

‘അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ ഇല്ലാതാക്കും’ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയതിനെ തുടർന്ന്, ഒരു മാസത്തിനുള്ളിൽ തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ ഏകദേശം 1,500 നായകളെയും കുറഞ്ഞത് 10 കുരങ്ങുകളെയും കൊന്നൊടുക്കിയതായി ആരോപണം ഉയർന്നു.
തെലങ്കാനയിൽ അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾക്കു ശേഷമാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് ഒരു മൃഗസംരക്ഷണ സംഘടനയുടെ ആരോപണം. നായകൾക്ക് വിഷം കുത്തിവച്ചാണ് കൊലപ്പെടുത്തിയത്, ഇത് മൃഗസംരക്ഷണ നിയമങ്ങളുടെയും കോടതി ഉത്തരവുകളുടെയും വ്യക്തമായ ലംഘനമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
വിഷം നിറച്ച ഇഞ്ചക്ഷനുകൾ നൽകിയാണ് നായകളെ കൊലപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. ഇത് ഗുരുതരമായ മൃഗപീഡനവും 1960ലെ Prevention of Cruelty to Animals Act, Animal Birth Control (ABC) Rules, കൂടാതെ സുപ്രീം കോടതിയുടെ നിർദേശങ്ങൾ എന്നിവയുടെ നേരിട്ടുള്ള ലംഘനവുമാണെന്ന് പ്രവർത്തകർ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും നായകൾക്ക് വിഷം കുത്തിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ടവയിൽ, ഗർഭിണികളായ നായകളും, കുഞ്ഞുങ്ങളും ഉൾപ്പെട്ടിരുന്നുവെന്ന് പ്രവർത്തകർ പറയുന്നു.
സ്ട്രെ ആനിമൽ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ (Stray Animal Foundation of India) യിലെ ജീവനക്കാരിയായ മുദവത്ത് പ്രീതി, കുറഞ്ഞത് 11 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, ഇതിൽ ഏകദേശം 1,430 നായകളുടെ കൊലപാതകവും, മൃഗങ്ങളെ നിയമവിരുദ്ധമായി മാറ്റിപ്പാർപ്പിച്ച രണ്ട് സംഭവങ്ങളും ഉൾപ്പെടുന്നതായും പറഞ്ഞു.
“റിപ്പോർട്ട് ചെയ്ത എല്ലാ സംഭവങ്ങളിലും പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനുവരി 5, 2026 നാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്, ജഗ്ത്യാൽ ജില്ലയിലെ ധർമപുരിയിൽ, 30 നായകൾക്ക് വിഷമടങ്ങിയ ഇഞ്ചക്ഷൻ നൽകി കൊലപ്പെടുത്തിയെന്നാണ് ആരോപണം,” പ്രീതി പറഞ്ഞു.
പിന്നീട് ഹനമകൊണ്ട ജില്ലയിലെ ശ്യാംപേട്ട്, അരെപ്പള്ളി ഗ്രാമങ്ങളിൽ നിന്നും; കാമാരെഡ്ഡി ജില്ലയിലെ ഫാരിദ്പേട്ട്, വാടി, പാൽവാഞ്ച, ഭവാനിപേട്ട്, ബന്ദാരമേശ്വർപള്ളി എന്നിവിടങ്ങളിൽ നിന്നും; രംഗാരെഡ്ഡി ജില്ലയിലെ യാചാരം; നിർമൽ ജില്ലയിലെ ബദൻകുർത്തി എന്നിവിടങ്ങളിൽ നിന്നും സമാന കേസുകൾ റിപ്പോർട്ട് ചെയ്തതായി പ്രീതി പറഞ്ഞു. കാമാരെഡ്ഡിയിൽ 10 കുരങ്ങുകളെയും വിഷം നൽകി കൊന്നതായി ആരോപണമുണ്ട്.
നിർമൽ, ജഗ്ത്യാൽ ജില്ലകളിലെ പെഗഡപ്പള്ളി, നാഗർകൂർണൂൾ ജില്ലയിലെ തിമ്മൈപ്പള്ളി ഗ്രാമം എന്നിവിടങ്ങളിൽ നിന്നും മറ്റ് സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. വാരംഗലിലെ NIT ക്യാമ്പസിലും, സിദ്ദിപേട്ട് ജില്ലയിലെ ബൊപ്പാപൂർ ഗ്രാമത്തിലും നായകളെ നിയമവിരുദ്ധമായി മാറ്റിപ്പാർപ്പിച്ചതായി ആരോപണമുണ്ട്.
പെഗഡപ്പള്ളി, ഹനമകൊണ്ട ജില്ലകളിൽ മാത്രം ഏകദേശം 300 നായകളെ കൊലപ്പെടുത്തിയതായും, മറ്റ് ഗ്രാമങ്ങളിൽ 100 മുതൽ 200 വരെ നായകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഹനമകൊണ്ട ജില്ലയിലെ പാതിപ്പാക്ക ഗ്രാമത്തിൽ ഏകദേശം 200 നായകളെ കൊലപ്പെടുത്തിയതായി പ്രീതി ആരോപിച്ചു. ഏറ്റവും ഒടുവിലെ കേസ് ജനുവരി 27ന് നാഗർകൂർണൂൾ ജില്ലയിലെ തിമ്മൈപ്പള്ളിയിൽ പോലീസിൽ രജിസ്റ്റർ ചെയ്തു.
റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളിലും നായകൾക്ക് പരാലിസിസ് ഉണ്ടാക്കുന്ന സക്സിനൈൽകോളിൻ (Succinylcholine – SUCOL) എന്ന മരുന്ന് കുത്തിവച്ചതായി പോലീസ് പിടിച്ചെടുത്ത മരുന്നുകളിൽ നിന്നും വ്യക്തമായതായി പ്രീതി പറഞ്ഞു.
“ഇതിനായി ആന്ധ്രപ്രദേശിൽ നിന്നുള്ള ആളുകളെ ഗ്രാമ സർപ്പഞ്ചുമാർ നിയമിച്ചതായാണ് ആരോപണം. നായകളെ കൊന്നതിനു ശേഷം, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾ മൃതദേഹങ്ങൾ നീക്കം ചെയ്ത്, അടക്കം ചെയ്തതായും നിരവധി സംഭവങ്ങളുണ്ട്,” അവർ പറഞ്ഞു.
നവംബറിൽ, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടന്നതായും, തിരഞ്ഞെടുക്കപ്പെട്ടാൽ, അലഞ്ഞു തിരിയുന്ന നായകളെ ഇല്ലാതാക്കുമെന്ന് സ്ഥാനാർത്ഥികൾ വാഗ്ദാനം ചെയ്തിരുന്നതായും ഗ്രാമവാസികളുമായി നടത്തിയ സംഭാഷണങ്ങളിൽ നിന്നും വ്യക്തമായതായി പ്രീതി പറഞ്ഞു. “ഇപ്പോൾ ആ വാഗ്ദാനങ്ങളാണ് നടപ്പാക്കപ്പെടുന്നത്,” അവർ പറഞ്ഞു. സുപ്രീം കോടതി ഇത്തരമൊരു നീക്കം നിർദേശിച്ചിട്ടുണ്ടെന്ന ചില ഗ്രാമവാസികളുടെ വാദം തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മൃഗക്ഷേമ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കെതിരെ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
PETA ഇന്ത്യ യുടെ നിയമോപദേഷ്ടാവായ, മീറ്റ് അഷർ, നായകളെ കൊല്ലുന്നത് നിയമവിരുദ്ധവും ക്രൂരതയും മാത്രമല്ല, ശാസ്ത്രീയമല്ലാത്ത നടപടിയുമാണെന്ന് പറഞ്ഞു. “കൊല്ലപ്പെടുന്ന നായകൾക്ക് പകരം ഉടൻ തന്നെ അടുത്ത പ്രദേശങ്ങളിൽ നിന്നുള്ള മറ്റ് നായകൾ എത്തിച്ചേരും, അതിനാൽ ഇത് പൂർണമായും ഫലപ്രദമല്ല. ഇത്തരം ക്രൂരതകൾ മനുഷ്യരും നായകളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കുകയും നായകളോടുള്ള ഭീതി സൃഷ്ടിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
ആനിമൽ ബർത്ത് കൺട്രോൾ (Animal Birth Control (ABC)) 2001 മുതൽ നിയമപരമായ ആവശ്യകതയാണെന്നും, മുൻപ് ആനിമൽ ബർത്ത് കൺട്രോൾ (Dog) നിയമം, 2001 പ്രകാരവും ഇപ്പോൾ ആനിമൽ ബർത്ത് കൺട്രോൾ നിയമം (Animal Birth Control Rules), 2023 പ്രകാരവുമാണ് ഇത് നടപ്പാക്കുന്നതെന്നും അഷർ വ്യക്തമാക്കി. “നഗരമായാലും, ഗ്രാമമായാലും എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കഴിഞ്ഞ 25 വർഷമായി നായകളെ വന്ധ്യംകരിക്കുകയും വാക്സിനേഷൻ നൽകുകയും ചെയ്യേണ്ട ഉത്തരവാദിത്വമുണ്ട്. 2015 മുതൽ, സുപ്രീം കോടതി നൽകിയ വിവിധ വിധികളിലൂടെ, ഈ ബാധ്യത വീണ്ടും ഉറപ്പാക്കിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള കൂടുതൽ സംഭവങ്ങൾ നടന്നിട്ടുണ്ടാകാമെന്നും ഇപ്പോഴും നടക്കുകയായിരിക്കാമെന്നും, എന്നാൽ, അവ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടാകാമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു. “മണ്ഡൽ പരിഷത്ത്, ജില്ലാ പരിഷത്ത്, ടെറിറ്റോറിയൽ മണ്ഡലം ഉൾപ്പെടെയുള്ള തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്ത മാസങ്ങളിൽ നടക്കാനിരിക്കെ, ഇത്തരത്തിലുള്ള കൂടുതൽ സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്,” പ്രീതി പറഞ്ഞു.
ഈ സംഭവങ്ങൾ, പ്രാദേശിക ഭരണകൂടങ്ങൾ അധികാര ദുരുപയോഗം നടത്തുന്ന ഒരു പ്രവണതയെ, മൃഗസംരക്ഷണ നിയമങ്ങളോടുള്ള അവബോധക്കുറവിനെ, അല്ലെങ്കിൽ അവയെ മനപ്പൂർവം ലംഘിക്കുന്ന നിലപാടിനെ, കൂടാതെ മനുഷ്യരുമായി സൗഹൃദം പുലർത്തുന്ന നായകളുടെ പെരുപ്പം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികൾ നടപ്പാക്കുന്നതിലെ, പൂർണ്ണ പരാജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന്, സംഘടന പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞു.