മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് രണ്ടു വർഷങ്ങൾക്ക് ശേഷം; വയനാടും കേരളവും നിർണ്ണായക വഴിത്തിരിവിൽ

ചിലരെ സംബന്ധിച്ചിടത്തോളം, ഈ ദുരന്തം ഓരോ ജൂലായ് മാസത്തിലും ഓർമ്മ പുതുക്കി കണ്ണീരൊഴുക്കാനുള്ള ഒരു വാർഷികം മാത്രമാണ്; എന്നാൽ മറ്റുള്ളവർക്കാകട്ടെ, ഭാവിയിലെ ഓരോ തീരുമാനങ്ങളിലും ശാസ്ത്രവും ഭൂഗർഭശാസ്ത്രവും പാരിസ്ഥിതിക ജാഗ്രതയും കേന്ദ്രസ്ഥാനത്ത് വരണമെന്നതിന്റെ മുന്നറിയിപ്പാണ് ഇത്.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് രണ്ടു വർഷങ്ങൾക്ക് ശേഷം; വയനാടും കേരളവും നിർണ്ണായക വഴിത്തിരിവിൽ
വയനാട് ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ പുത്തുമലയിലെ പൊതുശ്മശാനത്തിൽ ആളുകൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു.ഫോട്ടോ: അജയ ഘോഷ് എസ്
Published on

2026 ജൂലൈ 30-ന് പുത്തുമലയിലെ പൊതുശ്മശാനത്തിൽ അനുഭവപ്പെട്ട നിശബ്ദത, വയനാടൻ ആകാശത്ത് പെയ്തുനിറഞ്ഞ മൺസൂൺ മേഘങ്ങളേക്കാൾ ഭാരമേറിയതായിരുന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞ നൂറുകണക്കിന് മനുഷ്യർ നിത്യനിദ്ര കൊള്ളുന്ന കല്ലറകൾക്കിടയിലൂടെ, കയ്യിൽ പൂക്കളുമായി ആ കുടുംബങ്ങൾ സാവധാനം നടന്നുനീങ്ങി. മറ്റുള്ളവർ, രണ്ടു വർഷങ്ങൾക്ക് മുൻപ് ദശലക്ഷക്കണക്കിന് ടൺ ചെളിയും പാറക്കല്ലുകളും മരങ്ങളും ഒഴുക്കിവിട്ട് തങ്ങളുടെ വീടുകളെയും ഗ്രാമങ്ങളെയും പൂർണ്ണമായി മൂടിക്കളഞ്ഞ മലനിരകളിലേക്ക് നിശബ്ദരായി നോക്കിനിന്നു.

ഈ രണ്ടാം വാർഷികം ഒരു സാധാരണ സ്മരണാഞ്ജലി മാത്രമായിരുന്നില്ല. എന്നാൽ ഇത്തവണ, ആഴത്തിലുള്ള ദുഃഖത്തിനൊപ്പം പുതിയൊരു ഭീതി കൂടി വന്നെത്തിയിരുന്നു. വാർഷികത്തിന് ആഴ്ചകൾക്ക് മുൻപ് മാത്രമാണ് അനാക്കമ്പയിൽ-കള്ളാടി-മേപ്പാടി ഇരട്ട തുരങ്ക പാത നിർമ്മാണ സ്ഥലമായ കള്ളാടിയിൽ വീണ്ടും ഉരുൾപൊട്ടലുണ്ടാവുകയും തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തത്. ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രം അകലെയുണ്ടായ ഈ അപകടം, തങ്ങളുടെ മലനിരകളുമായുള്ള ബന്ധം എത്രത്തോളം അനിശ്ചിതത്വത്തിലാണെന്ന് അതിജീവിച്ചവരെ വീണ്ടും ഓർമ്മിപ്പിച്ചു.

2024 ജൂലൈ 30-നുണ്ടായ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ഔദ്യോഗികമായി മരിച്ചവരുടെ എണ്ണം 298 ആണ്. മാസങ്ങൾ നീണ്ട തിരച്ചിലുകൾക്കും വിപുലമായ ഡിഎൻഎ പരിശോധനകൾക്കും ശേഷവും കണ്ടെത്താൻ കഴിയാതിരുന്ന 32 പേരെ, വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ശുപാർശയെ തുടർന്ന് പിന്നീട് കേരള സർക്കാർ മരിച്ചതായി പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി, ആരെയും ഔദ്യോഗികമായി കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, പല കുടുംബങ്ങൾക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഭൗതികശരീരം പോലും തിരികെ ലഭിച്ചിരുന്നില്ല.

