ഇന്ത്യയിലെ 433 'ഹരിത' സ്കൂളുകളെ ആദരിച്ച് സിഎസ്ഇയുടെ 'ഗ്രീൻ സ്കൂൾ പ്രോഗ്രാം'

ഹോഷിയാർപൂർ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പഞ്ചാബ് മികച്ച പ്രകടനം കാഴ്ചവച്ചു
ഇന്ത്യയിലെ 433 'ഹരിത' സ്കൂളുകളെ ആദരിച്ച് സിഎസ്ഇയുടെ ഗ്രീൻ സ്കൂൾ പ്രോഗ്രാം
ഫോട്ടോ: വികാസ് ചൗധരി / സിഎസ്ഇ
Published on

ഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സി‌എസ്‌ഇ) ഇന്ത്യയിലെ 433 സ്‌കൂളുകളെ, രാജ്യത്തെ ഏറ്റവും നല്ല ഹരിത വിദ്യാലയങ്ങൾക്കുള്ള 2025-26 ലെ 'ഗ്രീൻ സ്‌കൂൾ അവാർഡുകൾ' നൽകി ഇന്ന് (ജനുവരി 30, 2026) ആദരിച്ചു. സുസ്ഥിരമായ കാമ്പസ് രീതികളോടും പരിസ്ഥിതി പഠനത്തോടുമുള്ള അവരുടെ പ്രതിബദ്ധതയെ അംഗീകരിച്ചാണ് ഈ അവാർഡുകൾ നൽകിയത്.

സി‌എസ്‌ഇയുടെ 'ഗ്രീൻ സ്‌കൂൾ പ്രോഗ്രാം' (ജി‌എസ്‌പി) വർഷം തോറും ഹരിത വിദ്യാലങ്ങൾക്കുള്ള അവാർഡുകൾ നൽകുന്നു. 21 വർഷമായി നടത്തുന്ന ഒരു പരിസ്ഥിതി വിദ്യാഭ്യാസ സംരംഭമാണിത്. സ്‌കൂളിലെ റിസോഴ്‌സ് മാനേജ്‌മെന്റിന്റെയും, ഹരിത പ്രവർത്തനങ്ങളുടെയും ഫലപ്രാപ്തി അളക്കുന്നതിനായി വിദ്യാർത്ഥികൾക്ക് സ്വന്തം സ്‌കൂളുകളുടെ പരിസ്ഥിതി ഓഡിറ്റ് നടത്താൻ ഇത് പ്രാപ്തമാക്കുന്നു. സി‌എസ്‌ഇയുടെ മാർഗ്ഗനിർദ്ദേശത്തോടെ, സ്വയം നടത്തുന്ന ഓഡിറ്റുകളിലൂടെ സ്‌കൂളുകൾ അവരുടെ ഹരിത സംരംഭത്തിന്റെ അവകാശികളാകുന്നു.

ജി എസ് പി പ്രവർത്തനരീതി

വിഭവങ്ങളുടെ ഉപയോഗം വിലയിരുത്തുന്നതിനും വായു, ഊർജ്ജം, ഭക്ഷണം, ഭൂമി, ജലം, മാലിന്യം എന്നീ ആറ് പ്രധാന വിഷയങ്ങളിലായി, ഉപഭോഗവും അതുപോലെ പാഴാക്കലും അളക്കുന്നതിനും ജി എസ് പി സ്കൂളുകളെ സഹായിക്കുന്നു.

“കുറഞ്ഞ പ്രതിശീർഷ വിഭവ ഉപയോഗം, പരിസ്ഥിതിക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ പരിമിതമായ ആശ്രയത്വം, സംരക്ഷണ നടപടികൾ സ്വീകരിക്കൽ എന്നിവയിലേക്കുള്ള വ്യക്തമായ പ്രവണത, സ്കൂളുകൾ പ്രകടിപ്പിക്കുന്നതായി ഞങ്ങളുടെ വിശകലനം കണ്ടെത്തുന്നു. ഈ ജി എസ് പി സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സുസ്ഥിരത കൈവരിക്കുന്നതിനായുള്ള ശ്രമം കൂടുതലായി സംയോജിപ്പിക്കപ്പെടുന്നുണ്ടെന്ന് ഇത് കാണിക്കുന്നു.” സിഎസ്ഇയിലെ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ മാനേജർ, തുഷിത റാവത്ത് പറഞ്ഞു.

