ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ആഗോള വിതരണ ശൃംഖലയെ തകിടം മറിച്ചേക്കാം: റിപ്പോർട്ട്

താൽക്കാലിക തടസ്സങ്ങൾ വിലക്കയറ്റത്തിന് കാരണമാകുമെന്ന് വിശകലനം
ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ആഗോള വിതരണ ശൃംഖലയെ തകിടം മറിച്ചേക്കാം: റിപ്പോർട്ട്
ഹോർമുസ് കടലിടുക്കിലൂടെ നീങ്ങുന്ന കൂറ്റൻ ചരക്കുക്കപ്പലും അതിന് മുന്നിലൂടെ കടന്നുപോകുന്ന ചെറിയ സ്പീഡ് ബോട്ടും.ഫോട്ടോഗ്രാഫർ: ഐസ്റ്റോക്ക് വഴി ഒലാഫ് ലൂസ്
Published on

അന്താരാഷ്ട്ര ഗവേഷകർ നടത്തിയ പുതിയ പഠനമനുസരിച്ച്, ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ആഗോള വ്യാപാരത്തെയും ഊർജ്ജ വിതരണത്തെയും സാരമായി ബാധിക്കും. വ്യാപാരത്തിന്റെ അളവ് മാത്രമല്ല, തടസ്സങ്ങൾ എത്രത്തോളം നീണ്ടുനിൽക്കുന്നു എന്നതും നിർണ്ണായകമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

“കടലിടുക്ക് അടയുമ്പോൾ: ഹോർമുസ് കടലിടുക്കിലെ വ്യാപാര ആശ്രിതത്വവും കപ്പൽ ഗതാഗത തടസ്സങ്ങളും” (When the Strait Closes: Trade Dependencies and Shipping Disruption Scenarios for the Strait of Hormuz) എന്ന പേരിൽ നടത്തിയ ഈ പഠനം, ഓസ്ട്രിയയിലെ സപ്ലൈ ചെയിൻ ഇൻ്റലിജൻസ് ഇൻസ്റ്റിറ്റ്യൂട്ട് (Supply Chain Intelligence Institute Austria), വിയന്നയിലെ കോംപ്ലക്സിറ്റി സയൻസ് ഹബ് (Complexity Science Hub Vienna), ടി.യു ഡെൽഫ്റ്റ് (TU Delft) എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് നിർവ്വഹിച്ചത്.

ഭീമമായ വ്യാപാര ഇടപാടുകൾ അപകടത്തിൽ

ഹോർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിൽ (Maritime chokepoints) ഒന്നാണ്. ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് ലോകത്തിലെ ആകെ എണ്ണക്കടത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത്.

ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് അഞ്ച് ഗൾഫ് രാജ്യങ്ങളിൽ (ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ) നിന്നുള്ള ഏകദേശം 1.2 ട്രില്യൺ ഡോളർ (ഏകദേശം 100 ലക്ഷം കോടി രൂപ) മൂല്യമുള്ള വാർഷിക വ്യാപാരത്തെ ബാധിച്ചേക്കാമെന്ന് വിയന്നയിലെ കോംപ്ലക്സിറ്റി സയൻസ് ഹബ് (Complexity Science Hub Vienna) പ്രസ്താവനയിൽ അറിയിച്ചു.

ഈ വ്യാപാര ഇടപാടുകളിൽ ഭൂരിഭാഗവും ഊർജ്ജ ഉൽപ്പന്നങ്ങളാണ്. ക്രൂഡ് ഓയിൽ, ദ്രവീകൃത പ്രകൃതി വാതകം (LNG), ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മേഖലകളിൽ മാത്രം ഏകദേശം 800 ബില്യൺ ഡോളറിന്റെ (ഏകദേശം 66 ലക്ഷം കോടി രൂപ) ആഘാതം ഉണ്ടായേക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

പ്രതിസന്ധിയുടെ കാലയളവ് നിർണായകം

തടസ്സങ്ങൾ എത്രത്തോളം നീണ്ടുനിൽക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും നിർണ്ണായകമായ കാര്യമെന്ന് പഠനം കണ്ടെത്തി:

  • രണ്ടാഴ്ച വരെ: സാമ്പത്തിക പ്രത്യാഘാതങ്ങൾ പരിമിതമായിരിക്കും.

  • ഏകദേശം ഒരു മാസം: ആഗോള കപ്പൽ ഗതാഗതത്തിൽ കാര്യമായ തടസ്സങ്ങൾ അനുഭവപ്പെടും.

  • നാല് ആഴ്ചയിൽ കൂടുതൽ: ആഗോള വിതരണ ശൃംഖലയെ ഒന്നടങ്കം ബാധിക്കുന്ന തരത്തിൽ പ്രത്യാഘാതങ്ങൾ അമിതമായി വർദ്ധിക്കും (Cascading effects).

