എന്തുകൊണ്ട് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകൾ പരിസ്ഥിതി വിഷയങ്ങളിൽ ഇപ്പോഴും പഴയകാല ഭാഷ പിന്തുടരുന്നു?

ആവാസവ്യവസ്ഥയുടെ അതിരുകളിൽ പ്രളയവും മണ്ണൊലിപ്പും തർക്കങ്ങളും വിനാശകരമായി തുടരുന്ന ഒരു സംസ്ഥാനത്ത്, പരിസ്ഥിതി ആശങ്കകളെ അപ്രസക്തമാക്കി കൊണ്ടുള്ള പശ്ചാത്തല വികസന മോഹങ്ങൾ ആധിപത്യം സ്ഥാപിക്കുന്നു.
എന്തുകൊണ്ട് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകൾ പരിസ്ഥിതി വിഷയങ്ങളിൽ ഇപ്പോഴും പഴയകാല ഭാഷ പിന്തുടരുന്നു?
പിണറായി വിജയൻ എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കിഫോട്ടോ: @pinarayivijayan / എക്സ്
Published on

കാലാവസ്ഥാ വ്യതിയാനം എന്നത് വിദൂരമായ ഒരു സാധ്യതയായി കേരളം ചർച്ച ചെയ്യുന്ന ഒരു ഘട്ടത്തിലല്ല ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകൾ വന്നെത്തിയിരിക്കുന്നത്. തകരുന്ന തീരപ്രദേശങ്ങളിലും, ഇളകുന്ന മലനിരകളിലും, മനുഷ്യവാസ കേന്ദ്രങ്ങളും വന്യജീവികളും തമ്മിൽ മുമ്പെങ്ങുമില്ലാത്തവിധം ഏറ്റുമുട്ടുന്ന വനാതിർത്തികളിലുമാണ് സംസ്ഥാനം ഇന്ന് ജീവിക്കുന്നത്. എന്നിട്ടും, കേരളത്തിന്റെ ഭാവി രേഖപ്പെടുത്തുന്ന ഈ രാഷ്ട്രീയ രേഖകൾ, വികസനമെന്നത് പാരിസ്ഥിതിക പരിധികളെ അടിസ്ഥാനപരമായി അഭിമുഖീകരിക്കാതെ തന്നെ വ്യാപിപ്പിക്കാൻ കഴിയുന്ന ഒന്നാണെന്ന് വിശ്വസിച്ചിരുന്ന ഒരു പഴയ കാലഘട്ടത്തിന്റെ ഭാഷയിലാണ് ഇപ്പോഴും സംസാരിക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF), ഐക്യ ജനാധിപത്യ മുന്നണി (UDF), നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) എന്നീ മൂന്ന് പ്രധാന മുന്നണികളും അവയുടെ സ്വരത്തിലും ഊന്നലുകളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ അതിശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കും, തീരശോഷണത്തിനും, മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്കും ഇടയിൽ വെച്ച് വായിക്കുമ്പോൾ അവ ആഴത്തിലുള്ള ഒരു തുടർച്ച വെളിപ്പെടുത്തുന്നു. പശ്ചാത്തല സൗകര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള വളർച്ച (Infrastructure-led growth) കേന്ദ്രീകൃതമായ ഒരു രാഷ്ട്രീയ വാഗ്ദാനമായി തുടരുന്നു; അതേസമയം പരിസ്ഥിതി എന്നത് നയങ്ങളെ നിർണ്ണയിക്കുന്ന ഒരു അതിരല്ല, മറിച്ച് എങ്ങനെയെങ്കിലും കൈകാര്യം ചെയ്യേണ്ട ഒരു തടസ്സമായി മാത്രം പരിഗണിക്കപ്പെടുന്നു.