വലിയ മരണസംഖ്യയ്ക്കുമപ്പുറം, രണ്ട് വർഷത്തിന് ശേഷവും പരിഹരിക്കപ്പെടാത്ത മറ്റൊരു മാനുഷിക പ്രതിസന്ധിയാണ് അവിടെ അവശേഷിക്കുന്നത്. ആയിരത്തിലധികം ആളുകളാണ് ഭവനരഹിതരായത്. ആയിരത്തിനടുത്ത് വീടുകൾ പൂർണ്ണമായി തകരുകയോ താമസയോഗ്യമല്ലാതാവുകയോ ചെയ്തു; ഒപ്പം കാപ്പിത്തോട്ടങ്ങളും കുരുമുളക് തോട്ടങ്ങളും സ്കൂളുകളും റോഡുകളും പാലങ്ങളും ചെറുകിട ബിസിനസുകളും ഒറ്റരാത്രികൊണ്ട് ഇല്ലാതായി. ഈ ദുരന്തം ഗ്രാമങ്ങളെ മായ്ച്ചുകളയുക മാത്രമല്ല ചെയ്തത്; തലമുറകളായി കെട്ടിപ്പടുത്ത ഒരു പ്രാദേശിക സാമ്പത്തിക ഘടനയെത്തന്നെ തകർത്തെറിയുകയാണ് ചെയ്തത്.

പുനരധിവാസ പ്രക്രിയ

ഒരു പ്രകൃതിദുരന്തത്തിന് ശേഷം സംസ്ഥാന ചരിത്രത്തിൽ തന്നെയുണ്ടായ ഏറ്റവും വലിയ പുനരധിവാസ പദ്ധതികളിലൊന്നാണ് കേരള സർക്കാർ ആവിഷ്കരിച്ചത്. താൽക്കാലിക ആശ്വാസ ക്യാമ്പുകളിൽ സഹായം ഒതുക്കുന്നതിന് പകരം, ദുരന്തബാധിത കുടുംബങ്ങൾക്കായി വീടുകൾ, സ്കൂളുകൾ, റോഡുകൾ, കമ്മ്യൂണിറ്റി സൗകര്യങ്ങൾ, പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ശാശ്വത പുനരധിവാസ ടൗൺഷിപ്പ് നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചു. അപ്പീലുകളിലൂടെയും പരിശോധനകളിലൂടെയും ഗുണഭോക്തൃ പട്ടിക പുതുക്കിക്കൊണ്ട് ടൗൺഷിപ്പ് പദ്ധതി ഘട്ടംഘട്ടമായി പുരോഗമിക്കുകയാണ്. ഔദ്യോഗിക പുനരധിവാസ രേഖകൾ പ്രകാരം, പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി 400-ലധികം കുടുംബങ്ങളെ സ്ഥിരമായ വീടുകൾക്ക് അർഹരായി കണ്ടെത്തിയിട്ടുണ്ട്. പല ഗുണഭോക്താക്കളും പ്ലോട്ടുകൾ തിരഞ്ഞെടുക്കുകയോ വീടുകൾ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ട്, എന്നാൽ മറ്റുള്ളവർ അപ്പീൽ പട്ടികകൾ പരിശോധിക്കുന്നതിനനുസരിച്ച് അലോട്ട്മെന്റിനായി കാത്തിരിക്കുകയാണ്.

സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതിക്ക് പുറമെ, രാഷ്ട്രീയ പാർട്ടികളും അതിജീവിച്ചവർക്കായി സ്വതന്ത്ര ഭവന പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) തൃക്കൈപ്പറ്റയിൽ 11 ഏക്കർ സ്ഥലത്ത് ആസൂത്രണം ചെയ്ത 105 വീടുകളിൽ 51 പൂർണ്ണ സജ്ജീകരണങ്ങളുള്ള വീടുകൾ നിർമ്മിച്ച് തങ്ങളുടെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി. സർക്കാരിന്റെ അംഗീകൃത പുനരധിവാസ പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത ഗുണഭോക്താക്കൾ 2026 ഏപ്രിലിൽ പുതിയ വീടുകളിലേക്ക് താമസം മാറി. 37 കോടി രൂപയിലധികം വരുന്ന ജനകീയ സംഭാവനകളിലൂടെ ധനസഹായം നൽകിയ ഈ പദ്ധതി, എല്ലാ മതവിഭാഗങ്ങളിലുമുള്ള കുടുംബങ്ങളെ ഉൾപ്പെടുത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. അതേസമയം, സ്ഥലം ഏറ്റെടുത്തതിന് ശേഷം മേപ്പാടിയിലെ കുന്നമ്പറ്റയിൽ തങ്ങൾ വാഗ്ദാനം ചെയ്ത 100 വീടുകളുടെ പുനരധിവാസ പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് കോൺഗ്രസും തുടക്കം കുറിച്ചു. സർക്കാരിൽ നിന്ന് മാത്രമല്ല, രാഷ്ട്രീയ പാർട്ടികളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും അതിജീവിച്ചവരുടെ ജീവിതം പുനർനിർമ്മിക്കുന്നതിന് വലിയ പിന്തുണ ലഭിച്ചുവെന്ന് ഈ സംരംഭങ്ങൾ വ്യക്തമാക്കുന്നു.

