

കേന്ദ്ര സർക്കാരിന്റെ 'വാഹൻ' (VAHAN) ഡാറ്റ ആധാരമാക്കി 'ഡൗൺ ടു എർത്ത്' (DTE) നടത്തിയ വിശകലനമനുസരിച്ച്, 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ആകെ മോട്ടോർ വാഹന രജിസ്ട്രേഷന്റെ 8 ശതമാനം ഇലക്ട്രിക് വാഹനങ്ങളായിരുന്നു.
അസം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ ഇ-വാഹന രജിസ്ട്രേഷനിൽ വലിയൊരു പങ്കും ഇ-റിക്ഷകളായിരുന്നു; ഇവയെ ഒഴിവാക്കി കണക്കാക്കിയാൽ ഈ സംസ്ഥാനങ്ങളിലെ ഇ-വാഹന പങ്കാളിത്തം കുത്തനെ താഴേക്ക് പതിക്കും.
സ്വകാര്യ കാറുകളോ വിലകൂടിയ ഇലക്ട്രിക് വാഹനങ്ങളോ മാത്രമല്ല, സാധാരണക്കാരുടെ ഉപജീവനമാർഗ്ഗമായ കുറഞ്ഞ ചെലവിലുള്ള വാഹനങ്ങളും കൂടിയാണ് ഇന്ത്യയുടെ ഇ-മൊബിലിറ്റി പരിവർത്തനത്തെ മുന്നോട്ട് നയിക്കുന്നത് എന്ന് ഈ വിവരങ്ങൾ വ്യക്തമാക്കുന്നു.
കേന്ദ്ര സർക്കാരിന്റെ 'വാഹൻ' (VAHAN) വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി 'ഡൗൺ ടു എർത്ത്' (DTE) നടത്തിയ വിശകലനമനുസരിച്ച്, 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ആകെ മോട്ടോർ വാഹന രജിസ്ട്രേഷന്റെ 8 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരുന്നു.
എന്നാൽ പല സംസ്ഥാനങ്ങളിലും കുറഞ്ഞ വരുമാനക്കാരായ ഡ്രൈവർമാർക്ക് ഉപജീവനമാർഗ്ഗമേകുന്നതും കുറഞ്ഞ ചെലവിലുള്ള പൊതുഗതാഗത സംവിധാനവുമായ ഇ-റിക്ഷകളാണ് ഈ വളർച്ചയ്ക്ക് പ്രധാന കരുത്തായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ ഇ-വാഹന രജിസ്ട്രേഷൻ പങ്കാളിത്തം രേഖപ്പെടുത്തിയത് ത്രിപുരയിലാണ് (18 ശതമാനം). തൊട്ടുപിന്നിലായി അസം (16 ശതമാനം), ഡൽഹി (13 ശതമാനം), കേരളം (12 ശതമാനം), കർണാടക, ഗോവ (11 ശതമാനം വീതം) എന്നീ സംസ്ഥാനങ്ങളുമുണ്ട്. എന്നാൽ ആകെ ഇ-വാഹന കണക്കിൽ നിന്ന് ഇ-റിക്ഷകളെ ഒഴിവാക്കുമ്പോൾ പല സംസ്ഥാനങ്ങളിലെയും ചിത്രം ഗണ്യമായി മാറുകയും ഇ-വാഹന പങ്കാളിത്തം 4 മുതൽ 8 ശതമാനം വരെ താഴേക്ക് പതിക്കുകയും ചെയ്യുന്നു.
ചില സംസ്ഥാനങ്ങളിൽ മുന്നിൽ ഇ-റിക്ഷകൾ
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇ-വാഹന രജിസ്ട്രേഷനിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അസമിൽ, ഇ-റിക്ഷകളെ ഒഴിവാക്കിയപ്പോൾ ഇ-വാഹന പങ്കാളിത്തം 16 ശതമാനത്തിൽ നിന്ന് 8 ശതമാനമായി പകുതിയായി കുറഞ്ഞു. വിശകലനം ചെയ്ത സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ ഇടിവാണിത്.
2025-26-ൽ അസമിൽ രജിസ്റ്റർ ചെയ്ത ആകെ 5 ലക്ഷത്തിലധികം വാഹനങ്ങളിൽ 50,000-ത്തിലധികവും ഇ-റിക്ഷകളായിരുന്നുവെന്ന് കണക്കുകൾ കാണിക്കുന്നു. അതായത്, വർഷത്തിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പത്തിൽ ഒരു വാഹനം ഇ-റിക്ഷയായിരുന്നു.
