2017 ൽ പുറത്തിറങ്ങിയ കഡ്വി ഹവ എന്ന ചിത്രത്തിലായാലും 2023 ലെ വെബ് സീരീസായ ദി ജെംഗബുരു കഴ്സിലായാലും ദേശീയ അവാർഡ് നേടിയ ചലച്ചിത്രകാരൻ പലപ്പോഴും പ്രകൃതിയെ തന്റെ പ്രധാന കഥാപാത്രമാക്കുന്നു.

"ആവാസവ്യവസ്ഥയെ നശിപ്പിച്ച ഒരു തലമുറയുടെ ഉത്തരവാദിത്വം എനിക്കുമുണ്ട്"

പരിസ്ഥിതി നാശത്തിന്റെ ദാരുണമായ അവസ്ഥയെ വലിയ തിരശ്ശീലയിലേക്ക് ഇത്ര ശക്തമായി കൊണ്ടുവന്ന് കഥപറയുന്നവർ വിരളമാണ് - നീല മാധവ് പാണ്ഡയെ പോലെ. ദേശീയ അവാർഡ് നേടിയ ഈ സംവിധായകൻ, 2017 ലെ കാഡ്വി ഹവ ആയാലും 2023 ലെ വെബ് സീരീസ് ദ ജെംഗാബുരു ക് ഴ്സ് ആയാലും, പ്രകൃതിയെ പലപ്പോഴും തന്റെ കഥകളിലെ കേന്ദ്ര കഥാപാത്രമാക്കുന്നു. ഒഡീഷയിലെ ഒരു ഗ്രാമത്തിൽ വളർന്ന പാണ്ഡയുടെ കഥകൾ, കാലാവസ്ഥാ മാറ്റം, ജലക്ഷാമം, കുട്ടികളുടെ അവകാശങ്ങൾ, പരിസ്ഥിതി നീതി എന്നിവയുമായി ബന്ധപ്പെട്ട ജീവിതാനുഭവങ്ങളാണ്. പ്രീത ബാനർജിയുമായി നടത്തിയ ഒരു അഭിമുഖത്തിൽ, പരിസ്ഥിതി എങ്ങനെ തനിക്ക് പ്രചോദനമായി തുടരുന്നു എന്ന് പാണ്ഡ വിശദീകരിക്കുന്നു:
Published on

നിങ്ങളുടെ സിനിമകൾ പരിസ്ഥിതിയെയും സാമൂഹിക വിഷയങ്ങളെയും കേന്ദ്രമാക്കി മുന്നോട്ട് പോകുന്ന ഒരു ബോധപൂർവമായ തിരഞ്ഞെടുപ്പാണ്. ഇത്തരം വിഷയങ്ങളിലേക്ക് താങ്കളെ ആകർഷിക്കുന്നതെന്താണ് ?

എന്റെ സിനിമാ ലോകം രൂപംകൊണ്ടത് എന്റെ വ്യക്തിപരമായ വളർച്ചയിലൂടെയാണ്. എന്റെ ജീവിതത്തിലെ ആദ്യത്തെ 10 –11 വർഷങ്ങൾ ഞാൻ ഒരു ഗ്രാമത്തിലായിരുന്നു. അവിടെ ജീവിതം അത്യന്തം ലളിതമായിരുന്നു. മോട്ടോർ വാഹനങ്ങൾ പോകുന്ന റോഡുകളോ, വിമാനത്താവളങ്ങളോ, റെയിൽവേ ബന്ധമോ ഒന്നുമുണ്ടായിരുന്നില്ല. ഏകദേശം 12 വയസ്സായപ്പോഴാണ് ഞാൻ ആദ്യമായി ഡീസലിന്റെയും പെട്രോളിന്റെയും ഗന്ധം അറിഞ്ഞത്. പരിസ്ഥിതി അപ്പോൾ പൂർണമായും ശുദ്ധമായിരുന്നു. പിന്നീടുള്ള 20–30 വർഷങ്ങളിൽ, ആ ലോകം ഇന്ന് നമ്മൾ ജീവിക്കുന്ന വേഗതയേറിയതും വാഹനങ്ങൾ നിറഞ്ഞതുമായ നഗരങ്ങളായി മാറുന്നത് ഞാൻ കണ്ടു.

