എണ്ണയുടെ അന്ത്യം? ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു; ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കാൻ 53 രാജ്യങ്ങൾ കൈകോർക്കുന്നു
ഐസ്റ്റോക്ക്

എണ്ണയുടെ അന്ത്യം? ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു; ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കാൻ 53 രാജ്യങ്ങൾ കൈകോർക്കുന്നു

ഫോസിൽ ഇന്ധനങ്ങളുടെ അപകടസാധ്യതകൾ യുദ്ധം മൂലമുണ്ടായ വിതരണ പ്രതിസന്ധിയിലൂടെ വെളിവാക്കപ്പെടുമ്പോൾ, കൽക്കരിയും എണ്ണയും ഗ്യാസും പൂർണ്ണമായും ഉപേക്ഷിക്കാനുള്ള ആഗോള കരാറിനായി കൊളംബിയ ഉച്ചകോടി ശ്രമിക്കുന്നു.
Published on
Summary
  • ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്നുണ്ടായ ചരിത്രപരമായ എണ്ണപ്രതിസന്ധി, ഫോസിൽ ഇന്ധനങ്ങൾ ചിലവേറിയതും വിശ്വസിക്കാൻ കൊള്ളാത്തതുമാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

  • പുനരുപയോഗ ഊർജ്ജത്തിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കുമുള്ള ആഗോള ചുവടുമാറ്റത്തിന് ഇത് വേഗത കൂട്ടി.

  • കുതിച്ചുയരുന്ന ഇന്ധന ചിലവ് നേരിടാൻ ഏഷ്യ-പസഫിക് രാജ്യങ്ങൾ ബുദ്ധിമുട്ടുമ്പോൾ, തൊഴിലാളികളെയും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിച്ചുകൊണ്ട് ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കാനുള്ള പദ്ധതിക്കായി 53 രാജ്യങ്ങൾ കൊളംബിയയിൽ യോഗം ചേരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തള്ളിക്കളയുന്നയാളും എണ്ണ വ്യവസായത്തിന്റെ ഉറ്റ തോഴനുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ഡ്രിൽ, ബേബി, ഡ്രിൽ" (എണ്ണ ഖനനം തുടരുക) എന്നതാണ് തന്റെ ഊർജ്ജ നയമെന്ന് അദ്ദേഹം തന്നെ ചുരുക്കത്തിൽ പറയാറുണ്ട്. എന്നിരുന്നാലും, ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ശുദ്ധമായ ഊർജ്ജത്തിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും (EV) ലോകത്തെ നയിക്കാൻ മറ്റാരെക്കാളും വേഗത്തിൽ അദ്ദേഹം ഇന്ന് വഴിയൊരുക്കുകയാണ്.

ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിന് പിന്നാലെ, ടെഹ്‌റാൻ ഹോർമുസ് കടലിടുക്ക് അടച്ചു. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ വിതരണ തടസ്സത്തിന് കാരണമായി.

ട്രംപിനും അദ്ദേഹത്തിന്റെ എണ്ണ വ്യവസായ ദാതാക്കൾക്കും വിരോധാഭാസമെന്നു പറയട്ടെ, ഈ പ്രതിസന്ധി ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള തിരിച്ചുവരവില്ലാത്ത ഒരു നിർണ്ണായക ഘട്ടമായേക്കാം (tipping point). വർഷങ്ങളായി, എണ്ണയും ഗ്യാസും കൽക്കരിയും "വിശ്വസിക്കാവുന്ന" ഊർജ്ജ സ്രോതസ്സുകളാണെന്നായിരുന്നു ഫോസിൽ ഇന്ധന വാദികൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ആ ധാരണ ഇപ്പോൾ തിരുത്തപ്പെട്ടിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങൾ ചിലവേറിയതും വിശ്വസിക്കാൻ കൊള്ളാത്തതുമായി മാറിയിരിക്കുന്നു; അതേസമയം പുനരുപയോഗ ഊർജ്ജം ചിലവ് കുറഞ്ഞതും വിശ്വസനീയവും സുരക്ഷിതവുമാണ്.

