ജനകീയ അവിശ്വാസം
അചിന്തനീയവും, സങ്കീർണവുമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും, ലോകം ഒരു സ്തംഭനാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 2026-ലെ ലോകത്തെക്കുറിച്ചുള്ള പ്രധാന സർവ്വേകൾ വെളിപ്പെടുത്തുന്നത് ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും, ഭരണസംവിധാനങ്ങളിലുള്ള വിശ്വാസത്തകർച്ചയുമാണ്. മുൻവർഷങ്ങളിൽ റിസ്ക് അസസ്മെന്റ് റിപ്പോർട്ടുകൾ പാരിസ്ഥിതിക തകർച്ചയെയായിരുന്നു ഏറ്റവും വലിയ ഭീഷണിയായി കണ്ടിരുന്നത്; എന്നാൽ ഇത്തവണ അതല്ല. ഭൗമ-സാമ്പത്തിക നീക്കങ്ങളും, ലോകം, പല ചേരികളായി തിരിഞ്ഞ് കടുത്ത ഒറ്റപ്പെടലിലേക്ക് നീങ്ങുന്നതും ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ "ഗ്ലോബൽ റിസ്ക് റിപ്പോർട്ട് 2026"-ന്റെ പ്രധാന പ്രമേയം തന്നെ "അനിശ്ചിതത്വം" എന്നതാണ്. 1,300-ലധികം ആഗോള നേതാക്കളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ സർവ്വേ പ്രകാരം, 50 ശതമാനം പേരും അടുത്ത രണ്ട് വർഷത്തേക്ക് കലുഷിതമായ അന്തരീക്ഷമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 10 വർഷത്തേക്ക് ഇത് 57 ശതമാനമായി ഉയരുന്നു. "വെറും ഒരു ശതമാനം പേർ മാത്രമാണ് ശാന്തമായൊരു ഭാവി പ്രതീക്ഷിക്കുന്നത്," സർവേ പറയുന്നു. ഏകദേശം അഞ്ചിലൊരാൾ എന്ന കണക്കിൽ, ഭൗമ-സാമ്പത്തിക ഏറ്റുമുട്ടലുകളെ 2026-ലെ ഏറ്റവും വലിയ ഭീഷണിയായി ചൂണ്ടിക്കാട്ടി. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി, ഹ്രസ്വകാല ഭീഷണികളുടെ പട്ടികയിൽ പാരിസ്ഥിതിക ആശങ്കകൾ പിന്നിലായി.
"സ്ഥിരത ഉറപ്പാക്കിയിരുന്ന നിയമങ്ങളും സ്ഥാപനങ്ങളും ഇപ്പോൾ ഭീഷണിയിലാണ്; വ്യാപാരം, ധനകാര്യം, സാങ്കേതികവിദ്യ എന്നിവ സ്വാധീനം ഉറപ്പിക്കാനുള്ള ആയുധങ്ങളായി മാറുന്ന പുതിയ കാലഘട്ടമാണിത്," റിപ്പോർട്ട് പറയുന്നു. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ എല്ലാ തലങ്ങളിലുമുള്ള തീവ്രവാദവും ധ്രുവീകരണവും, സർക്കാർ ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളോടും, നേതാക്കളോടും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തി. "തെരുവും വരേണ്യവർഗ്ഗവും" തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചുള്ള സൂചനകളും സർവേ നൽകുന്നുണ്ട്. പരമ്പരാഗത ഭരണസംവിധാനങ്ങളിലുള്ള ജനങ്ങളുടെ കടുത്ത നിരാശയും, തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് തങ്ങൾ മാറ്റിനിർത്തപ്പെടുന്നു എന്ന തോന്നലും, നയങ്ങൾ തങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കില്ലെന്ന സംശയവും ഇതിൽ നിഴലിക്കുന്നു.
