നീളുന്ന തീക്കാലം, അനിയന്ത്രിതമായ തീവ്രത: വടക്കേ അമേരിക്കയിലെ കാട്ടുതീയുടെ സ്വഭാവം മാറുന്നു

കഠിനമായ ഉഷ്ണതരംഗങ്ങളിൽ രാത്രികാലങ്ങളിലെ ഉയർന്ന താപനില ശരീരത്തിന് ഉന്മേഷം വീണ്ടെടുക്കാൻ തടസ്സമാകുന്നതുപോലെ, ചൂടേറിയ രാത്രികൾ വനങ്ങളുടെ അതിജീവനശേഷിയെയും ഇല്ലാതാക്കുന്നു
നീളുന്ന തീക്കാലം, അനിയന്ത്രിതമായ തീവ്രത: വടക്കേ അമേരിക്കയിലെ കാട്ടുതീയുടെ സ്വഭാവം മാറുന്നു
ഐസ്റ്റോക്ക്
Published on
Summary
  • വടക്കേ അമേരിക്കയിലുടനീളം കാട്ടുതീയുടെ ദൈർഘ്യം കൂടുന്നു; ഇവ നേരത്തെ തുടങ്ങുകയും രാത്രികാലങ്ങളിലും സജീവമായി തുടരുകയും ചെയ്യുന്നതായി പഠനം കണ്ടെത്തുന്നു.

  • കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അമിതമായ ചൂടും വരൾച്ചയും "പൊട്ടൻഷ്യൽ ബേണിങ് അവേഴ്സ്" (തീ പടരാൻ സാധ്യതയുള്ള സമയം) വർദ്ധിപ്പിക്കുകയും കാട്ടുതീ സീസണുകൾ നീട്ടുകയും ചെയ്യുന്നു.

  • രാത്രികാലങ്ങളിലെ തണുപ്പും അന്തരീക്ഷത്തിലെ ഈർപ്പം തിരിച്ചുകിട്ടുന്ന അവസ്ഥയും (Humidity recovery) ദുർബലമാകുന്നു; ഇത് സൂര്യാസ്തമയത്തിന് ശേഷവും തീ കൂടുതൽ ശക്തമാകാൻ കാരണമാകുന്നു.

  • കാലിഫോർണിയ, യു.എസ് തെക്കുപടിഞ്ഞാറൻ മേഖലകൾ ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ കാട്ടുതീ പടരാൻ സാധ്യതയുള്ള സമയത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

  • രാത്രികാലങ്ങളിലെ ശാന്തമായ സമയങ്ങൾ (Quiet periods) കുറയുന്നത് കാട്ടുതീ നിയന്ത്രിക്കുന്നത് പ്രയാസകരമാക്കുമെന്നും അഗ്നിശമന സേനയുടെ പരിശ്രമങ്ങളെ വിഫലമാക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

വടക്കേ അമേരിക്കയിലുടനീളമുള്ള കാട്ടുതീ, പരമ്പരാഗതമായ "പകൽ സജീവം, രാത്രി ശാന്തം" എന്നുള്ള അവസ്ഥയെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാട്ടുതീയുടെ കലണ്ടറിനെത്തന്നെ മാറ്റിമറിക്കുകയാണെന്നും, തീ എപ്പോൾ, എങ്ങനെ, എത്ര തീവ്രമായി കത്തണം എന്നതിലൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ഹോട്ട് ആൻഡ് ഡ്രൈ (Hot and drier) സാഹചര്യങ്ങൾ തീ പടരാൻ കാരണമാകുന്നതിനാൽ, ബോറിയൽ (boreal), ടെംപറേറ്റ് (temperate), സബ് ട്രോപ്പിക്കൽ വനങ്ങളിലെ തീ രാത്രി വൈകിയും തുടരുകയും പകൽ നേരത്തെ ആരംഭിക്കുകയും ചെയ്യുന്നതായി 'സയൻസ് അഡ്വാൻസസ്' (Science Advances) ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