ചരിത്രത്തിലാദ്യമായി, കൽക്കരി, എണ്ണ, ഗ്യാസ് എന്നിവയെ ആശ്രയിക്കുന്നത് എങ്ങനെ കുറയ്ക്കാമെന്നും അവസാനിപ്പിക്കാമെന്നും ചർച്ച ചെയ്യാൻ അടുത്ത ആഴ്ച കൊളംബിയയിൽ 50-ലധികം രാജ്യങ്ങൾ ഒത്തുചേരും. ഇറാൻ യുദ്ധത്തിന് മുമ്പ് തന്നെ ഈ ചരിത്ര സമ്മേളനം ആസൂത്രണം ചെയ്തിരുന്നതാണ്. എന്നാൽ ഈ വർഷത്തെ ഊർജ്ജ പ്രതിസന്ധി ഇതിന്റെ പ്രാധാന്യം വളരെയധികം വർദ്ധിപ്പിച്ചു.

എണ്ണ പ്രതിസന്ധി യാഥാർത്ഥ്യമാണ്

ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ എണ്ണ ടാങ്കറുകൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാതായി. എന്നാൽ അത് മാത്രമല്ല സംഭവിച്ചത്. സംഘർഷത്തിൽ ഇതുവരെ 60-ലധികം ഗ്യാസ്-എണ്ണ സംഭരണ കേന്ദ്രങ്ങൾ തകർക്കപ്പെട്ടു. സുസ്ഥിരമായ ഒരു വെടിനിർത്തൽ ഉണ്ടായാൽ പോലും, ഇതിന്റെ ആഘാതം മാസങ്ങളോളം, ഒരുപക്ഷേ വർഷങ്ങളോളം നിലനിൽക്കും.

തടസ്സപ്പെട്ട ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഏഷ്യ-പസഫിക് മേഖലയിലേക്കുള്ളതായിരുന്നു. വിതരണം കുറഞ്ഞതോടെ ഈ മേഖലയിലെ സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണ് - ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുക, ഔദ്യോഗിക യാത്രകൾ നിരോധിക്കുക, ഇന്ധന നിയന്ത്രണം ഏർപ്പെടുത്തുക, സ്കൂൾ സമയത്തിൽ മാറ്റം വരുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പസഫിക് രാജ്യങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. പല ദ്വീപ് രാഷ്ട്രങ്ങളും വൈദ്യുതി ഉൽപ്പാദനത്തിനായി ഡീസലിനെയാണ് ആശ്രയിക്കുന്നത്. ഇതിനെത്തുടർന്ന് നേതാക്കൾ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇന്ധന ഇറക്കുമതി ബില്ലുകൾ പസഫിക് രാജ്യങ്ങൾക്ക് നേരത്തെ തന്നെ വലിയ ഭാരമായിരുന്നു, അതിനാൽ പ്രാദേശിക പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറാൻ അവർ ശ്രമിച്ചിരുന്നു. ഫിജിയിൽ ഇന്ധന ബില്ലുകൾ 933 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ വരെ വർദ്ധിച്ചേക്കാം (ഇത് അവരുടെ ആരോഗ്യ ബജറ്റിന്റെ ഏകദേശം മൂന്നിരട്ടിയാണ്).

ഊർജ്ജത്തിനായി നെട്ടോട്ടം

ഊർജ്ജ വിതരണം തടസ്സപ്പെടുമ്പോൾ ഭരണാധികാരികൾക്ക് മുന്നിൽ മൂന്ന് വഴികളാണുള്ളത്: മറ്റ് വിതരണ സ്രോതസ്സുകൾ കണ്ടെത്തുക, ഉപയോഗം കുറയ്ക്കുക, അല്ലെങ്കിൽ മറ്റ് ബദലുകളിലേക്ക് മാറുക. കഴിഞ്ഞ ആഴ്ച മലേഷ്യയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് ചെയ്തതുപോലെ, വിതരണം ഉറപ്പാക്കാനാണ് ഹ്രസ്വകാലത്തേക്ക് രാജ്യങ്ങൾ ശ്രമിക്കുന്നത്.

