

പ്രകൃതിക്ഷോഭങ്ങൾ മൂലം കർഷകർക്കുണ്ടായ വിളനാശത്തെക്കുറിച്ചും, ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളെ ബാധിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും, സർക്കാർ സഭയെ അറിയിച്ചു. ഒപ്പം PMAY-ഗ്രാമീൺ (PMAY-G) പദ്ധതിക്ക് കീഴിലുള്ള വീട് നിർമ്മാണത്തിന്റെ നിലവിലെ പുരോഗതിയും കേന്ദ്രം വിശദീകരിച്ചു.
ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (DAY-NRLM) ഭാഗമായി ജാർഖണ്ഡിലെ 35 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങളെ, സ്വയംസഹായ ഗ്രൂപ്പുകളിൽ (Self-help groups) ഉൾപ്പെടുത്താൻ സാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
സിക്കിമിലെ ഔദ്യോഗിക ജൈവ സർട്ടിഫിക്കേഷൻ ഏജൻസിയുടെ അംഗീകാരം താൽക്കാലികമായി റദ്ദാക്കി. സർട്ടിഫിക്കേഷൻ നടപടികളിലുണ്ടായ ഗുരുതരമായ വീഴ്ചകളെത്തുടർന്നാണ് ഈ നടപടി. ജൈവ ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത നിലനിർത്തുന്നതിന്റെ ഭാഗമായാണിത്.
ഉത്തർപ്രദേശിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ അഗ്രിക്കൾച്ചർ സിസ്റ്റത്തിന്റെ പുരോഗതിയും, ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ വിശദീകരിച്ചു.
വരൾച്ച, വെള്ളപ്പൊക്കം, കനത്തമഴ, കാലാവസ്ഥയിലെ മാറ്റം മൂലമുള്ള മഴ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലം ബാധിക്കപ്പെട്ടതോ, നഷ്ടപ്പെട്ടതോ ആയ വിളകളുടെ വിസ്തീർണ്ണം (ഏക്കറിൽ) സംബന്ധിച്ച വിവരങ്ങൾ കേന്ദ്രതലത്തിൽ ശേഖരിക്കുന്നില്ലെന്ന് കൃഷി-കർഷകക്ഷേമ സഹമന്ത്രി രാമ്നാഥ് താക്കൂർ, രാജ്യസഭയെ അറിയിച്ചു. എന്നാൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, 2024–25 കാലയളവിൽ ജല-കാലാവസ്ഥാ ദുരന്തങ്ങൾ മൂലം 13,12,157 ഹെക്ടർ കൃഷിഭൂമി ബാധിക്കപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരുകൾ അറിയിച്ച വിളകളും, പ്രദേശങ്ങളും ഉൾപ്പെടുത്തി, വിത്തിടൽ മുൻഘട്ടത്തിൽ നിന്ന് വിളവെടുപ്പിന് ശേഷമുള്ള ഘട്ടം വരെ, വിളനാശം സംഭവിക്കുന്ന സാഹചര്യങ്ങളിൽ സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ് പ്രധാനമന്ത്രി ഫസൽ ബീമ യോജന (PMFBY) എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളം 10 കോടിയിലധികം (100.5 മില്യൺ) ഗ്രാമീണ ദരിദ്ര കുടുംബങ്ങളെ 90.9 ലക്ഷം സ്വയംസഹായ ഗ്രൂപ്പുകളിലായി (SHG) അണിനിരത്താൻ ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷന് (DAY-NRLM) സാധിച്ചുവെന്ന് ഗ്രാമീണ വികസന സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി രാജ്യസഭയെ അറിയിച്ചു.
ജാർഖണ്ഡിൽ മാത്രം 35.9 ലക്ഷം കുടുംബങ്ങളെ 2.92 ലക്ഷം സ്വയംസഹായ ഗ്രൂപ്പുകളിലായി സംഘടിപ്പിക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.
2024-25 മുതൽ 2028-29 വരെയുള്ള കാലയളവിൽ പ്രധാൻമന്ത്രി ആവാസ് യോജന-ഗ്രാമീൺ (PMAY-G) പദ്ധതിയുടെ തുടർ നടത്തിപ്പിനും, 2 കോടി ഗ്രാമീണ വീടുകളുടെ നിർമ്മാണത്തിനുമുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി സഹമന്ത്രി പെമ്മസാനി രാജ്യസഭയെ അറിയിച്ചു.
2025 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച്, വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ആകെ 4.15 കോടി വീടുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 3.86 കോടി വീടുകൾക്ക് ഭരണാനുമതി ലഭിക്കുകയും 2.93 കോടി വീടുകളുടെ നിർമ്മാണം പൂർത്തിയാവുകയും ചെയ്തു.
ഒഡീഷയുടെ കാര്യമെടുത്താൽ, അനുവദിച്ച 2,849,889 വീടുകളിൽ 2,807,459 എണ്ണത്തിന് അനുമതി ലഭിച്ചു. ഇതിൽ 2,504,574-ലധികം വീടുകളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
സിക്കിം സ്റ്റേറ്റ് ഓർഗാനിക് സർട്ടിഫിക്കേഷൻ ഏജൻസിയുടെ (SSOCA) അംഗീകാരം നാഷണൽ അക്രഡിറ്റേഷൻ ബോർഡ് (NAB) റദ്ദാക്കിയതായി വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ, രാജ്യസഭയെ അറിയിച്ചു. നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷന് (NPOP) കീഴിൽ ജൈവ ഉൽപ്പന്നങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരമാണ് തടഞ്ഞുവെച്ചിരിക്കുന്നത്.
