ആന്ധ്രാപ്രദേശിന്റെ പ്രകൃതിദത്ത കൃഷി പദ്ധതിക്ക് 2026-ലെ ഫുഡ് പ്ലാനറ്റ് പ്രൈസ്

മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയും കാർബൺ പുറന്തള്ളൽ കുറയ്ക്കുകയും ഗ്രാമീണ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്ന ഈ മാതൃകയെ ആഗോള ഭക്ഷ്യ സമ്മാന ജൂറി പ്രശംസിച്ചു
ആന്ധ്രാപ്രദേശിന്റെ പ്രകൃതിദത്ത കൃഷി പദ്ധതിക്ക് 2026-ലെ ഫുഡ് പ്ലാനറ്റ് പ്രൈസ്
എ.പി.സി.എൻ.എഫ്.
Published on
Summary
  • സ്വീഡനിലെ കർട്ട് ബെർഗ്ഫോർസ് ഫൗണ്ടേഷൻ (Curt Bergfors Foundation) നൽകുന്ന 2026-ലെ ഫുഡ് പ്ലാനറ്റ് പ്രൈസ് ആന്ധ്രാപ്രദേശിന്റെ APCNF പദ്ധതി സ്വന്തമാക്കി.

  • 18 ലക്ഷം (1.8 മില്യൺ) കർഷക കുടുംബങ്ങളുമായും 3,40,000 വനിതാ സ്വയംസഹായ സംഘങ്ങളുമായും ചേർന്നാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്.

  • കൃത്രിമ രാസവസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഒപ്പം മണ്ണിന്റെ ആരോഗ്യവും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും മെച്ചപ്പെടുത്താനും APCNF കർഷകരെ സഹായിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.

  • ഈ മാതൃക ഇപ്പോൾ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലേക്കും കൂടാതെ ശ്രീലങ്ക, സാംബിയ എന്നീ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു വരികയാണ്.

ഭക്ഷ്യസംവിധാനങ്ങളുടെ പരിവർത്തനത്തിന് മുൻഗണന നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്കാരങ്ങളിലൊന്നായ 2026-ലെ ഫുഡ് പ്ലാനറ്റ് പ്രൈസ് ആന്ധ്രാപ്രദേശിന്റെ കമ്മ്യൂണിറ്റി നേതൃത്വത്തിലുള്ള പ്രകൃതിദത്ത കൃഷി പദ്ധതി സ്വന്തമാക്കി. 1.5 മില്യൺ ഡോളർ (ഏകദേശം 12.5 കോടി രൂപ) സമ്മാനത്തുകയുള്ള ഈ പുരസ്കാരം 2026 ജൂൺ 2-ന് സ്വീഡനിലെ ബാസ്റ്റാഡിൽ (Båstad) വെച്ചു നടന്ന ചടങ്ങിൽ സമ്മാനിച്ചു.

കൃത്രിമ രാസവസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ കാർഷിക രീതികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ആന്ധ്രാപ്രദേശ് കമ്മ്യൂണിറ്റി മാനേജ്ഡ് നാച്ചുറൽ ഫാമിംഗ് (APCNF) പദ്ധതിയെ സ്വീഡനിലെ കർട്ട് ബെർഗ്ഫോർസ് ഫൗണ്ടേഷൻ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

ഈ പുരസ്കാരത്തിനായി ലോകമെമ്പാടും നിന്ന് ആയിരത്തിലധികം നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. 19 രാജ്യങ്ങളിലും ആറ് ഭൂഖണ്ഡങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 35 സംരംഭങ്ങളുടെ പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത അവസാന നാല് ഫൈനലിസ്റ്റുകളിൽ ഒന്നാണ് APCNF എന്ന് അവരുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ആന്ധ്രാപ്രദേശ് കാർഷിക വകുപ്പിന് കീഴിലുള്ള റൈതു സാധിക്കാര സംസ്ഥ 2016-ൽ ആരംഭിച്ച ഈ പദ്ധതി, കർഷകരെ പ്രകൃതിദത്ത കൃഷി രീതികളിലേക്ക് മാറാൻ സഹായിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തത്. ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ പ്രകാരം, ഇന്ന് ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്മ്യൂണിറ്റി അധിഷ്ഠിത അഗ്രോഇക്കോളജി (കാർഷിക-പരിസ്ഥിതി) മുന്നേറ്റങ്ങളിലൊന്നായി വളർന്നിരിക്കുന്നു.

