അതിജീവനത്തിന്റെ സാമ്പത്തിക ശാസ്ത്രം
ചിത്രീകരണം: യോഗേന്ദ്ര ആനന്ദ് / സിഎസ്ഇ

അതിജീവനത്തിന്റെ സാമ്പത്തികശാസ്ത്രം

കാലാവസ്ഥ നമുക്കെതിരായി മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, നമുക്കാവശ്യം പുതിയൊരു വികസന മാതൃക കണ്ടെത്തുകയാണ്; അല്ലാതെ പഴയതിനെ വീണ്ടും പൊടിതട്ടിയെടുക്കുകയല്ല.
Published on

ചില മീറ്റിംഗുകളുമായി ബന്ധപ്പെട്ട് ജൂൺ അവസാനവാരം ഞാൻ യൂറോപ്പിലുണ്ടായിരുന്നു; കടുത്ത ചൂടായിരുന്നു അവിടെ. ഉയർന്ന താപനില ശീലിച്ച ഒരു ഇന്ത്യക്കാരന് പോലും താങ്ങാൻ കഴിയാത്തത്ര തീക്ഷ്ണമായിരുന്നു സൂര്യന്റെ ചൂട്. കെട്ടിടങ്ങളുടെ നിർമ്മാണം മുതൽ താപനില നിയന്ത്രണ സംവിധാനങ്ങൾ വരെ, അവിടുത്തെ രാജ്യങ്ങളൊന്നും തന്നെ ഇത്തരമൊരു ചൂടിനെ പ്രതിരോധിക്കാൻ തക്കവണ്ണം 'രൂപകൽപ്പന' ചെയ്തവയല്ല എന്ന് വ്യക്തമായിരുന്നു. ഞാൻ നാട്ടിലേക്ക് മടങ്ങുമ്പോൾ ഇന്ത്യയിലുടനീളം കാലവർഷം കനത്തു പെയ്യുകയായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ റോഡുകൾ വെള്ളത്തിനടിയിലാവുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തതോടെ നഗരം പൂർണ്ണമായും സ്തംഭിച്ചു. ഹിമാലയത്തിലും പശ്ചിമഘട്ടത്തിലുമുണ്ടായ മേഘവിസ്ഫോടനങ്ങൾ വ്യാപകമായ ഉരുൾപൊട്ടലിനും സ്വത്തുനാശത്തിനുമാണ് കാരണമായത്. തൊട്ടുപിന്നാലെയാണ് അടുത്തിടെ മാത്രം നിർമ്മിച്ച റോഡുകൾക്കും പാലങ്ങൾക്കും സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. നാം ഇന്ന് നേരിടുന്ന അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങളെ ഒട്ടും കണക്കിലെടുക്കാതെയാണ് ഈ നിക്ഷേപങ്ങളൊക്കെയും നടത്തിയിട്ടുള്ളതെന്ന് ഇതിൽ നിന്നും വ്യക്തം. ഞാൻ ഇത് എഴുതുന്ന നിമിഷത്തിൽ, ന്യൂയോർക്ക് നഗരം കടുത്ത കൊടുങ്കാറ്റിനെയും പ്രളയത്തെയും നേരിടാൻ ഒരുങ്ങുകയാണ്. ഇതെല്ലാം സംഭവിച്ചത് വെറും ഒരൊറ്റ ആഴ്ചയ്ക്കുള്ളിലാണ്."

