ആരവങ്ങൾക്കിടയിൽ ആധികാരികമായൊരു ശബ്ദം
ചിത്രം: റിതിക ബോറ / സിഎസ്ഇ

ആരവങ്ങൾക്കിടയിൽ ആധികാരികമായൊരു ശബ്ദം

ഡൗൺ ടു എർത്ത് അതിന്റെ 35-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, എനിക്ക് ഒരു കാര്യം വ്യക്തമാക്കാനുണ്ട്: ഞങ്ങൾ ഏതെങ്കിലും സർക്കാരിന് അനുകൂലമോ പ്രതികൂലമോ അല്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതും (inclusive), അതിനാൽത്തന്നെ സുസ്ഥിരവുമായ (sustainable) വികസനത്തിന് വേണ്ടിയാണ് ഞങ്ങൾ ഉറച്ചുനിൽക്കുന്നത്.
Published on

ഓരോ വർഷവും വാർഷികം കടന്നുവരുമ്പോൾ, ഞങ്ങൾക്ക് ഒരു വയസ്സുകൂടി കുറഞ്ഞതായി ബോധ്യപ്പെടുമ്പോൾ, കഴിഞ്ഞുപോയ കാലത്തെ ഞാൻ ഓർമ്മിക്കാറുണ്ട്. എന്നാൽ, പ്രസിദ്ധീകരണത്തിന്റെ 35-ാം വർഷത്തിലേക്ക് ഞങ്ങൾ പ്രവേശിക്കുന്ന ഈ വേളയിൽ, വർത്തമാനകാലത്തെക്കുറിച്ചും വരും വർഷങ്ങളിൽ ഞങ്ങളെ കാത്തിരിക്കുന്ന ജോലികളെക്കുറിച്ചും സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പരസ്പര വിരുദ്ധവും തർക്കവിഷയവുമായ യാഥാർത്ഥ്യങ്ങളാൽ രൂപപ്പെട്ട ഒരു പുതിയ ലോകത്തിന്റെ പടിവാതിലിലാണ് നാം. തല ഉയർത്തിപ്പിടിക്കുകയും പാദങ്ങൾ മണ്ണിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യേണ്ട സമയമാണിത്. മാനവികത, നീതി, സമത്വം എന്നീ നാം വിശ്വസിക്കുന്ന മൂല്യങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലേണ്ട സമയമാണിത്. ഇവയെക്കുറിച്ച് ഉറക്കെ പറയുന്നതുപോയിട്ട്, വീണ്ടും ഓർമ്മിപ്പിക്കേണ്ടി വരുന്നത് പോലും വിചിത്രമായി തോന്നാം. എന്നാൽ, നാം ഒരിക്കൽ നിസ്സാരമായി കരുതിയിരുന്ന കാര്യങ്ങൾ അമിതമായ അത്യാഗ്രഹത്തിന്റെയും സർവ്വാധിപത്യത്തിന്റെയും ഇതുവരെ കാണാത്ത ക്രൂരതയുടെയും മൂടൽമഞ്ഞിൽ അപ്രത്യക്ഷമാകുന്ന ഒരു കാലഘട്ടമാണിത്. മനുഷ്യർ എന്ന നിലയിൽ നമ്മുടെ സമനില നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു അവസ്ഥയിലാണുള്ളത്.

എങ്കിലും നമുക്ക് പ്രതീക്ഷ കൈവിടാനാവില്ല. വിപ്ലവകരമായ ആശയങ്ങളെ മുന്നോട്ട് നയിക്കുന്നതും, പ്രചോദനമായ മാതൃകകളെ ഉയർത്തിക്കാട്ടുന്നതും, അധികാരത്തോട് സത്യം വിളിച്ചുപറയുന്നതും നമുക്ക് നിർത്താനാവില്ല. നമുക്ക് അതിന് കഴിയില്ല.

