കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിലെ ഭക്ഷണം
ചിത്രം: റിതിക ബോറ / സിഎസ്ഇ

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിലെ ഭക്ഷണം

ഭക്ഷണം ഔഷധമാണ് - മനുഷ്യനും, ഈ ഭൂമിക്കും. നല്ല ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് നാം തിരികെ കൊണ്ടുവരേണ്ടതുണ്ട്
Published on

നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ, അറിഞ്ഞോ അറിയാതെയോ കാലാവസ്ഥാ വ്യതിയാനത്തിന് നാം കാരണക്കാരാകുന്നുണ്ട്. എന്നാൽ ഭക്ഷണം എന്നത് വെറുമൊരു പദാർത്ഥമല്ല; അത് ഉപജീവനവും, പോഷകാഹാരവും, പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷിരീതികളെ കാലാവസ്ഥാ സൗഹൃദവും ലക്ഷ്യോദ്ദേശ്യങ്ങൾക്കനുസരിച്ചും ലോകം പുനർനിർമ്മിക്കുമ്പോൾ ഈ ബന്ധം നാം തിരിച്ചറിയേണ്ടതുണ്ട്. എങ്കിൽ, കാലാവസ്ഥാ ഭീഷണി നേരിടുന്ന ഇന്നത്തെ ലോകത്ത് ഉപജീവനം, പോഷകാഹാരം, പ്രകൃതി സംരക്ഷണം എന്നിവ ഉറപ്പാക്കുന്ന ഒരു കാർഷിക മാതൃകയുടെ ഘടകങ്ങൾ എന്തൊക്കെയാണ്?

ഒന്നാമതായി, കർഷകരെ വിവിധതരം ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കൃഷിയിലെ ചെലവ് കുറഞ്ഞ രീതികൾ അവലംബിക്കണം. മിക്ക രാജ്യങ്ങളിലും ഭക്ഷണസാധനങ്ങളുടെ ഉയർന്ന വില താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ, ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നത് കർഷകരുടെ കൈകളിൽ കൂടുതൽ പണം എത്തിക്കാൻ സഹായിക്കും. ചെലവ് കുറഞ്ഞ കൃഷിരീതികൾ ഉൽപ്പാദനക്ഷമത കുറയ്ക്കുമെന്ന് കരുതേണ്ടതില്ല. 'സ്മാർട്ട് അഗ്രികൾച്ചർ' എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന പരമ്പരാഗത രീതികൾ പോലും ഉയർന്ന ഗുണമേന്മയുള്ളതും എന്നാൽ വൻവിലയുള്ളതുമായ വിത്തുകളെയും വളങ്ങളെയുമാണ് ആശ്രയിക്കുന്നത്. ഇത് കൃഷിച്ചെലവ് വർദ്ധിപ്പിക്കുന്നു. ഉയർന്ന വിളവ് ലഭിക്കുന്നതിലൂടെ വരുമാനം വർദ്ധിക്കുമെന്നാണ് ഇതിന് പറയുന്ന ന്യായമെങ്കിലും, ഉൽപ്പാദനച്ചെലവ് ലാഭത്തെ ഇല്ലാതാക്കുന്നില്ലെങ്കിൽ മാത്രമേ ഇത് പ്രായോഗികമാകൂ. കൃഷിഭൂമി കുറവായ ചെറുകിട കർഷകരുടെ കാര്യത്തിൽ, ഇത്തരം വലിയ ചെലവുകൾ ലാഭകരമാകില്ല.

