2025-26 ബജറ്റ് വാഗ്ദാനങ്ങളിൽ കൃഷിയും കാലാവസ്ഥയും; വളർച്ചയിൽ പക്ഷേ, ഫാക്ടറികൾ മുന്നിൽ

2025-26 ലെ കേന്ദ്ര ബജറ്റിൽ കാർഷിക-കാലാവസ്ഥാ വാഗ്ദാനങ്ങൾ തിളങ്ങിയപ്പോൾ, ഒരു വർഷത്തിനിപ്പുറം, പാടങ്ങളെ പിന്തള്ളി ഫാക്ടറികൾ അധിപത്യമുറപ്പിക്കുന്നു.
വലിയ വാഗ്ദാനങ്ങൾ, മന്ദഗതിയിലുള്ള പ്രവർത്തനം: 2025-26 ബജറ്റ് വിതരണം ഇന്ത്യയുടെ ഗ്രാമീണ, കാർഷിക, കാലാവസ്ഥ, ഊർജ മുൻഗണനകളെക്കുറിച്ച് വെളിപ്പെടുത്തുന്നത്
ഐസ്റ്റോക്ക്
Published on
Summary
  • കേന്ദ്ര ബജറ്റ് 2025-26 കാലാവസ്ഥാ പ്രതിരോധത്തിനും കാർഷിക മേഖലയ്ക്കും പ്രധാന മുൻഗണന നൽകിയിരുന്നു.

  • എങ്കിലും, ഒരു വർഷത്തിന് ശേഷവും, കാലാവസ്ഥാ മാറ്റങ്ങളുമായുള്ള പൊരുത്തപ്പെടലുകളെക്കാളും, ഗ്രാമീണ ഉപജീവനത്തേക്കാളും അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതിനാൽ, പദ്ധതികളുടെ നടപ്പാക്കൽ മന്ദഗതിയിലാണ്.

  • വാഗ്ദാനങ്ങളും യാഥാർഥ്യവും തമ്മിലുള്ള ഈ വിടവ്, ഭരണനിർവ്വഹണം, കേവല നടപടിക്രമങ്ങളിൽ നിന്ന് നടത്തിപ്പിലേക്ക് മാറേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നു.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2025-26 ബജറ്റിൽ, കാലാവസ്ഥാ പ്രതിരോധവും കാർഷിക മേഖലയും ഇന്ത്യയുടെ വികസന കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദുവായിരുന്നു. "സുസ്ഥിരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, കരുത്തുറ്റതുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്," എന്ന മന്ത്രിയുടെ വാക്കുകൾ, കാലാവസ്ഥാ ഭീഷണികൾ നേരിടുന്നതിൽ കൃഷിയിടങ്ങളും, ഗ്രാമീണ ഉപജീവനമാർഗങ്ങളും, ശുദ്ധ ഊർജ്ജവും, നിർണ്ണായകമാകുമെന്ന് സൂചിപ്പിച്ചു.

എന്നാൽ ഒരു വർഷത്തിന് ശേഷം, സർക്കാരിന്റെ തന്നെ 'ബജറ്റ് പ്രഖ്യാപനങ്ങളുടെ നടപ്പാക്കൽ അവലോകന റിപ്പോർട്ട്' പരിശോധിക്കുമ്പോൾ ചിത്രം മറ്റൊന്നാണ്. ബജറ്റ് പ്രസംഗത്തിലെ വാക്കുകളിൽ കാലാവസ്ഥയും, കൃഷിയും നിറഞ്ഞുനിന്നെങ്കിലും, പദ്ധതികളുടെ നടത്തിപ്പിൽ അവ കാര്യമായി പ്രതിഫലിച്ചിട്ടില്ല. കൃഷി, ഗ്രാമീണ തൊഴിൽ, ഊർജ്ജ മാറ്റം എന്നീ മേഖലകളിലൊക്കെയും പദ്ധതി നിർവഹണം മന്ദഗതിയിലും ചിതറിയ നിലയിലുമാണ്. മാത്രമല്ല, കാലാവസ്ഥയുമായുള്ള പൊരുത്തപ്പെടലിനോ, വരുമാന സുരക്ഷയ്ക്കോ, പാരിസ്ഥിതിക വീണ്ടെടുപ്പിനോ ഊന്നൽ നൽകുന്നതിന് പകരം, അടിസ്ഥാന സൗകര്യങ്ങൾക്കും, വ്യവസായങ്ങൾക്കുമാണ് മുൻഗണന നൽകിയിരിക്കുന്നത്.