2017-നും 2023-നും ഇടയിൽ 200 ഹെക്ടറിലധികം വിസ്തൃതിയിൽ ഉണ്ടായ ഒൻപതിനായിരത്തോളം കാട്ടുതീകളെക്കുറിച്ചുള്ള ഉപഗ്രഹ നിരീക്ഷണങ്ങൾ വിശകലനം ചെയ്താണ് ഈ പഠനം തയ്യാറാക്കിയത്. പടിഞ്ഞാറൻ പർവത മേഖലകളിലും ബോറിയൽ വനങ്ങളിലുമാണ് ഏറ്റവും കൂടുതൽ സമയം തീ കത്തുന്നതായി കണ്ടെത്തിയത്. ഇവിടെ തീ സജീവമായ ദിവസങ്ങളിൽ മൂന്നിലൊന്ന് ഭാഗവും 12 മണിക്കൂറിലധികം നേരം തീ കത്തുന്നുണ്ട്.

ദീർഘമേറിയ കത്തുന്ന സമയം, മാറുന്ന സീസണുകൾ

കാട്ടുതീ തിരിച്ചറിഞ്ഞ് 24 മണിക്കൂറിനുള്ളിൽ തന്നെ ഏകദേശം 60 ശതമാനം തീയും അതിന്റെ പരമാവധി തീവ്രത കൈവരിക്കുന്നതായി പഠനം കണ്ടെത്തി. 1975-നും 2024-നും ഇടയിൽ കാട്ടുതീ പടരാൻ സാധ്യതയുള്ള വാർഷിക സമയത്തിൽ (Potential burning hours) 36 ശതമാനം വർദ്ധനവുണ്ടായതായി കണക്കാക്കപ്പെടുന്നു. പടിഞ്ഞാറൻ മേഖലകളിലും വസന്തകാലം, ശരത്കാലം എന്നീ മാസങ്ങളിലും ഈ വർദ്ധനവ് 48 ശതമാനം മുതൽ 57 ശതമാനം വരെയാണ്.

ബോറിയൽ തുന്ദ്ര വുഡ്‌ലാൻഡ് വെസ്റ്റ് (Boreal tundra woodland west) പോലുള്ള ചില പ്രദേശങ്ങളിൽ, ഇപ്പോൾ ഓരോ വർഷവും തീ സജീവമാകാൻ അധികമായി സാധ്യതയുള്ള 26 ദിവസങ്ങളും പ്രതിദിനം 1.2 അധിക മണിക്കൂറുകളും ലഭിക്കുന്നു. 12 മുതൽ 24 മണിക്കൂർ വരെ തീ കത്താൻ സാധ്യതയുള്ള 'അതിതീവ്ര ദിനങ്ങളുടെ' എണ്ണം 81-ൽ നിന്ന് 233 ആയി കുത്തനെ ഉയർന്നു.

വേനൽക്കാലത്താണ് ഈ വർദ്ധനവ് ഏറ്റവും കൂടുതലായി കാണപ്പെടുന്നതെങ്കിലും, സീസണുകൾക്കിടയിലുള്ള 'ഷോൾഡർ മാസങ്ങളിൽ' (Shoulder months - പ്രധാന സീസണുകൾക്ക് മുൻപും ശേഷവുമുള്ള മാസങ്ങൾ) ഉണ്ടാകുന്ന 24 ശതമാനം വളർച്ച ശ്രദ്ധേയമാണ്.

കാലിഫോർണിയയിൽ 1970-കളുടെ പകുതിയേക്കാൾ ഏകദേശം 550 മണിക്കൂർ അധികമായി ഇപ്പോൾ തീ പടരാൻ സാധ്യതയുള്ള സമയം ലഭിക്കുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. തെക്കുപടിഞ്ഞാറൻ ന്യൂ മെക്സിക്കോയുടെയും സെൻട്രൽ അരിസോണയുടെയും ഭാഗങ്ങളിൽ പ്രതിവർഷം 2,000 മണിക്കൂർ വരെ ഇത്തരം അധിക സമയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ മേഖലകളിലുടനീളം, തീ പടരാൻ സാധ്യതയുള്ള 90 ശതമാനം പ്രദേശങ്ങളിലും ഓരോ വർഷവും 13 മുതൽ 14 വരെ മണിക്കൂറുകൾ അധികമായി ലഭിക്കുന്നു. ചിലയിടങ്ങളിൽ ഇത് 40 മണിക്കൂർ വരെയാണ്.