കേരളത്തിന്റെ ഭൂമിശാസ്ത്രം അതിനെ അതീവ ദുർബലമാക്കുന്നു. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലുള്ള ഒരു ഇടുങ്ങിയ പ്രദേശം എന്ന നിലയിൽ, കടൽത്തീരത്തു നിന്നും മൺസൂണിൽ നിന്നും ദുർബലമായ മലനിരകളിൽ നിന്നും അത് ഒരേസമയം സമ്മർദ്ദങ്ങൾ നേരിടുന്നു. കഴിഞ്ഞ ദശകത്തിൽ ഈ ദുർബലതകൾ ആവർത്തിച്ചുള്ള പ്രതിസന്ധികളായി മാറിയിട്ടുണ്ട്. 2018-ലെയും 2019-ലെയും പ്രളയങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല; മറിച്ച് അണക്കെട്ടുകളും പാറമടകളും ഭൂവിനിയോഗത്തിലെ മാറ്റങ്ങളും വൻതോതിൽ പരിവർത്തനം വരുത്തിയ പുഴത്തടങ്ങളെ അതിവൃഷ്ടി തകർക്കുന്ന ഒരു പുതിയ മാതൃകയുടെ അടയാളങ്ങളായിരുന്നു. ഇടുക്കി, വയനാട്, കോട്ടയം ജില്ലകളിലെ ഉരുൾപൊട്ടലുകൾ, പലപ്പോഴും ചരിവുകളുടെ അസ്ഥിരതയുമായും അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട ഓരോ സീസണിലെയും ദുരന്തങ്ങളായി മാറിയിരിക്കുന്നു. കടൽത്തീരത്ത് ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകൾ കിലോമീറ്ററുകളോളം കരപ്രദേശം അപ്രത്യക്ഷമാകുന്നതിന് സാക്ഷ്യം വഹിച്ചു, ഇത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കുടിയൊഴിപ്പിക്കലുകളിലേക്ക് നയിച്ചു.

അതേസമയം തന്നെ, വനാതിർത്തിയിലുള്ള ജില്ലകളിൽ മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിച്ചു. ആവാസവ്യവസ്ഥകൾ ചുരുങ്ങുകയും പാരിസ്ഥിതിക ഇടനാഴികൾ വിഭജിക്കപ്പെടുകയും ചെയ്യുന്നതോടെ ആനകളും കാട്ടുപന്നികളും മറ്റ് ജീവിവർഗ്ഗങ്ങളും കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും കടന്നുവരുന്നു. ഇവ വെവ്വേറെയുള്ള പ്രതിസന്ധികളല്ല. ഒരേ യാഥാർത്ഥ്യത്തിന്റെ പരസ്പരബന്ധിതമായ ഭാവങ്ങളാണവ. ഒരേസമയം ഒന്നിലധികം ഭൂപ്രദേശങ്ങളിൽ കേരളം പാരിസ്ഥിതിക പരിധികൾ ലംഘിച്ചിരിക്കുന്നു.

ഈ പശ്ചാത്തലത്തിൽ, എൽ.ഡി.എഫ് പ്രകടനപത്രിക ഏറ്റവും വിപുലമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. കേരളത്തെ ഉയർന്ന വളർച്ചയുള്ളതും വൈവിധ്യമാർന്ന വ്യവസായങ്ങളുള്ളതുമായ ഒരു സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള വിപുലമായ പരിപാടികൾ അത് വിവരിക്കുന്നു. ഉൽപ്പാദന മേഖലയുടെ വിപുലീകരണം, അടിസ്ഥാന സൗകര്യ ഇടനാഴികൾ, ലോജിസ്റ്റിക് ശൃംഖലകൾ, നഗര വികസനം എന്നിവയാണ് ഇതിന്റെ കാതൽ. കൃഷി, പ്രാദേശിക ഭരണം, ക്ഷേമം എന്നിവയെ പരാമർശിക്കുന്നതിലൂടെ സുസ്ഥിരതയെക്കുറിച്ചുള്ള ഒരു സൂചന അവിടെയുണ്ട്. ഭരണത്തിലെ വികേന്ദ്രീകരണത്തിനുള്ള എൽ.ഡി.എഫിന്റെ ഊന്നൽ ചരിത്രപരമായി സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഇടപെടലുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

എങ്കിലും, ഇതിന്റെ വികസന മോഹങ്ങളുടെ തോതും വ്യാപ്തിയും തമ്മിലാണ് വൈരുദ്ധ്യം നിലനിൽക്കുന്നത്. വ്യാവസായിക ഇടനാഴികളും അടിസ്ഥാന സൗകര്യ വിപുലീകരണവും പാരിസ്ഥിതിക ലോല മേഖലകളുമായി കൂട്ടിമുട്ടുന്നു. പശ്ചിമഘട്ടത്തിൽ റോഡ് വീതികൂട്ടലും പാറമടകളും നിർമ്മാണ പ്രവർത്തനങ്ങളും അതിവൃഷ്ടിയിൽ തകരാൻ സാധ്യതയുള്ള ചരിവുകളെ മാറ്റിക്കൊണ്ടിരിക്കുന്നു. പാരിസ്ഥിതിക ദുർബലതയെക്കുറിച്ചുള്ള വർഷങ്ങളായുള്ള ചർച്ചകൾ നടന്നിട്ടും, വികസനം എവിടെ നിൽക്കണമെന്ന് ഈ പ്രകടനപത്രികയിൽ വ്യക്തമായ ഉത്തരങ്ങളില്ല.

