ഇറാനിലെ എണ്ണ സംവിധാനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര നിയമം വ്യക്തമാക്കുന്നതെന്താണ്?
ടെഹ്‌റാനടുത്തുള്ള രണ്ട് എണ്ണ ശുദ്ധീകരണ ശാലകൾക്കും (oil refineries) സംഭരണ കേന്ദ്രങ്ങൾക്കും നേരെ ഇസ്രായേൽ ആക്രമണം നടത്തി. ഇത് അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം (International Humanitarian Law) നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
സൈനികമായ വ്യക്തമായ നേട്ടം ലഭിക്കുമെങ്കിൽ മാത്രമേ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങളെ ഒരു സൈനിക ലക്ഷ്യമായി (military target) കണക്കാക്കാൻ കഴിയൂ എന്നാണ് വിദഗ്ധർ പറയുന്നത്.
1.5 കോടി ജനങ്ങൾ വസിക്കുന്ന ഒരു നഗരത്തിലെ ഇന്ധന വിതരണത്തിന് തടസ്സം നേരിടുന്നത് ഗതാഗതം, പൊതുസേവനങ്ങൾ, പാരിസ്ഥിതിക സുരക്ഷ എന്നിവയെ സാരമായി ബാധിച്ചേക്കാം.
കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി. 2025-ൽ ഇസ്രായേൽ ആക്രമിച്ച രണ്ട് റിഫൈനറികളും രണ്ട് എണ്ണ സംഭരണ ശാലകളുമാണ് ഇത്തവണ ലക്ഷ്യമിട്ടത്. ഇറാന്റെ ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ അലി ജാഫറിയൻ നൽകുന്ന വിവരമനുസരിച്ച്, ഈ ആക്രമണങ്ങളിൽ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
ഈ ആക്രമണങ്ങൾ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഒന്ന്, അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം (International Humanitarian Law) ഒരു എണ്ണ ശുദ്ധീകരണ ശാലയെ (Refinery) കൃത്യമായ ഒരു സൈനിക ലക്ഷ്യമായി കണക്കാക്കാൻ കഴിയുമോ എന്നത്. രണ്ട്, സൈനിക ലക്ഷ്യത്തേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന 'ആനുപാതികതയുടെ നിയമം' (Rule of Proportionality) ഇത്തരമൊരു ആക്രമണത്തിൽ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത്.
യുദ്ധകാലത്ത് പാലിക്കേണ്ട നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'തിരിച്ചറിയൽ തത്വം' (Principle of Distinction). യുദ്ധത്തിലേർപ്പെടുന്നവർ സിവിൽ വസ്തുക്കളും സൈനിക ലക്ഷ്യങ്ങളും തമ്മിലുള്ള വ്യത്യാസം എപ്പോഴും തിരിച്ചറിയണം എന്നാണ് ഇത് പറയുന്നത്. ജനീവ കൺവെൻഷൻ ചട്ടങ്ങൾ പ്രകാരം ആക്രമണങ്ങൾ സൈനിക ലക്ഷ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണം.
ജനീവ കൺവെൻഷനിലെ ആർട്ടിക്കിൾ 52, എന്താണ് ഒരു സൈനിക വസ്തു എന്ന് കൃത്യമായി നിർവ്വചിക്കുന്നുണ്ട്. ഒരു വസ്തു അതിന്റെ സ്വഭാവം, സ്ഥാനം, ഉപയോഗം എന്നിവ വഴി സൈനിക നീക്കത്തിന് കാര്യമായ സംഭാവന നൽകുന്നുണ്ടെങ്കിൽ മാത്രമേ അതിനെ സൈനിക ലക്ഷ്യമായി കാണാൻ കഴിയൂ. കൂടാതെ, അത് നശിപ്പിക്കുന്നത് വഴി അപ്പോഴത്തെ സാഹചര്യത്തിൽ വ്യക്തമായ സൈനിക നേട്ടം ലഭിക്കുകയും വേണം.
എണ്ണ ശുദ്ധീകരണ ശാലകളുടെ കാര്യത്തിൽ ഈ നിയമങ്ങൾ പ്രായോഗികമാക്കുന്നത് അല്പം സങ്കീർണ്ണമാണ്. കാരണം, ഇവ ഉൽപ്പാദിപ്പിക്കുന്ന പെട്രോളും ഡീസലും വിമാന ഇന്ധനവും സാധാരണക്കാരുടെ ജീവിതത്തിനും സൈനിക പ്രവർത്തനങ്ങൾക്കും ഒരുപോലെ അത്യാവശ്യമാണ്. വാഹനങ്ങൾ, വിമാനങ്ങൾ, കപ്പലുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ സൈന്യത്തിന് ഈ ഇന്ധനം ആവശ്യമാണ്.
