പായ്ക്കറ്റ് ഭക്ഷണങ്ങളിലെ വ്യാജ എക്സ്പയറി ഡേറ്റും ലേബലിംഗ് തട്ടിപ്പുകളും
ശുചിത്വമില്ലാത്ത അടുക്കളകളിൽ നിന്ന് മാറി, വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ലേബലുകളിലേക്കാണ് ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ ആശങ്കകൾ ഇപ്പോൾ വിരലൂണ്ടുന്നത്. ചിപ്സ്, ന്യൂഡിൽസ്, ശീതളപാനീയങ്ങൾ തുടങ്ങിയ ജനപ്രിയ സംസ്കരിച്ച ഭക്ഷണ പായ്ക്കറ്റുകളിലെ എക്സ്പയറി തീയതികളിൽ മാറ്റം വരുത്തുന്നത് സമീപകാല റെയ്ഡുകളിൽ കണ്ടെത്തിയിട്ടുണ്ട്.
ഒറിജിനൽ തീയതികൾ മായ്ച്ചുകളഞ്ഞ് പുതിയവ ചേർക്കുന്ന ഇത്തരം തട്ടിപ്പുകൾ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സംസ്കരിച്ചതും അതിസംസ്കരിച്ചതുമായ (ultra-processed) ഭക്ഷണങ്ങളെക്കുറിച്ച് സുരക്ഷിതവും ബോധപൂർവ്വവുമായ തീരുമാനങ്ങളെടുക്കാൻ ഉപഭോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ടോ എന്നും, വിശ്വസ്തതയും സുതാര്യതയും എത്രത്തോളം പാലിക്കപ്പെടുന്നുമുണ്ടെന്നതിനെക്കുറിച്ച് ഇത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു
ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ പ്രതിസന്ധി എന്നത് ഇപ്പോൾ അടുക്കളകളിലോ അപ്രതീക്ഷിത പരിശോധനകളിലോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ആഡംബര റസ്റ്റോറന്റുകൾ മുതൽ സൂപ്പർമാർക്കറ്റുകളിലെ റാക്കുകളിൽ വരെ - നാം യഥാർത്ഥത്തിൽ എന്താണ് കഴിക്കുന്നത് എന്നതിനെക്കുറിച്ചും, ബോധപൂർവ്വമായ തീരുമാനങ്ങളെടുക്കാൻ ഉപഭോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്.
തുക്കാറാം മുണ്ഡെയുടെ നേതൃത്വത്തിൽ നടന്ന അപ്രതീക്ഷിത പരിശോധനകൾ അടക്കമുള്ള സമീപകാല ഭക്ഷ്യസുരക്ഷാ റെയ്ഡുകൾ, ശുചിത്വത്തെയും നിയമങ്ങൾ പാലിക്കുന്നതിനെയും വീണ്ടും വാർത്തകളിൽ സജീവമാക്കി നിർത്തിയിരിക്കുകയാണ്. എന്നാൽ റസ്റ്റോറന്റുകൾക്ക് പുറത്ത്, അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു പോരാട്ടം നടക്കുന്നുണ്ട്; അതാണ് സംസ്കരിച്ച പായ്ക്കറ്റ് ഭക്ഷണ നിർമ്മാണ മേഖല.
മുംബൈയിലെ ഒരു ഗോഡൗണിൽ നടന്ന റെയ്ഡിൽ, ചിപ്സ്, ന്യൂഡിൽസ്, ശീതളപാനീയങ്ങൾ തുടങ്ങിയ ജനപ്രിയ സംസ്കരിച്ച ഭക്ഷണ പായ്ക്കറ്റുകളിലെ ഒറിജിനൽ എക്സ്പയറി തീയതികൾ മായ്ച്ചുകളഞ്ഞ്, ഭാവിയിലെ പുതിയ തീയതികൾ പ്രിന്റ് ചെയ്ത് തട്ടിപ്പ് നടത്തുന്നത് കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ വലിയൊരു ചോദ്യം ഉയർത്തുന്നുണ്ട്: കടകളിൽ നിന്ന് വാങ്ങുന്ന പായ്ക്കറ്റുകളിൽ പ്രിന്റ് ചെയ്തിരിക്കുന്ന വിവരങ്ങളെ ഉപഭോക്താക്കൾക്ക് ഇനി എത്രത്തോളം വിശ്വസിക്കാൻ കഴിയും?
സംസ്കരിച്ചതും അതിസംസ്കരിച്ചതുമായ (Processed & Ultra-Processed) ഭക്ഷണങ്ങളെക്കുറിച്ചും, ഭക്ഷ്യമേഖലയിലെ കടുത്ത മത്സരം ഉൽപ്പന്നങ്ങളുടെ ചേരുവകളെയും വിപണനത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഈ വീഡിയോ വിശദമായി പരിശോധിക്കുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
