ലോകത്ത് 27.3 കോടി കുട്ടികൾ സ്കൂളിന് പുറത്ത്: യുനെസ്കോ റിപ്പോർട്ട്

വ്യവസ്ഥാപിതമായ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് മുൻഗണന നൽകുന്നതിനും സർക്കാരുകളും അന്താരാഷ്ട്ര സംഘടനകളും സന്നദ്ധ സംഘടനകളും (Civil society) ഒരുമിച്ച് പ്രവർത്തിക്കണം
ആഗോളതലത്തിൽ സ്‌കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം 27.3 കോടിയായി വർദ്ധിച്ചു: യുനെസ്കോ
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ഒരു സ്കൂൾ.വിക്രം രഘുവംശി ഐസ്റ്റോക്ക് വഴി
Published on

പുതിയ റിപ്പോർട്ട് പ്രകാരം, 2024-ൽ 27.3 കോടി കുട്ടികളും, കൗമാരക്കാരും, യുവാക്കളും സ്കൂൾ വിദ്യാഭ്യാസത്തിന് പുറത്താണ്. സംഘർഷങ്ങൾ രൂക്ഷമായി ബാധിച്ച പത്ത് രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 1.3 കോടിയിലധികം കുട്ടികളെ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

യുനെസ്കോ പ്രസിദ്ധീകരിച്ച, “2026 ജി.ഇ.എം റിപ്പോർട്ട് - അക്സസ് ആൻഡ് ഇക്വിറ്റി: കൗണ്ട്ഡൗൺ ടു 2030 “2026 GEM report - Access and equity: Countdown to 2030” വ്യക്തമാക്കുന്നത്, ലോകമെമ്പാടുമുള്ള സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ ആറിൽ ഒരാൾ വീതം വിദ്യാഭ്യാസത്തിൽ നിന്ന് പുറന്തള്ളപ്പെട്ടിരിക്കുന്നു എന്നാണ്. കൂടാതെ, വെറും മൂന്നിൽ രണ്ട് വിദ്യാർത്ഥികൾ മാത്രമാണ് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്.

പശ്ചിമേഷ്യയിൽ ഈ സാഹചര്യം ഇന്ന് അതീവ ഗൗരവകരമാണ്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ കാരണം നിരവധി സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതമായത് ദശലക്ഷക്കണക്കിന് കുട്ടികളെ ക്ലാസ് മുറികൾക്ക് പുറത്താക്കി. ഇത് അവർ പഠനത്തിൽ പിന്നോക്കം പോകാനുള്ള വലിയ ഭീഷണി ഉയർത്തുന്നു.

2030-ഓടെ എല്ലാവർക്കും തുല്യവും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ആഗോള ലക്ഷ്യത്തിലേക്കുള്ള പുരോഗതിയെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലാണ് ഈ വിശകലനം നൽകുന്നത്..

പ്രധാന കണ്ടെത്തലുകൾ

കേവലം പ്രവേശനം കൊണ്ടുമാത്രം അർത്ഥവത്തായ പഠനം ഉറപ്പാക്കാൻ കഴിയില്ല എന്നതാണ് ഈ വിലയിരുത്തലിൽ ഉയർത്തുന്ന ഒരു പ്രധാന ആശങ്ക.

പല രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള എൻറോൾമെന്റ് നിരക്ക് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ദശലക്ഷക്കണക്കിന് കുട്ടികളും യുവാക്കളും ഇപ്പോഴും സ്കൂളിന് പുറത്താണ്, പ്രത്യേകിച്ച് വരുമാനം കുറഞ്ഞ രാജ്യങ്ങളിലും സംഘർഷ ബാധിത മേഖലകളിലും. പെൺകുട്ടികൾ, ഭിന്നശേഷിയുള്ള കുട്ടികൾ, ഗ്രാമീണ ജനത, കുടിയിറക്കപ്പെട്ട പഠിതാക്കൾ എന്നിവർ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തെയും പങ്കാളിത്തത്തെയും തടയുന്ന വ്യവസ്ഥാപിതമായ വെല്ലുവിളികൾ നേരിട്ടുകൊണ്ടേയിരിക്കുന്നു.

സ്കൂളിൽ ചേർന്നവർക്കിടയിൽ പോലും, അമിതമായി കുട്ടികളുള്ള ക്ലാസ് മുറികൾ, മതിയായ പരിശീലനം ലഭിക്കാത്ത അധ്യാപകർ, അത്യാവശ്യ പഠന സാമഗ്രികളുടെ കുറവ് എന്നിങ്ങനെ മോശമായ പഠന സാഹചര്യങ്ങൾ പലരും നേരിടുന്നുണ്ട്. ഇത്തരത്തിലുള്ള തടസ്സങ്ങൾ പഠന നിലവാരം തകരാൻ കാരണമാകുന്നു.