ഇവിടെ തെളിയുന്നത് പരിചിതമായ ഒരു കാഴ്ചയാണ്: കാലാവസ്ഥാ മാറ്റത്തെ ഒരു ന്യായീകരണമായും, കാർഷിക മേഖലയെ കേവലമൊരു പ്രതീകമായും മാത്രം ഉപയോഗിക്കുന്നു. എന്നാൽ പ്രായോഗിക തലത്തിൽ ഫാക്ടറികൾക്കും, വായ്പകൾക്കും, ഭൗതിക ആസ്തികൾക്കുമാണ് മുൻതൂക്കം. ഫലത്തിൽ, ഏത് കാലാവസ്ഥാ ആഘാതങ്ങളെ നേരിടുമെന്നാണോ ബജറ്റ് വാഗ്ദാനം ചെയ്തത്, അതേ ദുരന്തങ്ങൾക്ക് കർഷകരെയും ഗ്രാമീണ ജനതയെയും വിട്ടുകൊടുക്കുന്ന അവസ്ഥയാണിന്നുള്ളത്.

കാർഷിക ജില്ലകൾ: പദ്ധതി വലുത്, ഫലം തുച്ഛം

ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളുടെ പ്രധാന അച്ചുതണ്ട് 'പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന' (PMDDKY) ആയിരുന്നു. പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സീതാരാമൻ പറഞ്ഞത്, "കുറഞ്ഞ ഉൽപ്പാദനക്ഷമതയും, ശരാശരി വിളസാന്ദ്രതയും, വായ്പാ ലഭ്യതയിൽ പിന്നോക്കം നിൽക്കുന്നതുമായ 100 ജില്ലകൾക്കായി ഒരു പരിവർത്തന പദ്ധതി" സർക്കാർ നടപ്പാക്കുമെന്നാണ്. 1.7 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ലക്ഷ്യമിട്ടിരുന്നു.

2025 ജൂലൈയിൽ മന്ത്രിസഭ ഈ പദ്ധതിക്ക് അംഗീകാരം നൽകുകയും ഒക്ടോബറിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് ജില്ലാതല ആക്ഷൻ പ്ലാനുകൾ സമർപ്പിക്കപ്പെട്ടു. എന്നാൽ ഇവയിൽ ഭൂരിഭാഗവും ഇപ്പോഴും പരിശോധന ഘട്ടത്തിലാണ്; പല ജില്ലകളിലും പദ്ധതിയുടെ നടത്തിപ്പ് ഇനിയും കാര്യമായി തുടങ്ങിയിട്ടില്ല.

കാർഷിക മേഖലയുടെ വികേന്ദ്രീകൃതമായ ഉയിർത്തെഴുന്നേൽപ്പ് എന്ന വാഗ്ദാനത്തിന് തിരിച്ചടിയാകുന്നത് ജില്ലാ തലത്തിൽ സാമ്പത്തിക സ്വയംഭരണാധികാരം ഇല്ലാത്തതാണ്. റിപ്പോർട്ടിൽ പലവട്ടം ആവർത്തിച്ചു പറയുന്ന 'പദ്ധതികളുടെ ഏകോപനം' പലപ്പോഴും ഉത്തരവാദിത്തം ആർക്കെന്ന് വ്യക്തമല്ലാത്ത അവസ്ഥയിലേക്കാണ് ചരിത്രപരമായി നയിച്ചിട്ടുള്ളത്. ഈ മെല്ലപ്പോക്ക് കണക്കുകളിൽ വ്യക്തമാണ്: പാക്‌സ് (PACS) സ്റ്റോറേജ് പൈലറ്റ് പദ്ധതി പ്രകാരം രാജ്യത്തുടനീളം വെറും 11 ഗോഡൗണുകൾ മാത്രമാണ് നിർമ്മിക്കപ്പെട്ടത്; സംഭരണശേഷിയിൽ ഉണ്ടായ വർദ്ധനവ് വെറും 9,750 ടൺ മാത്രം.

