സ്വർണത്തിന്റെയും വെള്ളിയുടെയും വിലക്കയറ്റം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് നിരവധി അവസരങ്ങൾ നൽകുന്നു
ഫോട്ടോ: iStock

കുതിച്ചുയരുന്ന സ്വർണം,വെള്ളി വിലകളിൽ ഇന്ത്യയുടെ അവസരങ്ങൾ

വിലയിലുണ്ടാകുന്ന ഈ വർദ്ധനവ്, സ്വർണവും വെള്ളിയും കൈവശമുള്ള കുടുംബങ്ങളിൽ സമ്പാദ്യ മൂല്യവർദ്ധന സൃഷ്ടിക്കുന്നതോടൊപ്പം, ആഭ്യന്തര ആവശ്യകതയും ഉപഭോഗവും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
Published on

ലോകത്തിൽ, സ്വർണ്ണത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവും, വെള്ളിയുടെ ഏറ്റവും വലിയ ഉപഭോക്താവുമായ ഇന്ത്യ, ഈ ലോഹങ്ങളുടെ ആഗോള വിപണികളിലെ മാറ്റങ്ങളിൽ ആശങ്കപ്പെടുന്നു. സമീപകാലത്ത് വളരെ വേഗത്തിലാണ് സ്വർണം, വെള്ളി എന്നിവയുടെ വിലയിൽ അസാധാരണമായ ഒരു അസ്ഥിരത അനുഭവപ്പെട്ടത്. വർദ്ധിച്ചുവരുന്ന ആഗോള അനിശ്ചിതത്വം, പണ ലഘൂകരണം, കറൻസി പുനർവിന്യാസങ്ങൾ, വിതരണ പരിമിതികൾ, വ്യാവസായിക പരിവർത്തനങ്ങൾ എന്നിവ, ഇവയുടെ വിപണികളിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ഈ ഘടകങ്ങൾ സ്വർണ്ണത്തിന്റെ ആവശ്യം വർദ്ധിപ്പിക്കുന്നു, കാരണം സ്വർണം ഒരു സുരക്ഷിതമായ സ്വത്തും നിക്ഷേപവുമാണ്. വെള്ളി, വ്യാവസായിക ആവശ്യങ്ങൾക്കായി കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ആഗോള ഊർജ്ജ പരിവർത്തനം സോളാർ ഫോട്ടോവോൾട്ടായിക് പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ്, ഡാറ്റാ സെന്ററുകൾ, നൂതന നിർമ്മാണം എന്നിവയിൽ വെള്ളി ഉപഭോഗം കുത്തനെ ഉയർന്നു. എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ഇടിഎഫ്) വലിയ നിക്ഷേപം, സെൻട്രൽ ബാങ്ക് സ്വർണ്ണ കരുതൽ ശേഖരം എന്നിവ ഉയർന്ന വില ഉറപ്പുവരുത്തുന്നു. സ്വർണത്തിനും വെള്ളിക്കും ഇന്ത്യ, ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നു. ആഗോള വില സ്ഥിരത കൈവരിച്ചാലും, രൂപയുടെ മൂല്യം കുറയുന്നത് ആഭ്യന്തര ബുള്ളിയൻ വില വർദ്ധിപ്പിക്കുകയും താങ്ങാനാവുന്ന വിലയെയും ഡിമാൻഡിനെയും ബാധിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ചരക്ക് ഇറക്കുമതി ബില്ലിന്റെ ഗണ്യമായ പങ്ക് സ്വർണ്ണ ഇറക്കുമതി മാത്രമാണ്, ഇത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിക്ക് കാരണമാകുന്നു. ആഗോള വില കുത്തനെ ഉയരുമ്പോൾ ഭൗതിക അളവ് കുറഞ്ഞാലും ഇറക്കുമതിയുടെ മൂല്യം വർധിക്കുന്നു. വ്യാവസായിക ആവശ്യം വർദ്ധിച്ചതിനാൽ വെള്ളി ഇറക്കുമതിയും വർദ്ധിച്ചു, പ്രത്യേകിച്ച് പുനരുപയോഗ ഊർജ്ജം, ഇലക്ട്രോണിക്സ് മേഖലകളിൽ നിന്ന്.

ഇന്ത്യയിൽ, കുടുംബങ്ങൾ സ്വർണ്ണത്തെ കേവലം ആഭരണങ്ങളായി മാത്രമല്ല, മറിച്ച് ഒരു സമ്പാദ്യമായും പണപ്പെരുപ്പത്തിനെതിരായ ഒരു കെട്ടുറപ്പായും, തലമുറകളെ കൂട്ടിയിണക്കുന്ന ആസ്തിയായും കാണുന്നു. ഗ്രാമീണ കുടുംബങ്ങളിലെ പരമ്പരാഗതമായ നിക്ഷേപം എന്ന നിലയിലും നിർണായകമായ ഒരു വ്യാവസായിക ഇൻപുട്ട് എന്ന നിലയിലും വെള്ളി ഇരട്ട പങ്ക് വഹിക്കുന്നു. തൽഫലമായി, ആഗോള വിലയിലെ ആഘാതങ്ങൾ ഒന്നിലധികം മേഖലകളിലെ ഉപഭോഗ സ്വഭാവം, സമ്പാദ്യ വിഹിതം, നിക്ഷേപ തീരുമാനങ്ങൾ, ഉൽപാദന ചെലവുകൾ എന്നിവയെ സ്വാധീനിക്കുന്നു.  