കാലാവസ്ഥാ ആഘാതങ്ങളെ നേരിടാൻ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പകരം, അതിനെ പ്രതിരോധിക്കാൻ കഴിയുന്ന ശക്തമായ എഞ്ചിനീയറിംഗ് നിർമ്മാണങ്ങളെ ആശ്രയിക്കുന്ന രീതിയാണ് ഇവിടെ കാണുന്നത്. തീരദേശത്ത്, ദീർഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസ പദ്ധതികളേക്കാളും (Managed retreat) ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനേക്കാളും ഉപരിയായി കടൽഭിത്തികൾക്കും മറ്റ് സംരക്ഷണ നിർമ്മിതികൾക്കുമാണ് ഊന്നൽ നൽകുന്നത്. പാരിസ്ഥിതിക സമ്മർദ്ദത്തിന് കാരണമാകുന്ന പഴയ രീതികളിൽ നിന്ന് മാറാതെ തന്നെ വികസനത്തിൽ പരിസ്ഥിതി അവബോധം കൂടി ഉൾച്ചേർത്ത ഒരു ഭരണകൂട വികസന മാതൃകയാണിത്.

യു.ഡി.എഫ് പ്രകടനപത്രിക, പ്രത്യേകിച്ച് വലിയ പദ്ധതികളെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, പരിസ്ഥിതിയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാന സൗകര്യങ്ങൾ അത് വാഗ്ദാനം ചെയ്യുകയും പൊതുജന പ്രതിഷേധം നേരിട്ട പദ്ധതികൾ പുനഃപരിശോധിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്യുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ഉപജീവനവുമായി കൂട്ടിമുട്ടുന്ന കേരളത്തിലെ സമീപകാല സമരങ്ങളുടെ ഒരു രാഷ്ട്രീയ വായനയാണിത്.

എന്നിരുന്നാലും, ഈ ജാഗ്രതയ്ക്കപ്പുറം സമഗ്രമായ ഒരു പാരിസ്ഥിതിക നയരൂപീകരണം നടത്താൻ ഈ പ്രകടനപത്രികയ്ക്കും സാധിക്കുന്നില്ല. പാരിസ്ഥിതിക പരിഗണനകൾ ഒരു വ്യവസ്ഥാപിത നയമെന്ന നിലയിലല്ല, മറിച്ച് വ്യക്തിഗത പദ്ധതികളുടെ തലത്തിൽ മാത്രമാണ് കാണപ്പെടുന്നത്. തണ്ണീർത്തടങ്ങൾ നികത്തുന്നതും അശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങളും മൂലം കൊച്ചി പോലുള്ള നഗരങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടാൻ വ്യക്തമായ നഗര-പാരിസ്ഥിതിക തന്ത്രങ്ങൾ (Urban ecological strategy) അവിടെയില്ല. തീരശോഷണത്തെ ഒരു ആസൂത്രണ പരാജയമായി കാണുന്നതിന് പകരം നഷ്ടപരിഹാരം നൽകേണ്ട ഒരു ക്ഷേമപ്രശ്നമായി മാത്രമാണ് ചിത്രീകരിക്കുന്നത്.

യു.ഡി.എഫിന്റെ സമീപനം പ്രതികരണാത്മകമായി (Reactive) കാണാവുന്നതാണ്. അത് ചില പ്രത്യേക തർക്കങ്ങളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വികസനത്തെ തന്നെ പുനർരൂപകൽപ്പന ചെയ്യാൻ മുതിരുന്നില്ല.

എൻ.ഡി.എ പ്രകടനപത്രിക അടിസ്ഥാന സൗകര്യങ്ങൾക്കും ക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകുന്നു, ഇത് കണക്റ്റിവിറ്റിയും നിക്ഷേപവും വഴി വളർച്ച കൈവരിക്കാനുള്ള വിപുലമായ ദേശീയ കാഴ്ചപ്പാടുമായി ചേർന്നുപോകുന്നതാണ്. ഈ ചട്ടക്കൂടിൽ പരിസ്ഥിതി ആശങ്കകൾ അപ്രസക്തമായി തുടരുന്നു. കേരളത്തിലെ വിവിധ ഭൂപ്രദേശങ്ങളിലെ പാരിസ്ഥിതിക ദുർബലതകളുമായി ഇതിന് വലിയ ബന്ധമില്ല.