അതുകൊണ്ട് തന്നെ, ഇന്ധന ഉൽപ്പാദനം തടസ്സപ്പെടുത്തുന്നത് ശത്രുപക്ഷത്തിന്റെ സൈനിക ശേഷിയെ ദുർബലപ്പെടുത്തിയേക്കാം. ഇത് റിഫൈനറികളെ ഒരു സൈനിക ലക്ഷ്യമാക്കി മാറ്റിയേക്കാം. എങ്കിലും, ടെഹ്‌റാനിലെ തൻദ്‌ഗൂയാൻ (Tondgouyan), ഷഹ്‌റാൻ (Shahran) റിഫൈനറികൾ ഇറാനിയൻ സൈന്യത്തിന്റെ പ്രധാന ഇന്ധന സ്രോതസ്സുകളായിരുന്നു എന്നതിന് ഇതുവരെ വ്യക്തമായ തെളിവുകളില്ല.
ഇനി ഒരു റിഫൈനറി സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ പോലും, സാധാരണക്കാരുടെ സമ്പദ്‌വ്യവസ്ഥയിൽ അതിനുള്ള പ്രാധാന്യം നിയമപരമായി വളരെ വലുതാണ്. ഗതാഗതം, വ്യവസായം, പൊതുസേവനങ്ങൾ എന്നിവയ്ക്കായി പല രാജ്യങ്ങളും ഇത്തരം ഊർജ്ജ സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്.
ഇന്ധനക്ഷാമം ഉണ്ടായാൽ അത് പൊതുഗതാഗതത്തെ ബാധിക്കുകയും ഭക്ഷണത്തിന്റെയും മരുന്നുകളുടെയും വിതരണം വൈകിപ്പിക്കുകയും വൈദ്യുതി ഉൽപ്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഏകദേശം 1.5 കോടി ജനങ്ങൾ താമസിക്കുന്ന ടെഹ്‌റാൻ പോലുള്ള നഗരങ്ങളിൽ, ഇത്തരമൊരു തടസ്സം സാധാരണ ജീവിതത്തെയും സാമ്പത്തിക ഭദ്രതയെയും ഗുരുതരമായി ബാധിക്കും.
ജനീവ കൺവെൻഷനിലെ ആർട്ടിക്കിൾ 54 ഈ കാര്യങ്ങൾ അടിവരയിടുന്നു. സാധാരണക്കാരുടെ നിലനിൽപ്പിന് അത്യാവശ്യമായ വസ്തുക്കളെ ആക്രമിക്കുന്നതിൽ നിന്ന് ഇത് വിലക്കുന്നു. ഭക്ഷണം, കുടിവെള്ളം, കൃഷിസ്ഥലങ്ങൾ എന്നിവയെക്കുറിച്ച് ഇത് പ്രത്യേകം പറയുന്നുണ്ടെങ്കിലും, കുടിവെള്ള വിതരണത്തിനും ശുചീകരണ പ്രവർത്തനങ്ങൾക്കും അത്യാവശ്യമായ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങളും (Energy Infrastructure) ഈ സംരക്ഷണ പരിധിയിൽ വരാൻ സാധ്യതയുണ്ട്.
ആനുപാതികതയുടെ തത്വം
സൈനിക ആവശ്യകതയും മാനുഷിക സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് 'ആനുപാതികതയുടെ തത്വം' (Principle of proportionality). പ്രതീക്ഷിക്കുന്ന സൈനിക നേട്ടത്തേക്കാൾ അധികമായി സാധാരണക്കാർക്ക് അമിതമായ ദോഷം വരുത്തുന്ന ആക്രമണങ്ങളെ ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 51 നിരോധിക്കുന്നു.
