ഇന്ത്യയിലെ പ്രഥമ പർവത പരിസ്ഥിതി സമ്മേളനത്തിന് വയനാട് വേദിയാകും

പശ്ചിമഘട്ടത്തിലെയും ഹിമാലയത്തിലെയും പാരിസ്ഥിതിക വെല്ലുവിളികൾ, ദുരന്തനിവാരണ തയ്യാറെടുപ്പുകൾ, സുസ്ഥിര ഉപജീവനമാർഗങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ശാസ്ത്രജ്ഞരും നയരൂപീകരണ വിദഗ്ധരും തദ്ദേശീയ ജനവിഭാഗങ്ങളും ഡിസംബറിൽ കേരളത്തിൽ ഒത്തുചേരും.
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിന് ഒരു മാസത്തിന് ശേഷം
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിന് ഒരു മാസത്തിന് ശേഷംകെ എ ഷാജി
Published on: 
Summary
  • ഡിസംബർ 10 മുതൽ 12 വരെ ഇന്ത്യയിലെ ആദ്യത്തെ പർവത പരിസ്ഥിതി സമ്മേളനത്തിന് (മൗണ്ടൻ ഇക്കോളജി കോൺഗ്രസ്) വയനാട് വേദിയാകും.

  • ഇന്ത്യയിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നുമായി അഞ്ഞൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • പർവത മേഖലകളിലെ കാലാവസ്ഥാ വെല്ലുവിളികൾ, പാരിസ്ഥിതിക ശോഷണം, വികസന സമ്മർദ്ദങ്ങൾ എന്നിവ ചർച്ചയാകും.

  • തദ്ദേശീയ അറിവുകൾ, പ്രാദേശിക ജനവിഭാഗങ്ങളുടെ അവകാശങ്ങൾ, സുസ്ഥിര ഉപജീവനമാർഗങ്ങൾ എന്നിവയായിരിക്കും ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.

  • ദുരന്തനിവാരണ തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തുന്നതിനും പർവത മേഖലയിലെ വികസന നയങ്ങൾ രൂപീകരിക്കുന്നതിനുമുള്ള മാർഗങ്ങൾ സമ്മേളനം പരിശോധിക്കും.

ഇന്ത്യയിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നുമായി അഞ്ഞൂറോളം ഗവേഷകരും നയരൂപീകരണ വിദഗ്ധരും തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രതിനിധികളും 2026 ഡിസംബർ 10 മുതൽ 12 വരെ കേരളത്തിലെ വയനാട് ജില്ലയിൽ ഒത്തുചേരും. ഇന്ത്യയിലെ ആദ്യത്തെ പർവത പരിസ്ഥിതി സമ്മേളനമായാണ് (മൗണ്ടൻ ഇക്കോളജി കോൺഗ്രസ്) സംഘാടകർ ഇതിനെ വിശേഷിപ്പിക്കുന്നത്.

'പ്രോസസ്വൽ മൗണ്ടൻസ് 2026' (Processual Mountains 2026) എന്ന് പേരിട്ടിരിക്കുന്ന ഈ ത്രിദിന സമ്മേളനം, പശ്ചിമഘട്ടത്തിലെ ആവർത്തിച്ചുള്ള ഉരുൾപൊട്ടലുകൾ മുതൽ ഹിമാലയത്തിലെ ഹിമാനികൾ ഉരുകുന്നതും അതിതീവ്ര കാലാവസ്ഥാ വ്യതിയാനങ്ങളും വരെയുള്ള വിഷയങ്ങൾ പരിശോധിക്കും. പർവത ആവാസവ്യവസ്ഥകൾ നേരിടുന്ന വർദ്ധിച്ചുവരുന്ന കാലാവസ്ഥാ-വികസന സമ്മർദ്ദങ്ങളാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്.

വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU), അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്സ് എന്നിവർ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കൽപ്പറ്റയ്ക്ക് സമീപമുള്ള വെറ്ററിനറി സർവകലാശാലയുടെ പൂക്കോട് ക്യാമ്പസിലാണ് പരിപാടി നടക്കുക. 'പർവത മേഖലകളിലെ ജീവിതത്തെയും ഉപജീവനമാർഗങ്ങളെയും പുനർനിർവചിക്കുക' (Reimagining life and livelihoods in the mountainscapes) എന്ന പ്രമേയത്തിൽ നടക്കുന്ന സംഗമം, ഇന്ത്യയിലെ പർവത പ്രദേശങ്ങൾ നേരിടുന്ന പാരിസ്ഥിതികവും സാമൂഹികവുമായ വെല്ലുവിളികൾ വിലയിരുത്തും.

"ഒരു പർവത ജില്ലയായതുകൊണ്ട് മാത്രമല്ല വയനാട് ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇവിടെ സംഭവിക്കുന്ന പാരിസ്ഥിതിക മാറ്റങ്ങൾ രാജ്യത്തുടനീളമുള്ള പർവത മേഖലകൾ നേരിടുന്ന ഒട്ടുമിക്ക വെല്ലുവിളികളുടെയും പ്രതിഫലനമായതുകൊണ്ടാണ്," ഹ്യൂം സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ സി.കെ. വിഷ്ണുദാസ് 'ഡൗൺ ടു എർത്തി'നോട് (Down To Earth) പറഞ്ഞു.

"പാരിസ്ഥിതിക മുന്നറിയിപ്പുകൾ മനുഷ്യദുരന്തങ്ങളായി മാറുന്നതിന് മുമ്പ് ശാസ്ത്രീയമായ അറിവുകളെയും പ്രാദേശിക ജനവിഭാഗങ്ങളുടെ അറിവുകളെയും പൊതുനയങ്ങളെയും ഒന്നിപ്പിക്കേണ്ടതുണ്ട്."

പൊതുവായ പാരിസ്ഥിതിക വെല്ലുവിളികൾ

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ട മേഖല വിനാശകരമായ നിരവധി പ്രളയങ്ങൾക്കും ഉരുൾപൊട്ടലുകൾക്കുമാണ് സാക്ഷ്യം വഹിച്ചത്. 2018-ൽ കർണാടകയിലെ കുടക് ജില്ലയിലുണ്ടായ ദുരന്തം, 2019-ൽ കേരളത്തിലെ പുത്തുമലയിലും കവളപ്പാറയിലും തമിഴ്‌നാട്ടിലെ നീലഗിരിയിലും ഉണ്ടായ ഉരുൾപൊട്ടലുകൾ, 2020-ലെ ഇടുക്കി പെട്ടിമുടി ദുരന്തം, 2024 ജൂലൈയിൽ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ദുരന്തം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വയനാട്, കുടക്, നീലഗിരി എന്നിവിടങ്ങളിലെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വനങ്ങൾ, നീർത്തടങ്ങൾ, വന്യജീവി ഇടനാഴികൾ എന്നിവ ഭരണപരമായ അതിർത്തികൾക്കപ്പുറം പാരിസ്ഥിതിക അപകടസാധ്യതകൾ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് വിഷ്ണുദാസ് പറഞ്ഞു.

ഉപദ്വീപീയ ഇന്ത്യയിലെ മഴയെയും നദീവ്യവസ്ഥകളെയും നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ആഗോള ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടായ പശ്ചിമഘട്ടം, അടിസ്ഥാന സൗകര്യ വികസനം, ക്വാറികളുടെ പ്രവർത്തനം, തോട്ടവിള മേഖലയിലെ മാറ്റങ്ങൾ, വനശോഷണം, ആസൂത്രണമില്ലാത്ത വിനോദസഞ്ചാരം എന്നിവയിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന സമ്മർദ്ദങ്ങൾ നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പർവത മേഖലകളിലെ ദുരന്തങ്ങളുടെ സങ്കീർണ്ണത വ്യക്തമാക്കുന്നതാണ് 2024-ലെ വയനാട് ദുരന്തം. 48 മണിക്കൂറിനുള്ളിൽ 572 മില്ലിമീറ്റർ മഴ പെയ്തതായി ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പഠനം രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളം നിറഞ്ഞ് കുതിർന്ന കുന്നിൻചെരിവുകളും, കാലപ്പഴക്കത്താൽ ദ്രവിച്ച പാറകളും, ഭൂഗർഭ വിള്ളലുകളുമാണ് വിനാശകരമായ ഉരുൾപൊട്ടലിന് കാരണമായത്.