ഈ ധ്രുവീകരണവും അതിവേഗം വളരുന്ന ഒറ്റപ്പെടലും "2026 എഡൽമാൻ ട്രസ്റ്റ് ബാരോമീറ്റർ" കണ്ടെത്തലുകളിൽ വ്യക്തമാണ്. "ലോകം സങ്കുചിത ചിന്താഗതിയിലേക്ക് ചുരുങ്ങുന്നു" എന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. "നമ്മൾ വിശ്വാസത്തിന്റെ ഒരു അടഞ്ഞ ലോകമാണ് തിരഞ്ഞെടുക്കുന്നത്; ഇത് വീക്ഷണങ്ങളെ പരിമിതപ്പെടുത്തുകയും, അഭിപ്രായങ്ങളെ ചുരുക്കുകയും, ബൗദ്ധിക സ്തംഭനാവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. അവിശ്വാസമാണ് ഇപ്പോഴത്തെ സ്വാഭാവിക പ്രതികരണം," എഡൽമാൻ സിഇഒ, റിച്ചാർഡ് എഡൽമാൻ പറയുന്നു. 28 രാജ്യങ്ങളിൽ നിന്നായി (വികസിത, വികസ്വര, ദരിദ്ര രാജ്യങ്ങൾ ഉൾപ്പെടെ) 33,938 പേരിൽ നടത്തിയ സർവ്വേയിൽ, 70 ശതമാനം പേരും തങ്ങളിൽ നിന്ന് വ്യത്യസ്തമായ മൂല്യങ്ങളോ, വിവര സ്രോതസ്സുകളോ, പശ്ചാത്തലമോ ഉള്ളവരെ വിശ്വസിക്കാൻ മടിക്കുന്നവരാണ്. വെറും 33 ശതമാനം പേർ മാത്രമാണ് "മിക്ക ആളുകളെയും വിശ്വസിക്കുന്നു" എന്ന് പറഞ്ഞത്. 45 ശതമാനം പേരും ഈ സങ്കുചിത മനോഭാവത്തെ ഒരു വലിയ പ്രതിസന്ധിയായാണ് കാണുന്നത്. "തങ്ങളിൽ നിന്ന് വ്യത്യസ്തരായവരെ ജനങ്ങൾ അവിശ്വസിക്കുക മാത്രമല്ല, അവർ പരസ്പരം ദോഷം ചെയ്യാൻ ബോധപൂർവ്വം ശ്രമിക്കുന്നു" എന്ന കണ്ടെത്തൽ ഭയാനകമാണ്.
സമീപകാല സാമൂഹിക സംഭവവികാസങ്ങൾ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമായി എന്ന് 95 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇതിൽ 40 ശതമാനം പേർക്കും ദേശീയ സർക്കാരുകളിലുള്ള വിശ്വാസമാണ് നഷ്ടപ്പെട്ടത്. ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും മങ്ങിയതാണ്. "ഇന്നത്തെ അപേക്ഷിച്ച് അടുത്ത തലമുറയുടെ അവസ്ഥ മെച്ചപ്പെടുമോ?" എന്ന ചോദ്യത്തിന്, ആഗോളതലത്തിൽ 32 ശതമാനം പേർ മാത്രമാണ് 'അതെ' എന്ന് മറുപടി നൽകിയത്. എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ ഇത് 53 ശതമാനമാണ്; 2025-നെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വർദ്ധനവ്.
സമീപ വർഷങ്ങളിലെ സംഭവവികാസങ്ങളുടെ അനന്തരഫലമാണ് ഈ വിശ്വാസത്തകർച്ചയും ഉൾവലിയലും. 21-ാം നൂറ്റാണ്ടിലെ വിശ്വാസത്തിന്റെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ട്രസ്റ്റ് ബാരോമീറ്ററിന്റെ 26-ാം പതിപ്പാണിത്. എഡൽമാൻ പറയുന്നു: "കഴിഞ്ഞ വർഷത്തെ എഡൽമാൻ ട്രസ്റ്റ് ബാരോമീറ്റർ റിപ്പോർട്ട് പരാതികളുടെയും രോഷത്തിന്റെയും കണക്കുകളായിരുന്നു നിരത്തിയത്. പത്തിൽ ആറ് പേരും വിശ്വസിച്ചിരുന്നത്, സർക്കാരും ബിസിനസ്സുകളും തങ്ങളെ ദ്രോഹിക്കുന്നുവെന്നും, ചിലരുടെ താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നുവെന്നും, വ്യവസ്ഥിതി സമ്പന്നർക്ക് അനുകൂലമാണെന്നുമാണ്."
ഡൗൺ ടു എർത്ത് 2026 ഫെബ്രുവരി 1-15 അച്ചടി പതിപ്പിൽ (print edition) പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