ഹൈവേകൾ, റെയിൽ ഇടനാഴികൾ, വലിയ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകുന്ന ഊന്നൽ സൂചിപ്പിക്കുന്നത് ഓരോ പ്രദേശത്തിന്റെയും ഉൾക്കൊള്ളാനുള്ള ശേഷിയോ (Carrying capacity) പാരിസ്ഥിതിക ആഘാതമോ പരിഗണിക്കാത്ത ഒരു അതിതീവ്ര വികസന മാതൃകയാണ്. വയനാട് പോലുള്ള ജില്ലകളിൽ ഇപ്പോൾ വലിയ രാഷ്ട്രീയ വിഷയമായിരിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷത്തെ ആവാസവ്യവസ്ഥയുടെ വിഭജനവുമായി ബന്ധപ്പെട്ട ഒരു പാരിസ്ഥിതിക പ്രതിസന്ധിയായി കാണുന്നില്ല. പകരം അത് ഭരണപരമായ ഉത്തരവാദിത്തങ്ങളിൽ മാത്രമായി ഒതുങ്ങുന്നു.

ഈ മൂന്ന് സമീപനങ്ങളിലുടനീളം ഒരു പൊതു ധാരണ പ്രകടമാണ്. അടിസ്ഥാന സൗകര്യങ്ങളാണ് പ്രധാന രാഷ്ട്രീയ നാണയം. റോഡുകൾ, റെയിൽവേകൾ, തുറമുഖങ്ങൾ, ഇടനാഴികൾ എന്നിവയാണ് പുരോഗതിയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളെ നയിക്കുന്നത്. പരിസ്ഥിതി എന്നത് രണ്ടാമതാണ്, അത് പലപ്പോഴും ഒരു തടസ്സമായോ അല്ലെങ്കിൽ പിന്നീട് ആലോചിക്കേണ്ട ഒന്നായോ മാത്രം കരുതപ്പെടുന്നു.

കാലാവസ്ഥാ ആഘാതങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നതിന് പകരം അവ സാധാരണ സംഭവങ്ങളായി മാറ്റപ്പെടുന്നു. പ്രളയം, ഉരുൾപൊട്ടൽ, തീരശോഷണം എന്നിവയെ വികസനത്തെക്കുറിച്ച് പുനർചിന്ത ആവശ്യപ്പെടുന്ന വ്യവസ്ഥാപിത പരാജയമായി കാണുന്നതിന് പകരം ദുരിതാശ്വാസവും നഷ്ടപരിഹാരവും നൽകേണ്ട ദുരന്തങ്ങളായി മാത്രമാണ് കണക്കാക്കുന്നത്. പരിസ്ഥിതി വിഷയങ്ങൾ വിഘടിച്ചുനിൽക്കുന്നു. തീരശോഷണം ഫിഷറീസിലൂടെയും ഹൗസിംഗിലൂടെയും കൈകാര്യം ചെയ്യുന്നു, ഉരുൾപൊട്ടൽ ദുരന്തനിവാരണത്തിലൂടെയും മനുഷ്യ-വന്യജീവി സംഘർഷം ഫോറസ്റ്റ് അഡ്മിനിസ്ട്രേഷനിലൂടെയും കൈകാര്യം ചെയ്യുന്നു. ഈ പ്രതിഭാസങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമഗ്രമായ ഒരു പാരിസ്ഥിതിക കാഴ്ചപ്പാടില്ല.

