

തമിഴ്നാട്ടിലെ കല്പാക്കത്തുള്ള ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ച ആണവ റിയാക്ടറായ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) 'ക്രിട്ടിക്കാലിറ്റി' കൈവരിച്ചതായി കേന്ദ്ര സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.
പുറമെ നിന്നുള്ള ഇടപെടലുകളില്ലാതെ തന്നെ റിയാക്ടറിന് ഇപ്പോൾ സ്വയം നിലനിൽക്കുന്ന ഒരു ആണവ വിഘടനാ പ്രക്രിയ (Nuclear fission reaction) കൈവരിക്കാൻ സാധിക്കുമെന്നാണ് ഇതർത്ഥമാക്കുന്നത്. സാധാരണയായി ഒരു ആണവ വിഘടനാ പ്രക്രിയ ന്യൂട്രോണുകളെ ഉൽപ്പാദിപ്പിക്കുന്നു.
ഈ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ സിവിൽ ആണവ യാത്രയിൽ ഇതൊരു നിർണ്ണായക ചുവടുവെപ്പാണെന്നും, ആണവ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ രാജ്യം കൈവരിച്ച സുപ്രധാന പുരോഗതിയെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ അത്യാധുനിക റിയാക്ടർ, രാജ്യത്തിന്റെ കരുത്തുറ്റ ശാസ്ത്രീയമായ കഴിവിനെയും മികച്ച എഞ്ചിനീയറിംഗ് പ്രാവീണ്യത്തെയുമാണ് കാണിക്കുന്നതെന്ന് മോദി ഊന്നിപ്പറഞ്ഞു.
ആണവ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഇന്ത്യയുടെ വിശാലമായ തോറിയം നിക്ഷേപം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ഈ നേട്ടം വഴിതുറക്കുമെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
രാജ്യത്തിന് അഭിമാനകരമായ നിമിഷമാണിതെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഈ നാഴികക്കല്ല് കൈവരിക്കുന്നതിൽ പങ്കാളികളായ എല്ലാവരുടെയും പ്രതിബദ്ധതയെയും പരിശ്രമങ്ങളെയും അഭിനന്ദിച്ചു.
പ്രധാനമന്ത്രി എക്സിൽ (X) ഇപ്രകാരം കുറിച്ചു:
"ഇന്ന്, ഇന്ത്യ അതിന്റെ സിവിൽ ആണവ യാത്രയിൽ ഒരു നിർണ്ണായക ചുവടുവെപ്പ് നടത്തുകയും ആണവ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് മുന്നേറുകയും ചെയ്യുന്നു.
കല്പാക്കത്തെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ക്രിട്ടിക്കാലിറ്റി കൈവരിച്ചു.
ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ അത്യാധുനിക റിയാക്ടർ, നമ്മുടെ ശാസ്ത്രീയമായ കഴിവിന്റെ ആഴത്തെയും എഞ്ചിനീയറിംഗ് സംരംഭങ്ങളുടെ കരുത്തിനെയുമാണ് പ്രതിഫലിപ്പിക്കുന്നത്. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ നമ്മുടെ വിശാലമായ തോറിയം നിക്ഷേപം പ്രയോജനപ്പെടുത്തുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പാണിത്.
ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷം. നമ്മുടെ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങൾ."
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)