വ്യക്തിഗത കപ്പലുകൾക്കുണ്ടാകുന്ന താമസം പിന്നീട് പല ഗതാഗത ശൃംഖലകളിലേക്കും വ്യാപിക്കുകയും, ഇത് തുറമുഖങ്ങളിൽ വലിയ തിരക്കിനും അന്താരാഷ്ട്ര വ്യാപാരത്തിൽ കടുത്ത കാലതാമസത്തിനും കാരണമാവുകയും ചെയ്യും.

യൂറോപ്പിനെ ബാധിക്കുന്നത് മിതമായ തോതിൽ മാത്രം

പഠനത്തിൽ ഉൾപ്പെട്ട ഗൾഫ് രാജ്യങ്ങളിൽ നിന്ന് യൂറോപ്യൻ യൂണിയൻ പ്രതിവർഷം ഏകദേശം 47 ബില്യൺ ഡോളറിന്റെ (ഏകദേശം 3.9 ലക്ഷം കോടി രൂപ) ഇറക്കുമതി നടത്തുന്നുണ്ട്.

ഏറ്റവും കൂടുതൽ ബാധിക്കപ്പെടാൻ സാധ്യതയുള്ള രാജ്യങ്ങൾ ഇവയാണ്:

  • ഇറ്റലി: പ്രതിവർഷം ഏകദേശം 9.8 ബില്യൺ ഡോളറിന്റെ ഇടപാട്. പ്രധാനമായും ഖത്തറിൽ നിന്നുള്ള ദ്രവീകൃത പ്രകൃതി വാതക (LNG) ഇറക്കുമതിയെയാണ് ഇറ്റലി ആശ്രയിക്കുന്നത്.

  • ബെൽജിയം: യൂറോപ്പിലെ പ്രധാന വാതക വിതരണ ശൃംഖലയും വ്യാപാര കേന്ദ്രവുമാണ് ഈ രാജ്യം.

  • ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്‌സ്: ഈ രാജ്യങ്ങൾ മിതമായ തോതിൽ ഇറക്കുമതിക്കായി ഗൾഫ് മേഖലയെ ആശ്രയിക്കുന്നു.

 ഈ ഗൾഫ് കയറ്റുമതി രാജ്യങ്ങളിൽ നിന്ന് യുണൈറ്റഡ് കിംഗ്ഡം (UK) പ്രതിവർഷം ഏകദേശം 13 ബില്യൺ ഡോളറിന്റെ (ഏകദേശം 1.08 ലക്ഷം കോടി രൂപ) ഇറക്കുമതി നടത്തുന്നുണ്ട്.

പരോക്ഷമായ വിലക്കയറ്റത്തിന് സാധ്യത

ഹ്രസ്വകാല തടസ്സങ്ങൾ പ്രധാനമായും വിപണിയിൽ വിലക്കയറ്റത്തിനും ചാഞ്ചാട്ടത്തിനും (Price volatility) കാരണമാകുമെന്ന് പഠനം വിലയിരുത്തുന്നു.

എന്നാൽ, തടസ്സങ്ങൾ മാസങ്ങളോളം നീണ്ടുനിന്നാൽ മാത്രമേ ഉൽപ്പന്നങ്ങളുടെ യഥാർത്ഥ ക്ഷാമം അനുഭവപ്പെടാൻ സാധ്യതയുള്ളൂ. അത്തരമൊരു സാഹചര്യമുണ്ടായാൽ, ഊർജ്ജവില വർദ്ധിക്കുന്നതും ഉൽപ്പാദനച്ചെലവ് കൂടുന്നതും യൂറോപ്യൻ വ്യവസായങ്ങളുടെ ആഗോള വിപണിയിലെ മത്സരക്ഷമതയെ ദോഷകരമായി ബാധിച്ചേക്കാം.

കോംപ്ലക്സിറ്റി സയൻസ് ഹബ് പ്രസിഡന്റും പഠനത്തിന്റെ സഹരചയിതാവുമായ സ്റ്റെഫാൻ തേണർ (Stefan Thurner) ഭരണകർത്താക്കൾക്കായി മൂന്ന് പ്രധാന മുൻഗണനകൾ നിർദ്ദേശിക്കുന്നു. ഒന്നാമതായി, ആഗോള വിതരണ ശൃംഖലയെ ഒന്നടങ്കം ബാധിക്കാതിരിക്കാൻ, തടസ്സങ്ങൾ എത്രയും വേഗം നീക്കം ചെയ്യാൻ എല്ലാ ശ്രമങ്ങളും നടത്തണം. രണ്ടാമതായി, കൂടുതൽ കാലം നീണ്ടുനിൽക്കുന്ന തടസ്സങ്ങളെ നേരിടാൻ ഗവൺമെന്റുകൾ മുൻകൂട്ടി തയ്യാറെടുക്കണം; പ്രത്യേകിച്ച് ഊർജ്ജ മേഖലയിൽ. മൂന്നാമതായി, വിപണിയിൽ പരിഭ്രാന്തിയും പൂഴ്ത്തിവെപ്പും ഒഴിവാക്കാൻ വ്യക്തവും സുതാര്യവുമായ ആശയവിനിമയം അത്യന്താപേക്ഷിതമാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in