സമുദ്രനിരപ്പ് ഉയരുന്നത് മൗലികാവകാശങ്ങൾക്ക് ഭീഷണി: യുഎൻ റിപ്പോർട്ട്

അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2050-ഓടെ 120 കോടിയോളം ആളുകൾ അഭയാർത്ഥികളാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്
സമുദ്രനിരപ്പ് ഉയരുന്നത് മൗലികാവകാശങ്ങൾക്ക് ഭീഷണി: യുഎൻ റിപ്പോർട്ട്
ദക്ഷിണേഷ്യയിൽ സമുദ്രനിരപ്പ് ഉയരുന്നത് മൂലം ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന നഗരങ്ങളിലൊന്നാണ് കൊൽക്കത്തഫോട്ടോ: ഐസ്റ്റോക്ക് വഴി രൂപ്
Published on
Summary
  • വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുന്ന സമുദ്രനിരപ്പ് ഗുരുതരമായ ഒരു മനുഷ്യാവകാശ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പുതിയ ഐക്യരാഷ്ട്രസഭ (UN) പ്രത്യേക റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇത് തീരദേശവാസികളുടെ പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരിക വ്യക്തിത്വം എന്നിവയ്ക്ക് കടുത്ത ഭീഷണിയുയർത്തുന്നു.

  • വേലിയേറ്റ രേഖയിൽ നിന്ന് അഞ്ച് മീറ്ററിൽ താഴെ മാത്രം ഉയരമുള്ള പ്രദേശങ്ങളിൽ 77 കോടിയോളം (770 മില്യൺ) ജനങ്ങൾ വസിക്കുന്ന സാഹചര്യത്തിലും, 2050-ഓടെ 120 കോടിയോളം ആളുകൾക്ക് വാസസ്ഥലം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാലും അടിയന്തര മുൻകരുതൽ നടപടികൾ, സാമ്പത്തിക സഹായം, അവകാശങ്ങളിൽ അധിഷ്ഠിതമായ കാലാവസ്ഥാ പ്രവർത്തനങ്ങൾ എന്നിവ ആവശ്യമാണെന്ന് റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു.

സമുദ്രനിരപ്പ് ഉയരുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കും ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്കും മാത്രമല്ല, സാംസ്കാരിക പൈതൃകത്തിനും മനുഷ്യാവകാശങ്ങൾക്കും സമൂഹങ്ങളുടെ നിലനിൽപ്പിന് തന്നെയും ഗുരുതരമായ ഭീഷണിയാണെന്ന് പുതിയ ഐക്യരാഷ്ട്രസഭ (UN) റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 31-ന് പലാവുവിൽ നടന്ന 55-ാമത് പസഫിക് ഐലൻഡ്സ് ഫോറം ലീഡേഴ്സ് മീറ്റിംഗിൽ യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അമിന ജെ. മുഹമ്മദാണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ 'സമുദ്രനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളും അവ നേരിടാനുള്ള വഴികളും സമീപനങ്ങളും' എന്ന പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചത്.

ആഗോളതാപനവും മഞ്ഞുമലകളുടെയും ഐസ് ഷീറ്റുകളുടെയും ഉരുകലുമാണ് സമുദ്രനിരപ്പ് ഉയരുന്നതിന് പ്രധാന കാരണമെന്നും, ഇത് ലോകമെമ്പാടുമുള്ള മനുഷ്യരെ ഇതിനകം തന്നെ ബാധിച്ചുതുടങ്ങിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2024-ൽ ആഗോള സമുദ്രനിരപ്പിലുണ്ടായ വാർഷിക വർദ്ധനവ് 5.9 മില്ലീമീറ്ററിലെത്തി നിൽക്കുകയാണ്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇന്ന്, ലോക ജനസംഖ്യയുടെ ഏകദേശം 10 ശതമാനത്തോളം വരുന്ന 77 കോടി ആളുകൾ (770 മില്യൺ) വേലിയേറ്റ രേഖയിൽ നിന്ന് അഞ്ച് മീറ്ററിൽ താഴെ മാത്രം ഉയരമുള്ള തീരദേശ മേഖലകളിലാണ് ജീവിക്കുന്നത്. ഇവർ നിലവിൽ തന്നെ വലിയ തോതിലുള്ള പാരിസ്ഥിതിക ഭീഷണികൾ നേരിടുകയാണ്.

നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ള വിതരണ സംവിധാനങ്ങൾ, ഗതാഗത ശൃംഖലകൾ, ഊർജ്ജ ശൃംഖലകൾ, കെട്ടിടങ്ങൾ, ഭൂഗർഭജല സ്രോതസ്സുകൾ എന്നിവയെ സമുദ്രനിരപ്പ് ഉയരുന്നത് ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇത് മനുഷ്യാവകാശങ്ങൾക്കും വികസനത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

എന്നാൽ, വ്യത്യസ്ത മേഖലകളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വ്യത്യസ്ത രീതിയിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഉദാഹരണത്തിന്, യുഎസിലെ മിയാമി, ന്യൂയോർക്ക്, ചൈനയിലെ ഗ്വാങ്ഷൂ തുടങ്ങിയ ഉയർന്ന വരുമാനമുള്ള നഗരങ്ങളിൽ തീരദേശ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടമാണ് പ്രധാന പ്രശ്നം. അവിടെ 2 ട്രില്യൺ മുതൽ 3.5 ട്രില്യൺ ഡോളർ വരെയുള്ള ആസ്തികളാണ് ഭീഷണി നേരിടുന്നത്.

എന്നാൽ, ദക്ഷിണേഷ്യയിലെ താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന നദികളുടെ ഡെൽറ്റകളിൽ, മനുഷ്യരുടെ കുടിയൊഴിപ്പിക്കലാണ് ഈ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്നത്. കൊൽക്കത്ത, മുംബൈ, ധാക്ക എന്നീ നഗരങ്ങളിലെ 1.4 കോടിയിലധികം (14 മില്യൺ) ആളുകൾ കടൽവെള്ളം സ്ഥിരമായി കയറി വീടുകൾ നഷ്ടപ്പെടുന്നതിന്റെ വക്കിലാണ്.

ഭീഷണിയിലാകുന്ന മനുഷ്യാവകാശങ്ങൾ

സമുദ്രനിരപ്പ് ഉയരുന്നത് വീട്, സുരക്ഷിതമായ കുടിവെള്ളം, ശുചിത്വം, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള മൗലികാവകാശങ്ങൾക്ക് ഭീഷണിയാകുന്നു. വെള്ളപ്പൊക്കവും തീരശോഷണവും വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, കൃഷിയിടങ്ങൾ എന്നിവ നശിപ്പിക്കും; കടൽവെള്ളം കയറുന്നത് ശുദ്ധജല സ്രോതസ്സുകളെയും മണ്ണ് പ്രതിഭാസങ്ങളെയും മലിനമാക്കുകയും ചെയ്യും. ശുചിത്വ സംവിധാനങ്ങൾ തകരുന്നത് ജലജന്യ രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെക്കുന്നു.

ചെറിയ ദ്വീപ് രാജ്യങ്ങൾ (SIDS), തദ്ദേശീയ ജനവിഭാഗങ്ങൾ, താഴ്ന്ന തീരദേശ മേഖലകളിൽ ജീവിക്കുന്ന ജനങ്ങൾ എന്നിവരാണ് ഇതിന്റെ ഏറ്റവും വലിയ ഇരകൾ.

പാരമ്പര്യമായി ജീവിച്ചുപോന്ന ഭൂമി നഷ്ടപ്പെടുന്നത് തദ്ദേശീയ ജനവിഭാഗങ്ങളുടെ സാംസ്കാരിക വ്യക്തിത്വത്തെയും ആത്മീയ ബന്ധങ്ങളെയും പരമ്പരാഗത അറിവുകളുടെ കൈമാറ്റത്തെയും ബാധിക്കുന്നതിനാൽ അവർക്ക് ഇത് വലിയ ആഘാതമുണ്ടാക്കുന്നു. അതിനാൽ, സമുദ്രനിരപ്പ് ഉയരുന്നത് മൂലമുണ്ടാകുന്ന കുടിയൊഴിപ്പിക്കൽ കേവലം ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല, മറിച്ച് ഗുരുതരമായ ഒരു മനുഷ്യാവകാശ വെല്ലുവിളി കൂടിയാണ്.