പ്രിയപ്പെട്ട വായനക്കാരോട് ഒരു കാര്യം ഞാൻ വ്യക്തമാക്കട്ടെ, ഇതൊന്നും അത്ര എളുപ്പമല്ല. വസ്തുതകളെ മൂടിവെക്കാനോ എല്ലാം ശുഭകരമാണെന്ന് നടിക്കാനോ ഞാൻ മുതിരില്ല. അങ്ങനെയല്ല കാര്യങ്ങൾ. അറിവ് എന്നത് ഇപ്പോൾ പവിത്രമായ ഒന്നല്ല എന്നതാണ് വാസ്തവം.

പ്രശ്നങ്ങൾ വൈവിധ്യപൂർണ്ണമാണ്. ഒന്ന്, മാധ്യമങ്ങളിലുള്ള വിശ്വാസം തകർന്നിരിക്കുന്നു; വിവരങ്ങൾ കൈമാറുന്നവർ പക്ഷം പിടിക്കുന്നവരോ, സ്വാധീനത്തിന് വഴങ്ങുന്നവരോ അല്ലെങ്കിൽ വെറും അസത്യം പറയുന്നവരോ ആയിട്ടാണ് വീക്ഷിക്കപ്പെടുന്നത്. രണ്ട്, വിവരസ്രോതസ്സുകളുടെ ആധിക്യം കാരണം നാം ഓരോരുത്തരും സ്വന്തം ലോകങ്ങളിൽ ഒതുങ്ങിപ്പോയിരിക്കുന്നു. നമ്മുടെ പക്ഷത്തുള്ള കാര്യങ്ങൾ മാത്രം പിന്തുടരാനും വായിക്കാനും ഉൾക്കൊള്ളാനുമാണ് നാം ശ്രമിക്കുന്നത്. നമ്മുടെ വിശ്വാസങ്ങളെ പിന്തുണയ്ക്കാത്ത പുതിയ അറിവുകളെ നാം ബോധപൂർവ്വം തള്ളിക്കളയുന്നു. ഇത് പുതിയ വായനക്കാരിലേക്ക് എത്തുന്നതോ പുതിയ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതോ പ്രയാസകരമാക്കുന്നു. ഇതിനെല്ലാമുപരിയായി, നാം അക്ഷമരായിക്കൊണ്ടിരിക്കുകയാണ്; ആഴത്തിലുള്ള അറിവുകൾക്ക് പകരം പെട്ടെന്ന് ദഹിക്കുന്ന വാർത്താ ഗുളികകളാണ് (news capsules) നാം ആഗ്രഹിക്കുന്നത്. ഇതിനിടയിലാണ് വിവരസാങ്കേതിക ലോകത്തെ തലകീഴായി മറിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കടന്നുവരുന്നത്. ഇന്ന് നമുക്ക് ലഭിക്കുന്ന വാർത്തകൾ അത്യാധുനിക യന്ത്രങ്ങൾ ചവച്ചരച്ച് തുപ്പുന്നവയാണ്.

മാറിക്കൊണ്ടിരിക്കുന്ന ഈ വാർത്താ സമവാക്യങ്ങളിൽ ഡൗൺ ടു എർത്തിന്റെ (Down To Earth) സ്ഥാനം എവിടെയാണ്? ഞങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങുന്നില്ല എന്നതാണ് ഞങ്ങളുടെ പ്രശ്നം (അതാണ് ഞങ്ങളുടെ കരുത്തെന്ന് ഞാൻ വിശ്വസിക്കുന്നു) - ഞങ്ങൾ ഏതെങ്കിലും സർക്കാരിന് അനുകൂലമോ പ്രതികൂലമോ അല്ല; ഇടതുപക്ഷമോ വലതുപക്ഷമോ അല്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതും അതിലൂടെ സുസ്ഥിരവുമാകുന്ന വികസനത്തിന്റെ പക്ഷത്താണ് ഞങ്ങൾ ഉറച്ചുനിൽക്കുന്നത്. താഴെത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ വഴി യാഥാർത്ഥ്യവും പക്ഷപാതരഹിതവുമായ വിവരങ്ങൾ നൽകുന്നതിനൊപ്പമാണ് ഞങ്ങൾ. ഇതുവരെ കേൾക്കാത്ത ശബ്ദങ്ങളെ വെളിച്ചത്തുകൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ എഴുത്തിലൂടെ വികസനത്തിന്റെ പരീക്ഷണശാലയിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു; ഭാവി മാറ്റുന്നതിനായി ഞങ്ങൾ നിങ്ങളെ സജ്ജരാക്കുന്നു.

