികമായി പരിസ്ഥിതി വിനാശകരമായ ഭരണം തുടരുമ്പോഴും, പരിസ്ഥിതിയെക്കുറിച്ച് വലിയ പ്രസംഗങ്ങൾ നടത്തുന്ന രീതിയാണ് കേരളം പണ്ടുമുതലേ ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ സതീശന്റെ ഈ ഉയർച്ചയുടെ യഥാർത്ഥ പ്രാധാന്യം കേവലം പ്രതീകാത്മകതയിലല്ല, മറിച്ച് പാരിസ്ഥിതിക ആശങ്കകൾ പ്രസംഗങ്ങളിൽ നിന്ന് മാറി ഒടുവിൽ സംസ്ഥാനത്തിന്റെ നയങ്ങളായി മാറുന്നുണ്ടോ എന്നതിലാണ്.

നിലവിൽ, പരിസ്ഥിതി തകർച്ചയെക്കുറിച്ച് അറിവില്ലെന്ന് അവകാശപ്പെടാൻ കഴിയാത്ത ഒരു നേതാവിനെയാണ് കേരളം ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്. പ്രതിപക്ഷ ബെഞ്ചിലിരുന്ന് വർഷങ്ങളോളം ഈ അപകടങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇനി ഈ പ്രതിസന്ധികൾക്കിടയിലൂടെ വേണം അദ്ദേഹത്തിന് ഭരണം നയിക്കാൻ.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in