ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും ഉപജീവനത്തിലും വനങ്ങളുടെ പങ്ക് നിർണായകം: എഫ്.എ.ഒ

വനങ്ങൾ പരിസ്ഥിതി സ്വത്തുക്കൾ മാത്രമായിട്ടല്ല, മറിച്ച് സുസ്ഥിരവും പോഷകസമൃദ്ധവും പ്രതിരോധശേഷിയുള്ളതുമായ ഭക്ഷ്യസംവിധാനങ്ങളുടെ അവശ്യഘടകമായിക്കൂടി അംഗീകരിക്കപ്പെടണം
ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും ഉപജീവനത്തിലും വനങ്ങളുടെ പങ്ക് നിർണായകം: എഫ്.എ.ഒ
ലോകമെമ്പാടും അൻപതിനായിരത്തിലധികം വന്യജീവി-സസ്യ വർഗ്ഗങ്ങളെ (Wild species) ഭക്ഷണത്തിനും മരുന്നിനുമായി ഉപയോഗിക്കുന്നുണ്ട്. ഇതിൽ കുറഞ്ഞത് പതിനായിരം വർഗ്ഗങ്ങളെയെങ്കിലും നേരിട്ട് ഭക്ഷണമായിത്തന്നെയാണ് കഴിക്കുന്നത്.ഐസ്റ്റോക്ക്
Published on

പോഷകസമ്പന്നമായ ഭക്ഷണം നൽകുന്നതിൽ വനങ്ങളും മരങ്ങളും നിർണായക പങ്കുവഹിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള 5 ശതകോടിയിലധികം (5 billion) ആളുകൾ തങ്ങളുടെ ഉപജീവനത്തിനായി ഏതെങ്കിലും തരത്തിൽ വനങ്ങളെ ആശ്രയിക്കുന്നുമുണ്ട്. എന്നിരുന്നാലും, ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിൽ അവ വഹിക്കുന്ന പങ്ക് ദേശീയ സ്ഥിതിവിവരക്കണക്കുകളിലും നയരൂപീകരണങ്ങളിലും ഇപ്പോഴും വലിയ തോതിൽ അവഗണിക്കപ്പെടുകയാണെന്ന് പുതിയ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) ലാൻഡ്‌സ്കേപ്പ് അലയൻസുമായി ചേർന്ന് 2026 സെപ്റ്റംബർ 15-ന് പ്രസിദ്ധീകരിച്ച 'ഫോറസ്റ്റ്സ് ഫോർ ഫുഡ്: നറിഷിംഗ് പീപ്പിൾ, സസ്റ്റൈനിംഗ് ദി പ്ലാനറ്റ്' എന്ന റിപ്പോർട്ടാണ് പട്ടിണിയും ദാരിദ്ര്യവും കുറയ്ക്കുന്നതിൽ വനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നത്. കാർഷിക-ഭക്ഷ്യ നയങ്ങളിൽ വനങ്ങളെ ഉൾപ്പെടുത്താൻ റിപ്പോർട്ട് രാജ്യങ്ങളോട് ആവശ്യപ്പെടുന്നു.

വനങ്ങളുടെ പ്രധാന സംഭാവനകൾ

ഭക്ഷ്യസംവിധാനങ്ങളെ വനങ്ങൾ സഹായിക്കുന്ന വിവിധ രീതികൾ റിപ്പോർട്ട് എടുത്തുപറയുന്നു. പഴങ്ങൾ, നട്സുകൾ, കിഴങ്ങുവർഗ്ഗങ്ങൾ, കൂണുകൾ, ഭക്ഷ്യയോഗ്യമായ പ്രാണികൾ, കാട്ടുമാംസം മറ്റ് ഭക്ഷണങ്ങൾ എന്നിവ നൽകുന്നതോടൊപ്പം വനങ്ങൾ ഇന്ധനം, വരുമാനം, തൊഴിൽ എന്നിവയും ഉറപ്പാക്കുന്നു. വന ആവാസവ്യവസ്ഥകൾ മണ്ണൊഴുക്ക് തടഞ്ഞു നിർത്തി മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താനും ജലസ്രോതസ്സുകളെ സംരക്ഷിക്കാനും ജൈവവൈവിധ്യത്തെ കാത്തുസൂക്ഷിക്കാനും കൃഷിക്ക് അത്യന്താപേക്ഷിതമായ പരാഗണകാരികൾക്ക് വാസസ്ഥലമൊരുക്കാനും സഹായിക്കുന്നു.

