"ഞങ്ങൾക്ക് ശ്വസിക്കാൻ കഴിയുന്നില്ല": മലിനീകരണത്തിനെതിരെ പ്രതിഷേധവുമായി ഹിമാചൽ നിവാസികൾ; ഇന്ത്യയിലെ ആദ്യ എ.പി.ഐ (API) പ്ലാന്റ് വിവാദത്തിൽ

നാലാഗഢിലെ പ്രതിഷേധം - ഭൂഗർഭജലം മലിനമാക്കുന്നതായും വറ്റിക്കുന്നതായും പരാതി; കിൻവാൻ (Kinvan) ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ നാട്ടുകാർ
റാലിയിൽ 1,000 ഓളം പ്രതിഷേധക്കാർ ഉണ്ടായിരുന്നു.
റാലിയിൽ 1,000 ഓളം പ്രതിഷേധക്കാർ ഉണ്ടായിരുന്നു.
Published on
Summary
  • ഹിമാചൽ പ്രദേശിലെ നാലാഗഢിൽ കമ്പനിയുടെ പ്രവർത്തനങ്ങൾക്കെതിരെ ആയിരത്തിലധികം ഗ്രാമവാസികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

  • പ്ലാന്റിൽ നിന്നുള്ള അമിതമായ ശബ്ദം, വായുവിലെ ദുർഗന്ധം, ഭൂഗർഭജല മലിനീകരണം എന്നിവ തങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നതായി ഗ്രാമവാസികൾ അവകാശപ്പെടുന്നു.

  • കുടിവെള്ളത്തിനും കൃഷിക്കാവശ്യമായ ജലസേചനത്തിനുമായി പ്രദേശവാസികൾ ആശ്രയിക്കുന്ന നദിക്ക് സമീപം പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ജലലഭ്യതയെയും ശുദ്ധിയെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.

  • സംസ്കരിക്കാത്ത മാലിന്യങ്ങൾ പ്ലാന്റിൽ നിന്ന് പുറത്തേക്ക് കടത്തിയ മുൻകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാർ കമ്പനിക്കെതിരെ രംഗത്തുവന്നത്.

  • അധികൃതർ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് പ്രാദേശിക കൂട്ടായ്മകൾ മുന്നറിയിപ്പ് നൽകി.

2026 മാർച്ച് 23-ന് ഹിമാചൽ പ്രദേശിലെ നാലാഗഢിൽ കിൻവാൻ (Kinvan Pvt Ltd) എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ ആയിരത്തോളം പേർ പങ്കെടുത്ത വൻ പ്രതിഷേധ പ്രകടനവും റാലിയും നടന്നു. കമ്പനി ജല-വായു മലിനീകരണത്തിന് പുറമെ അമിതമായ ശബ്ദമലിനീകരണവും ഉണ്ടാക്കുന്നു എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.

സമീപത്തെ 10 മുതൽ 15 വരെ ഗ്രാമങ്ങളിൽ നിന്നുള്ളവരും വൻതോതിൽ സ്ത്രീകളും പങ്കെടുത്ത ഈ പ്രതിഷേധത്തിൽ, കമ്പനി പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുകയാണെന്നും പ്ലാന്റ് ഉടൻ അടച്ചുപൂട്ടണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. ഫാക്ടറിയിൽ നിന്നുള്ള മലിനജലം ഭൂഗർഭജലം നശിപ്പിച്ചതായും പ്രദേശം മുഴുവൻ കടുത്ത ദുർഗന്ധം പടരുന്നതായും അവർ ആരോപിച്ചു. 'കിൻവാൻ സംഘർഷ് സമിതി', 'ഹുണ്ടൂർ പരിവരൻ മിത്ര സൻസ്ത', 'ഹിം പരിവേഷ് സൻസ്ത' എന്നീ പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്.

2024-ൽ പ്ലാസ്ഡ ഗ്രാമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ 'ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്' (API) യൂണിറ്റ്, ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പ്ലാന്റായിരുന്നു.

പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം നാല് മുതൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പടരുന്നതായും, ഇതുമൂലം ശ്വസിക്കാൻ പോലും ബുദ്ധിമുട്ടുന്ന ജനങ്ങൾ വീടുകളുടെ വാതിലുകളും ജനലുകളും എപ്പോഴും അടച്ചിടാൻ നിർബന്ധിതരാകുകയാണെന്നും കിൻവാൻ സംഘർഷ് സമിതി സെക്രട്ടറി നരേഷ് ഘായ് ആരോപിച്ചു.

നേരത്തെ, സംസ്കരിക്കാത്ത മാലിന്യങ്ങൾ കടത്തുകയായിരുന്ന കമ്പനിയുടെ ടാങ്കർ പിടികൂടുകയും ഇതിനെത്തുടർന്ന് 22 ലക്ഷം രൂപ പിഴയും പോലീസ് കേസും ഉണ്ടായ കാര്യം ഘായ് ചൂണ്ടിക്കാട്ടി. കൂടാതെ, സമീപത്തെ നദിയിൽ ദിവസങ്ങളോളം മത്സ്യങ്ങൾ ചത്തുപൊങ്ങിയതായും അദ്ദേഹം ആരോപിച്ചു.

പ്ലാന്റ് സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകിയപ്പോൾ പരിസ്ഥിതി സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയെന്ന് ഹിമാലയൻ പോളിസി ക്യാമ്പയിൻ കൺവീനർ ഗുമാൻ സിംഗ് റാലിയിൽ സംസാരിക്കവെ ആരോപിച്ചു. ഇതിന്റെ "കനത്ത വിലയാണ്" ഇപ്പോൾ പ്രദേശവാസികൾ നൽകേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജല ഉപയോഗത്തെയും പ്രാദേശിക വിഭവങ്ങളെയും കുറിച്ചുള്ള ആശങ്കകൾ

സംസ്ഥാന ഉപമുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ, പ്ലാന്റിലെ അമിതമായ ജല ഉപയോഗത്തെക്കുറിച്ച് പ്രതിഷേധക്കാർ തങ്ങളുടെ ആശങ്കകൾ രേഖപ്പെടുത്തി. പ്രതിദിനം ഏകദേശം 6.71 കിലോലിറ്റർ വെള്ളം ഉപയോഗിക്കാനാണ് ഫാക്ടറിക്ക് അനുമതിയുള്ളതെന്ന് അവർ പറഞ്ഞു. എന്നാൽ പ്ലാന്റിന്റെ പ്രവർത്തന വ്യാപ്തി കണക്കിലെടുക്കുമ്പോൾ ഈ പരിധി ലംഘിക്കപ്പെടുന്നുണ്ടോ എന്ന് അവർ ചോദ്യം ചെയ്തു.

നാലാഗഢ് നഗരത്തിലെയും സമീപ ഗ്രാമങ്ങളിലെയും കുടിവെള്ള, ജലസേചന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്രാദേശിക നദീതടത്തിന് സമീപമാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. രാഡിയാലി, രാഖ് രാം സിംഗ്, ന്യൂ നാലാഗഢ്, കിർപാൽപൂർ, നിക്കുവാൽ, രാജ്പുര തുടങ്ങി നിരവധി പ്രദേശങ്ങളിലെ 16-ഓളം സർക്കാർ കുടിവെള്ള-ജലസേചന പദ്ധതികൾക്ക് ഈ നദി പ്രയോജനപ്പെടുന്നുണ്ട്

അമിതമായ ജല ചൂഷണം ഭാവിയിൽ രൂക്ഷമായ ജലക്ഷാമത്തിന് കാരണമാകുമെന്ന് ഗ്രാമവാസികൾ മുന്നറിയിപ്പ് നൽകി. പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഭൂഗർഭജല നിരപ്പ് ഗണ്യമായി താഴ്ന്നതായും ചിലയിടങ്ങളിൽ ഹാൻഡ് പമ്പുകളും കിണറുകളും വറ്റിത്തുടങ്ങിയതായും അവർ ആരോപിച്ചു.

കമ്പനിയുടെ ജല ഉപയോഗത്തെക്കുറിച്ച് അടിയന്തരമായി ഓഡിറ്റ് നടത്തണമെന്നും, ജലശക്തി വകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിലെ ജല മാനേജ്‌മെന്റിനെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തങ്ങളുടെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in