ഈ പഠന വിടവ് ദീർഘകാലാടിസ്ഥാനത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് ഭീഷണിയാവുകയും ദാരിദ്ര്യത്തിന്റെയും പാർശ്വവൽക്കരണത്തിന്റെയും പുനരാവർത്തനങ്ങളെ വീണ്ടും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

വിദ്യാഭ്യാസത്തിലെ തുല്യത കൈവരിക്കുന്നതിൽ സാമ്പത്തിക സഹായത്തിനുള്ള (Financing) പങ്കാണ് മറ്റൊരു പ്രധാന കണ്ടെത്തൽ. അപര്യാപ്തവും കൃത്യമായ ലക്ഷ്യമില്ലാത്തതുമായ ഫണ്ടിംഗ് പുരോഗതിയെ തടസ്സപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ, വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുകയാണ്.

സമീപകാലത്തെ ആഗോള തടസ്സങ്ങളെത്തുടർന്ന് കൂടുതൽ പ്രകടമായ 'ഡിജിറ്റൽ വിഭജന'ത്തിലേക്കും (Digital divide) റിപ്പോർട്ട് ശ്രദ്ധ ക്ഷണിക്കുന്നു. സാങ്കേതികവിദ്യയ്ക്ക് വിദ്യാഭ്യാസ വ്യാപ്തി വർദ്ധിപ്പിക്കാൻ കഴിയുമെങ്കിലും, ദശലക്ഷക്കണക്കിന് പഠിതാക്കൾക്ക് ഇപ്പോഴും ഉപകരണങ്ങളോ ഇന്റർനെറ്റ് സൗകര്യമോ ഡിജിറ്റൽ നൈപുണ്യമോ ഇല്ല. കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ, ഡിജിറ്റൽ വിദ്യാഭ്യാസം നിലവിലുള്ള അസമത്വങ്ങൾ കുറയ്ക്കുന്നതിന് പകരം അവ വർദ്ധിപ്പിക്കാൻ കാരണമാകും.

വെല്ലുവിളികൾക്കിടയിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള വിദ്യാഭ്യാസ രംഗത്തുണ്ടായ സുപ്രധാന നേട്ടങ്ങളെക്കുറിച്ചും 2026-ലെ ജി.ഇ.എം റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്.

2000-ന് ശേഷം സ്കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണത്തിൽ 80 ശതമാനത്തോളം കുറവ് വരുത്താൻ ചില രാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കുട്ടികൾക്കിടയിൽ മഡഗാസ്കർ, ടോഗോ എന്നിവയും, കൗമാരക്കാർക്കിടയിൽ മൊറോക്കോ, വിയറ്റ്നാം എന്നിവയും, യുവാക്കൾക്കിടയിൽ ജോർജ്ജിയ, തുർക്കിയെ എന്നിവയും ഇതിന് ഉദാഹരണങ്ങളാണ്. ഇതേ കാലയളവിൽ ഐവറി കോസ്റ്റ് (Cote d’Ivoire) മൂന്ന് പ്രായവിഭാഗങ്ങളിലും സ്കൂളിന് പുറത്തുള്ളവരുടെ എണ്ണം പകുതിയായി കുറച്ചു.

സമാനമായ സാഹചര്യങ്ങൾ നിലനിന്നിട്ടും ചില രാജ്യങ്ങൾ മാത്രം എങ്ങനെ വേഗത്തിൽ പുരോഗതി കൈവരിച്ചു എന്നും മറ്റ് ചില രാജ്യങ്ങൾ എവിടെയാണ് പിന്നിലായിപ്പോയത് എന്നും വിശദീകരിക്കുന്ന 35 രാജ്യങ്ങളുടെ കേസ് സ്റ്റഡികളും ഈ രേഖയിൽ ഉൾപ്പെടുന്നു.

ഭാവിയിലേക്ക് നോക്കുമ്പോൾ

2030-ലേക്കുള്ള സമയപരിധി അടുത്തെത്തിനിൽക്കെ, കൂടുതൽ വേഗത്തിലുള്ള നടപടികൾ അത്യന്താപേക്ഷിതമാണെന്ന് ഈ റിപ്പോർട്ട് ഊന്നിപ്പറയുന്നു.

വ്യവസ്ഥാപിതമായ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് മുൻഗണന നൽകുന്നതിനും സർക്കാരുകളും, അന്താരാഷ്ട്ര സംഘടനകളും, സന്നദ്ധ സംഘടനകളും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. കുട്ടികളെ സ്കൂളിലെത്തിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അവർ അവിടെ തുടരുന്നുണ്ടെന്നും കൃത്യമായി പഠിക്കുന്നുണ്ടെന്നും, വളരുന്നുണ്ടെന്നും ഉറപ്പാക്കുന്നതിലായിരിക്കണം നയരൂപീകരണങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in