ഹിമാനികൾ ഉരുകുന്നതും അതിതീവ്ര മഴയും അടിസ്ഥാന സൗകര്യ വികസനവും ദുരന്തസാധ്യതകൾ വർദ്ധിപ്പിക്കുന്ന ഹിമാലയൻ മേഖലയിലേക്കും സമാനമായ ആശങ്കകൾ നീളുന്നുണ്ട്. 2023-ൽ സിക്കിമിലുണ്ടായ സൗത്ത് ലോനാക് ഹിമാനീ തടാക വിസ്ഫോടന പ്രളയവും (GLOF) ഹിമാചൽ പ്രദേശിലെ ആവർത്തിച്ചുള്ള പ്രളയങ്ങളും പർവത മേഖലയിലെ ജനവിഭാഗങ്ങളുടെ ദുർബലാവസ്ഥ തുറന്നുകാട്ടി.

"ഓരോ പദ്ധതിക്കും മാത്രമായി നടത്തുന്ന പരിസ്ഥിതി ആഘാത പഠനങ്ങൾക്ക് പകരം, പർവത ഭൂപ്രകൃതിയെ പൂർണ്ണമായി കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രമായ വിലയിരുത്തലുകൾ നടത്തുക എന്നതാണ് ഈ മേഖലകൾ നേരിടുന്ന പ്രധാന വെല്ലുവിളി," വിഷ്ണുദാസ് പറഞ്ഞു.

പശ്ചിമഘട്ടത്തിന്റെ ചില ഭാഗങ്ങൾ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നീണ്ടുനിൽക്കുന്ന തർക്കങ്ങൾ, പരിസ്ഥിതി സംരക്ഷണം, ജനങ്ങളുടെ ഉപജീവനമാർഗം, അടിസ്ഥാന സൗകര്യ വികസനം എന്നിവ തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലെ പ്രയാസങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനവിഭാഗങ്ങൾക്ക് മുൻഗണന

പാരിസ്ഥിതിക മാറ്റങ്ങൾ തദ്ദേശീയ ജനവിഭാഗങ്ങളെയും തോട്ടം തൊഴിലാളികളെയും ചെറുകിട കർഷകരെയും എങ്ങനെ ബാധിക്കുന്നുവെന്നും സമ്മേളനം പരിശോധിക്കും.

ഈ ഭൂപ്രദേശങ്ങളിൽ അധിവസിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങൾ, ഉപജീവനമാർഗങ്ങൾ, പരമ്പരാഗത അറിവുകൾ എന്നിവയെ പർവത സംരക്ഷണ പ്രവർത്തനങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്ന് ഹ്യൂം സെന്റർ പ്രോഗ്രാം ഡയറക്ടറും സാമൂഹിക നരവംശശാസ്ത്രജ്ഞയുമായ ടി.ആർ. സുമ പറഞ്ഞു.

"പർവത പരിസ്ഥിതി എന്നത് വനങ്ങളെയും വന്യജീവികളെയും മഴയെയും കുറിച്ചുള്ളത് മാത്രമല്ല. ഈ ഭൂപ്രകൃതിയിൽ ജീവിക്കുന്ന മനുഷ്യരെയും അവരുടെ ചരിത്രം, ഉപജീവനമാർഗങ്ങൾ, അറിവ് സമ്പ്രദായങ്ങൾ, അവകാശങ്ങൾ എന്നിവയെയും കുറിച്ചുള്ളതാണ്," അവർ പറഞ്ഞു. "ഈ ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ പർവതങ്ങളെ സംരക്ഷിക്കാനുള്ള ഏതൊരു ശ്രമവും അപൂർണ്ണമായിരിക്കും."