അതുകൊണ്ട്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ ഭീഷണിയെ ആരെങ്കിലും ഇപ്പൊഴും ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ, അവർ ജീവിക്കുന്നത് തിരിച്ചറിവില്ലായ്മയിലും മൂഢസ്വർഗ്ഗത്തിലുമാണ്. ആഗോള താപനില കുതിച്ചുയരുകയും അത് കാലാവസ്ഥയെ തകിടം മറിക്കുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ട പ്രവചനങ്ങൾ തന്നെയാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. ഭൂമിയുടെ താപനിലയിലുണ്ടാകുന്ന ഈ തകർച്ചയെ തടഞ്ഞുനിർത്താൻ നാം ചെയ്യുന്ന കാര്യങ്ങൾ ഒട്ടും പര്യാപ്തമല്ലെന്ന് സമ്മതിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനി നമ്മൾ ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ. എന്നാൽ നിർഭാഗ്യവശാൽ, നമ്മൾ പുറകോട്ടു സഞ്ചരിക്കുകയാണ് - പ്രവർത്തികളിൽ മാത്രമല്ല, ലോകത്തെ മാറ്റിമറിക്കാൻ പോന്ന ചിന്തകളിലും ആശയങ്ങളിലും പോലും.

കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് ഊർജ്ജ-സാമ്പത്തിക രംഗങ്ങളിൽ കൂടുതൽ ലാഭകരമാണ് എന്നതിനാലാണ് ഹരിത സാങ്കേതികവിദ്യ ഇന്ന് വിവിധ രാജ്യങ്ങളിലേക്ക് വഴിതുറക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളുടെ വഴിയിലൂടെ പോകാതെ തന്നെ സൗരോർജ്ജത്തിലേക്ക് നേരിട്ട് മാറുമ്പോൾ, ഒരു പവർ ഗ്രിഡ് സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്നതിനേക്കാൾ ചെലവ് കുറവാണ് സോളാർ പാനലുകൾക്കും ബാറ്ററികൾക്കും വരുന്നത്; മാത്രമല്ല, ഗ്രിഡ് നിർമ്മാണത്തിന് വലിയ തോതിൽ സമയവും ആവശ്യമുണ്ട്. രാജ്യങ്ങൾ തങ്ങളുടെ പ്രാദേശിക മുൻഗണനകൾക്ക് അനുസൃതമായാണ് ഇന്ന് തീരുമാനങ്ങളെടുക്കുന്നത്; ഇതിന്റെ അനുബന്ധ നേട്ടമായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയുന്നു എന്ന് മാത്രം.

വാഹന വ്യൂഹത്തിന്റെ വൈദ്യുതീകരണത്തിൽ നിർണ്ണായകമായ പുരോഗതി ലക്ഷ്യമിട്ടുള്ള ഡൽഹിയുടെ സമീപകാല നയം തന്നെ ഉദാഹരണമായി എടുക്കാം. തികച്ചും ധീരവും വലിയൊരു മാറ്റത്തിന് വഴിതുറക്കാൻ പോന്നതുമാണ് ഈ നീക്കം. ഇലക്ട്രിക് ഇരുചക്ര-മുച്ചക്ര വാഹനങ്ങളിലേക്കും ലഘു വാണിജ്യ വാഹനങ്ങളിലേക്കും (ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾസ്) മാറുന്നതിനായുള്ള വ്യക്തമായ നിർദ്ദേശങ്ങളാണ് ഈ നയം മുന്നോട്ടുവെക്കുന്നത്. ഇതനുസരിച്ച്, 2027 ജനുവരിയോടെ - നഗരത്തിൽ പൊതുഗതാഗതത്തിനായി പരക്കെ ഉപയോഗിക്കുന്ന - ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളും ലഘു വാണിജ്യ വാഹനങ്ങളും മാത്രമേ പുതിയതായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കൂ. 2028 ഏപ്രിലോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായിരിക്കും രജിസ്ട്രേഷൻ അനുമതി. പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും കൃത്യമായ ഒരു സ്ക്രാപ്പേജ് പോളിസിയും ഇതിനൊപ്പം വിഭാവനം ചെയ്തിട്ടുണ്ട്; ഇതുവഴി പഴയ വാഹനങ്ങൾക്ക് പകരം പുതിയവ നിരത്തിലിറക്കാം, പക്ഷേ അവ ഇലക്ട്രിക് ആയിരിക്കണം എന്ന് മാത്രം.