ചുരുക്കത്തിൽ, ഉൽപ്പാദനക്ഷമത കുറഞ്ഞ ജില്ലകളിലെ, കാലാവസ്ഥാ വ്യതിയാനങ്ങളുടെ കെടുതി അനുഭവിക്കുന്ന കർഷകരെ സംബന്ധിച്ചിടത്തോളം, കടലാസിലെ കണക്കുകൾ അവർക്കിനിയും ഒരു സുരക്ഷാകവചമായി മാറിയിട്ടില്ല.

ഗ്രാമീണ ക്ഷേമം: ആസൂത്രണത്തിന് മുൻതൂക്കം, ജനങ്ങൾക്ക് അവഗണന

"കുടിയേറ്റം എന്നത് ഒരു നിർബന്ധിതാവസ്ഥയല്ല, മറിച്ച് ഒരു തിരഞ്ഞെടുപ്പ് മാത്രമായി മാറുമെന്ന്" ഉറപ്പാക്കാനാണ്, 'ഗ്രാമീണ സമൃദ്ധി-പ്രതിരോധ പദ്ധതി' (RPRP) ലക്ഷ്യമിടുന്നതെന്ന് നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. കാർഷിക മേഖലയിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി, നൈപുണ്യ വികസനം, സാങ്കേതികവിദ്യ, നിക്ഷേപം എന്നിവയിലൂടെയുള്ള ഒരു ബഹുതല ഇടപെടലായാണ് ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടത്.

എന്നാൽ, പദ്ധതിയുടെ നടപ്പാക്കൽ റിപ്പോർട്ട് സൂചിപ്പിക്കുന്നത്, 2027 വരെ ഈ പദ്ധതി പ്രധാനമായും ഒന്നാം ഘട്ടത്തിൽ (ആസൂത്രണവും തയ്യാറെടുപ്പും) തന്നെ കുടുങ്ങിക്കിടക്കുമെന്നാണ്. ആശയരേഖകൾക്ക് അംഗീകാരം നൽകി, സംസ്ഥാനങ്ങളുമായും, രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുമായും ചർച്ചകൾ നടത്തി, ധാരണാപത്രങ്ങൾ ഒപ്പുവച്ചു എന്നത് വാസ്തവം തന്നെ. എന്നാൽ, യഥാർത്ഥ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് ഇപ്പോഴും വിദൂരമായി തുടരുന്നു.

നിലവിൽ നടക്കുന്ന ഇടപെടലുകൾ പ്രധാനമായും നൈപുണ്യ വികസനത്തിലും സംരംഭകത്വത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; വിപണിയും, മൂലധനവും താനേ വന്നുകൊള്ളും എന്ന ധാരണയിലാണിത്. കാലാവസ്ഥാ അസ്ഥിരതയ്ക്കിടയിലും, ഗ്രാമീണ വരുമാനത്തിന് താങ്ങായി മാറാൻ കഴിയുന്ന വികേന്ദ്രീകൃത ഉൽപ്പാദനത്തിനോ, പൊതുതൊഴിൽ അവസരങ്ങൾക്കോ, കാർഷികാനുബന്ധ ഉപജീവനമാർഗങ്ങൾക്കോ വേണ്ടത്ര ഊന്നൽ നൽകുന്നില്ല എന്നതാണ് ഇതിലെ പ്രധാന പോരായ്മ.

ഭക്ഷ്യസുരക്ഷ: മാറ്റമില്ലാതെ തുടരുന്ന സംഭരണ രീതി

ഭക്ഷ്യസംവിധാനങ്ങളുടെ കാര്യത്തിൽ, സർക്കാർ ഏറ്റവും വേഗത്തിൽ നടപടികൾ സ്വീകരിച്ചത് വിള സംഭരണത്തിലാണ്. 'പരിപ്പ് വർഗ്ഗങ്ങളിലെ സ്വയംപര്യാപ്തതാ മിഷൻ' പ്രഖ്യാപിച്ചുകൊണ്ട് സീതാരാമൻ പറഞ്ഞു: "തുവര, ഉഴുന്ന്, മസൂർ എന്നിവ കർഷകർ നൽകുന്ന അത്രയും അളവ് സംഭരിക്കാൻ കേന്ദ്ര ഏജൻസികൾ സജ്ജമാകും."