ഞങ്ങൾ ഒറ്റയ്ക്ക് ഭാവി മാറ്റുമെന്ന് അഹങ്കാരത്തോടെ ഞങ്ങൾ ഒരിടത്തും അവകാശപ്പെടുന്നില്ല. ഞങ്ങൾ വിവരങ്ങളുടെ വിത്തുകൾ പാകുന്നു, അവ സമൂഹത്തിൽ അതിന്റേതായ പങ്ക് വഹിക്കുകയും മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു. ഇവിടെയാണ് ഞങ്ങൾ നിൽക്കുന്നത്, എപ്പോഴും ഞങ്ങളുടെ പാതയിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കാലാവസ്ഥാ അടിയന്തരാവസ്ഥ, യുദ്ധം, ദാരിദ്ര്യം, എഐ തുടങ്ങിയ പ്രതിഭാസങ്ങൾ ഭാവിയെ കൂടുതൽ അനിശ്ചിതത്വത്തിലാക്കുന്നു. എന്നാൽ ദാരിദ്ര്യത്തിനെതിരെ പോരാടാനും മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ ഉപകരിക്കുന്ന യഥാർത്ഥ സുസ്ഥിരമായ ഒരു ലോകം കെട്ടിപ്പടുക്കാനുമുള്ള ദൗത്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

ഇതൊരു പ്രസംഗമല്ല; ഇത് ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ പ്രസ്താവനയാണ്. ഞങ്ങളെ മുന്നോട്ട് നയിക്കുന്നത് നിങ്ങളുടെ വിശ്വാസമാണ്. ഞങ്ങളുടെ പ്രവർത്തനങ്ങൾ മാറ്റങ്ങൾ കൊണ്ടുവരുന്നു എന്ന് നിങ്ങൾ പറയുമ്പോൾ, അത് ഞങ്ങൾക്ക് കരുത്ത് നൽകുന്നു. അത് മാത്രമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു കാലഘട്ടമാണിത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഞങ്ങൾ കണ്ടതും രേഖപ്പെടുത്തിയതും വെളിച്ചത്തുകൊണ്ടുവന്നതും, വരും കാലങ്ങളിൽ ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല. ഇത് വലിയ മാറ്റങ്ങളുടെയും വലിയ ക്രമക്കേടുകളുടെയും കാലമാണ്; എന്നാൽ നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചാൽ ഈ പുതിയ ലോകം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വലിയ പ്രതീക്ഷയുടെ കാലം കൂടിയാണിത്. നമ്മൾ ഒരുമിച്ച് നിൽക്കുകയാണെങ്കിൽ.

അതുകൊണ്ടാണ് ഞങ്ങളുടെ ദൗത്യം നിർണ്ണായകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നത്. താഴെത്തട്ടിൽ സംഭവിക്കുന്ന കാര്യങ്ങളിൽ നിന്ന് പഠിക്കുകയും സാധാരണക്കാരുടെ സംരംഭത്തിൽ നിന്നും ബുദ്ധിശക്തിയിൽ നിന്നും കരുത്ത് ഉൾക്കൊള്ളുകയും ചെയ്യുക എന്നതാണ് മുന്നോട്ടുള്ള ഏക വഴി. അതാണ് ഞങ്ങളെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നത്.

അതുകൊണ്ട്, ഞങ്ങൾക്കൊപ്പം തുടരുക. ഭൂമിയെ ഇളക്കിമറിക്കുന്ന ഈ കൊടുങ്കാറ്റിൽ പതറാതെ നിൽക്കാൻ ഞങ്ങളെ സഹായിക്കുന്ന കരുത്ത് നിങ്ങളാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in