56 ശതമാനം സ്കൂളുകളും മലിനീകരണമില്ലാത്ത ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ജി എസ് പി ഓഡിറ്റ് ഡാഷ്‌ബോർഡ് കാണിക്കുന്നു. 34 ശതമാനത്തിലധികം സ്കൂളുകൾ കാര്യക്ഷമമായ ഊർജ്ജം ഉപയോഗിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു, അതേസമയം 73 ശതമാനം വിദ്യാലയങ്ങളിൽ നന്നായി വായുസഞ്ചാരമുള്ള ക്ലാസ് മുറികളുണ്ട്. 75 ശതമാനത്തിലധികം വിദ്യാലയങ്ങൾ രാസവസ്തുക്കലില്ലാത്ത വളങ്ങളും 31 ശതമാനത്തിലധികം വിദ്യാലയങ്ങൾ മഴവെള്ള സംഭരണവും ഉപയോഗിക്കുന്നു.

സി‌എസ്‌ഇയുടെ പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ സീനിയർ ഡയറക്ടർ, സുപർണോ ബാനർജിയുടെ അഭിപ്രായത്തിൽ, "സുസ്ഥിരമായ രീതികൾ പിന്തുടരുന്ന ഒരു വിദ്യാലയം, അതിന്റെ പാരിസ്ഥിതിക കാൽപ്പാടുകൾ കുറയ്ക്കുക മാത്രമല്ല, മറിച്ച് വിദ്യാർത്ഥികളുടെ ചിന്താ രീതികളും അവരുടെ പ്രവർത്തന രീതികളും സാധാരണവൽക്കരിക്കുകയും ചെയ്യുന്നു, അവരെ സ്കൂൾ ക്യാമ്പസ്സിനപ്പുറം, അവരുടെ വീടുകളിലേക്കും അവർ ജീവിക്കുന്ന സമൂഹങ്ങളിലേക്കും കൊണ്ടുപോകുന്നു."അദ്ദേഹം പറഞ്ഞു.

സ്കൂളുകളുടെ പ്രവർത്തനം

2025-26 ലെ ഗ്രീൻ സ്കൂൾ പ്രോഗ്രാം ഓഡിറ്റിൽ 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 7,407 സ്കൂളുകൾ പങ്കെടുത്തു. ഇതിൽ 6 ശതമാനം 'ഗ്രീൻ' റേറ്റിംഗ് നേടി, കഴിഞ്ഞ വർഷത്തെ 4 ശതമാനത്തിൽ നിന്ന് ഇത് കൂടുതലാണ്, ഇത് പരിസ്ഥിതി പ്രകടനത്തിലെ സ്ഥിരമായ ഒരു പുരോഗതിയെ സൂചിപ്പിക്കുന്നു.

ഓഡിറ്റിൽ പങ്കെടുത്ത എല്ലാ സ്കൂളുകളിലും, സർക്കാർ സ്കൂളുകളാണ് മുന്നിൽ, ഓഡിറ്റ് സമർപ്പിച്ചതിൽ 86 ശതമാനം, തുടർന്ന് സ്വകാര്യ സ്കൂളുകൾ 12 ശതമാനം, സർക്കാർ എയ്ഡഡ് സ്കൂളുകൾ 1 ശതമാനം. പങ്കെടുത്ത വിദ്യാലയങ്ങളിൽ 81 ശതമാനത്തിലധികവും ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവയാണ്.

ഏറ്റവും കൂടുതൽ ഓഡിറ്റ് രജിസ്ട്രേഷനുകൾ ചെയ്തും റിപ്പോർട്ട് സമർപ്പിച്ചതും കണക്കിലെടുത്താൽ, പഞ്ചാബ്, മകച്ച സംസ്ഥാനത്തിനുള്ള അവാർഡ് നേടി. സംസ്ഥാനത്ത് നിന്നുള്ള 6,264 സ്കൂളുകൾ, അവരുടെ ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിച്ചു - 237 എണ്ണം 'ഗ്രീൻ 'റേറ്റിംഗ് നേടി. 947 റിപ്പോർട്ട് സമർപ്പണങ്ങളുമായി പഞ്ചാബിലെ ഹോഷിയാർപൂർ മികച്ച ജില്ലയ്ക്കുള്ള അവാർഡ് നേടി.