ഈ പദ്ധതി നിലവിൽ ആന്ധ്രാപ്രദേശിലുടനീളമുള്ള ഏകദേശം 18 ലക്ഷം കർഷക കുടുംബങ്ങളുമായും 3,40,000 വനിതാ സ്വയംസഹായ സംഘങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. കർഷകരിൽ നിന്ന് കർഷകരിലേക്ക് അറിവുകൾ പകരുന്നതിനായി പതിനായിരത്തിലധികം കമ്മ്യൂണിറ്റി റിസോഴ്സ് വ്യക്തികളുടെ പിന്തുണയുണ്ടെന്നും, ഒപ്പം കർഷക ശാസ്ത്രജ്ഞരും മെന്റർമാരും പ്രകൃതിദത്ത കൃഷി രീതികൾ രേഖപ്പെടുത്താനും ശക്തിപ്പെടുത്താനും സഹായിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

പ്രകൃതിയോട് ഇണങ്ങിനിന്നുകൊണ്ടുള്ള കൃഷിരീതിയിലൂടെ മണ്ണിന്റെ ആരോഗ്യം, ജൈവവൈവിധ്യം, കാർഷിക പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്താമെന്നും ഒപ്പം കൃഷിച്ചെലവ് കുറയ്ക്കാമെന്നും തെളിയിച്ചതിനാണ് APCNF-ന് ഈ പുരസ്കാര ആദരം ലഭിച്ചത്.

ഈ അംഗീകാരം "ഇന്ത്യയ്ക്ക് തന്നെ ആദ്യത്തേതാണെന്നും" 2047-ഓടെ ആന്ധ്രാപ്രദേശിനെ "100 ശതമാനം പ്രകൃതിദത്ത കൃഷി സംസ്ഥാനമായി" മാറ്റുകയാണ് ലക്ഷ്യമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു.

കൃഷിച്ചെലവ് കുറയ്ക്കാനും കർഷകരുടെ വരുമാനം മെച്ചപ്പെടുത്താനും ഈ പദ്ധതി സഹായിച്ചിട്ടുണ്ടെന്നും കർഷകർക്ക് പരിശീലനം നൽകുന്ന കമ്മ്യൂണിറ്റി റിസോഴ്സ് വ്യക്തികളിൽ 60 ശതമാനത്തിലധികം പേരും സ്ത്രീകളാണെന്നും സംസ്ഥാന കൃഷിമന്ത്രി കിഞ്ചരാപ്പു അച്ചന്നായിഡു വ്യക്തമാക്കി.

APCNF-ന്റെ കൃഷിരീതികൾ ഇപ്പോൾ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലേക്കും കൂടാതെ ശ്രീലങ്ക, സാംബിയ എന്നീ രാജ്യങ്ങളിലേക്കും പങ്കുവെക്കുന്നുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

ഈ മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ച 18 ലക്ഷം കർഷക കുടുംബങ്ങൾക്കും, 7 ലക്ഷം കർഷക തൊഴിലാളി കുടുംബങ്ങൾക്കും, ഇതിന് നേതൃത്വം നൽകുന്ന വനിതാ സ്വയംസഹായ സംഘങ്ങൾക്കും വേണ്ടിയാണ് ഈ പുരസ്കാരം സ്വീകരിക്കുന്നതെന്ന് റൈതു സാധിക്കാര സംസ്ഥയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ടി വിജയ് കുമാർ പറഞ്ഞു.

അല്ലൂരി സീതാരാമരാജു ജില്ലയിലെ അല്ലപ്പട്ട് ഗ്രാമത്തിൽ നിന്നുള്ള കുരുട രാധയെപ്പോലുള്ള കർഷകർക്ക് ഈ പുരസ്കാരം വലിയൊരു അഭിമാന നിമിഷമായിരുന്നു. "ഞങ്ങളുടെ സ്വന്തം തോട്ടത്തിൽ വിളയിച്ച രാസവസ്തുക്കളില്ലാത്ത ഭക്ഷണമാണ് ഞങ്ങൾ കഴിക്കുന്നത്," എന്ന് അവരെ ഉദ്ധരിച്ചുകൊണ്ട് പത്രക്കുറിപ്പിൽ പറയുന്നു. തങ്ങളെപ്പോലുള്ള ചെറുകിട കർഷകർക്ക് ഈ അംഗീകാരം വളരെ വിലപ്പെട്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in