സ്വർണത്തിന്റെയും വെള്ളിയുടെയും സ്വാധീനം

വീടുകൾ: ഉയർന്ന വിലകൾ, പലപ്പോഴും വാങ്ങലുകളുടെ അളവ് കുറയ്ക്കുമെങ്കിലും, പരമ്പരാഗതമായ ആഭരണങ്ങൾക്ക് പകരമായി സ്വർണ്ണ ഇടിഎഫുകൾ, ഡിജിറ്റൽ സ്വർണം, നാണയങ്ങൾ എന്നിവയിലേക്ക് കൂടുതലായി മാറുന്ന നിലവിലുള്ള ഉടമകളുടെ സമ്പത്തും അവ വർദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, ഉയർന്ന വില, സ്വത്ത് വർധനവിലുള്ള അസമത്വം വർദ്ധിപ്പിക്കുകയും പുതിയ നിക്ഷേപകരുടെ പങ്കാളിത്തം കുറയ്ക്കുകയും ചെയ്യുന്നു.

ചില്ലറ വ്യാപാരികൾ: സംഘടിതരായിട്ടുള്ള ചില്ലറ വ്യാപാരികൾക്ക് ശക്തമായ ബ്രാൻഡിംഗ്, ഹെഡ്ജിംഗ് സംവിധാനങ്ങൾ, സാമ്പത്തിക പ്രവേശനം എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കുന്നു, അതേസമയം ചെറുകിട ചില്ലറ വ്യാപാരികൾ കൂടുതൽ വിഷമതകൾ നേരിടുന്നു. ഉയർന്ന വിലകളുടെ പശ്ചാത്തലത്തിൽ നാമമാത്രമായ വരുമാനം വർധിച്ചാലും, വിൽപ്പന അളവിലെ വളർച്ച മന്ദഗതിയിലാകാൻ സാധ്യതയുണ്ട്.

വ്യാവസായിക മേഖലകൾ: ഉയർന്ന ഇൻപുട്ട് ചെലവുകൾ മത്സരക്ഷമത കുറയ്ക്കുകയും, അന്തിമ ഉൽപ്പന്നങ്ങളുടെ വില ഉയർത്തുകയോ ഉത്പാദന ശേഷി വർധിപ്പിക്കുന്നത് മന്ദഗതിയിലാക്കുകയോ ചെയ്യാം. ഇതിലൂടെ ഇന്ത്യയുടെ ശുദ്ധ ഊർജ പരിവർത്തനത്തിൽ ഒരു നയപരമായ സമ്മർദ്ദം ഉണ്ടാകുന്നു. പുതുക്കിയ ഊർജ പദ്ധതികൾക്ക്, വെള്ളി കൂടുതലായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ ആവശ്യമായിരിക്കുമ്പോൾ, വെള്ളിയുടെ വില കൂടുന്നത് പദ്ധതികളുടെ ചെലവും ധനസഹായ ആവശ്യകതയും വർധിപ്പിക്കുന്നു.

സാമ്പത്തിക മേഖലയും നിക്ഷേപകരും: സ്വർണം പണയംവെച്ചുള്ള വായ്പകളിൽ, ഉയർന്ന സ്വർണവില, ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും കൂടുതൽ ഗുണം നൽകുന്നു, കാരണം പണയത്തിന്റെ മൂല്യം ഉയരുന്നു. എന്നാൽ കുടുംബങ്ങളുടെ സേവിങ്‌സിന്റെ വലിയൊരു പങ്ക് സ്വർണത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത്, ഉത്പാദക നിക്ഷേപങ്ങളിലേക്കുള്ള ധനപ്രവാഹം കുറയ്ക്കാൻ ഇടയാക്കും.

ബാഹ്യമേഖലയും സാമ്പത്തിക സ്ഥിരതയും: സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി കൂടുന്നത് വ്യാപാരക്കുറവ് വർധിപ്പിക്കുകയും വിദേശ നാണയ ശേഖരങ്ങളിൽ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇറക്കുമതിയിൽ തുടർച്ചയായി ആശ്രയിക്കുന്നത്, ആഗോള വിലമാറ്റങ്ങൾക്കും, നാണയ മൂല്യത്തിലെ അസ്ഥിരതയ്ക്കും കാരണമാകുന്നു. ആകെ സമ്പദ്‌വ്യവസ്ഥയുടെ തലത്തിൽ, ഇങ്ങനെയുള്ള വിലക്കയറ്റം ഉപഭോക്തൃ വിലക്കയറ്റ പ്രതീക്ഷകളിലേക്കും ചെന്നെത്താൻ സാധ്യതയുണ്ട്. ഇത് ധനനയ തീരുമാനങ്ങളെയും സ്വാധീനിക്കാം.