കേരളത്തിന്റെ കടൽത്തീരത്തോളം വ്യക്തമായി മറ്റൊരിടത്തും ഇത് പ്രകടമല്ല. തുറമുഖ നിർമ്മാണങ്ങൾ, കടൽഭിത്തികൾ, മണൽ ഖനനം എന്നിവ തീരത്തെ സ്വാഭാവിക പ്രക്രിയകളെ മാറ്റിമറിച്ചു. ഇത്തരം സംരക്ഷണ നിർമ്മിതികൾ പലപ്പോഴും ശോഷണത്തെ തടയുന്നതിന് പകരം അടുത്ത പ്രദേശങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്, ഇത് സമീപ പ്രദേശങ്ങളിൽ വലിയ നാശമുണ്ടാക്കുന്നു. മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ആവർത്തിച്ചുള്ള സ്ഥലംമാറ്റത്തിന് നിർബന്ധിതരാകുന്നു, അവരുടെ ഉപജീവനമാർഗ്ഗങ്ങൾ തടസ്സപ്പെടുകയും സാമൂഹിക ബന്ധങ്ങൾ തകരുകയും ചെയ്യുന്നു. എന്നിട്ടും ഹാർഡ് ഇൻഫ്രാസ്ട്രക്ചർ (Hard infrastructure) പരിഹാരങ്ങൾക്കാണ് നയങ്ങൾ മുൻഗണന നൽകുന്നത്. ബീച്ച് നൊറിഷ്മെന്റ് (Beach nourishment), കണ്ടൽക്കാടുകളുടെ പുനഃസ്ഥാപനം, അല്ലെങ്കിൽ അപകടസാധ്യതയുള്ള മേഖലകളിൽ നിന്നുള്ള ആസൂത്രിതമായ പിന്മാറ്റം തുടങ്ങിയ ബദലുകളെക്കുറിച്ച് ചർച്ചകൾ കുറവാണ്.

പശ്ചിമഘട്ടത്തിൽ ദശകങ്ങളായി നടന്ന ഖനനം, റോഡ് നിർമ്മാണം, ആസൂത്രണമില്ലാത്ത വികസനം എന്നിവ ദുർബലമായ മലഞ്ചെരിവുകളെ മാറ്റിമറിച്ചു. അതിവൃഷ്ടി ഉണ്ടാകുമ്പോൾ ഉരുൾപൊട്ടലുകൾ ഇപ്പോൾ പതിവാകുന്നു. പാരിസ്ഥിതിക ലോല മേഖലകളിൽ കർശനമായ ഭൂവിനിയോഗ നിയന്ത്രണങ്ങൾ വേണമെന്ന് ശാസ്ത്രീയ പഠനങ്ങൾ ആവർത്തിച്ച് ആവശ്യപ്പെടുന്നു. എന്നിട്ടും പ്രകടനപത്രികകൾ അത്തരം നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങളും ഖനനവും നിയന്ത്രിക്കുന്നതിലെ രാഷ്ട്രീയ നഷ്ടം ഇപ്പോഴും വലുതാണ്.

മനുഷ്യ-വന്യജീവി സംഘർഷവും സമാനമായ കഥയാണ് പറയുന്നത്. വയനാട്, പാലക്കാട് ജില്ലകളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഇപ്പോൾ അപൂർവ്വമല്ല. ആവാസവ്യവസ്ഥയുടെ വിഭജനത്തിലും വനപ്രദേശങ്ങളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിലുമാണ് ഈ സംഘർഷങ്ങളുടെ വേരുകൾ കിടക്കുന്നത്. എന്നിരുന്നാലും, നയപരമായ പ്രതികരണങ്ങൾ പാരിസ്ഥിതികമാകുന്നതിന് പകരം ഭരണപരമായി തുടരുന്നു, അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിന് പകരം നഷ്ടപരിഹാരത്തിലും നിയന്ത്രണത്തിലുമാണ് അവ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ മൂന്ന് പ്രകടനപത്രികകളിലും ഇല്ലാത്തത് കേരളത്തെ ഒരു കാലാവസ്ഥാ ദുർബല സംസ്ഥാനമായി (Climate-vulnerable state) കാണുന്ന സുതാര്യമായ കാഴ്ചപ്പാടാണ്. അത്തരമൊരു കാഴ്ചപ്പാടിന് വ്യക്തമായ ഇക്കോളജിക്കൽ സോണിംഗ്, സംയോജിത തീരദേശ പരിപാലനം, നഗര കാലാവസ്ഥാ തന്ത്രങ്ങൾ, പശ്ചിമഘട്ടത്തിനായുള്ള ലാൻഡ്‌സ്കേപ്പ് തലത്തിലുള്ള ആസൂത്രണം, പാരിസ്ഥിതിക നയങ്ങൾ ബാധിക്കുന്ന സമൂഹങ്ങൾക്കുള്ള നീതിപൂർവ്വമായ പരിവർത്തന ചട്ടക്കൂട് (Just transition framework) എന്നിവ ആവശ്യമാണ്. പകരം, നിലവിലുള്ള വികസന മാതൃകയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള ചെറിയ മാറ്റങ്ങൾ മാത്രമാണ് ഇവിടെ സംഭവിക്കുന്നത്.