2005-ൽ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൽ സതാഭായയിലെ ഒറ്റപ്പെട്ട ഒരു കൈപ്പമ്പിന്റെ ചിത്രം ഞാൻ കണ്ടു. ഒഡീഷയിലെ ഭിതർകനിക ദേശീയോദ്യാനത്തിനുള്ളിലെ സതാഭായ ഗ്രാമപഞ്ചായത്ത്, ഒരുകാലത്ത് ഏഴ് ഗ്രാമങ്ങളുടെ കൂട്ടമായിരുന്നു. കൈപ്പമ്പ് നിലകൊണ്ടിരുന്ന ഒരു ഗ്രാമത്തിന്റെ ചെറിയ ഭാഗം ഒഴികെ, ബാക്കിയുള്ള എല്ലാ ഗ്രാമങ്ങളും കടൽ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ആ ചിത്രം എന്നിൽ കടുത്ത അസ്വസ്ഥതയും ഭീതിയും ഉണർത്തി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കാൻ അത് എന്നെ നിർബന്ധിച്ചു.

ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളെക്കുറിച്ചുള്ള കഥകൾ പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് വെള്ളവും, വായുവും, തീയും വെറും വിഷയങ്ങൾ മാത്രമല്ലാതെ, എനിക്ക് വികാരങ്ങളായി മാറിയത്. സതാഭായയിലെ തീരങ്ങളുടെ തകർച്ച അത്രമേൽ ഞെട്ടിക്കുന്നതായിരുന്നു; 2005-ൽ അവശേഷിച്ചിരുന്ന മൂന്നു ഗ്രാമങ്ങളെ ഞാൻ തുടർച്ചയായി പിന്തുടർന്നു. പ്രാദേശിക ജനങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും ഞങ്ങൾ അഭിമുഖം നടത്തി. ആ പ്രതിസന്ധിയുടെ കാരണങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. അങ്ങനെ തന്നെയാണ് Climate’s First Orphan എന്ന എന്റെ ഡോക്യുമെന്ററി പിറന്നത്.

ഞാൻ സിനിമകൾ നിർമ്മിക്കുന്നത് മാനസികമായി വേദനിക്കുന്നതിനാലാണ്. അതോടൊപ്പം, ഈ പരിസ്ഥിതികളെ നശിപ്പിച്ച തലമുറയിലെ ഒരാളാണ് ഞാൻ എന്ന ബോധവും എനിക്കുണ്ട് - അത് നമ്മളാണ് ചെയ്തത് എന്ന ബോധം.

താങ്കളുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ യഥാർത്ഥ അനുഭവങ്ങളോ സംഭവങ്ങളോ താങ്കളുടെ സിനിമയിലെ രംഗങ്ങൾക്ക് പ്രചോദനമായിട്ടുണ്ടോ?

എന്റെ സിനിമകളിലെ ഭൂരിഭാഗം രംഗങ്ങളും ഏതെങ്കിലും രീതിയിൽ എന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നാണ് രൂപപ്പെട്ടത്. എന്നാൽ കട്വി ഹവ എന്ന ചിത്രത്തിലെ ഒരു പ്രത്യേക രംഗം ഞാൻ പ്രത്യേകം പറയാൻ ആഗ്രഹിക്കുന്നു. ഒരു ക്ലാസ് റൂം രംഗമാണത്. അധ്യാപകൻ കുട്ടികളോട് വർഷത്തിൽ എത്ര ഋതുക്കളുണ്ടെന്ന് എണ്ണാൻ പറയുന്നു. കുട്ടികൾ തമ്മിൽ പരസ്പരം വാദിക്കാൻ തുടങ്ങുന്നു - ഒരാൾ ഒരു ഋതു എന്ന്, മറ്റൊരാൾ രണ്ട്, മൂന്നെന്ന് അങ്ങനെ തുടരുന്നു. അവരുടെ അവസ്ഥ കണ്ട അധ്യാപകൻ ദേഷ്യത്തോടെ പറയുന്നു: പുസ്തകത്തിൽ വ്യക്തമായി നാല് ഋതുക്കളുണ്ടെന്ന്. എന്നാൽ ചില കുട്ടികൾ ഉറച്ചുനിന്നു - വേനലും മഴയും മാത്രമേ ഇനി ഉണ്ടാകൂ എന്ന്. അടുത്ത രംഗത്തിൽ, ആ ക്ലാസ്സിലെ ഒരു പെൺകുട്ടി ഈ സംഭവം വീട്ടിലെത്തി തന്റെ മുത്തശ്ശനോട് - സിനിമയിലെ മുഖ്യ കഥാപാത്രത്തോട് - പറയുകയാണ്. ഒടുവിൽ, ഇപ്പോൾ രണ്ട് ഋതുക്കൾ മാത്രമേ അനുഭവപ്പെടുന്നുള്ളൂ എന്ന സത്യം അദ്ദേഹം സമ്മതിക്കേണ്ടിവരുന്നു. ഈ രംഗത്തിന് പ്രചോദനമായത്, എന്റെ മകൻ എട്ടോ ഒൻപതോ വയസ്സുള്ളപ്പോൾ ഞങ്ങൾ നടത്തിയ ഒരു സംഭാഷണമാണ്..