സമാനമായ രീതിയാണ് പശ്ചിമ ബംഗാളിലും ദൃശ്യമായത്. അവിടെ ഇ-റിക്ഷകളെ ഒഴിവാക്കിയപ്പോൾ ഇ-വാഹന പങ്കാളിത്തം 10 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറഞ്ഞു. ഉത്തർപ്രദേശിൽ ഇത് 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായും, ബിഹാറിൽ 8-ൽ നിന്ന് 4 ശതമാനമായും, ഡൽഹിയിൽ 13-ൽ നിന്ന് 9 ശതമാനമായും കുറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഇ-റിക്ഷകൾ രജിസ്റ്റർ ചെയ്തത് ഉത്തർപ്രദേശിലാണ് - ആകെ 40 ലക്ഷത്തോളം വാഹനങ്ങളിൽ 2 ലക്ഷത്തിലധികം ഇ-റിക്ഷകൾ.
13 ലക്ഷത്തിലധികം വാഹനങ്ങളിൽ 90,000-ത്തോളം ഇ-റിക്ഷകളുമായി പശ്ചിമ ബംഗാൾ തൊട്ടുപിന്നിലുണ്ട്. ബിഹാർ 60,000-ത്തിലധികവും (15 ലക്ഷത്തിൽ), അസം 50,000-ത്തിലധികവും (5 ലക്ഷത്തിൽ), ഡൽഹി 30,000-ത്തിലധികവും (8 ലക്ഷത്തിൽ) ഇ-റിക്ഷകൾ രജിസ്റ്റർ ചെയ്തു.
ഈ അഞ്ച് സംസ്ഥാനങ്ങൾ ചേർന്ന് മാത്രം ഏകദേശം 4,50,000 ഇ-റിക്ഷകൾ രജിസ്റ്റർ ചെയ്തു - ഇത് ആ വർഷം രാജ്യത്ത് രജിസ്റ്റർ ചെയ്ത ആകെ ഇ-റിക്ഷകളുടെ 80 ശതമാനത്തോളമാണ്.
മറ്റിടങ്ങളിൽ വൈവിധ്യമാർന്ന ഇ-വാഹന മിശ്രിതം
ചില സംസ്ഥാനങ്ങളിൽ ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ബസുകൾ, മുചക്ര വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ വാഹന വിഭാഗങ്ങളിലുടനീളം ഇ-വാഹന രജിസ്ട്രേഷൻ കൂടുതൽ സമമായി വീതിക്കപ്പെട്ടിരിക്കുന്നു.
ത്രിപുരയിലാണ് ഏറ്റവും വൈവിധ്യമാർന്ന രീതി കണ്ടത്. ഇ-റിക്ഷകളെ ഒഴിവാക്കിയപ്പോഴും അവിടെ ഇ-വാഹന രജിസ്ട്രേഷൻ വിഹിതം 18 ശതമാനത്തിൽ നിന്ന് 17 ശതമാനമായി നേരിയ തോതിൽ മാത്രമേ കുറഞ്ഞുള്ളൂ. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, അസം, ഡൽഹി എന്നിവയെ അപേക്ഷിച്ച് വളരെ കുറച്ച് (800-ൽ താഴെ) ഇ-റിക്ഷകൾ മാത്രമാണ് 2025-26-ൽ ത്രിപുരയിൽ രജിസ്റ്റർ ചെയ്തത്.
സമാനമായ പ്രവണത തന്നെയാണ് കേരളം, കർണാടക, ഗോവ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും കാണാനായത്; ഇവിടെയൊക്കെ ഇ-റിക്ഷകളെ മാറ്റിവെച്ചപ്പോഴും മൊത്തത്തിലുള്ള ഇ-വാഹന വിഹിതത്തിൽ വലിയ മാറ്റമുണ്ടായില്ല. ഗോവയിൽ വർഷത്തിൽ 10 ഇ-റിക്ഷകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്, കർണാടകയിൽ 337, കേരളത്തിൽ 77, ഒഡീഷയിൽ 3,756 എന്നിങ്ങനെയായിരുന്നു കണക്കുകൾ.
ദേശീയതലത്തിൽ ഇ-റിക്ഷകളെ ഒഴിവാക്കുമ്പോൾ ഇ-വാഹന രജിസ്ട്രേഷൻ വിഹിതം 8-ൽ നിന്ന് 7 ശതമാനമായി (1 ശതമാനം മാത്രം) കുറയുന്നു. ഇത് കാണിക്കുന്നത് ഇ-റിക്ഷകൾ ദേശീയ തലത്തിലെ ആകെ ഇ-വാഹന കണക്കിലേക്ക് കാര്യമായ സംഭാവന നൽകുന്നുണ്ടെങ്കിലും, അവയുടെ സ്വാധീനം രാജ്യത്തുടനീളം ഒരേപോലെയല്ല, മറിച്ച് ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണ് എന്നാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)