സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി: 2027-ലെ സെൻസസിൽ ജാതി സംബന്ധിച്ച ചോദ്യവും ഉൾപ്പെടുത്തും

സെൻസസ് ചോദ്യങ്ങളുടെ എണ്ണം 40-ആയി ഉയർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഗസറ്റ് വിജ്ഞാപനം
സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി: 2027-ലെ സെൻസസിൽ ജാതി സംബന്ധിച്ച ചോദ്യവും ഉൾപ്പെടുത്തും
1874-ലെ ഇംപീരിയൽ ഗസറ്റിയർ ഓഫ് ഇന്ത്യയിൽ നിന്നും: ഇടത്തുനിന്ന് വലത്തോട്ട്: ദേശാസ്ഥ ബ്രാഹ്മണ സ്ത്രീ, രാജ്പൂത് പുരുഷൻ, കോലി മൽസ്യത്തൊഴിലാളി, അവധിൽ നിന്നുള്ള പാസി പുരുഷൻ, അലഹാബാദിൽ നിന്നുള്ള വൈഷ്ണവ ബ്രാഹ്മണൻ, തെലങ്കാനയിൽ നിന്നുള്ള കോമതി സ്ത്രീ ഫോട്ടോ: വിക്കിമീഡിയ കോമൺസ്
Published on

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 ഓഗസ്റ്റ് 14-ന് പുറപ്പെടുവിച്ച പുതിയ ഗസറ്റ് വിജ്ഞാപനം അനുസരിച്ച്, 2027-ലെ സെൻസസിന്റെ ഭാഗമായി നടത്തുന്ന സർവ്വേകളിൽ ഇന്ത്യൻ പൗരന്മാരോട് അവരുടെ ജാതി ചോദിച്ചറിയും.

2011-ലെ സെൻസസ് ചോദ്യാവലിയിൽ ഉൾപ്പെടാതിരുന്ന 13 പുതിയ ചോദ്യങ്ങളിൽ ഒന്നായിരിക്കും ജാതി സംബന്ധിച്ച ചോദ്യം. 2011-ലെ സെൻസസ് ചോദ്യാവലിയിൽ ആകെ 29 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.

പുതിയ ചോദ്യാവലിയിൽ 10-ാമതായാണ് ജാതി സംബന്ധിച്ച ചോദ്യം നൽകിയിരിക്കുന്നത്: "പട്ടികജാതി (SC)/ പട്ടികവർഗ്ഗം (ST)/ ജാതി" എന്നാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സെൻസസിൽ ജാതി വിവരം ശേഖരിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ്.

രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ ഓഗസ്റ്റ് 14-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഇങ്ങനെ പറയുന്നു:

1948-ലെ സെൻസസ് ആക്ടിലെ (1948-ലെ 37) 8-ാം വകുപ്പ് (1) ഉപവകുപ്പ് പ്രകാരം ലഭിച്ച അധികാരം വിനിയോഗിച്ച്, കേന്ദ്ര സർക്കാർ ഇതിനാൽ നൽകുന്ന നിർദ്ദേശവും ഉത്തരവും എന്തെന്നാൽ: 2027-ലെ ഇന്ത്യയുടെ സെൻസസുമായി ബന്ധപ്പെട്ട് 'ഹൗസ്‌ഹോൾഡ് ഷെഡ്യൂൾ' (Household Schedule) വഴി വിവരങ്ങൾ ശേഖരിക്കുന്നതിനായി, സെൻസസ് ഉദ്യോഗസ്ഥർക്ക് തങ്ങളെ നിയമിച്ചിട്ടുള്ള അതത് പ്രാദേശിക അതിർത്തിക്കുള്ളിൽ താമസിക്കുന്ന എല്ലാ വ്യക്തികളിൽ നിന്നും താഴെ പറയുന്ന വിവരങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്, അതായത്: -

  1. വ്യക്തിയുടെ പേര്

  2. കുടുംബനാഥനുമായുള്ള (Head of the family) ബന്ധം

  3. ലിംഗഭേദം

  4. ജനനത്തീയതിയും വയസ്സും (പൂർത്തിയായ വർഷങ്ങളിൽ)

  5. നിലവിലെ വൈവാഹിക നില

  6. വിവാഹസമയത്തെ വയസ്സ് (പൂർത്തിയായ വർഷങ്ങളിൽ)

  7. പങ്കാളിയുടെ (ഭർത്താവ്/ഭാര്യ) പേര്

  8. വ്യക്തി വ്യക്തമാക്കുന്ന പൗരത്വം

  9. മതം

  10. പട്ടികജാതി (SC)/ പട്ടികവർഗ്ഗം (ST)/ ജാതി

  11. പിതാവിന്റെ വിവരങ്ങൾ

  12. മാതാവിന്റെ വിവരങ്ങൾ

  13. ഭിന്നശേഷി (വൈകല്യം)