നഗരത്തിലെ വായുമലിനീകരണം തടയുക എന്നതാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യം; ഇരുചക്ര വാഹനങ്ങൾക്ക് ഇവിടെ പ്രത്യേക ഊന്നൽ നൽകുന്നതും അതുകൊണ്ടാണ്. ഈ നഗരത്തിൽ പ്രതിദിനം ആയിരത്തോളം പുതിയ ഇരുചക്ര വാഹനങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. എണ്ണത്തിലുള്ള ഈ വൻ വർദ്ധനവ് നഗരത്തിന്റെ വായുമലിനീകരണ തോത് ഉയർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അതുപോലെ തന്നെ, പ്രധാന പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിൽ ഓട്ടോറിക്ഷകൾ ഉൾപ്പെടുന്ന അനുബന്ധ ഗതാഗത ശൃംഖല നിർണ്ണായകമായ ഒരു പങ്കാണ് വഹിക്കുന്നത്. പരിസ്ഥിതി സൗഹൃദ ബസുകളിലേക്ക് (green bus fleet) നഗരം മാറിക്കൊണ്ടിരിക്കുകയാണ്; ഒപ്പം വിപുലമായ മെട്രോ റെയിൽ ശൃംഖലയും കൂടിയാകുമ്പോൾ, ഹരിത ഗതാഗതമെന്ന ഭാവിയിലേക്കുള്ള ഡൽഹിയുടെ ശരിയായ ചുവടുവെപ്പായി ഇത് മാറിയേക്കാം.

ഡൽഹിയുടെ 2026-ലെ ഇലക്ട്രിക് വാഹന (ഇ.വി) നയം വ്യക്തിഗത വാഹനങ്ങൾക്ക് നൽകുന്ന സാമ്പത്തിക ആനുകൂല്യങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്; അത് അങ്ങനെ തന്നെയായിരിക്കണം. കാരണം, ഈ വാഹനങ്ങൾ റോഡുകളിൽ അനാവശ്യമായി കൂടുതൽ സ്ഥലം കൈയടക്കുകയും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്യുന്നു; ഇത് ഒടുവിൽ വായുമലിനീകരണം വർദ്ധിക്കുന്നതിലേക്കാണ് നയിക്കുന്നത്. ഈ ഇലക്ട്രിക് വാഹന മാറ്റം വിഭാവനം ചെയ്തിരിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയല്ല എങ്കിൽ പോലും, ഇത് വിജയകരമായാൽ ഡൽഹിയിലെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാൻ ഇതിന് സാധിക്കും. ശുദ്ധമായ വായുവിന് വേണ്ടിയുള്ള പ്രാദേശികമായ ഇത്തരം അനിവാര്യതകളെ മുൻനിർത്തി നഗരങ്ങൾക്ക് വലിയൊരു കുതിച്ചുചാട്ടം നടത്താൻ കഴിയുന്നതും ഇവിടെയാണ്; അതുവഴി കൂടുതൽ സുരക്ഷിതമായ ഒരു കാലാവസ്ഥാ ഭാവിയിലേക്ക് ലോകത്തെ നയിക്കാൻ നഗരങ്ങൾക്ക് സാധിക്കും.