11,440 കോടി രൂപയുടെ ഈ പദ്ധതി ഇപ്പോൾ പ്രവർത്തനസജ്ജമാണ്: വിത്തുകൾ വിതരണം ചെയ്തു, ഇനങ്ങൾ വിജ്ഞാപനം ചെയ്തു, സംഭരണത്തിന് ഉറപ്പും നൽകി. എന്നാൽ ഈ രീതി നെല്ല്-ഗോതമ്പ് മാതൃകയെ അനുകരിക്കുകയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു - അതായത്, പാരിസ്ഥിതികമായ മുൻകരുതലുകൾ ഇല്ലാതെ താങ്ങുവില നൽകുന്ന രീതി. ജല ബജറ്റിംഗോ, പ്രാദേശികാടിസ്ഥാനത്തിലുള്ള കൃഷി തന്ത്രങ്ങളോ, ഈ മൂന്ന് വിളകൾക്കപ്പുറമുള്ള വൈവിധ്യവൽക്കരണത്തിനുള്ള പ്രോത്സാഹനങ്ങളോ, ഈ പദ്ധതിയിൽ കാര്യമായി കാണാനില്ല.

അതുപോലെ, "കർഷകർക്ക് ലാഭകരമായ വില" ഉറപ്പാക്കുന്നതിനായി പ്രഖ്യാപിച്ച 'പച്ചക്കറികൾക്കും പഴങ്ങൾക്കുമായുള്ള സമഗ്ര പദ്ധതി' ഇതുവരെ നടപ്പിലായിട്ടില്ല. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ, നിലവിലുള്ള ഹോർട്ടികൾച്ചർ പദ്ധതികൾക്ക് കീഴിൽ ഇതിനെ ലയിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്; ഇത് പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യത്തെ ദുർബലപ്പെടുത്തും.

ചെറുധാന്യങ്ങളുടെ കാര്യത്തിൽ, സംഭരണത്തിലും സംസ്കരണ ആനുകൂല്യങ്ങളിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇവ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യമായ 'പോഷകാഹാര ലഭ്യതയിൽ', എന്ത് മാറ്റമുണ്ടായി എന്നത് കൃത്യമായി നിരീക്ഷിക്കപ്പെടുന്നില്ല.

വായ്പയെന്ന സ്ഥിരം പല്ലവി

ബജറ്റിലെ ഒരു സ്വാഭാവിക രീതി പോലെയാണ് വായ്പാ വിപുലീകരണം. 'കിസാൻ ക്രെഡിറ്റ് കാർഡുകൾ' വഴി 7.7 കോടി കർഷകർക്ക് സേവനം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സീതാരാമൻ, വായ്പാ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഒരു വർഷത്തിന് ശേഷവും, ഈ വർദ്ധനവ് ഇപ്പോഴും പരിശോധനയിൽ മാത്രമാണ്. ഇതിനിടയിൽ, ചെറുകിട സംരംഭങ്ങൾക്കായുള്ള പ്രത്യേക ക്രെഡിറ്റ് കാർഡുകൾ, വിപുലീകരിച്ച എംഎസ്എംഇ (MSME) ഗ്യാരന്റികൾ, സ്റ്റാർട്ടപ്പ് ഫണ്ടുകൾ എന്നിവയെല്ലാം ഇപ്പോഴും കരട് ഘട്ടത്തിലോ ചർച്ചാഘട്ടത്തിലോ ആണ്.

കടബാധ്യതയും കാലാവസ്ഥാ ഭീഷണിയും നേരിടുന്ന ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം, വരുമാന സുരക്ഷ ഉറപ്പാക്കാതെയുള്ള വായ്പകൾ അവരുടെ ദുരിതം വർധിപ്പിക്കാനേ വഴിയൊരുക്കൂ. എങ്കിലും, പൊതുനിക്ഷേപത്തിനും വില സ്ഥിരതയ്ക്കും ഇപ്പോഴും രണ്ടാം സ്ഥാനം മാത്രമാണുള്ളത്.

