"യന്ത്രങ്ങൾ നിശ്ചലം": ഉത്തർപ്രദേശിൽ ഇന്ധനക്ഷാമം മൂലം ഗോതമ്പ് കൊയ്ത്ത് തടസ്സപ്പെടുന്നു

കൊയ്ത്തു കാലത്തിന്റെ നിർണ്ണായക സമയത്തുണ്ടാകുന്ന കാലതാമസം വിളനാശമുണ്ടാക്കുമെന്ന ഭീതി നിലനിൽക്കെ, പെട്രോളിനും ഡീസലിനുമായി കർഷകർ രാത്രി മുഴുവൻ ക്യൂ നിൽക്കുന്നു
ശ്രാവസ്തിയിൽ അടഞ്ഞുകിടക്കുന്ന ഒരു പെട്രോൾ പമ്പ്.
ഉത്തർപ്രദേശിലെ ശ്രാവസ്തിയിൽ അടഞ്ഞുകിടക്കുന്ന ഒരു പെട്രോൾ പമ്പ്.ഡൗൺ ടു എർത്ത്
Published on
Summary
  • ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ധനക്ഷാമം (പെട്രോൾ, ഡീസൽ) ഗോതമ്പ് കൊയ്ത്തിനെ തടസ്സപ്പെടുത്തുന്നു.

  • കൊയ്ത്ത് അതിന്റെ പരമാവധിയിൽ എത്തിനിൽക്കുന്ന ഈ സമയത്ത്, ഇന്ധന വിതരണം നിലച്ചതോടെ യന്ത്രങ്ങൾ പ്രവർത്തനരഹിതമായി കിടക്കുന്നതായി കർഷകർ അറിയിക്കുന്നു.

  • പല ജില്ലകളിലും പെട്രോൾ പമ്പുകളിലെ നീണ്ട ക്യൂവും പമ്പുകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നതും കൊയ്ത്ത് ജോലികൾ വൈകിപ്പിക്കുന്നു.

  • തൊഴിലാളി ക്ഷാമവും അടുത്തിടെയുണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള നാശനഷ്ടങ്ങളും കർഷകരുടെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.

  • കൊയ്ത്ത് വൈകുന്നത് വിളനാശത്തിനും കടുത്ത സാമ്പത്തിക ബാധ്യതയ്ക്കും കാരണമായേക്കാം.

ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ അനുഭവപ്പെടുന്ന പെട്രോൾ, ഡീസൽ ക്ഷാമം ഗോതമ്പ് കൊയ്ത്തിനെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. വിളവെടുപ്പിന്റെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിൽ കൊയ്ത്ത് വൈകുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു.

“ഗോതമ്പ് കൊയ്യാനും ധാന്യവും വൈക്കോലും വേർതിരിക്കാനുമുള്ള യന്ത്രങ്ങൾ ഗ്രാമങ്ങളിൽ തയാറായി നിൽപ്പുണ്ട്, എന്നാൽ അവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പെട്രോളും ഡീസലുമില്ല,” ഒരു കർഷകൻ പറഞ്ഞു.

ക്ഷാമം ബാധിച്ച പ്രദേശങ്ങളിലെ മിക്ക പെട്രോൾ പമ്പുകളും ഒന്നുകിൽ അടഞ്ഞുകിടക്കുകയാണ്, അല്ലെങ്കിൽ ഉപരോധം നേരിടുകയാണ്; പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂ തുടരുകയുമാണ്. സംസ്ഥാനത്തെ പ്രധാന റാബി വിളയാണ് ഗോതമ്പ്, ഇത് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കൊയ്ത്തുകാലവുമാണ്.

