തുകൽ, സമുദ്രോൽപ്പന്ന സാമഗ്രികൾക്ക് ഇളവ്

അമേരിക്കൻ നികുതി നിരക്കുകൾ മൂലം തിരിച്ചടി നേരിട്ട സമുദ്രോൽപ്പന്ന, തുകൽ, പാദരക്ഷാ മേഖലകളെ സഹായിക്കാൻ ഇറക്കുമതി തീരുവയിൽ ഇളവുകൾ ലക്ഷ്യമിടുന്നു.
കേന്ദ്ര ബജറ്റ് 2026-27: തുകൽ, സമുദ്രോത്പന്ന കയറ്റുമതിക്കായി ഇറക്കുമതി ചെയ്യുന്ന സാമഗ്രികൾക്ക് ആശ്വാസം
പാട്രിക് ജോൺ ഹൻറഹാൻ ഐസ്റ്റോക്ക് വഴി
Published on

ഇന്ത്യയിലെ സമുദ്രോൽപ്പന്നങ്ങൾ, തുകൽ, സിന്തറ്റിക് പാദരക്ഷകൾ എന്നിവയുടെ കയറ്റുമതിക്കാർക്ക് ആശ്വാസം പകരുന്ന നടപടിയെന്ന നിലയിൽ, ഈ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് ആവശ്യമായ ചില ഇറക്കുമതി സാമഗ്രികളുടെ കസ്റ്റംസ് തീരുവ ലഘൂകരിക്കാൻ 2026-27 കേന്ദ്ര ബജറ്റിൽ നിർദ്ദേശിക്കുന്നു. ഫെബ്രുവരി 1-ന് നടത്തിയ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചതാണിത്. താരിഫ് ഘടന ലഘൂകരിക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനും, കയറ്റുമതി മത്സരശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള, കേന്ദ്രസർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

തുകൽ, സിന്തറ്റിക് പാദരക്ഷാ മേഖലയ്ക്കായി, നിലവിൽ ഫിനിഷ്ഡ് ലെതർ (Finished Leather) അല്ലെങ്കിൽ സിന്തറ്റിക് പാദരക്ഷകളുടെ കയറ്റുമതിക്ക് ലഭ്യമായ നികുതി രഹിത ഇറക്കുമതി ആനുകൂല്യം, ഷൂ അപ്പർ (Shoe uppers - സോളിന് മുകളിലുള്ള ഷൂവിന്റെ എല്ലാ ഭാഗങ്ങളും) കയറ്റുമതിക്ക് കൂടി ബാധകമാക്കാൻ ബജറ്റ് നിർദ്ദേശിക്കുന്നു.

കൂടാതെ, അന്തിമ ഉൽപ്പന്നത്തിന്റെ കയറ്റുമതി പൂർത്തിയാക്കാനുള്ള സമയപരിധി, ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തിയിട്ടുണ്ട്. തുകൽ അല്ലെങ്കിൽ ടെക്സ്റ്റൈൽ വസ്ത്രങ്ങൾ, സിന്തറ്റിക് പാദരക്ഷകൾ, മറ്റ് തുകൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ എല്ലാ കയറ്റുമതിക്കാർക്കും ഈ സമയപരിധി ബാധകമായിരിക്കും.

അമേരിക്കയിൽ നിന്നുള്ള ഉയർന്ന താരിഫ് മൂലം പ്രതിസന്ധിയിലായ തുകൽ, സിന്തറ്റിക് പാദരക്ഷാ വ്യവസായത്തിന് ഈ നിർദ്ദേശങ്ങൾ വലിയ ആശ്വാസമായേക്കും. 2025-ൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മേഖലയിൽ ആകെ 50 ശതമാനം താരിഫ് (25 ശതമാനം റെസിപ്രോക്കൽ താരിഫും, റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട 25 ശതമാനം പെനാൽറ്റിയും) ഏർപ്പെടുത്തിയിരുന്നു. ക്രിസിൽ (CRISIL) റേറ്റിംഗ് ഏജൻസിയുടെ കണക്കനുസരിച്ച്, യൂറോപ്യൻ യൂണിയൻ കഴിഞ്ഞാൽ, ഇന്ത്യൻ തുകൽ ഉൽപ്പന്നങ്ങളുടെ രണ്ടാമത്തെ വലിയ വിപണിയാണ് അമേരിക്ക എന്നതിനാൽ ഈ താരിഫുകൾ വലിയ തിരിച്ചടിയായിരുന്നു.