ഊർജ്ജ പരിവർത്തനം: നീതിയെ മറികടന്ന് ഫാക്ടറികൾ

ലക്ഷ്യവും, അത് അവതരിപ്പിക്കുന്ന രീതിയും തമ്മിലുള്ള വൈരുദ്ധ്യം, ഊർജ്ജ മാറ്റത്തിന്റെ കാര്യത്തിലാണ് ഏറ്റവും കൂടുതൽ തെളിഞ്ഞുനിൽക്കുന്നത്.

ബജറ്റ് പ്രസംഗത്തിൽ, "ഇന്ത്യയുടെ കാലാവസ്ഥാ സൗഹൃദ വികസനത്തിന്റെ പ്രധാന അടിത്തറ ക്ലീൻ ടെക് നിർമ്മാണമായിരിക്കും" എന്ന് നിർമ്മല സീതാരാമൻ അടിവരയിട്ട് പറഞ്ഞിരുന്നു. സോളാർ പിവി സെല്ലുകൾ, ഇവി ബാറ്ററികൾ, ഇലക്ട്രോലൈസറുകൾ, കാറ്റാടി യന്ത്രങ്ങൾ, ഗ്രിഡ്-സ്കെയിൽ സ്റ്റോറേജ് എന്നിവയെല്ലാം ഇതിനായി അവർ എടുത്തുപറയുകയും ചെയ്തു.

നടപ്പാക്കലിന്റെ കാര്യം പരിശോധിച്ചാൽ, മറ്റേതൊരു മേഖലയേക്കാളും വേഗത്തിൽ മുന്നേറിയത്, ഊർജ്ജ ഉൽപ്പാദന ഉപകരണങ്ങളുടെ നിർമ്മാണമാണ്. പിഎൽഐ (PLI) പദ്ധതികൾക്ക് കീഴിൽ ഏകദേശം 45 ജിഗാവാട്ട് സോളാർ സെൽ നിർമ്മാണ ശേഷി ഇതിനകം അനുവദിച്ചു കഴിഞ്ഞു. കാറ്റാടി ഉപകരണങ്ങളുടെ തദ്ദേശീയവൽക്കരണം 70 ശതമാനം പിന്നിട്ടു. ബാറ്ററി സ്റ്റോറേജ്, ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ എന്നിവ കൃത്യമായ സമയക്രമത്തോടെ മുന്നേറുന്നു.

എന്നാൽ, ഫാക്ടറികൾ, കയറ്റുമതി, വ്യവസായ മത്സരക്ഷമത എന്നിവയിലൂടെ മാത്രം വിഭാവനം ചെയ്ത ഒരു ഊർജ്ജ മാറ്റമാണിത്. ഇതിൽ വിട്ടുപോയ കാര്യങ്ങളും ഇതേപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ്:

  • കൽക്കരിയെ ആശ്രയിക്കുന്ന പ്രദേശങ്ങൾക്ക് നീതിയുക്തമായ മാറ്റത്തിന് ചട്ടക്കൂടില്ല.

  • പുനരുപയോഗ ഊർജ്ജത്തിനായി ഭൂമി, ജലം, ധാതുക്കൾ എന്നിവ ഉപയോഗിക്കുമ്പോൾ സുരക്ഷാ മുൻകരുതലുകളില്ല.

  • ക്ലീൻ എനർജി നിർമ്മാണത്തെ ഗ്രാമീണ ഉപജീവനവുമായി ബന്ധിപ്പിക്കുന്ന രൂപരേഖ ഇല്ല.

ഒരു ആഗോള കയറ്റുമതി അവസരമായി അവതരിപ്പിക്കപ്പെട്ട 'ഗ്രീൻ ഹൈഡ്രജൻ മിഷൻ' പോലും, ആഭ്യന്തര ഊർജ്ജ ലഭ്യതയേക്കാളും ജനങ്ങളുടെ നേട്ടത്തേക്കാളും വ്യവസായങ്ങൾക്കാണ് മുൻഗണന നൽകുന്നത്.

അതേസമയം, ഫോസിൽ ഇന്ധന അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചുകൊണ്ടേയിരിക്കുന്നു. അസമിൽ, അതിവേഗം അനുമതി നൽകിയ 10,600 കോടി രൂപയുടെ യൂറിയ പ്ലാന്റ്, രാസവളങ്ങളിൽ ഊന്നിയുള്ള കാർഷിക രീതിയിൽ നമ്മെ വീണ്ടും തളച്ചിടുന്നു; ഇത് ഖജനാവിനും ആവാസവ്യവസ്ഥയ്ക്കും ഒരുപോലെ ഭാരമാണ്. ചുരുക്കത്തിൽ, നിലവിലെ രീതിയിൽ ഇന്ത്യയുടെ ഊർജ്ജ മാറ്റം, ഫോസിൽ ഇന്ധനങ്ങൾക്ക് പകരം വയ്ക്കുന്നതിന് പകരം അവയോടൊപ്പം കൂട്ടിച്ചേർക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്.