ബഹ്‌റൈച്ച് ജില്ലയിൽ, കർഷകനായ ജഗദേവ് വർമ്മ ഒരു സ്വകാര്യ പെട്രോൾ പമ്പിന് മുന്നിൽ ഒഴിഞ്ഞ കന്നാസുമായി രാത്രി മുഴുവൻ കാത്തുനിൽക്കുകയാണ്. നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഏക പമ്പിലേക്ക് അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ള കർഷകരും തടിച്ചുകൂടിയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പും സമാനമായ സാഹചര്യം ഉണ്ടായതായി വർമ്മ പറഞ്ഞു. അന്ന് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭീതി മൂലം പമ്പുകളിൽ വലിയ തിരക്കും താൽക്കാലിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.

പശ്ചിമേഷ്യയിൽ തുടരുന്ന യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം വിതരണ ശൃംഖലയെ ബാധിച്ചതാണ് വിദൂര ജില്ലകളിൽ പോലും ഇപ്പോൾ അനുഭവപ്പെടുന്ന ഈ പ്രതിസന്ധിക്ക് കാരണമെന്ന് പ്രാദേശിക വക്താക്കൾ കരുതുന്നു.

ഇതിന്റെ ഫലമായി, ഗോതമ്പ് കൊയ്യാനും മെതിക്കാനുമുള്ള വലിയ കംബൈൻ ഹാർവെസ്റ്ററുകളും ചെറിയ റീപ്പർ യന്ത്രങ്ങളും നിശ്ചലമായിരിക്കുകയാണ്.

ജില്ലകളിലുടനീളം തടസ്സങ്ങൾ, തൊഴിലാളി ക്ഷാമം കർഷകർക്ക് തിരിച്ചടിയാവുന്നു

വാതകക്ഷാമം കാരണം ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നും ചില തൊഴിലാളികൾ ഗ്രാമങ്ങളിലേക്ക് മടങ്ങിയിട്ടുണ്ടെങ്കിലും, കൊയ്ത്തിന് ആവശ്യമായ തൊഴിലാളികളുടെ കുറവ് ഇപ്പോഴുമുണ്ടെന്ന് വർമ്മ കൂട്ടിച്ചേർത്തു. “തൊഴിലാളികൾ ഇത്തവണ കൂടുതൽ കൂലി ആവശ്യപ്പെടുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

ഇന്ധനക്ഷാമം മൂലം വലയുന്ന കർഷകർക്ക് ഇത് ഇരട്ടി പ്രഹരമായിരിക്കുകയാണ്.

അയൽ ജില്ലയായ ശ്രാവസ്തിയിലും സ്ഥിതി സമാനമാണ്. വിതരണത്തിലെ തടസ്സങ്ങൾ കാരണം പല പെട്രോൾ പമ്പുകളും ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. സ്റ്റോറേജ് ടാങ്ക് ഒഴിഞ്ഞതിനെത്തുടർന്ന് പമ്പ് താൽക്കാലികമായി അടയ്ക്കേണ്ടി വന്നതായി പമ്പ് ഓപ്പറേറ്ററായ ആനന്ദ് പ്രതാപ് സിംഗ് പറഞ്ഞു.

“ഇപ്പോൾ മിക്ക കർഷകരും കൊയ്ത്തിന് യന്ത്രങ്ങളെയാണ് ആശ്രയിക്കുന്നത്, ഇത് പെട്രോളിനും ഡീസലിനുമുള്ള അവരുടെ ആശ്രിതത്വം വർദ്ധിപ്പിച്ചു,” അദ്ദേഹം പറഞ്ഞു. “കർഷകർ ദുരിതത്തിലാണ്, അവർക്ക് ഇന്ധനം നൽകാൻ ഞങ്ങൾക്ക് കഴിയുന്നില്ല. സ്ഥിതിഗതികൾ എപ്പോൾ സാധാരണ നിലയിലാകുമെന്ന് പറയാൻ കഴിയില്ല.”