ഉപയോഗം കുറയ്ക്കാനുള്ള നടപടികളും രാജ്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന് ശാശ്വതമായ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയും. 1970-കളിലെ മിഡിൽ ഈസ്റ്റ് എണ്ണ പ്രതിസന്ധിയിൽ, എണ്ണവില മൂന്നിരട്ടിയും പിന്നീട് വീണ്ടും ഇരട്ടിയുമായി വർദ്ധിച്ചു. കുറഞ്ഞ വിഭവങ്ങൾ കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാനായി ഊർജ്ജ ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ചുകൊണ്ടാണ് അധികാരികൾ അന്ന് പ്രതികരിച്ചത്. 1979-ൽ ലോകത്തെ പ്രതിശീർഷ എണ്ണ ആവശ്യം അതിന്റെ ഉച്ചസ്ഥായിയിലെത്തി, പിന്നീട് അത് പഴയ നിലയിലേക്ക് തിരിച്ചുവന്നിട്ടില്ല.

എന്നാൽ അരനൂറ്റാണ്ട് മുമ്പുള്ള അവസ്ഥയിൽ നിന്നുള്ള പ്രധാന മാറ്റം, ഫോസിൽ ഇന്ധനങ്ങൾക്ക് പകരമുള്ള സംവിധാനങ്ങൾ ഇന്ന് പൂർണ്ണ സജ്ജമാണ് എന്നതാണ്. 1970-കൾക്ക് ശേഷം സോളാർ പാനലുകളുടെ വില 99.9 ശതമാനം കുറഞ്ഞു, കാറ്റിൽ നിന്നുള്ള ഊർജ്ജത്തിന്റെ ചിലവ് 1984-ന് ശേഷം 91 ശതമാനം കുറഞ്ഞു. ബാറ്ററികളുടെ വില 1991-ന് ശേഷം 99 ശതമാനമാണ് കുറഞ്ഞത്.

പല രാജ്യങ്ങൾക്കും ഈ ബദലുകളിലേക്ക് മാറുന്നത് ഇപ്പോൾ സാമ്പത്തികമായി ലാഭകരമാണെന്നാണ് ഇത് അർത്ഥമാക്കുന്നത്.

ഫെബ്രുവരിക്ക് ശേഷം ഫോസിൽ ഇന്ധന ബില്ലിൽ 36 ബില്യൺ ഡോളറിലധികം വർദ്ധനവുണ്ടായതിനെത്തുടർന്ന് യൂറോപ്യൻ യൂണിയൻ വൈദ്യുതീകരണ നടപടികൾ വേഗത്തിലാക്കും. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനും വീട് ചൂടാക്കാനുള്ള സംവിധാനങ്ങൾ വൈദ്യുതീകരിക്കുന്നതിനുമുള്ള ധനസഹായം ഫ്രാൻസ് ഇരട്ടിയാക്കി. ക്രൂഡ് ഓയിലിന്റെ 70 ശതമാനവും ഹോർമുസ് കടലിടുക്ക് വഴി ഇറക്കുമതി ചെയ്യുന്ന ദക്ഷിണ കൊറിയ, അടുത്ത നാല് വർഷത്തിനുള്ളിൽ പുനരുപയോഗ ഊർജ്ജ ശേഷി ഇരട്ടിയാക്കാൻ പദ്ധതിയിടുന്നു.

ഇലക്ട്രിക് വാഹനങ്ങൾ വിപ്ലവകരമായ മാറ്റത്തിലേക്ക്?

ഈ വർഷത്തെ എണ്ണ പ്രതിസന്ധി ഒരു "സാമൂഹിക നിർണ്ണായക ഘട്ടം" (social tipping point) സൃഷ്ടിക്കുന്നതിന്റെ സൂചനകൾ നൽകുന്നു - അതായത് ഒരു വ്യവസ്ഥ ഒരു അവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്ക് സ്വയം മാറുന്ന ഘട്ടം. താപനം വർദ്ധിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാന ഘട്ടങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ കാലാവസ്ഥാ പ്രവർത്തനങ്ങളെ അതിവേഗം ത്വരിതപ്പെടുത്തുന്ന നല്ല രീതിയിലുള്ള നിർണ്ണായക ഘട്ടങ്ങളിലേക്കും സാമൂഹിക ശാസ്ത്രജ്ഞർ വിരൽ ചൂണ്ടുന്നു.