ലോകമെമ്പാടും അൻപതിനായിരത്തിലധികം വന്യജീവി-സസ്യ വർഗ്ഗങ്ങളെ ഭക്ഷണത്തിനും മരുന്നിനുമായി ഉപയോഗിക്കുന്നുണ്ട്. ഇതിൽ കുറഞ്ഞത് പതിനായിരം വർഗ്ഗങ്ങളെയെങ്കിലും നേരിട്ട് ഭക്ഷണമായിത്തന്നെയാണ് കഴിക്കുന്നത്. വനത്തിലെ സസ്യങ്ങളും ജീവികളും പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയുടെ പ്രധാന സ്രോതസ്സാണ്; പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങൾക്കും വനത്തെ ആശ്രയിച്ചു ജീവിക്കുന്ന മറ്റ് സമൂഹങ്ങൾക്കും.

വീടുകളിലെ വരുമാന വർദ്ധനവിനും വനങ്ങൾക്ക് കാര്യമായ സംഭാവന നൽകാൻ കഴിയും. ചില പ്രദേശങ്ങളിൽ, ഗ്രാമീണ വരുമാനത്തിന്റെ 20 ശതമാനം വരെ വനവിഭവങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഇത് പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനും പോഷകസമൃദ്ധമായ ആഹാരം ഉറപ്പാക്കുന്നതിനും സഹായിക്കുന്നു. ആഗോള ജനസംഖ്യയുടെ നാലിലൊന്നിന് പാചകത്തിനും കുടിവെള്ളം തിളപ്പിക്കുന്നതിനും വിറക് അത്യന്താപേക്ഷിതമാണ്. കൂടാതെ 1 ശതകോടിയിലധികം ആളുകൾ ആരോഗ്യസംരക്ഷണത്തിനായി ഔഷധസസ്യങ്ങളെ ആശ്രയിക്കുന്നു.

വനങ്ങൾ കൃഷിയെ പരോക്ഷമായും പിന്തുണയ്ക്കുന്നുണ്ടെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. അവ ജലലഭ്യത നിയന്ത്രിക്കുകയും മണ്ണ് സംരക്ഷിക്കുകയും പോഷകങ്ങൾ പുനരുൽപ്പാദിപ്പിക്കുകയും പരാഗണത്തിനും കീടനിയന്ത്രണത്തിനും സഹായിക്കുകയും ചെയ്യുന്നു. കൂടാതെ കാലിതീറ്റ, നാരുകൾ, ജൈവവസ്തുക്കൾ എന്നിവ കർഷകർക്ക് നൽകുകയും ചെയ്യുന്നു. ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകുന്ന സമയങ്ങളിൽ, ഭക്ഷണവും വരുമാനവും നൽകി വനങ്ങൾ ഒരു സുരക്ഷാവലയമായി പ്രവർത്തിക്കുന്നു.

ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും (FSN) വനങ്ങളിൽ നിന്നുള്ള ഭക്ഷണത്തിന്റെ സംഭാവനയിൽ പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ, ചില സമൂഹങ്ങൾ തങ്ങളുടെ പ്രതിദിന പ്രോട്ടീന്റെ 80 ശതമാനം വരെ കണ്ടെത്തുന്നത് കാട്ടുമാംസത്തിൽ നിന്നാണ്.

ഗാബോണിൽ, യുവാക്കൾ അഞ്ച് പ്രത്യേക വനഫലങ്ങൾ 200 ഗ്രാം വീതം കഴിക്കുന്നത് വഴി അവരുടെ പല പോഷകങ്ങളുടെയും പ്രതിദിന ആവശ്യകതയുടെ 100 ശതമാനം വരെ ലഭിക്കുന്നു.

ആമസോൺ പ്രദേശത്ത്, കഴിക്കുന്ന മൊത്തം ഭക്ഷണത്തിന്റെ ഭാരത്തിൽ 44 ശതമാനവും മീനാണ്. ഇതിനൊപ്പം കാട്ടുമാംസം, ബ്രസീൽ നട്സ്, അസായ് ബെറികൾ എന്നിവയും അവർ ഉപയോഗിക്കുന്നു.

ഏഷ്യയിലും വനങ്ങളും പോഷകാഹാരവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ ആദിവാസി സമൂഹങ്ങൾ വനവിഭവങ്ങൾ വൻതോതിൽ ഉപയോഗിക്കുന്നവരാണ്. കാടുകളാൽ ചുറ്റപ്പെട്ട പ്രദേശങ്ങളിൽ ജീവിക്കുന്ന കുട്ടികളിൽ വൈവിധ്യമാർന്ന ഭക്ഷണക്രമവും കുറഞ്ഞ വളർച്ചക്കുറവ് (stunting) നിരക്കും ഉള്ളതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കിഴക്കൻ ഇന്ത്യയിൽ നടന്ന മറ്റൊരു പഠനത്തിൽ, വനങ്ങളിൽ നിന്നുള്ള ഭക്ഷണത്തിന്റെ ഉപയോഗം സ്ത്രീകളിൽ കൂടുതൽ പോഷകാഹാര വൈവിധ്യം ഉറപ്പാക്കുന്നതായി കണ്ടു; പ്രത്യേകിച്ച് വിളവെടുപ്പില്ലാത്ത (Lean season) കാലയളവുകളിൽ.

യൂറോപ്പിൽ, 28 രാജ്യങ്ങളിൽ നടത്തിയ സർവ്വേയിൽ 90 ശതമാനം ആളുകളും വർഷത്തിൽ ഒരു വനവിഭവമെങ്കിലും കഴിക്കുന്നതായി കണ്ടെത്തി. മൂന്നിലൊന്നിൽ കൂടുതൽ ആളുകൾ വർഷത്തിലൊരിക്കലെങ്കിലും മൃഗങ്ങളുടെ മാംസം (game meat) കഴിക്കുന്നു.

വടക്കേ അമേരിക്കയിൽ, ജീവനോപാധിക്കെന്നതിനേക്കാൾ വിനോദത്തിനായാണ് കാട്ടുമാംസം കൂടുതലായി ഉപയോഗിക്കുന്നത്.

നയപരമായ മാറ്റങ്ങൾക്ക് എഫ്.എ.ഒ.യുടെ ആഹ്വാനം

എന്നിരുന്നാലും, വനനശീകരണവും ജൈവവൈവിധ്യ നാശവും ഈ നേട്ടങ്ങൾക്ക് ഭീഷണിയാകുന്നു. 2025 വരെയുള്ള ദശകത്തിൽ പ്രതിവർഷം 1.09 കോടി ഹെക്ടർ (10.9 million hectares) വനം നശിച്ചതായി കണക്കാക്കപ്പെടുന്നു. സുസ്ഥിര വനപരിപാലനം, ഫോറസ്ട്രി-കാർഷിക സംയോജനം (Agroforestry), മെച്ചപ്പെട്ട ഭൂവിനിയോഗ ആസൂത്രണം, സുരക്ഷിതമായ ഭൂ അവകാശങ്ങൾ, ശക്തമായ വിവരശേഖരണ സംവിധാനങ്ങൾ എന്നിവ ആവശ്യമാണെന്ന് എഫ്.എ.ഒ പഞ്ഞു.

കർഷകരെയും വനപരിപാലനത്തെയും കൂടുതൽ അടുപ്പിക്കുന്നതും, ജൈവവൈവിധ്യം സംരക്ഷിക്കുന്നതും, വനത്തെ ആശ്രയിക്കുന്ന സമൂഹങ്ങൾക്ക് തീരുമാനങ്ങളെടുക്കുന്നതിൽ പങ്കാളിത്തം ഉറപ്പാക്കുന്നതുമായ സംയോജിത നയങ്ങൾക്ക് റിപ്പോർട്ട് ആഹ്വാനം ചെയ്തു.

അവസാനമായി, വനങ്ങൾ പരിസ്ഥിതി സ്വത്തുക്കൾ മാത്രമായിട്ടല്ല, മറിച്ച് സുസ്ഥിരവും പോഷകസമൃദ്ധവും പ്രതിരോധശേഷിയുള്ളതുമായ ഭക്ഷ്യസംവിധാനങ്ങളുടെ അവശ്യഘടകമായിക്കൂടി അംഗീകരിക്കപ്പെടണമെന്ന് എഫ്.എ.ഒ വാദിക്കുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in