അന്ന് അവൻ ഒരു സ്പ്രിന്ററായിരുന്നു, ഞങ്ങൾ ഡൽഹിയിലായിരുന്നു താമസം. നഗരത്തിലെ മലിനമായ വായുവിനെത്തുടർന്ന്, ഓടുന്നത് അവന്റെ ശ്വാസകോശത്തെ കേടുപാടുകൾക്കു വിധേയമാക്കുമെന്ന് ഒരു ഡോക്ടർ പറഞ്ഞു. അവൻ തകർന്നുപോയി. “അച്ഛന് കുട്ടിക്കാലത്ത് ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുണ്ടായിരുന്നോ?” എന്നായിരുന്നു അവന്റെ ചോദ്യം. അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് - ഒരുകാലത്ത് ജീവൻ നിറച്ചുകൊണ്ടുവന്നിരുന്ന കാറ്റുകൾ, ഇന്ന് ശാപമായി മാറിയിരിക്കുന്നു. അതും നമ്മൾ തന്നെയാണ് സൃഷ്ടിച്ചത്.

ഈ സിനിമകൾ വ്യക്‌തിപരമായി താങ്കളെ എങ്ങനെ മാറ്റിയിട്ടുണ്ട്?

എന്റെ സിനിമകൾ പരിസ്ഥിതി നഷ്ടത്തെ ചുറ്റിപ്പറ്റിയ വികാരങ്ങളെക്കുറിച്ചാണ്. കാർബൺ ഫുട്പ്രിന്റുകളോ മാലിന്യ കണക്കുകളോ കഠിനമായി അവതരിപ്പിക്കുന്നതിനു പകരം, പ്രാദേശിക സമൂഹങ്ങളോട് ചേർന്ന് അവരുടെ കഥകൾ പുറത്തുകൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്. എന്നാൽ അതിനൊപ്പം ഞാൻ അഭിമുഖീകരിക്കുന്ന വൈരുദ്ധ്യങ്ങളും ഉണ്ട്. ആളുകളെ ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ സിനിമകൾ നമ്മൾ നിർമ്മിക്കുന്നു. എന്നാൽ സിനിമ നിർമ്മാണത്തിന്റെ കാർബൺ ഫുട്പ്രിന്റ് അതീവ വലുതാണ്. തുറന്നു പറയട്ടെ, അത് ആശയക്കുഴപ്പമുണ്ടാക്കുന്നു. എന്റെ സിനിമകളിലെ വിഷയങ്ങൾ പലപ്പോഴും അസ്വസ്ഥമാക്കുന്നവയാണ്. ചിലപ്പോൾ, കാഴ്ചയില്ലാത്തവർക്കു വായിക്കാൻ കണ്ണട വിൽക്കുന്നതുപോലെ എനിക്ക് തോന്നാറുണ്ട്. എത്രയൊക്കെ ബോധവൽക്കരണം നടത്തിയാലും, നമ്മുടെ പ്രവൃത്തികളിൽ സമഗ്രമായ മാറ്റമുണ്ടാകാതെ പോവുകയാണെങ്കിൽ, അത് മതിയാകില്ലെന്നൊരു തോന്നൽ എപ്പോഴും ഉണ്ടാകും.

പാരിസ്ഥിതിക തകർച്ചയുടെ ഏത് വശമാണ് നിങ്ങളെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത്?