ഒഴിവാക്കലുകളും കടബാധ്യതയും

എന്നാൽ വയനാട്ടിലെ പുനരധിവാസം എന്നത് വീടുകൾ നിർമ്മിക്കുന്നതിനേക്കാൾ വളരെ സങ്കീർണ്ണമാണ്. ഓരോ ഗുണഭോക്തൃ പട്ടികയ്ക്ക് പിന്നിലും ഒഴിവാക്കപ്പെട്ടവരുടെ മറ്റൊരു പട്ടികയുമുണ്ട്. ദുരന്തബാധിത പ്രദേശങ്ങളായ പടവെട്ടിക്കുന്ന്, അട്ടമല, സ്കൂൾ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന എഴുപതോളം കുടുംബങ്ങൾ സർക്കാരിന്റെ പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് തുടരുകയാണ്. തങ്ങൾക്ക് വീടും ഉപജീവനമാർഗ്ഗവും വസ്തുവകകളിലേക്കുള്ള വഴിയും നഷ്ടപ്പെട്ടെങ്കിലും, സാങ്കേതിക യോഗ്യതാ മാനദണ്ഡങ്ങൾക്കോ നിർദ്ദിഷ്ട ഭൂമിശാസ്ത്രപരമായ അതിരുകൾക്കോ പുറത്തായതിനാലാണ് തങ്ങൾ ഒഴിവാക്കപ്പെട്ടതെന്ന് പലരും വാദിക്കുന്നു. ഇവരുടെ പോരാട്ടം ദുരന്താനന്തര പുനരധിവാസത്തിലെ ഏറ്റവും വിവാദപരമായ വിഷയങ്ങളിലൊന്നായി മാറിയിരിക്കുന്നു. കൂടാതെ, നിരവധി എസ്റ്റേറ്റ് തൊഴിലാളികളും വാടകക്കാരും കൃത്യമായ ഭൂരേഖകളില്ലാത്ത കുടുംബങ്ങളും ഉദ്യോഗസ്ഥതല തടസ്സങ്ങളിൽ പെട്ടിരിക്കുകയാണ്. തങ്ങൾക്കുള്ളതെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകാമെങ്കിലും, സ്ഥിരമായ പുനരധിവാസത്തിനുള്ള നിയമപരമായ യോഗ്യത തെളിയിക്കുന്നത് ഇവർക്ക് പലപ്പോഴും പ്രയാസകരമായി മാറുന്നു.

കടബാധ്യതയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പരിഹരിക്കപ്പെടാതെ കിടക്കുന്ന മറ്റൊരു വിഷയം. ഇനി നിലവിലില്ലാത്ത തോട്ടങ്ങൾക്കും കടകൾക്കും വീടുകൾക്കുമായി എടുത്ത ബാങ്ക് വായ്പകൾ പല കാപ്പി-കുരുമുളക് കർഷകരും ചെറുകിട സംരംഭകരും ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തത്തിന് ശേഷം ബാങ്കിങ് സ്ഥാപനങ്ങൾ ആശ്വാസ നടപടികൾ പ്രഖ്യാപിക്കുകയും, മരിച്ച ഇരകളുടെ വായ്പകൾ എഴുതിത്തള്ളാൻ ശുപാർശകൾ വരികയും ചെയ്തിരുന്നു. എങ്കിലും, മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾക്കടിയിൽ പുതഞ്ഞുപോയ സ്വത്തുക്കളുടെ പേരിൽ എടുത്ത വായ്പകളുടെ ഭാരവുംപേറി മുൻപോട്ടു പോകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി, അതിജീവിച്ചവരും കർഷകരും സമ്പൂർണ്ണ വായ്പ എഴുതിത്തള്ളൽ വീണ്ടും ആവശ്യപ്പെടുകയാണ്. അതിനാൽ തന്നെ, പല കുടുംബങ്ങൾക്കും പുനരധിവാസം എന്നാൽ രണ്ട് വ്യത്യസ്ത അർത്ഥങ്ങളുള്ള ഒന്നാണ്. ഒന്ന്, ഒരു പുതിയ വീട് ലഭിക്കുക എന്നതാണെങ്കിൽ; മറ്റൊന്ന്, എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയ സാമ്പത്തിക ജീവിതം തിരികെപിടിക്കുക എന്നതാണ്.