പാരിസ്ഥിതിക ഗവേഷണങ്ങൾ വികസന തീരുമാനങ്ങളെ കൂടുതൽ നേരിട്ട് സ്വാധീനിക്കേണ്ടതുണ്ടെന്ന് അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്സിലെ പ്രിയ പിള്ള പറഞ്ഞു. "അടിസ്ഥാന സൗകര്യ വികസനം, വിനോദസഞ്ചാരം, കൃഷി, ഉപജീവനമാർഗങ്ങൾ എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ പാരിസ്ഥിതിക പരിധികളെയും അവിടെ ജീവിക്കുന്ന ജനവിഭാഗങ്ങളുടെ അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ശാസ്ത്രീയ അറിവുകൾ, നയരൂപീകരണം, പ്രായോഗിക പ്രവർത്തനങ്ങൾ എന്നിവ തമ്മിലുള്ള വിടവ് നികത്താൻ ഈ സമ്മേളനം സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അവർ പറഞ്ഞു.

മുന്നറിയിപ്പുകൾക്കും നടപടികൾക്കും ഇടയിലെ വിടവ് നികത്താൻ

ഹ്യൂം സെന്ററിന്റെ ജനകീയ കാലാവസ്ഥാ നിരീക്ഷണ ശൃംഖല വയനാട്ടിലെ ഇരുനൂറിലധികം കേന്ദ്രങ്ങളിൽ നിന്നുള്ള മഴയുടെയും താപനിലയുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

2024 ജൂലൈയിലുണ്ടായ ദുരന്തത്തിന് 16 മണിക്കൂർ മുമ്പെങ്കിലും മുണ്ടക്കൈയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായി സെന്റർ വ്യക്തമാക്കുന്നു. 2020-ൽ നൽകിയ സമാനമായൊരു മുന്നറിയിപ്പ് അപകടസാധ്യതയുള്ള ഒരു ജനവാസ മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ സഹായിച്ചിരുന്നതായും അവർ പറഞ്ഞു.

പ്രാദേശിക കാലാവസ്ഥാ നിരീക്ഷണങ്ങളെയും ശാസ്ത്രീയ മുന്നറിയിപ്പുകളെയും എങ്ങനെ കൃത്യസമയത്തുള്ള ദുരന്തനിവാരണ തയ്യാറെടുപ്പുകളായും ഭരണകൂട നടപടികളായും മാറ്റിയെടുക്കാം എന്ന ചോദ്യമാണ് ഹ്യൂം സെന്ററിന്റെ അനുഭവങ്ങൾ ഉയർത്തുന്നത്.

ഭൗമശാസ്ത്രജ്ഞയും ഭൂകമ്പ വിദഗ്ധയുമായ കുശല രാജേന്ദ്രൻ, അന്തരീക്ഷ ശാസ്ത്രജ്ഞൻ എസ്. അഭിലാഷ്, ഉരുൾപൊട്ടൽ ഗവേഷകൻ അലി പി. യൂനസ്, ജൈവവൈവിധ്യ സംരക്ഷക സുപ്രഭ ശേഷൻ, അരുണാചൽ പ്രദേശ് മുൻ ചീഫ് സെക്രട്ടറി രമേശ് നേഗി തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.

പർവത ജൈവവൈവിധ്യം, തദ്ദേശീയ സംസ്കാരങ്ങളും അവകാശങ്ങളും, ഉപജീവനമാർഗങ്ങൾ, വികസനം, കാലാവസ്ഥാ അതിജീവനം, ദുരന്തനിവാരണം, ഭരണനിർവ്വഹണം എന്നീ വിഷയങ്ങളാണ് വിവിധ സെഷനുകളിൽ ചർച്ച ചെയ്യുകയെന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ 11-ലെ അന്താരാഷ്ട്ര പർവത ദിനത്തോടനുബന്ധിച്ചാണ് സമ്മേളനം നടക്കുന്നത്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)