വർഷം മുഴുവൻ അവരുടെ പ്രവർത്തന രീതികൾ നിരീക്ഷിച്ച് മെച്ചപ്പെടുത്തി സുസ്ഥിരതാ റേറ്റിംഗ് ഗ്രീൻ ആയി മെച്ചപ്പെടുത്തുന്ന സ്കൂളുകൾക്കാണ് 'ചേഞ്ച് മേക്കർ' അവാർഡുകൾ നൽകുന്നത്. ഈ വിഭാഗത്തിൽ അവാർഡ് നേടിയ രണ്ട് വിദ്യാലയങ്ങൾ മഹാരാഷ്ട്രയിലെ പൂനെയിലുള്ള വിദ്യാ പ്രതിഷ്ഠാന്റെ 'ന്യൂ ഇംഗ്ലീഷ് മീഡിയം സ്കൂൾ' (സെക്കൻഡറി വിഭാഗം), പഞ്ചാബിലെ ലുധിയാനയിലെ തുംഗഹേരിയിലുള്ള 'സത്യ ഭാരതി സ്കൂൾ' (പ്രൈമറി വിഭാഗം) എന്നിവയാണ്.

'സ്റ്റെർലിംഗ് സ്കൂൾ' അവാർഡുകൾ

തുടർച്ചയായി 10 വർഷമായി ഗ്രീൻ റേറ്റിംഗ് നിലനിർത്തിയ സ്കൂളുകൾ, അതായത്, 2015 മുതൽ, അവരുടെ രീതികൾ തുടർച്ചയായി നിരീക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അവാർഡുകൾ ലഭിച്ചത് ഇനിപ്പറയുന്നവർക്കാണ്:

  1. ബാൽ ഭാരതി പബ്ലിക് സ്കൂൾ നോയിഡ, ഗൗതം ബുദ്ധ നഗർ, ഉത്തർപ്രദേശ്

  2. ബാലഭാരതി പബ്ലിക് സ്കൂൾ IMT മനേസർ, ഗുരുഗ്രാം, ഹരിയാന

  3. സൽവാൻ പബ്ലിക് സ്കൂൾ ഗാസിയാബാദ്, ഉത്തർപ്രദേശ്

  4. സെൻ്റ് എഡ്മണ്ട് സ്കൂൾ ജയ്പൂർ, രാജസ്ഥാൻ

  5. മോത്തിലാൽ നെഹ്‌റു സ്കൂൾ ഓഫ് സ്‌പോർട്‌സ് റായ്, സോനിപത്, ഹരിയാന

തുടർച്ചയായി അഞ്ച് വർഷമായി ഗ്രീൻ റേറ്റിംഗ് ലഭിച്ച സ്കൂളുകൾ

  1. ബിർള വിദ്യാ നികേതൻ സൗത്ത് ഈസ്റ്റ് ഡൽഹി, ഡൽഹി

  2. ക്രൈസ്റ്റ് അക്കാദമി ബെംഗളൂരു അർബൻ, കർണാടക

  3. ക്രൈസ്റ്റ് അക്കാദമി സിബിഎസ്ഇ സ്കൂൾ, ബെംഗളൂരു റൂറൽ, കർണാടക

  4. കൺട്രിസൈഡ് ഇന്റർനാഷണൽ സ്കൂൾ, സൂറത്ത്, ഗുജറാത്ത്

  5. ഡൽഹി പബ്ലിക് സ്കൂൾ, ഗൗതം ബുദ്ധ നഗർ, ഉത്തർപ്രദേശ്

  6. ഗ്വാളിയോർ ഗ്ലോറി ഹൈസ്കൂൾ, ഗ്വാളിയോർ, മധ്യപ്രദേശ്

  7. ഇന്ദ്രപ്രസ്ഥ ഇന്റർനാഷണൽ സ്കൂൾ, ദ്വാരക, സൗത്ത് വെസ്റ്റ് ഡൽഹി, ഡൽഹി

  8. കേന്ദ്രീയ വിദ്യാലയം നമ്പർ 2 മംഗലാപുരം, ദക്ഷിണ കന്നഡ, കർണാടക

  9. ക്വീൻസ് വാലി സ്കൂൾ സൗത്ത് വെസ്റ്റ് ഡൽഹി, ഡൽഹി

  10. ശിവാലിക് വാലി സ്കൂൾ സോളൻ, ഹിമാചൽ പ്രദേശ്

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ വിദ്യ്യാൻ സ്കൂളിനെ മികച്ച പുതുമുഖമായി വിലയിരുത്തി, കാരണം ഇത് ആദ്യമായി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുകയും പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു.

ഒരു നിർദ്ദിഷ്ട ഓഡിറ്റ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രീൻ റേറ്റഡ് സ്കൂളുകളിൽ ഇവ ഉൾപ്പെടുന്നു:

  • ജിഎസ്പി എയർ ആക്ഷൻ അവാർഡ്: പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം, ജുൻജുനു, രാജസ്ഥാൻ

  • ജിഎസ്പി എനർജി മാനേജർ അവാർഡ്: പിഎം ശ്രീ കേന്ദ്രീയ വിദ്യാലയം, നരേല, നോർത്ത് വെസ്റ്റ് ഡൽഹി, ഡൽഹി

  • ജിഎസ്പി ലാൻഡ് മാനേജർ അവാർഡ്: ദി മാൻ സ്കൂൾ, നോർത്ത് ഡൽഹി, ഡൽഹി

  • ജിഎസ്പി വാട്ടർ വൈസ് അവാർഡ്: സാൻ തോം അക്കാദമി, ദേവാസ്, മധ്യപ്രദേശ്

  • ജിഎസ്പി വേസ്റ്റ് വാരിയർ അവാർഡ്: ബ്ലൂബെൽസ് ഇന്റർനാഷണൽ സ്കൂൾ, ന്യൂഡൽഹി

അവാർഡ് ദാന ചടങ്ങിൽ സംസാരിച്ച സിഎസ്ഇ ഡയറക്ടർ ജനറൽ, സുനിത നാരായൺ, ഇങ്ങനെ പറഞ്ഞു: “വർഷങ്ങളായി, നിരവധി തലമുറകളിലെ വിദ്യാർത്ഥികൾ ജി എസ് പി യുടെ പഠനപ്രക്രിയയിലൂടെ കടന്നുപോയിട്ടുണ്ട് - സ്വന്തം പാരിസ്ഥിതിക കാൽപ്പാടുകൾ എങ്ങനെ ഓഡിറ്റ് ചെയ്യാം, അത് എങ്ങനെ അളക്കാം, താരതമ്യം ചെയ്യാം, പിന്നെ മാറ്റം സൃഷ്ടിക്കുന്നതിനായി ബോധപൂർവമായി എങ്ങനെ പ്രവർത്തിക്കാം എന്നതെല്ലാം അവർ പഠിച്ചു. ജി എസ പി, മാറ്റങ്ങളെ അളക്കാൻ നമ്മെ സഹായിക്കുന്നു; ആ മാറ്റം വ്യക്തമായി കാണാവുന്നതുമാണ് - അതിനാൽ അത് ആഘോഷിക്കപ്പെടേണ്ടതും ആഘോഷിക്കേണ്ടതുമാണ്.”

അവാർഡുകൾ വിതരണം ചെയ്തവരിൽ കൺസർവേഷൻ ബയോളജിസ്റ്റ്, ബ്രവിൻ കുമാർ; പരിസ്ഥിതി ശാസ്ത്രജ്ഞയും കൺസർവേഷൻ പ്രാക്ടീഷണറുമായ, ടിയാസ അധ്യ; വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ, വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ഡിവിഷനിലെ സീനിയർ പ്രോഗ്രാം ഓഫീസർ, അപൂർവ ബന്ദൽ എന്നിവരും ഉൾപ്പെടുന്നു.

Down To Earth
malayalam.downtoearth.org.in