'മാറിമറിയുന്ന ഭൂപ്രകൃതി'

പുനരധിവാസം ഒരുവശത്ത് പുരോഗമിക്കുമ്പോഴും, ശാസ്ത്രജ്ഞർ 'തീവ്ര ദുരന്തസാദ്ധ്യതയുള്ളവ' എന്ന് തരംതിരിച്ചിരിക്കുന്ന ഭൗമമേഖലകളിൽ തന്നെയാണ് വയനാട്ടിലെ ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും ജീവിക്കുന്നത്. അടുത്തിടെ കള്ളാടിയിലുണ്ടായ ഉരുൾപൊട്ടൽ നീലിക്കാപ്പ്, പടവെട്ടിക്കുന്ന്, പുന്നപ്പുഴ, തൊട്ടടുത്തുള്ള മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലെ താമസക്കാർക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇവിടെ പല വീടുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിൽ ഭീതി ഉയർത്തുകയും ചെയ്യുന്നുണ്ട്. 2024-ലെ വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുടുംബങ്ങൾ, തങ്ങൾ ജീവിക്കുന്നത് തകർന്നുവീഴാൻ കാത്തുനിൽക്കുന്ന മറ്റൊരു മലനിരയ്ക്ക് താഴെയാണോ എന്ന് ഇപ്പോൾ ഭയപ്പെടുകയാണ്.

ഈ ആശങ്കയ്ക്ക് ശാസ്ത്രീയമായ അടിസ്ഥാനമുണ്ട്. വെള്ളരിമലയുടെ കുത്തനെയുള്ള ചരിവുകൾക്ക് താഴെയാണ് മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നീ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്.

2,200 മീറ്ററിലധികം ഉയരമുള്ള ഈ മലനിരകളിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മൺസൂൺ മഴ ലഭിക്കുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് വിധേയമായ പുരാതനമായ 'ചാർണോക്കൈറ്റ്' (Charnockite) പാറകളാലാണ് ഈ കുന്നുകൾ കൂടുതലായും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇവയ്ക്ക് മുകളിലായി അയഞ്ഞ മണ്ണ്, ചെങ്കല്ല്, ദ്രവിച്ച പാറക്കഷണങ്ങൾ എന്നിവയുടെ കട്ടിയുള്ളൊരു പാളിയുമുണ്ട്. ദീർഘനേരം നീണ്ടുനിൽക്കുന്ന മൺസൂൺ മഴയിൽ, ഈ മണ്ണ് ഒരു സ്‌പോഞ്ച് പോലെ പ്രവർത്തിക്കുകയും, ആന്തരിക ബലം നഷ്ടപ്പെടുന്നത് വരെ വൻതോതിൽ വെള്ളം ആഗിരണം ചെയ്യുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ, 2024 ജൂലൈ 30-നുണ്ടായ ദുരന്തം ഒരു സാധാരണ ഉരുൾപൊട്ടൽ മാത്രമായിരുന്നില്ല. അത് വിനാശകരമായ അവശിഷ്ട പ്രവാഹങ്ങളുടെ (Debris flows) ഒരു ശൃംഖലയായിരുന്നു. ദിവസങ്ങൾ നീണ്ട കനത്ത മഴയിൽ കുതിർന്നുപോയ ചരിവുകൾ പെട്ടെന്ന് തകരുകയും, ദശലക്ഷക്കണക്കിന് ക്യുബിക് മീറ്റർ ചെളിയും പാറയും പിഴുതെറിയപ്പെട്ട മരങ്ങളും ഇടുങ്ങിയ താഴ്‌വരകളിലൂടെ കുതിച്ചെത്തുകയുമായിരുന്നു. മലവെള്ളപ്പാച്ചിൽ താഴേക്ക് വരുന്തോറും അതിന്റെ വ്യാപ്തിയും വേഗതയും വർദ്ധിക്കുകയും, മിനിറ്റുകൾക്കുള്ളിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളെ വിഴുങ്ങുകയും ചെയ്തു.

