മാറ്റത്തിന് തിരികൊളുത്തുന്ന സ്ത്രീകൾ: ഒരു പുതിയ തുടക്കം

ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ, ആദിവാസി സ്ത്രീകൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിയാനും പീഡനങ്ങൾ നേരിടാനും ഗെയിമുകൾ ഉപയോഗിക്കുന്നു.
സ്ത്രീകൾക്കുള്ള മാറ്റത്തിന്റെ ഗെയിമുകൾ
ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ സുബ്ദേഗ ബ്ലോക്കിലെ ഒരു സംഗിനിധർ സെന്ററിൽ സെഷനിലെ ഒരു ഗെയിം ഫോട്ടോ കടപ്പാട്: ആത്മശക്തി ട്രസ്റ്റ്
Published on

ഒഡീഷയിലെ പെറുഅഭദി ഗ്രാമത്തിലെ ഒരു ചെറിയ മുറിയിൽ ആ വാക്കുകൾ മുഴങ്ങുന്നു. 20-30 സ്ത്രീകളടങ്ങുന്ന ഒരു സംഘം അകത്തിരുന്ന് കളികളിൽ പൂർണ്ണമായി മുഴുകിയിരിക്കുന്നു - ഇതൊരു സാധാരണ കളിയല്ല, അക്കങ്ങൾ ഒത്തുനോക്കുന്ന 5x5 കാർഡുകൾ വെച്ചുള്ള കളിയുമല്ല. മറിച്ച്, തങ്ങൾ നേരിട്ട സാഹചര്യങ്ങളോട് അവർ പ്രതികരിക്കുന്നു: ബസ്സിൽ വെച്ചുണ്ടാകുന്ന ശല്യപ്പെടുത്തലുകൾ, ജോലിസ്ഥലത്ത് നേരിടുന്ന അപമാനങ്ങൾ, അല്ലെങ്കിൽ വീട്ടിലെ കളിയാക്കലുകൾ. കേൾക്കുമ്പോൾ ഗൗരവമായി തോന്നാമെങ്കിലും, ഈ അനുഭവങ്ങൾ എത്രത്തോളം സാധാരണമാണെന്നും സ്ത്രീകൾക്ക് എങ്ങനെ അതിനെ നേരിടാമെന്നും ചർച്ച ചെയ്യാൻ ഈ കളി വഴിയൊരുക്കുന്നു.

ട്രൈബൽ വിഭാഗം കൂടുതലുള്ള സുന്ദർഗഡ് ജില്ലയിലെ സുബ്ദേഗ ബ്ലോക്കിലെ 23 ഗ്രാമങ്ങളിൽ, കഴിഞ്ഞ ഒരു വർഷമായി ഉയർന്നുവന്ന സ്ത്രീകളുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി സെന്ററുകളിൽ ഇത്തരം കളികൾ ഇപ്പോൾ പതിവാണ്. ‘സംഗിനിധർ’ എന്ന് പേരിട്ടിരിക്കുന്ന ഈ സെന്ററുകളിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും സ്ത്രീകൾ ഒത്തുചേരുന്നു. ലക്ഷ്യം വളരെ ലളിതമാണ്: അവരുടെ "കോച്ച് ക്വീൻസുമാർ" സംഘടിപ്പിക്കുന്ന ഖോ-ഖോ, കബഡി, അല്ലെങ്കിൽ പിട്ടു (ഏഴാം കല്ല്) തുടങ്ങിയ കളികൾ കളിക്കുക, കളിക്കിടയിലോ ശേഷമോ ജീവിതത്തെയും ജോലിയെയും കുറിച്ച് അനൗദ്യോഗികമായി ആശയങ്ങൾ പങ്കുവെക്കുക. ഭോജ്പൂർ ഗ്രാമത്തിലെ താമസക്കാരിയായ പൂനം ധൂരിയ പറയുന്നു, "സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഖോ-ഖോ കളിക്കാൻ വലിയ ഇഷ്ടമായിരുന്നു. വളർന്നപ്പോൾ ആ ഹോബി നഷ്ടപ്പെട്ടു പോയി, ഇപ്പോൾ ഇതൊരു തിരിച്ചു വരവാണ്."