ഈ മാറ്റത്തിന് കൃത്യമായ ഒരു ഭൂമിശാസ്ത്രപരമായ ക്രമമുണ്ടെന്നും പഠനം തിരിച്ചറിയുന്നു. ബോറിയൽ മേഖലകളേക്കാൾ ഉപോഷ്ണമേഖലാ (Sub-tropical), സമശീതോഷ്ണ (Temperate) മേഖലകളിലാണ് വർദ്ധനവ് കൂടുതൽ പ്രകടം. ഉദാഹരണത്തിന്, സബ് ട്രോപ്പിക്കൽ പർവതങ്ങളിലും മരുഭൂമികളിലും പ്രതിവർഷം ശരാശരി 16.9, 13.4 മണിക്കൂർ വീതം വർദ്ധനവുണ്ടായപ്പോൾ, പടിഞ്ഞാറൻ കാനഡയിലെ ബോറിയൽ മേഖലകളിൽ ഇത് നാല് മുതൽ അഞ്ച് മണിക്കൂർ വരെ മാത്രമാണ്.

'ശാന്തമായ രാത്രികളുടെ' തിരോധാനം

സൂര്യാസ്തമയത്തിന് ശേഷം തീയുടെ വേഗത കുറച്ചിരുന്ന പ്രകൃതിദത്തമായ രാത്രികാല നിയന്ത്രണങ്ങളെ കാലാവസ്ഥാ വ്യതിയാനം ദുർബലപ്പെടുത്തുകയാണെന്ന് ഗവേഷകർ പറയുന്നു.

തീ സജീവമായ ദിവസങ്ങളിൽ ഏകദേശം 14 ശതമാനവും ഇപ്പോൾ രാത്രിയിലാണ് അതിന്റെ പരമാവധി തീവ്രതയിലെത്തുന്നത്. ഇത് ഫലപ്രദമായ അഗ്നിശമന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സമയം ഗണ്യമായി കുറയ്ക്കുന്നു.

താപനിലയും ഈർപ്പവുമാണ് ഇതിന്റെ പ്രധാന കാരണങ്ങളായി പഠനം ചൂണ്ടിക്കാട്ടുന്നത്. "മണിക്കൂർ അടിസ്ഥാനത്തിലുള്ള എല്ലാ കാലാവസ്ഥാ വ്യതിയാനങ്ങളും പരിശോധിക്കുമ്പോൾ, ആപേക്ഷിക ആർദ്രതയും (Relative humidity) താപനിലയുമാണ് തീ പടരുന്നതിലെ പ്രധാന ഘടകങ്ങൾ," പഠനം കുറിക്കുന്നു. ചൂടും വരൾച്ചയും കൂടുമ്പോൾ തീ കത്താനുള്ള സാധ്യത വർദ്ധിക്കുന്നു.

ഭൂപ്രകൃതിയും തീപിടുത്തത്തിന്റെ സ്വഭാവവും സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും, കാലാവസ്ഥാ സാഹചര്യങ്ങളും ഇന്ധനത്തിന്റെ (ഉണങ്ങിയ സസ്യങ്ങൾ) ലഭ്യതയുമാണ് കാട്ടുതീയുടെ പകൽസമയത്തെ സ്വഭാവം നിർണ്ണയിക്കുന്നത്. വേഗത്തിൽ മാറുന്ന കാലാവസ്ഥയും സാവധാനം മാറുന്ന ഇന്ധന സാഹചര്യങ്ങളും ഓരോ മണിക്കൂറിലും തീ എങ്ങനെ പടരുമെന്നതിനെ സ്വാധീനിക്കുന്നു.

