കേന്ദ്ര ബജറ്റ് 2026: 7 പുതിയ അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചു

പരിസ്ഥിതി സൗഹൃദ ഇടനാഴികളും, യാത്രാസൗകര്യത്തിനായി ജലവിമാനങ്ങളും ധനമന്ത്രി നിർദ്ദേശിച്ചു.
കേന്ദ്ര ബജറ്റ് 2026-27: സുസ്ഥിര യാത്രയ്ക്കായി 7 പുതിയ അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചു
സോളാപൂർ മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പൂനെയ്ക്ക് സമീപം മുംബൈയിലേക്ക് പോകുന്നു.ഫോട്ടോ: iStock
Published on

രാജ്യത്തുടനീളം "പരിസ്ഥിതി സൗഹൃദ" യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനായി, 2026 ഫെബ്രുവരി 1-ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ വികസിപ്പിക്കാൻ നിർദ്ദേശിച്ചു. 2026-27-ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ, ഇന്ത്യയിലെ പ്രധാന സാമ്പത്തിക-സാംസ്കാരിക നഗരങ്ങളെ ബന്ധിപ്പിക്കുന്ന വേഗമേറിയ യാത്രാ സംവിധാനങ്ങൾ ഈ ഇടനാഴികൾ നൽകുമെന്ന് സീതാരാമൻ പറഞ്ഞു.

നിർദ്ദേശിക്കപ്പെട്ട ഏഴ് പാതകൾ മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ്. നഗരങ്ങളിലെ സാമ്പത്തിക ഹബ്ബുകൾ, വ്യവസായ-സാങ്കേതിക കേന്ദ്രങ്ങൾ, ജനവാസ മേഖലകൾ എന്നിവയെ ബന്ധിപ്പിക്കുന്ന 'വളർച്ചാ കണ്ണികളായി', ഈ ഇടനാഴികൾ പ്രവർത്തിക്കുമെന്നും, മലിനീകരണ രഹിത ഗതാഗതം പ്രോത്സാഹിപ്പിക്കുമെന്നും സീതാരാമൻ വ്യക്തമാക്കി.

നഗര സാമ്പത്തിക മേഖലകളെ ഉത്തേജിപ്പിക്കുന്നതിനായി, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങളും പൊതു സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി 2026-27 ബജറ്റിൽ നടത്തിയ നിരവധി പ്രഖ്യാപനങ്ങൾക്കിടയിലാണ് റെയിൽ ഇടനാഴികളുടെ പ്രഖ്യാപനവും വന്നത്.

ചരക്കുഗതാഗതം

യാത്രാ സംവിധാനങ്ങൾക്ക് പുറമെ, പരിസ്ഥിതിക്ക് അനുയോജ്യമായ ചരക്കുഗതാഗതത്തിന് ഊന്നൽ നൽകിക്കൊണ്ട് നിർമല സീതാരാമൻ, മൂന്ന് പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു. കിഴക്ക് ദങ്കുനിയെയും (പശ്ചിമ ബംഗാൾ), പടിഞ്ഞാറുള്ള സൂറത്തിനെയും (ഗുജറാത്ത്), ബന്ധിപ്പിക്കുന്ന പ്രത്യേക ചരക്ക് ഇടനാഴികളുടെ (dedicated freight corridors) പ്രഖ്യാപനമാണ് ഇതിൽ ആദ്യത്തേത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, 20 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനസജ്ജമാക്കുക എന്നതാണ്, രണ്ടാമത്തെ നിർദ്ദേശം. ഒഡീഷയിൽ ആരംഭിക്കുന്ന ഈ പദ്ധതി, ധാതുസമ്പന്നമായ താൽച്ചർ, അംഗുൽ പ്രദേശങ്ങളെയും, കലിംഗ നഗർ പോലുള്ള വ്യവസായ കേന്ദ്രങ്ങളെയും, പാരദീപ്, ധമ്ര തുറമുഖങ്ങളുമായി ബന്ധിപ്പിക്കും. ജലപാത ശൃംഖലയിൽ ഉടനീളം, യുവാക്കൾക്ക് പരിശീലനം നൽകുന്നതിനായി 'റീജിയണൽ സെന്റർ ഓഫ് എക്സലൻസ്' സ്ഥാപിക്കുകയും, വാരണാസിയിലും പട്‌നയിലും കപ്പൽ അറ്റകുറ്റപ്പണി സംവിധാനങ്ങൾ (ship repair ecosystems) ഒരുക്കുകയും ചെയ്യുന്നതിലൂടെ, ഈ ജലപാതകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വഴിയൊരുക്കും.

അവസാനമായി, റെയിൽ-റോഡ് മാർഗങ്ങളിൽ നിന്നുള്ള ചരക്കുനീക്കം കുറച്ച്, ജലഗതാഗതത്തിലേക്ക് മാറ്റുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി 'കോസ്റ്റൽ കാർഗോ പ്രൊമോഷൻ സ്കീം' (Coastal Cargo Promotion Scheme) ആരംഭിക്കാനും 2026-27 ബജറ്റ് ലക്ഷ്യമിടുന്നു. ഉൾനാടൻ ജലപാതകളുടെയും, തീരദേശ കപ്പൽ ഗതാഗതത്തിന്റെയും വിഹിതം, 6 ശതമാനത്തിൽ നിന്ന് 2047-ഓടെ, 12 ശതമാനമായി ഉയർത്തുകയാണ് ഇതിന്റെ ലക്ഷ്യം.

എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലേക്കും ഗതാഗതം മെച്ചപ്പെടുത്തുന്നതിന് (last-mile and remote connectivity) സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ ഊന്നൽ നൽകി; ഇതിന്റെ ഭാഗമായി തദ്ദേശീയമായി സീപ്ലെയിനുകൾ (seaplanes) നിർമ്മിക്കുന്നതിന് ആനുകൂല്യങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. ഒരു സീപ്ലെയിൻ വി.ജി.എഫ് (വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്) സ്കീം സ്ഥാപിക്കുമെന്നും അവർ പറഞ്ഞു.

Down To Earth
malayalam.downtoearth.org.in