എണ്ണ ശുദ്ധീകരണ ശാലകളുടെ കാര്യത്തിൽ, ആനുപാതികതയെക്കുറിച്ചുള്ള വിശകലനത്തിൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങളും കെട്ടിടങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളും മാത്രമല്ല പരിഗണിക്കേണ്ടത്. സാധാരണക്കാരുടെ ജീവിതത്തിലുണ്ടാകാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഇതിൽ ഉൾപ്പെടണം. സേവന തടസ്സങ്ങൾ, സാമ്പത്തിക പ്രതിസന്ധി, ഇന്ധനക്ഷാമം, ഏറ്റവും പ്രധാനമായി വായു, ജലം, മണ്ണ് എന്നിവയുടെ ഗുണനിലവാരം കുറയുന്നത് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
മുൻകാലങ്ങളിലെ സംഘർഷങ്ങളിൽ ഊർജ്ജ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് ശേഷം പരിസ്ഥിതി മലിനീകരണവും, പ്രത്യേകിച്ച് ജലത്തിന്റെ ഗുണനിലവാരം കുറയുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. 1991-ലെ ഗൾഫ് യുദ്ധത്തിൽ കുവൈറ്റിലും, 2015-ൽ സിറിയയിലും, 2022 മുതൽ ഉക്രെയ്‌നിലും ഉണ്ടായ സംഭവങ്ങളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായവ.
അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം, സൈനിക ലക്ഷ്യങ്ങൾ നേടുന്നതിനായി ഏത് നടപടിയാണ് ആനുപാതികമെന്ന് വിലയിരുത്തുമ്പോൾ ഇരുപക്ഷവും ഈ കാര്യങ്ങൾ കണക്കിലെടുക്കണം. ആക്രമിക്കപ്പെടുന്ന കേന്ദ്രങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന സാധാരണക്കാർക്കുണ്ടാകുന്ന വലിയ പ്രത്യാഘാതങ്ങളെ മുൻനിർത്തിവേണം പ്രതീക്ഷിക്കുന്ന സൈനിക നേട്ടത്തെ തൂക്കിനോക്കാൻ.
ടെഹ്‌റാനിലെ ഉയർന്ന ഊർജ്ജ ആവശ്യകത കണക്കിലെടുക്കുമ്പോൾ, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇന്ധനം നൽകുന്ന റിഫൈനറികൾക്കുണ്ടാകുന്ന നാശനഷ്ടം ഗുരുതരമായ തടസ്സങ്ങൾക്ക് കാരണമാകും. ഇത് വായു, ജല മലിനീകരണത്തിനും വഴിവെച്ചേക്കാം. ടെഹ്‌റാനിലെ എണ്ണ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ വിഷലിപ്തമായ ആസിഡ് മഴയുണ്ടാകുമെന്ന് ഇറാനിയൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പല താമസക്കാർക്കും ശ്വാസതടസ്സവും തലവേദനയും അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രായേൽ സൈന്യത്തിന്റെ ആനുപാതികതാ വിശകലനത്തിൽ ഈ പ്രത്യാഘാതങ്ങൾ പരിഗണിക്കപ്പെട്ടതായി കാണുന്നില്ല. ആക്രമണത്തിന് മുൻപായി പ്രായോഗികമായ മുൻകരുതലുകളോ ലഘൂകരണ നടപടികളോ സ്വീകരിച്ചതായി റിപ്പോർട്ടുകളില്ല. റിഫൈനറികൾ ആക്രമിക്കുന്നത് വഴി കൃത്യമായ സൈനിക നേട്ടം ലഭിക്കുമെന്നതിന് തെളിവുകളുമില്ല.
അന്താരാഷ്ട്ര മാനുഷിക നിയമം ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളെ പൂർണ്ണമായി നിരോധിക്കുന്നില്ല. എന്നാൽ, ഒരു ഊർജ്ജ കേന്ദ്രത്തിന്റെ സൈനിക പ്രാധാന്യത്തെക്കുറിച്ചും അത് നശിപ്പിക്കപ്പെടുമ്പോൾ സാധാരണക്കാർക്കുണ്ടാകാവുന്ന ദോഷങ്ങളെക്കുറിച്ചും സാഹചര്യാധിഷ്ഠിതവും സൂക്ഷ്മവുമായ വിലയിരുത്തലുകൾ നടത്തണമെന്ന് ഈ നിയമം നിഷ്കർഷിക്കുന്നു.
നിലവിൽ, ഇസ്രായേലിന്റെ ആക്രമണങ്ങൾ നിയമപരമാണോ എന്ന് വിലയിരുത്തുക പ്രയാസമാണ്. ഇറാന്റെ സൈനിക പ്രവർത്തനങ്ങളിൽ ഈ റിഫൈനറികൾക്കുള്ള പങ്കിനെക്കുറിച്ചും, അവയെ ലക്ഷ്യമിടുന്നതിലൂടെ ലഭിച്ച സൈനിക നേട്ടത്തെക്കുറിച്ചും കൂടുതൽ വിശദാംശങ്ങൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ കഴിയൂ.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