പരമ്പരാഗതമായി, രാത്രിയിലെ ഉയർന്ന ഈർപ്പം തീയുടെ തീവ്രത കുറയ്ക്കാൻ സഹായിച്ചിരുന്നു. എന്നാൽ രാത്രികാലങ്ങളിലെ ഈ വീണ്ടെടുപ്പ് (Nighttime recovery) കുറയുന്നതായി പഠനം കണ്ടെത്തുന്നു. ഇത് മുൻപ് ശാന്തമായിരുന്ന സമയങ്ങളിലും തീ കൂടുതൽ ഊർജ്ജത്തോടെ പടരാൻ കാരണമാകുന്നു.

രാത്രികാല താപനില പകൽസമയത്തേക്കാൾ വ്യത്യസ്തമായ നിരക്കിൽ വർദ്ധിക്കുന്ന 'അസിമെട്രിക് ഡയൂർണൽ വാമിംഗ്' (Asymmetric diurnal warming) എന്ന പ്രതിഭാസത്തെക്കുറിച്ചും പഠനം പ്രതിപാദിക്കുന്നു. ഇത് രാത്രിയിൽ തീ അണയ്ക്കാൻ സഹായിക്കുന്ന തണുപ്പിനെ ഇല്ലാതാക്കുന്നു.

അഗ്നിശമന സേനയ്ക്കും പരിസ്ഥിതിക്കും മേലുള്ള സമ്മർദ്ദം

രാത്രികാലങ്ങൾ ശാന്തമല്ലാതാകുന്നത് അഗ്നിശമന സേനയുടെ മേൽ അധിക സമ്മർദ്ദമുണ്ടാക്കുന്നു. തീ സുരക്ഷിതമായി നിയന്ത്രിക്കാൻ സേനയ്ക്ക് ലഭിക്കുന്ന സമയം ഇത് കുറയ്ക്കുന്നു. 2023-ലെ ഹാവായിയിലെ മൗയി കാട്ടുതീ, 2024-ലെ ആൽബർട്ടയിലെ ജാസ്പർ കാട്ടുതീ, 2025-ലെ ലോസ് ഏഞ്ചൽസ് കാട്ടുതീ എന്നിവ തീ എങ്ങനെയാണ് 24 മണിക്കൂറും സജീവമാകുന്നത് എന്നതിന്റെ ഉദാഹരണങ്ങളാണ്.

കാട്ടുതീ പലപ്പോഴും വരാൾച്ചയുമായി, പ്രത്യേകിച്ച് അതിതീവ്ര വരൾച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിന്റെ സഹരചയിതാവ് സിയാൻലി വാങ് പറഞ്ഞു. അന്തരീക്ഷം ചൂടാകുമ്പോൾ അത് മണ്ണിൽ നിന്നും സസ്യങ്ങളിൽ നിന്നും കൂടുതൽ ഈർപ്പം വലിച്ചെടുക്കുകയും അവയെ എളുപ്പത്തിൽ തീപിടിക്കുന്ന രീതിയിലാക്കുകയും ചെയ്യുന്നു. "വരൾച്ചയിൽ ഉണങ്ങിക്കൊണ്ടിരിക്കുന്ന ഒരു ദുഷിച്ച ചക്രം (Vicious circle) രൂപപ്പെടുന്നു. ചൂടുള്ള അന്തരീക്ഷത്തിന് ഇന്ധനങ്ങളിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാൻ കൂടുതൽ ശേഷിയുണ്ട്," അദ്ദേഹം പറഞ്ഞു. "ഉഷ്ണതരംഗങ്ങളിലെ ചൂടേറിയ രാത്രികൾ മനുഷ്യശരീരത്തിന് വീണ്ടെടുപ്പിന് അവസരം നൽകാത്തതുപോലെ, ചൂടുള്ള രാത്രികൾ വനങ്ങളെയും സ്വയം വീണ്ടെടുക്കാൻ അനുവദിക്കുന്നില്ല."

ഉണങ്ങിയ സസ്യങ്ങൾ ഈർപ്പം വീണ്ടെടുത്ത് തീപിടുത്തം കുറയാൻ ആഴ്ചകളോളം എടുത്തേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇത് സസ്യങ്ങൾക്ക് വലിയൊരു സമ്മർദ്ദമാണ്. ഇത് ഇന്ധനത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും തീ പടരുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു."

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in