ഈ വിടവ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സ്വഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യ പദ്ധതികൾ പെട്ടെന്ന് കാണാവുന്നവയും ഉടനടി ഫലം തരുന്നവയുമാണ്, എന്നാൽ പാരിസ്ഥിതിക സംരക്ഷണം എന്നത് നിയന്ത്രണങ്ങളും ദീർഘകാലാടിസ്ഥാനത്തിലുള്ള ഒത്തുതീർപ്പുകളും ആവശ്യപ്പെടുന്ന ഒന്നാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഗുണങ്ങൾ എല്ലാവരിലും വ്യാപിച്ചു കിടക്കുന്നു, എന്നാൽ അതിന്റെ ഭാരം കുറച്ചുപേരിൽ മാത്രമായി ഒതുങ്ങുകയും അത് രാഷ്ട്രീയമായി വെല്ലുവിളികൾ ഉയർത്തുകയും ചെയ്യുന്നു. തൽഫലമായി രാഷ്ട്രീയ പാർട്ടികൾ പരിസ്ഥിതി ആശങ്കകളെ വികസന മാതൃകകളെ മാറ്റാൻ അനുവദിക്കാതെ പരിമിതമായ രീതിയിൽ മാത്രം ഉൾക്കൊള്ളുന്നു.

എങ്കിലും മുഖ്യധാരാ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്ത് ബദൽ ചട്ടക്കൂടുകൾ രൂപം കൊള്ളാൻ തുടങ്ങിയിട്ടുണ്ട്. പരിസ്ഥിതി സംഘടനകളും സിവിൽ സൊസൈറ്റിയും ചേർന്ന് തയ്യാറാക്കിയ 'ഗ്രീൻ മാനിഫെസ്റ്റോ' ഭരണത്തിന്റെ കേന്ദ്രസ്ഥാനത്ത് പാരിസ്ഥിതിക പരിധികൾ വരണമെന്ന് ആവശ്യപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കർശനമായ ഭൂവിനിയോഗ നിയമങ്ങൾ, ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള തീരദേശ സംരക്ഷണം, ആഘാതം കുറഞ്ഞ ഉപജീവനമാർഗ്ഗങ്ങളിലേക്കുള്ള മാറ്റം എന്നിവ അത് ആവശ്യപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ഒരു അനുബന്ധ വിഷയമായല്ല മറിച്ച് നയരൂപീകരണത്തിന്റെ അടിസ്ഥാന തത്വമായി അത് കണക്കാക്കുന്നു.

മത്സ്യത്തൊഴിലാളികൾ, കർഷകർ, ആദിവാസി വിഭാഗങ്ങൾ എന്നിവർക്കിടയിൽ നിന്ന് ഉയർന്നുവന്ന 'പീപ്പിൾസ് മാനിഫെസ്റ്റോ' പാരിസ്ഥിതിക പ്രശ്നങ്ങളെ ഉപജീവനവുമായും നീതിയുമായും ബന്ധിപ്പിക്കുന്നു. തീരശോഷണത്തെ കുടിയൊഴിപ്പിക്കലായി അംഗീകരിക്കണമെന്നും പ്രകൃതി വിഭവങ്ങളുടെ ഭരണം കമ്മ്യൂണിറ്റികൾക്ക് വിട്ടുനൽകണമെന്നും അത് ആവശ്യപ്പെടുന്നു; ഒപ്പം പരിസ്ഥിതി തകർച്ച എങ്ങനെയാണ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ബാധിക്കുന്നതെന്ന് അത് ചൂണ്ടിക്കാട്ടുന്നു.

ഈ രേഖകൾ തിരഞ്ഞെടുപ്പ് അധികാരത്തിന് പുറത്താണ് നിൽക്കുന്നത്, എങ്കിലും മുഖ്യധാരാ പ്രകടനപത്രികകൾ ഒഴിവാക്കാൻ ശ്രമിക്കുന്ന കാര്യങ്ങളിലേക്കാണ് അവ വിരൽ ചൂണ്ടുന്നത്. കേരളത്തിന്റെ പ്രതിസന്ധി കേവലം ദുരന്തങ്ങളെ മാനേജ് ചെയ്യുക എന്നതല്ല. അത് പാരിസ്ഥിതിക പരിധികൾക്കും സാമൂഹ്യനീതിക്കും ഉള്ളിൽ നിന്നുകൊണ്ട് വികസനത്തെ പുനർനിർവചിക്കുക എന്നതാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in