വിളവ് വർദ്ധിപ്പിക്കുന്നതിനുള്ള ശരിയായ മാർഗ്ഗം മണ്ണിന്റെ ആരോഗ്യ സംരക്ഷണവും ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമാണെന്ന് വ്യക്തമാണ്. മഴവെള്ളത്തിന്റെ ഓരോ തുള്ളിയും സംഭരിച്ചുവെക്കുന്ന ഇന്ത്യയുടെ പരമ്പരാഗത രീതികൾ ഇവിടെ വലിയ സഹായമാകും. കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകവും ജലലഭ്യതയാണ്. കാലാവസ്ഥാ വ്യതിയാനം കർഷകർക്ക് പുതിയ തരം കീടങ്ങളുടെ ശല്യങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പാണ്. ഇത് കൃഷിരീതികളെ കൂടുതൽ അതിജീവനശേഷിയുള്ളതാക്കി മാറ്റേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു; എന്നാൽ ഇതിനർത്ഥം കൂടുതൽ കീടനാശിനികൾ ഉപയോഗിക്കണം എന്നല്ല. പകരം, കൃഷിരീതികളിൽ മാറ്റം വരുത്തുന്നതിനും രാസവസ്തുക്കളല്ലാത്ത ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനുമാണ് മുൻഗണന നൽകേണ്ടത്. പ്രതിസന്ധികളെ നേരിടാനും അതിൽ നിന്ന് വേഗത്തിൽ കരകയറാനുമുള്ള കഴിവിനെയാണ് അതിജീവനശേഷി എന്ന് പറയുന്നത്, ഇത് കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കുന്നു. കർഷകരുടെ ലാഭം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിപണികളിൽ നിക്ഷേപം നടത്തുന്നതും ഇതിന്റെ ഭാഗമാണ്.

രണ്ടാമതായി, കൃഷി കെട്ടിപ്പടുക്കേണ്ടത് നഷ്ടസാധ്യതകൾ കുറയ്ക്കുക എന്ന തത്വത്തിലായിരിക്കണം. ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ബഹുവിള രീതികൾ ഇതിനായി നടപ്പിലാക്കണം. ഇതിനാലാണ് കന്നുകാലി വളർത്തൽ കൃഷിയുടെ അവിഭാജ്യ ഘടകമാകുന്നത് - ഇത് വ്യത്യസ്ത സ്രോതസ്സുകളിൽ നിന്ന് വരുമാനം നൽകുകയും കൃഷിയിലെ നഷ്ടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ നിക്ഷേപങ്ങൾ പലയിടങ്ങളിലായി വിഭജിക്കണമെന്ന് ബാങ്ക് ഉദ്യോഗസ്ഥർ ഉപദേശിക്കുന്നത് പോലെയാണ് ഇതും.

മൂന്നാമതായി, വിളകളുടെ തിരഞ്ഞെടുപ്പാണ്. കൃഷി ചെയ്യുന്ന ഇനങ്ങൾ പോഷകസമൃദ്ധവും അതോടൊപ്പം പ്രാദേശിക പരിസ്ഥിതിക്ക് അനുയോജ്യവുമായിരിക്കണം. ലളിതമായി പറഞ്ഞാൽ, ജലലഭ്യത കുറവുള്ള പ്രദേശങ്ങളിൽ കർഷകർ മില്ലറ്റുകൾ (ചെറുധാന്യങ്ങൾ) പോലെയുള്ള കുറഞ്ഞ അളവിൽ വെള്ളം ആവശ്യമുള്ള വിളകൾ കൃഷി ചെയ്യണം. എന്നാൽ ഇത്തരം തിരഞ്ഞെടുപ്പുകൾ പൂർണ്ണമായും കർഷകരുടെ കൈകളിലല്ല. സംഭരണവും വിലനിർണ്ണയവും സംബന്ധിച്ച നയങ്ങളിലൂടെ സർക്കാർ അവരെ ഇതിന് പ്രാപ്തരാക്കണം. ഉദാഹരണത്തിന്, സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ (ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്ന്) ഉൾപ്പെടുത്തിയാൽ, കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെറുധാന്യങ്ങൾ കൃഷി ചെയ്യാൻ കർഷകർ മുന്നോട്ടുവരും. കാലാവസ്ഥാ അതിജീവനശേഷിയുള്ള കൃഷിരീതികളിലേക്കുള്ള മാറ്റത്തിന് ഇത്തരമൊരു സംവിധാനം അനിവാര്യമാണ്. വിളകൾ വൈവിധ്യമാകുമ്പോൾ മണ്ണിലെ ബാക്ടീരിയകളും ഫംഗസുകളും ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ വൈവിധ്യം വർദ്ധിക്കുമെന്നും, ഇത് മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ഉൽപ്പാദനക്ഷമത കൂട്ടുമെന്നും നമുക്കിന്നറിയാം.