പശ്ചിമഘട്ടത്തെ മാറ്റമില്ലാത്ത മലനിരകളായല്ല, മറിച്ച് ഭൂഗർഭശാസ്ത്രപരമായ ബലഹീനതകളും ജലവിജ്ഞാനവും (Hydrology) മനുഷ്യന്റെ ഇടപെടലുകളും നിരന്തരം പ്രതികരിക്കുന്ന, മാറിയൊഴുകുന്ന ഒരു ഭൗമഘടനയായി കാണണമെന്ന് പ്രമുഖ ജിയോളജിസ്റ്റ് സി.പി. രാജശേഖരൻ ആവർത്തിച്ച് വാദിക്കുന്നു. വയനാട് ദുരന്തം ഒറ്റപ്പെട്ട ഒരു കാരണം കൊണ്ടുണ്ടായതല്ലെന്നും, മറിച്ച് ദീർഘനേരം പെയ്ത മഴ, അതിതീവ്രമായ മഴപെയ്ത്ത്, ദുർബലമായ മലഞ്ചെരിവുകളിൽ പതിറ്റാണ്ടുകളായി ഉണ്ടായ ആഘാതങ്ങൾ എന്നിവയുടെ സംയോജനം മൂലമാണെന്നും ഡൗൺ ടു എർത്തുമായുള്ള സംഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രദേശങ്ങളിലെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഒറ്റത്തവണ പരിസ്ഥിതി അനുമതി നൽകുന്നതിന് പകരം, കർശനമായ ജിയോളജിക്കൽ പരിശോധനകളും നിരന്തരമായ നിരീക്ഷണവും ആവശ്യമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ദുരന്തത്തിന് മുൻപ് തന്നെ ഉരുൾപൊട്ടൽ സാദ്ധ്യതയെക്കുറിച്ച് പ്രാദേശിക അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്ന 'ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി' ഡയറക്ടർ സി.കെ. വിഷ്ണുദാസ് പറയുന്നത്, മുണ്ടക്കൈ നൽകുന്ന പാഠം മഴ അതിതീവ്രമാകുന്നു എന്നത് മാത്രമല്ല, മറിച്ച് മാറുന്ന കാലാവസ്ഥാ യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് ഭൂവിനിയോഗ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ പരാജയപ്പെടുന്നതുകൊണ്ട് അപകടസാദ്ധ്യത വർദ്ധിക്കുന്നു എന്നുകൂടിയാണ്.

ദുരന്തത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ, വയനാടിന്റെ മറ്റ് പല ഭാഗങ്ങളിലും നിരന്തരമായ നിരീക്ഷണം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. വരുംകാല മുൻകരുതലുകളും ജനങ്ങളുടെ ബോധവൽക്കരണവും ശാസ്ത്രീയമായ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളും കാലാവസ്ഥാ പ്രവചനങ്ങൾ പോലെ തന്നെ പ്രധാനമാണെന്നും അദ്ദേഹം വാദിച്ചു.

ഇനി ഒരിക്കലും അരുത്

രണ്ടു വർഷങ്ങൾക്കിപ്പുറം വയനാട് ഒരു നിർണ്ണായക വഴിത്തിരിവിലാണ്. ഒരു വഴി, മുണ്ടക്കൈ സംഭവത്തെ എല്ലാ ജൂലൈയിലും ഓർത്ത് ദുഃഖിക്കാനും, അതിനുശേഷം പഴയപടി മുൻപോട്ടു പോകാനുമുള്ള ഒരു അപൂർവ്വ ദുരന്തമായി കാണുന്നു. രണ്ടാമത്തെ വഴി, ഈ ദുരന്തം പശ്ചിമഘട്ടത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ അടിമുടി മാറ്റിയെന്ന് അംഗീകരിക്കുകയും, ഭാവിയിലെ ഓരോ തീരുമാനങ്ങളിലും ശാസ്ത്രവും ഭൂഗർഭശാസ്ത്രവും പാരിസ്ഥിതിക ജാഗ്രതയും കേന്ദ്രസ്ഥാനത്ത് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

വയനാട്ടിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, ഇതൊരു ദുരന്ത സ്മരണ മാത്രമല്ല. പശ്ചിമഘട്ടത്തിലെ ഒരു പ്രദേശത്തിനും പുത്തുമലയെപ്പോലെ മറ്റൊരു ശ്മശാനഭൂമി ഇനി ഒരിക്കലും നിർമ്മിക്കേണ്ടി വരില്ലെന്ന് ഉറപ്പാക്കൽ കൂടിയാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in