മറ്റുള്ളവർക്ക്, മാനസികവും ശാരീരികവുമായ ആരോഗ്യം, ആർത്തവ ശുചിത്വം, അല്ലെങ്കിൽ ദുരുപയോഗം, ശല്യപ്പെടുത്തലുകൾ തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളെ അഭിമുഖീകരിക്കാനുള്ള അപൂർവ്വമായ കരുത്ത് ഈ കേന്ദ്രം നൽകുന്നു. തന്റെ ഗ്രാമത്തിലെ സംഗിനിധർ കേന്ദ്രത്തിലെ കോച്ച് ക്വീനായ മദൻബഹൽ ഗ്രാമവാസിയായ തൃപ്തി സോറെങ് പറയുന്നു: "നേരത്തെ, ഞങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യുക മാത്രമായിരുന്നു ചെയ്തിരുന്നത്, ഞങ്ങളിൽ പലരും നിരന്തരമായ അതിക്രമങ്ങൾ നേരിട്ടിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് മാറിനിൽക്കാനുള്ള ഒരവസരം ഈ കേന്ദ്രം ഞങ്ങൾക്ക് നൽകുന്നു."

ഒറാവോൺ ഗോത്രവർഗ്ഗക്കാർ കൂടുതലുള്ള സുന്ദർഗഡിൽ കായിക വിനോദങ്ങൾക്ക്, പ്രത്യേകിച്ച് ഹോക്കിയ്ക്ക്, പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ വലിയ പ്രചാരമുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകളെ കളികളിലൂടെ ഒന്നിപ്പിക്കുക എന്ന ആശയം അവിടെ വലിയ സ്വാധീനം ചെലുത്തുന്നു. കിരളഗ ഗ്രാമത്തിലെ താമസക്കാരിയായ ലക്ഷ്മി ബാഗ് പറയുന്നതനുസരിച്ച്, സ്ത്രീകൾക്ക് പലപ്പോഴും കളിക്കാൻ ആവശ്യമായ സ്ഥലമോ അവസരമോ ലഭിക്കാറില്ല. ഒഡീഷയിലെയും മറ്റ് ആറ് സംസ്ഥാനങ്ങളിലെയും ട്രൈബൽ മേഖലകളിൽ പ്രവർത്തിക്കുന്ന നോയിഡ ആസ്ഥാനമായുള്ള 'ആത്മശക്തി ട്രസ്റ്റ്' ആണ് സംഗിനിധർ കേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്തത്. 2024-ൽ ആത്മശക്തി ട്രസ്റ്റിന്റെ വളണ്ടിയർമാരും പെറുഅഭദി ഗ്രാമത്തിലെ സ്ത്രീകളും ചേർന്നാണ് ആദ്യത്തെ കളിസായാഹ്നം നടത്തിയത്. ഈ പരിപാടി ഒരു പതിവ് കാര്യമായി മാറുകയും ഒടുവിൽ സ്ത്രീകൾ ഗ്രാമത്തിലെ ഒഴിഞ്ഞുകിടന്ന കമ്മ്യൂണിറ്റി സെന്റർ ഏറ്റെടുത്ത് അതിന് 'സംഗിനിധർ' എന്ന് പേരിടുകയും ചെയ്തു. മറ്റ് ഗ്രാമങ്ങളിലെ സ്ത്രീകളും ഇതിനെ പിന്തുടർന്ന് കൂടുതൽ കേന്ദ്രങ്ങൾ തുറന്നു.

ഭാഗപദി ഗ്രാമത്തിലെ താമസക്കാരിയായ അഞ്ജന ഖാഡിയ പറയുന്നതനുസരിച്ച്, തങ്ങളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനോ മനസ്സിലാക്കാനോ ഉള്ള അവസരം ജില്ലയിലെ സ്ത്രീകൾക്ക് കുറവാണ്. "സുബ്ദേഗ ബ്ലോക്കിലെ രണ്ട് പഞ്ചായത്തുകളിൽ ഞാൻ ജൻസാഥി (വളണ്ടിയർ) ആയി പ്രവർത്തിക്കുന്നു, ഈ വിഷയങ്ങളിൽ സ്ത്രീകൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്താറുണ്ട്. നേരത്തെ, അവർ ഇതിൽ വലിയ താല്പര്യം കാണിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ, കളിക്കിടയിൽ തന്നെ എല്ലാം ചർച്ച ചെയ്യപ്പെടുന്നു," അഞ്ജന പറയുന്നു.

"സ്ത്രീകൾ ചിരിക്കുന്നു, കളിക്കുന്നു, ഒപ്പം തങ്ങൾ ഒറ്റയ്ക്കല്ലെന്ന് അവർ മനസ്സിലാക്കുന്നു," ആത്മശക്തി ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ രുചി കശ്യപ് പറയുന്നു. സംഗിനിധർ കേന്ദ്രങ്ങളിലെ പങ്കാളിത്തം വർദ്ധിക്കുന്നതിനനുസരിച്ച്, ഈ സംരംഭത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനായി മത്സരങ്ങൾ സംഘടിപ്പിക്കാൻ സ്ത്രീകൾ പദ്ധതിയിടുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in