2025 ഒക്ടോബർ 23-ലെ ക്രിസിൽ അനാലിസിസ് പ്രകാരം, യുഎസ് താരിഫുകൾ ഇന്ത്യയുടെ തുകൽ കയറ്റുമതി അളവിനെ ഗണ്യമായി കുറയ്ക്കുമെന്നും, ഈ സാമ്പത്തിക വർഷം വരുമാനത്തിൽ 10-12 ശതമാനം ഇടിവുണ്ടാകുമെന്നും പ്രവചിച്ചിരുന്നു. എന്നിരുന്നാലും, ആഭ്യന്തര ആവശ്യകതയിലും ഉൽപ്പാദനത്തിലുമുണ്ടാകുന്ന വർധന വിപണിയെ സ്ഥിരപ്പെടുത്തുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. യുകെ, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള ഇന്ത്യയുടെ സമീപകാല സ്വതന്ത്ര വ്യാപാര കരാറുകളും (Free Trade Agreements) സഹായകമായിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സമുദ്രോൽപ്പന്ന കയറ്റുമതിക്കും ആശ്വാസം

കയറ്റുമതിക്കായി സമുദ്രോൽപ്പന്നങ്ങൾ സംസ്കരിക്കുന്നതിന് ഉപയോഗിക്കുന്ന ചില പ്രത്യേക സാമഗ്രികളുടെ നികുതി രഹിത ഇറക്കുമതി പരിധി ഉയർത്താനും ബജറ്റ് നിർദ്ദേശിക്കുന്നു. മുൻ വർഷത്തെ ഫ്രീ-ഓൺ-ബോർഡ് (FOB) കയറ്റുമതി മൂല്യത്തിന്റെ നിലവിലുള്ള 1 ശതമാനത്തിൽ നിന്ന് 3 ശതമാനമായാണ് ഇത് ഉയർത്തുന്നത്. ചരക്കുകൾ കപ്പലിൽ കയറ്റുന്നതുവരെയുള്ള എല്ലാ ചെലവുകളും നികുതികളും ഫീസുകളും ഉൾപ്പെടുന്നതാണ് എഫ്ഒബി (FOB) മൂല്യം.

തുകൽ, സിന്തറ്റിക് പാദരക്ഷാ വ്യവസായത്തിൽ നിന്ന് വ്യത്യസ്തമായി, സമുദ്രോൽപ്പന്ന മേഖലയിൽ സമീപ മാസങ്ങളിൽ കയറ്റുമതി വർധിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇക്കണോമിക് ഡിപ്ലോമസി ഡിവിഷൻ പ്രസിദ്ധീകരിച്ച 2025 ഡിസംബർ 2-ലെ ലേഖനം (എക്കണോമിക് ടൈംസ് ഡാറ്റ ഉദ്ധരിച്ച്) വ്യക്തമാക്കുന്നത്, കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ ഇന്ത്യയുടെ സമുദ്രോൽപ്പന്ന കയറ്റുമതിയിൽ 11.6 ശതമാനം വർധനവുണ്ടായി എന്നാണ്. യൂറോപ്യൻ യൂണിയൻ, ചൈന, വിയറ്റ്നാം, റഷ്യ, യുകെ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചതാണ് ഇതിന് കാരണം. ഇത് അമേരിക്കയിലേക്കുള്ള കയറ്റുമതിയിലുണ്ടായ കുറവ് നികത്താൻ സഹായിച്ചു. ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങൾ ഈ നേട്ടത്തിന് കൂടുതൽ കരുത്തേകും.

Down To Earth
malayalam.downtoearth.org.in