സർക്കാരും നയ സ്ഥാപനങ്ങളും: സർക്കാരിനും പല കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഉപഭോക്താക്കളെ സംരക്ഷിക്കുക, രാജ്യത്തിന്റെ വിദേശ സാമ്പത്തിക സ്ഥിരത നിലനിർത്തുക, വ്യവസായങ്ങളുടെ മത്സരക്ഷമത പിന്തുണയ്ക്കുക, കസ്റ്റംസ് തീരുവകളിലൂടെ ലഭിക്കുന്ന വരുമാനം നിയന്ത്രിക്കുക. വിലകളിൽ പെട്ടെന്ന് ഉണ്ടാകുന്ന വലിയ മാറ്റങ്ങൾ നികുതി നയങ്ങളും വിപണി നിയന്ത്രണങ്ങളും കൂടുതൽ സങ്കീർണമാക്കുന്നു.  

നയപരമായ നടപടികളും അവസരങ്ങൾ പ്രയോജനപ്പെടുത്തലും

ഇത്തരം സാഹചര്യങ്ങളിൽ നിന്നുള്ള സാമ്പത്തികമായ അപകടസാധ്യത കുറയ്ക്കാൻ, കുടുംബങ്ങളുടെ സേവിങ്‌സ്, ഉത്പാദക നിക്ഷേപങ്ങളിലേക്കു ഒഴുക്കുന്ന രീതിയിൽ നയങ്ങൾ രൂപപ്പെടുത്തണം. അതിനായി സ്വർണ മൊണിറ്റൈസേഷൻ പദ്ധതികൾ, സോവറിന്‍ ഗോൾഡ് ബോണ്ടുകൾ, ഡിജിറ്റൽ വ്യാപാര പ്ലാറ്റ്‌ഫോമുകൾ എന്നിവ കൂടുതൽ പ്രോത്സാഹിപ്പിക്കണം. അതോടൊപ്പം, ഇറക്കുമതിയിലെ ആശ്രയം കുറയ്ക്കുന്നതിനായി സ്വർണവും വെള്ളിയും പുനരുപയോഗം ചെയ്യുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ആഗോള തലത്തിലുള്ള പ്രശ്നങ്ങളുടെ ആഘാതം കുറയ്ക്കാൻ ദീർഘകാല ഇറക്കുമതി കരാറുകളും വിവിധ ഉറവിടങ്ങളിൽ നിന്നുള്ള വാങ്ങലുകളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

സമ്മർദ്ദങ്ങളുടെയും വെല്ലുവിളികളുടെയും ഇടയിൽ, സ്വർണത്തിനും വെള്ളിക്കും വിലകൂടുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ചില അവസരങ്ങളും സൃഷ്ടിക്കുന്നുനണ്ട്. ഇവ കൈവശമുള്ള കുടുംബങ്ങൾക്ക് സമ്പത്തിന്റെ മൂല്യം ഉയരുന്നുവെന്ന ഒരു അനുകൂല ഫലം ഉണ്ടാകുന്നു. ഇതിലൂടെ, ആഭ്യന്തര ആവശ്യവും ഉപഭോഗവും വർധിക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം, സ്വർണ വായ്പാ വിപണി വളരുന്നതിലൂടെ ധനകാര്യ വിപണികളുടെ ആഴവും വ്യാപ്തിയും വർധിക്കുന്നു. വെള്ളിയിലേക്കുള്ള വ്യവസായ ആവശ്യകത ഉയരുന്നത്, ഇന്ത്യയിലെ ആഭ്യന്തര വെള്ളി ധാതുക്കൾ പ്രോസസ് ചെയ്യുന്നതിനുള്ള അവസരവും നൽകുന്നു. ഇതിലൂടെ ദീർഘകാല സുസ്ഥിരത, തൊഴിൽ സൃഷ്ടി, വരുമാന വർധന എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്തിനുള്ളിൽ തന്നെ അധിക മൂല്യം സൃഷ്ടിക്കാനാകും.

- ഹൈദരാബാദിലെ ഐസിഎഫ്എഐ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്, ഐസിഎഫ്എഐ ഫൗണ്ടേഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ എന്നിവയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ റിസർച്ച് സ്കോളറാണ് ജൂഹി സിംഗ്.

- സുശാന്ത കുമാർ മഹാപത്ര, സാമ്പത്തിക ശാസ്ത്രം, ഐസിഎഫ്എഐ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്, ഹൈദരാബാദിലെ ഐസിഎഫ്എഐ ഫൗണ്ടേഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ എന്നിവിടങ്ങളിൽ അധ്യാപകനാണ്.

Down To Earth
malayalam.downtoearth.org.in