  14. മാതൃഭാഷയും അറിയാവുന്ന മറ്റ് ഭാഷകളും

  15. സാക്ഷരതയും ഡിജിറ്റൽ സാക്ഷരതാ നിലവാരവും

  16. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരാകുന്നതിന്റെ നിലവാരം

  17. നേടിയ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും പഠനശാഖയും (Stream/Discipline)

  18. കഴിഞ്ഞ ഒരു വർഷത്തിനിടെ എപ്പോഴെങ്കിലും ജോലി ചെയ്തിട്ടുണ്ടോ

  19. സാമ്പത്തിക പ്രവർത്തനങ്ങളുടെ വിഭാഗം

  20. തൊഴിൽ

  21. വ്യവസായം, വ്യാപാരം അല്ലെങ്കിൽ സേവനം എന്നിവയുടെ സ്വഭാവം

  22. തൊഴിലാളിയുടെ വിഭാഗം (Class of worker)

  23. സാമ്പത്തികേതര പ്രവർത്തനം (ഭാഗികമായി ജോലി ചെയ്യുന്നവർക്കും, അല്ലാത്തവർക്കും തൊഴിൽരഹിതർക്കും)

  24. ജോലി അന്വേഷിക്കുകയോ ലഭ്യമാകാൻ തയ്യാറായിരിക്കുകയോ ചെയ്യുന്നുണ്ടോ (ഭാഗികമായി ജോലി ചെയ്യുന്നവർക്കും തൊഴിൽരഹിതർക്കും)

  25. ജോലിസ്ഥലത്തേക്കുള്ള യാത്ര

  26. ജനനസ്ഥലം

  27. അവസാനമായി താമസിച്ചിരുന്ന സ്ഥലം

  28. കുടിയേറ്റത്തിനുള്ള കാരണം

  29. അവസാന കുടിയേറ്റത്തിന് ശേഷം ഈ ഗ്രാമത്തിൽ/പട്ടണത്തിൽ താമസിച്ച കാലയളവ്

  30. സ്ഥിരമായ താമസ വിലാസം

  31. നിലവിൽ ജീവിച്ചിരിപ്പുള്ള കുട്ടികളുടെ എണ്ണം (നിലവിൽ വിവാഹിതരായവർ, വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, വേർപിരിഞ്ഞു ജീവിക്കുന്ന സ്ത്രീകൾ എന്നിവർക്ക് മാത്രം)

  32. പ്രസവിച്ച ആകെ കുട്ടികളുടെ എണ്ണം (നിലവിൽ വിവാഹിതരായവർ, വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, വേർപിരിഞ്ഞു ജീവിക്കുന്ന സ്ത്രീകൾ എന്നിവർക്ക് മാത്രം)

  33. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രസവിച്ച കുട്ടികളുടെ എണ്ണം (നിലവിൽ വിവാഹിതരായ സ്ത്രീകൾക്ക് മാത്രം)

  34. കോവിഡ്-19 വാക്സിനേഷൻ എടുത്ത സ്ഥലം

  35. ആകെ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം

  36. മൊബൈൽ നമ്പർ (ലഭ്യമെങ്കിൽ)

  37. ആധാർ നമ്പർ (ലഭ്യമെങ്കിൽ)

  38. വോട്ടർ ഐഡി നമ്പർ (ലഭ്യമെങ്കിൽ)

  39. പാസ്‌പോർട്ട് നമ്പർ (ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക്)

  40. ഡ്രൈവിംഗ് ലൈസൻസിന്റെ ലഭ്യത

Attachment
PDF
GAZ_NOTIFICATION_15
Preview
സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി: 2027-ലെ സെൻസസിൽ ജാതി സംബന്ധിച്ച ചോദ്യവും ഉൾപ്പെടുത്തും
1931-ലെ സെൻസസ് പ്രകാരമുള്ള ഗുജറാത്തിലെ ജാതി തിരിച്ചുള്ള വിവരങ്ങൾഫോട്ടോ: വിക്കിമീഡിയ കോമൺസ്

ഓഗസ്റ്റ് 17-ന് ലാഡാക്കിലും ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മഞ്ഞു മൂടിയ പ്രദേശങ്ങളിലും 2027-ലെ സെൻസസിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതോടെയാണ് ഈ ചോദ്യങ്ങൾ വിജ്ഞാപനം ചെയ്തത്. എന്നിരുന്നാലും, ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വിവരശേഖരണം 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in