നാലാമത്തേതും ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം, നാം തിരഞ്ഞെടുക്കുന്ന ഭക്ഷണമാണ്. കർഷകർ എന്ത് കൃഷി ചെയ്യണം എന്നത് ഉപഭോക്താക്കളായ നമ്മുടെ കൈകളിലാണ്. നമ്മൾ എന്ത് കഴിക്കുന്നു, എന്തിന് കഴിക്കുന്നു എന്നത് അവർക്കുള്ള സൂചനകളാണ്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ കുടലിലെ ബാക്ടീരിയകളുടെ ഘടനയെ സ്വാധീനിക്കുന്നുണ്ടെന്ന് നമുക്കറിയാം. കുടലിലെ ഈ സൂക്ഷ്മജീവികളുടെ ആരോഗ്യം നാം കഴിക്കുന്ന ഭക്ഷണത്തിന്റെ വൈവിധ്യത്തെയും ഗുണമേന്മയെയും ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്റെ ആരോഗ്യത്തിന് നിർണ്ണായകമായ കുടൽ, ട്രില്യൺ കണക്കിന് ബാക്ടീരിയകളുടെ വാസസ്ഥലമാണ്. ഭക്ഷണവും മരുന്നും ആഗിരണം ചെയ്യുന്നത് ഉൾപ്പെടെ ശരീരത്തിന്റെ പ്രധാന ധർമ്മങ്ങൾ നിർവ്വഹിക്കുന്നത് ഇവയാണ്. നമ്മുടെ "രണ്ടാം മസ്തിഷ്കം" എന്ന് വിളിക്കപ്പെടുന്ന കുടലിന് അതിന്റെ പ്രവർത്തനം തടസ്സപ്പെടുത്താത്ത ഭക്ഷണമാണ് ആവശ്യം. അതായത്, കുടലിലെ ബാക്ടീരിയകളുടെ വൈവിധ്യം നിലനിർത്താൻ പ്രകൃതിദത്തവും നാരുകൾ അടങ്ങിയതുമായ വൈവിധ്യമാർന്ന ഭക്ഷണം ആവശ്യമാണ്. എന്നാൽ അമിതമായി സംസ്കരിച്ചതോ, പഞ്ചസാര അധികമുള്ളതോ ആയ ഭക്ഷണങ്ങൾ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഈ രീതിയിൽ നോക്കിയാൽ മണ്ണിന്റെ ആരോഗ്യവും കുടലിന്റെ ആരോഗ്യവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു - വിളകളിൽ എത്രത്തോളം വൈവിധ്യമുണ്ടോ അത്രത്തോളം മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടും; നാം കഴിക്കുന്ന ഭക്ഷണത്തിൽ എത്രത്തോളം വൈവിധ്യമുണ്ടോ അത് മനുഷ്യന്റെ ആരോഗ്യത്തെ അത്രത്തോളം മെച്ചപ്പെടുത്തും.

അതുകൊണ്ട് നല്ല ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് നാം തിരികെ കൊണ്ടുവരണം - നമ്മുടെ അമ്മമാരും അമ്മൂമ്മമാരും ഓരോ കാലഭേദങ്ങൾക്കനുസരിച്ച് പാകം ചെയ്തിരുന്ന ഭക്ഷണരീതികൾ വീണ്ടെടുക്കണം. ആ ഭക്ഷണ സംസ്കാരം രൂപപ്പെട്ടത് തന്നെ പോഷകഗുണത്തിനും ആരോഗ്യത്തിനും മുൻഗണന നൽകിക്കൊണ്ടാണ്. ഈ രീതിയിൽ, ഭക്ഷണത്തിന് മനുഷ്യനും, ഈ ഭൂമിക്കും ഒരുപോലെ ഔഷധമാകാൻ കഴിയും.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in