സാമ്പത്തിക, നിയമപരമായ വെല്ലുവിളികൾ

ഇതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും സമാനമായ രീതിയിൽ ആശങ്കാജനകമാണ്. തീരദേശ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ നിലവിൽ 1.8 ട്രില്യൺ ഡോളറിലധികം വരുമെന്നാണ് കണക്കാക്കുന്നത്. കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രതിവർഷ ഉണ്ടാകുന്ന ആഗോള നഷ്ടം 1.2 ട്രില്യൺ മുതൽ 4 ട്രില്യൺ ഡോളർ വരെ ഉയർന്നേക്കാം.

സമുദ്രനിരപ്പ് ഉയരുന്നത്, പ്രത്യേകം ഭൂപ്രദേശം പൂർണ്ണമായി നഷ്ടപ്പെടുന്ന ദ്വീപ് രാജ്യങ്ങളുടെ പരമാധികാരം, അംഗീകാരം, പൗരത്വം, സമുദ്രാതിർത്തികൾ എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ നിയമപരമായ ചോദ്യങ്ങളും ഉയർത്തുന്നു.

മുൻകരുതലുകളും മുന്നോട്ടുള്ള വഴിയും

കൃത്യസമയത്തുള്ള ഇടപെടലുകൾ, കൃത്യമായ ശാസ്ത്രീയ നിരീക്ഷണങ്ങൾ, മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ, പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് കാര്യക്ഷമമായ പ്രതിരോധത്തിന് പ്രധാനം.

അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2050-ഓടെ 120 കോടിയോളം (1.2 ബില്യൺ) ആളുകൾക്ക് വാസസ്ഥലം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു.

ഈ വെല്ലുവിളികളെ നേരിടാൻ കാലാവസ്ഥാ വ്യതിയാന പ്രതിരോധവും സജ്ജീകരണങ്ങളും ആവശ്യമാണ്. അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ വേഗത്തിൽ കുറയ്ക്കുക, മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാന സഹായ ഫണ്ടുകൾ വർദ്ധിപ്പിക്കുക, ശാസ്ത്രീയ വിവരങ്ങൾ കാര്യക്ഷമമാക്കുക, ദുരിതബാധിത സമൂഹങ്ങൾക്ക് ശക്തമായ പിന്തുണ നൽകുക എന്നിവയ്ക്ക് റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നു.

എന്നിരുന്നാലും, വികസ്വര രാജ്യങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. 2023-ൽ പ്രതിരോധ നടപടികൾക്കായി ലഭിച്ചത് വെറും 26 ബില്യൺ ഡോളർ മാത്രമായിരുന്നെങ്കിൽ, അവരുടെ പ്രതിവർഷ ആവശ്യങ്ങൾ $310-$365 ബില്യൺ ഡോളറോളമാണ്.

തീരദേശവാസികളെ സംരക്ഷിക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര സഹകരണവും നീതിയുക്തവും മുൻകൂട്ടി നിശ്ചയിക്കാവുന്നതുമായ സാമ്പത്തിക സഹായങ്ങളും സാങ്കേതികവിദ്യ കൈമാറ്റവും ജനകേന്ദ്രീകൃത ആസൂത്രണവും ആവശ്യമാണ്. സമുദ്രനിരപ്പ് ഉയരുന്നത് വീടുകളും ഉപജീവനമാർഗ്ഗങ്ങളും സംസ്കാരവും മൗലികാവകാശങ്ങളും നഷ്ടപ്പെടുന്ന ഒരു പ്രതിസന്ധിയായി മാറാതിരിക്കാൻ, മനുഷ്യാവകാശങ്ങളിൽ അധിഷ്ഠിതമായ സമീപനങ്ങളിലൂടെ ഈ ജനവിഭാഗങ്ങളെ കാലാവസ്ഥാ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കണം.

ഇന്നത്തെയും ഭാവിയിലെയും തലമുറകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്, പരമാധികാരവും സമുദ്ര മേഖലകളും മൗലികാവകാശങ്ങളും സംരക്ഷിക്കുന്ന തരത്തിൽ നിയമപരമായ ചട്ടക്കൂടുകൾ നിർമ്മിക്കപ്പെടേണ്ടതുണ്ട്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in