മുൻഗണന വീണ്ടും അടിസ്ഥാന സൗകര്യങ്ങൾക്ക്

ഇന്ത്യ പോസ്റ്റിന്റെ ലോജിസ്റ്റിക്സ് നവീകരണം, നിർമ്മാണ പദ്ധതികൾ, വളം നിർമ്മാണ ശാലകൾ തുടങ്ങിയ വലിയ ഭൗതിക ആസ്തികളുടെ കാര്യത്തിലുള്ള പുരോഗതി; പോഷകാഹാരം, തൊഴിൽ, കാലാവസ്ഥാ പൊരുത്തപ്പെടൽ എന്നിവയേക്കാൾ വേഗത്തിൽ മുന്നേറി. പദ്ധതികളുടെ ഫലം വിലയിരുത്തുന്നതിനേക്കാൾ, ഭരണകൂടത്തിന് എപ്പോഴും താല്പര്യം പുതിയ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലാണ്.

നടപ്പാക്കൽ റിപ്പോർട്ടിലുടനീളം, 'വിജയം' നിർവചിക്കപ്പെട്ടിരിക്കുന്നത് ഒപ്പുവെച്ച ധാരണാപത്രങ്ങളുടെയും (MoUs), രൂപീകരിച്ച കമ്മറ്റികളുടെയും, കൈമാറിയ ഫയലുകളുടെയും അടിസ്ഥാനത്തിലാണ്. മറിച്ച്, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, ജല സംരക്ഷണം, മണ്ണിന്റെ ആരോഗ്യം, വരുമാന സ്ഥിരത, പോഷകാഹാരം എന്നിവയിലുണ്ടായ പുരോഗതി അളക്കാനുള്ള സൂചകങ്ങളൊന്നും ഇതിൽ കാണാനില്ല.

ഉത്തരവാദിത്തത്തിലെ വിടവ്

ബജറ്റുകൾ കേവലം ലക്ഷ്യപ്രഖ്യാപനങ്ങളാണ്; എന്നാൽ അവ എത്രത്തോളം നടപ്പിലായി എന്ന് അളക്കുന്നത്, നടപ്പാക്കൽ റിപ്പോർട്ടുകളിലൂടെയാണ്. വാക്‌സാമർത്ഥ്യവും, യഥാർത്ഥ ഫലങ്ങളും തമ്മിലുള്ള വിടവ് വർദ്ധിച്ചുവരുന്നുവെന്നതാണ് ഈ റിപ്പോർട്ട് തുറന്നുകാട്ടുന്നത്.

2025-26 ബജറ്റ് "വികസിത ഭാരതത്തിന് അടിത്തറയിടുമെന്ന്" നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ രൂക്ഷമാകുന്ന കാലാവസ്ഥാ ആഘാതങ്ങൾ നേരിടുന്ന കർഷകരെയും, തൊഴിലാളികളെയും, സമൂഹത്തെയും താങ്ങിനിർത്താൻ ആ അടിത്തറയ്ക്ക് കഴിയുമോ എന്നത്, വെറും പ്രഖ്യാപനങ്ങളെ ആശ്രയിച്ചല്ല ഇരിക്കുന്നത്. മറിച്ച്, ഭരണം 'നടപടിക്രമങ്ങളിൽ' നിന്ന് 'ഫലപ്രാപ്തി' യിലേക്ക് മാറുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും അത്.

ഒരു വർഷത്തെ അനുഭവം തെളിയിക്കുന്നത് ഇതാണ്: മാറ്റങ്ങൾ വാഗ്ദാനം ചെയ്യുന്നതിലാണ് ഇന്ത്യയ്ക്ക് എന്നും മിടുക്ക്, അത് നടപ്പാക്കി കാണിക്കുന്നതിലല്ല.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in