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള കുതിപ്പ് ഇതിന് ഉദാഹരണമാണ്. ഓസ്‌ട്രേലിയയിൽ മാർച്ചിൽ പെട്രോൾ വില 50 ശതമാനത്തോളം വർദ്ധിച്ചു, ഡീസലിന് 70 ശതമാനത്തിലധികം കൂടി. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന റെക്കോർഡ് നിലയിലായതിലും സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹന വിൽപന കഴിഞ്ഞ മാസം ഇരട്ടിയായതിലും അത്ഭുതപ്പെടാനില്ല.

ഓസ്‌ട്രേലിയയിലെ 13 ലക്ഷം ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ ഓരോ ആഴ്ചയും ഏകദേശം 1.5 കോടി ലിറ്റർ പെട്രോൾ-ഡീസൽ ഉപയോഗം ഒഴിവാക്കുന്നു.

ഇലക്ട്രിക് ഗതാഗതത്തിലേക്കുള്ള ഈ കുതിപ്പ് ആഗോളതലത്തിലാണ്. ചൈനയിലെ മിക്ക പുതിയ കാറുകളും പ്രവർത്തിക്കുന്നത് ബാറ്ററികളിലാണ്, എണ്ണയിലല്ല. ജനുവരിയിൽ യൂറോപ്പിൽ ആദ്യമായി പെട്രോൾ കാറുകളെക്കാൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടു.

ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കാൻ ഒരു ഉച്ചകോടി

കൽക്കരി, എണ്ണ, ഗ്യാസ് എന്നിവയുടെ നിരന്തരമായ ഉപയോഗമാണ് കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രധാന കാരണം. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് നിർത്താൻ രാജ്യങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ലോകത്തെ പരമോന്നത കോടതി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.

എന്നാൽ കഴിഞ്ഞ 30 വർഷത്തെ ആഗോള കാലാവസ്ഥാ ചർച്ചകളിൽ ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശങ്ങൾ കുറവായിരുന്നു. വൻകിട ഫോസിൽ ഇന്ധന കയറ്റുമതിക്കാരുടെയും ലോബികളുടെയും ഇടപെടലുകളാണ് ഇതിന് ഒരു കാരണം.

പുരോഗതി കുറവായതിൽ നിരാശരായ ഒരു കൂട്ടം രാജ്യങ്ങൾ, ഫോസിൽ ഇന്ധനങ്ങൾ എങ്ങനെ ഘട്ടംഘട്ടമായി നിർത്തലാക്കാമെന്ന് ചർച്ച ചെയ്യാൻ ആഗോള കാലാവസ്ഥാ ചർച്ചകളെ മറികടന്ന് മുന്നോട്ട് വന്നിരിക്കുകയാണ്.

ഇത്തരം ഉച്ചകോടികളിൽ ആദ്യത്തേത് അടുത്ത ആഴ്ച നടക്കും. തൊഴിലാളികളെയും സാമ്പത്തിക വ്യവസ്ഥയെയും സംരക്ഷിച്ചുകൊണ്ട് ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കുന്നത് നിയന്ത്രിക്കാൻ ഒരു പ്രത്യേക ഉടമ്പടി രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ 50-ലധികം രാജ്യങ്ങൾ കൊളംബിയയിലെ സാന്താ മാർട്ടയിൽ ഒത്തുചേരും.

എണ്ണ പ്രതിസന്ധി ഫോസിൽ ഇന്ധനങ്ങളോടുള്ള ലോകത്തിന്റെ അമിതാശ്രയത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന സാഹചര്യത്തിൽ, ഇത് ഏറ്റവും അനുയോജ്യമായ സമയമാണെന്ന് കൊളംബിയൻ പരിസ്ഥിതി മന്ത്രി ഐറിൻ വെലെസ് ടോറസ് പറയുന്നു.

ഈ ഊർജ്ജ പ്രതിസന്ധിക്കിടയിൽ ഫോസിൽ ഇന്ധനങ്ങൾ ഉപേക്ഷിക്കാനുള്ള യഥാർത്ഥ ചലനം അടുത്ത ആഴ്ചയിലെ ഉച്ചകോടിയിൽ ഉണ്ടായാൽ, ലോകം മുഴുവൻ പിന്തുടരേണ്ട ഒരു വലിയ മാറ്റത്തിന്റെ തുടക്കമായി ചരിത്രം ഇതിനെ രേഖപ്പെടുത്തിയേക്കാം.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in