എന്നാൽ, ഇവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമുള്ളത്; ഇതെല്ലാം യാഥാർത്ഥ്യമാക്കണമെങ്കിൽ കടുത്ത നിശ്ചയദാർഢ്യത്തോടെയുള്ള തുടർച്ചയായ പ്രവർത്തനങ്ങൾ ആവശ്യമാണ്. എങ്കിൽ മാത്രമേ പഴയ വാഹനങ്ങൾ പൊളിച്ചുമാറ്റി പകരം പുതിയ വാഹന വ്യൂഹങ്ങളിലേക്കുള്ള മാറ്റം പൂർണ്ണമാവുകയുള്ളൂ; പൊതുവാഹനങ്ങൾക്ക് ആശ്രയിക്കാവുന്ന രീതിയിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വ്യവസ്ഥാപിതമാക്കാൻ സാധിക്കുകയുള്ളൂ; ഒടുവിൽ, ഇതെല്ലാം ചേർന്നുകൊണ്ട് പൊതുഗതാഗത സംവിധാനത്തെ വിജയകരമാക്കുന്നു എന്ന് ഉറപ്പുവരുത്താനും കഴിയുകയുള്ളൂ. വ്യക്തിഗത വാഹനങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ തയ്യാറാകണമെങ്കിൽ, നമ്മുടെ പൊതുഗതാഗത സംവിധാനം അത്രമേൽ വിശ്വസനീയവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായി മാറണം. ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കാനോ മലിനവായു ശ്വസിക്കാനോ ആരും ആഗ്രഹിക്കുന്നില്ല - നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഒരു മാറ്റമാണിത്. മികച്ച രീതിയിലുള്ള പൊതുഗതാഗത ശൃംഖലയ്ക്കായി നാം എത്രത്തോളം നിക്ഷേപം നടത്തുന്നുവോ, അത്രത്തോളം അത് ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ സുരക്ഷിതമാക്കാൻ സഹായിക്കും എന്ന് വ്യക്തമാണ്. ഇത് ഭവനനിർമ്മാണ മേഖലയിലെ ചെലവുകൾ കുറയ്ക്കാനും സഹായിക്കും; കാരണം ഭൂമിക്ക് വിലകുറഞ്ഞയിടങ്ങളിൽ ജനങ്ങൾക്ക് താമസിക്കാനും അവിടെനിന്ന് തൊഴിൽ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനും ഇതുവഴി സാധിക്കും. ഇതിന് വിഭാവനത്തിലുള്ള കൃത്യമായ കാഴ്ചപ്പാടും വലിയ തോതിലുള്ള നടപ്പാക്കലും അടിയന്തിരമായ പ്രവർത്തനവും അനിവാര്യമാണ്.

അപ്പോൾ, ഇതാണ് നമ്മൾ നേരിടുന്ന യഥാർത്ഥ കാലാവസ്ഥാ വ്യതിയാന വെല്ലുവിളി; പ്രകൃതി നമുക്കെതിരെ തിരിയുന്ന ഒരു ലോകത്തെ അതിജീവിക്കുക എന്നത്. ഈ മാറ്റങ്ങളിലേക്കുള്ള പരിവർത്തനം വേഗത്തിലാക്കാൻ പോന്ന പരിഹാരങ്ങളാണ് നമുക്കിന്ന് ആവശ്യം. കാലാവസ്ഥാ ദുരന്തത്തിന്റെ വക്കിലേക്ക് നമ്മെ എത്തിച്ച ഇന്നത്തെ സാമ്പത്തിക വളർച്ചാ മാതൃകയുടെ രീതി എങ്ങനെയാണെന്നാൽ - ആദ്യം നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിക്ഷേപം നടത്തുക, പിന്നീട് അതിന്റെ ഫലമായുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ പരിഹരിക്കാനും ലഘൂകരിക്കാനുമായി വീണ്ടും പണം ചിലവഴിക്കുക എന്നതാണ്. അതുകൊണ്ട് വികസനത്തിന്റെ പഴയ വഴികളെ വീണ്ടും പൊടിതട്ടിയെടുക്കുകയല്ല, മറിച്ച് തികച്ചും പുതിയൊരു വളർച്ചാ മാതൃക കണ്ടെത്തുകയാണ് നാം ചെയ്യേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ഈ പോരാട്ടത്തെ വിജയകരമായി മുന്നോട്ട് നയിക്കാനുള്ള ഏക മാർഗ്ഗവും ഇതുതന്നെയാണ്.

(പരിഭാഷ, എഡിറ്റിംഗ് സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in