തങ്ങളുടെ കീഴിലുള്ള ജൈവകൃഷി പ്രവർത്തനങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നതിൽ ഏജൻസി പരാജയപ്പെട്ടതും, സർട്ടിഫിക്കേഷൻ നടപടിക്രമങ്ങളിൽ വരുത്തിയ ഗുരുതരമായ വീഴ്ചകളുമാണ്, ഈ നടപടിക്ക് കാരണം. ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയെയും, അതുവഴി ജൈവ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയെയും, ഈ വീഴ്ചകൾ ദോഷകരമായി ബാധിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
നാഷണൽ ഇ-ഗവേണൻസ് പ്ലാനിന്റെ (NeGPA) ഭാഗമായി കൃഷിമേഖലയ്ക്കായി ഒരു വലിയ ഡിജിറ്റൽ സംവിധാനം (Digital Public Infrastructure) സർക്കാർ ഒരുക്കുന്നതായി മന്ത്രി താക്കൂർ രാജ്യസഭയെ അറിയിച്ചു. അഗ്രിസ്റ്റാക്ക് (AgriStack), കൃഷി ഡിസിഷൻ സപ്പോർട്ട് സിസ്റ്റം, മണ്ണിന്റെ ഫലഭൂയിഷ്ഠത അളക്കുന്ന ഭൂപടങ്ങൾ, എന്നിങ്ങനെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഐടി പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. കർഷകർക്കായി അത്യാധുനികവും വിശ്വസനീയവുമായ ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിളകളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയത്ത് എല്ലാ കർഷകരിലേക്കും എത്തിക്കാൻ ഈ സംവിധാനം സഹായിക്കും. അഗ്രിസ്റ്റാക്ക് പ്രധാനമായും മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്: കൃത്യമായ അതിരുകളുള്ള വില്ലേജ് മാപ്പുകൾ, വിളവിവരങ്ങൾ രേഖപ്പെടുത്തുന്ന രജിസ്ട്രി, കർഷകരുടെ വിവരങ്ങൾ അടങ്ങിയ രജിസ്ട്രി. ഓരോ സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഈ വിവരങ്ങൾ തയ്യാറാക്കി പരിപാലിക്കുന്നത്.
ഡിജിറ്റൽ അഗ്രിക്കൾച്ചർ മിഷന് കീഴിലുള്ള ഈ കർഷക രജിസ്ട്രിയിൽ ഭൂമിയുള്ള എല്ലാ കർഷകരെയും, പ്രത്യേകിച്ച് വനിതാ കർഷകരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സംസ്ഥാന സർക്കാരുകളുടെ നയമനുസരിച്ച് പാട്ടത്തിന് കൃഷി ചെയ്യുന്ന കർഷകരെയും ഇതിൽ ചേർക്കാൻ വ്യവസ്ഥയുണ്ട്.
2026 ഫെബ്രുവരി 4 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്ത് 8.48 കോടിയിലധികം (84.8 മില്യൺ) ഫാർമർ ഐഡികൾ ഇതിനോടകം നൽകിക്കഴിഞ്ഞു. 2025-ലെ ഖരീഫ് സീസണിൽ മാത്രം 604 ജില്ലകളിലായി 28.5 കോടിയിലധികം കൃഷിയിടങ്ങളിൽ ഡിജിറ്റൽ വിള സർവേ (DCS) വിജയകരമായി പൂർത്തിയാക്കി.
ആയുഷ്മാൻ ഭാരത് - പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) വഴി, ഇന്ത്യയിലെ 12 കോടി കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ടെന്ന്, ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാദവ്, ലോക്‌സഭയെ അറിയിച്ചു. രാജ്യത്തെ ജനസംഖ്യയിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 40 ശതമാനം ആളുകൾക്കാണ്, രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തിലുള്ള ആശുപത്രി ചികിത്സകൾക്കായി ഈ സഹായം ലഭിക്കുന്നത്.
2024 മാർച്ചിൽ, ആശാ (ASHA) പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, സഹായികൾ എന്നിവരുൾപ്പെടുന്ന 37 ലക്ഷം കുടുംബങ്ങളെക്കൂടി ഈ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവന്നു. തുടർന്ന് 2024 ഒക്ടോബറിൽ, സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ തന്നെ 70 വയസ്സും അതിനുമുകളിലും പ്രായമുള്ള 6 കോടി മുതിർന്ന പൗരന്മാർക്കും (4.5 കോടി കുടുംബങ്ങളിൽ നിന്നുള്ളവർ) ഈ സുരക്ഷാ പദ്ധതി ലഭ്യമാക്കി.
2025 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച്, ഉത്തർപ്രദേശിൽ മാത്രം 5.48 കോടി ആയുഷ്മാൻ കാർഡുകൾ നിർമ്മിച്ചു കഴിഞ്ഞു. കൂടാതെ, 13,756.18 കോടി രൂപ ചിലവ് വരുന്ന 83.7 ലക്ഷം ആശുപത്രി ചികിത്സകൾക്കും ഈ പദ്ധതി പ്രകാരം അനുമതി നൽകിയിട്ടുണ്ട്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)