എനിക്ക് ചുറ്റും അതിരില്ലാതെ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളാണ് എന്നെ ഏറ്റവും കൂടുതൽ അലട്ടുന്നത്. എല്ലാം ഉപയോഗിച്ചു കളയാൻ വേണ്ടി രൂപകൽപ്പന ചെയ്ത ഒരു ഉപഭോക്തൃ ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത് - നിരന്തരം മാറ്റി പുതുക്കുന്നൊരു സംസ്കാരം. ഉദാഹരണത്തിന്, ആപ്പിൾ ഫോണുകൾ തന്നെ എടുത്താൽ മതി. ഓരോ വർഷമോ രണ്ടുവർഷത്തിലൊരിക്കലോ കൂടുമ്പോൾ പുതിയ മോഡലുകൾ വരുന്നു. ചെറിയ മാറ്റങ്ങൾ മാത്രമുള്ള ഫോൺ - പിന്നെയും, അതേ ഉപയോക്താക്കൾ വാങ്ങാൻ ക്യൂവിൽ നിൽക്കുന്നു. ഇത് അവസാനമില്ലാതെ നീണ്ടുപോകുന്നു. സാങ്കേതികവിദ്യയുടെ യഥാർത്ഥ പ്രയോജനങ്ങളിൽ നിന്നകന്ന് , അതിനെ ഒരു ഫാഷൻ പ്രഖ്യാപനമാക്കി മാറ്റുകയാണ്. ഇങ്ങനെയുണ്ടാകുന്ന മാലിന്യമാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത് - പാക്കേജിങ്ങായാലും, വസ്ത്രങ്ങളിലെ അനവധി ടാഗുകളായാലും. എന്റെ ഗ്രാമജീവിതം ഓർത്താൽ അതിന്റെ വ്യത്യാസം വ്യക്തമാണ്. എനിക്ക് ആദ്യമായി ചെരിപ്പ് കിട്ടിയത് എനിക്ക് പതിനേഴു വയസ്സുള്ളപ്പോഴാണ്. അത് അഞ്ചുവർഷത്തോളം നീണ്ടു. ഭക്ഷണം പാഴാക്കൽ ഇല്ലായിരുന്നു. ഞാൻ വീട്ടിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു; വർഷങ്ങളോളം മറ്റുള്ളവരുടെ പഴയ വസ്ത്രങ്ങളാണ് ഞാൻ ധരിച്ചത്. ഇന്ന് അതെല്ലാം അന്യമാണ്. ആവശ്യകതയെ ആധാരമാക്കിയ ജീവിതം ഇന്നത്തെ ഉപഭോഗകേന്ദ്രിത ലോകത്തേക്കാൾ എത്രയോ സന്തോഷകരമായിരുന്നുവെന്ന് എനിക്ക് തിരിച്ചറിയാൻ കഴിയും.

പരിസ്ഥിതി-കാലാവസ്ഥ വിഷയങ്ങളിലെ സിനിമകൾ യഥാർത്ഥ മാറ്റം കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ബോധവൽക്കരണം ഒരു ക്രമാനുഗതമായ പ്രക്രിയയാണ്. എങ്കിലും ഇന്ന് ആളുകൾ ഈ വിഷയങ്ങളോട് ഇടപെടുന്നത് ഞാൻ കാണുന്നു. ഞാൻ പറയുന്ന കഥകളും അവതരിപ്പിക്കുന്ന ആശയങ്ങളും അവർ മനസ്സിലാക്കുന്നു. അങ്ങനെയാണ് സംഭാഷണം തുടങ്ങുന്നത്. ഞാൻ ഒരു നല്ല വിദ്യാർത്ഥിയല്ലായിരുന്നു. എന്റെ മൂത്ത ഒരു കസിൻ വീട്ടിൽ വന്നുപോകുമ്പോൾ ഒരു പുസ്തകം എന്റെ കിടക്കയിൽ വെച്ച് പോകും. “ഒരു ദിവസം ഇതു സംഭവിക്കും,” എന്നായിരുന്നു അവന്റെ വാക്കുകൾ. അതുകഴിഞ്ഞ് ഏകദേശം ആറുമാസത്തിന് ശേഷം ഞാൻ പുസ്തകം വായിക്കാൻ തുടങ്ങി. അതിനാൽ, എന്റെ സമീപനം ലളിതമാണ് - സംസാരിച്ചുകൊണ്ടിരിക്കുക. ഒരുദിവസം ബോധം വരും, ചിന്ത രൂപപ്പെടും, പിന്നെ കാര്യങ്ങൾ മാറും.

Down To Earth
malayalam.downtoearth.org.in