മഹാരാജ്‌ഗഞ്ച് ജില്ലയിൽ, ട്രാക്ടറുകളിലും സ്വകാര്യ വാഹനങ്ങളിലും ഇന്ധനം നിറയ്ക്കാൻ ആളുകൾ നീണ്ട ക്യൂ നിൽക്കുന്നതായി യോഗേന്ദ്ര കനോജിയയെപ്പോലുള്ള താമസക്കാർ പറയുന്നു. ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ബസ് സർവീസുകളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ കർഷകർ ഇന്ധനത്തിനായി ക്യൂ നിൽക്കുന്നു.
ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ കർഷകർ ഇന്ധനത്തിനായി ക്യൂ നിൽക്കുന്നു.ഡൗൺ ടു എർത്ത്

കൊയ്ത്ത് വൈകുന്നതും വിളനാശ ഭീഷണിയും

കൊയ്ത്ത് വൈകുന്നത് അടുത്തിടെയുണ്ടായ ചുഴലിക്കാറ്റിലും മഴയിലും ഇതിനകം തന്നെ നാശനഷ്ടങ്ങൾ സംഭവിച്ച വിളകളെ കൂടുതൽ നശിപ്പിക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നു. “എല്ലാ പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുകയാണ്, കാറ്റിലും മഴയിലും ഗോതമ്പ് കൃഷിക്ക് നേരത്തെ തന്നെ നാശം സംഭവിച്ചിട്ടുണ്ട്. ഇനി കൊയ്ത്ത് വൈകുന്നത് കൂടുതൽ നഷ്ടങ്ങൾക്ക് കാരണമാകും,” ശ്രാവസ്തിയിലെ കർഷകനായ രാഹുൽ തിവാരി പറഞ്ഞു.

ലഖിംപൂരിലെ ഇസാനഗർ മേഖലയിൽ ഈ പ്രതിസന്ധി ഒരു മാസത്തിലേറെയായി തുടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. വിതരണ തടസ്സം കാരണം ഒരു ഘട്ടത്തിൽ ഈ മേഖലയിലെ പത്തിൽ ഒമ്പത് പെട്രോൾ പമ്പുകളും അടച്ചുപൂട്ടിയിരുന്നു.

ചില പമ്പുകൾ ഇതിനകം വീണ്ടും തുറന്നിട്ടുണ്ടെങ്കിലും, ഇതുവരെ പകുതിയോളം ഗോതമ്പ് കൊയ്ത്ത് മാത്രമേ പൂർത്തിയായിട്ടുള്ളൂ.

നാട്ടിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികൾ ഗ്രാമങ്ങളിലുണ്ടെങ്കിലും, പലരും കാർഷിക ജോലികളിൽ ഏർപ്പെടുന്നില്ല. “ഇപ്പോൾ തൊഴിലുറപ്പ് (MNREGA) ജോലികളില്ല, മടങ്ങിയെത്തിയ തൊഴിലാളികൾ ഗോതമ്പ് കൊയ്ത്തിന് കൂടുന്നതിന് പകരം മെച്ചപ്പെട്ട അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്,” ഇസാനഗർ നിവാസിയായ സന്ദീപ് പറഞ്ഞു.

പാചകവാതക വില കിലോയ്ക്ക് 300-400 രൂപ എന്ന നിലയിൽ കുത്തനെ ഉയർന്നതോടെ പലരും ജോലി വിട്ടുപോയതായും ലഭ്യമായ തൊഴിലാളികളുടെ എണ്ണം കുറവാണെന്നും ഡൽഹി ആസാദ്പൂർ മണ്ടിയിലെ വ്യാപാരിയായ ജയനാരായണൻ പറഞ്ഞു.

അതേസമയം, ഇന്ധനക്ഷാമത്തെക്കുറിച്ചുള്ള കിംവദന്തികൾ സമ്മർദ്ദം വർദ്ധിപ്പിക്കുകയും പമ്പുകളിൽ അമിതമായ തിരക്കിനും ചിലയിടങ്ങളിൽ ഇന്ധന വിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും കാരണമാകുന്നുണ്ട്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in