നേപ്പാളിലെ പ്രളയം: ഗ്രാമങ്ങളെയും പാലങ്ങളെയും ഒഴുക്കിക്കൊണ്ടുപോയ ദുരന്തത്തിന് കാരണമെന്ത്?

മഞ്ഞുവീഴ്ച, ഭൂകമ്പം, ഹിമതടാക വിസ്‌ഫോടനം എന്നിവയാണ് പ്രാഥമിക വിലയിരുത്തലുകൾ അനുസരിച്ച് ദുരന്തത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നേപ്പാളിലെ മിന്നൽപ്രളയം: ഡസൻകണക്കിന് ജീവനപഹരിച്ച്, ഗ്രാമങ്ങളെയും പാലങ്ങളെയും ഒഴുക്കിക്കൊണ്ടുപോയ മഹാദുരന്തത്തിന് പിന്നിൽ എന്ത്?
നേപ്പാളിൽ മിന്നൽപ്രളയമുണ്ടായ ഭോട്ടെ കോശി നദി ത്രിശൂലി നദിയിലാണ് ചെന്നുചേരുന്നത്. ഈ ഭൂപടത്തിൽ കാണിച്ചിരിക്കുന്ന ത്രിശൂലി നദി പിന്നീട് ഗണ്ഢക് നദിയായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നു. ഗംഗാ-ബ്രഹ്മപുത്ര നദീതടത്തിന്റെ ഭൂപടം.മാപ്പ് കടപ്പാട്: iStock
Published on

ഓഗസ്റ്റ് 26 രാവിലെയോടെ, ടിബറ്റ് അതിർത്തിക്ക് സമീപമുള്ള നേപ്പാളിലെ രസുവ ജില്ലയിൽ ശക്തമായ മിന്നൽപ്രളയമുണ്ടായി. നിരവധി പ്രദേശവാസികളെ പ്രളയം ഒഴുക്കിക്കൊണ്ടുപോയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീടുകൾക്കും പാലങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും വൻതോതിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്.

രാവിലെ 9:00-ഓടെ ടിബറ്റ് ഭാഗത്തുനിന്നുമെത്തിയ മിന്നൽപ്രളയം ഭോട്ടെ കോശി നദിയിലേക്ക് ഇരച്ചുകയറുകയും വഴിയിലുടനീളം വൻ നാശം വിതയ്ക്കുകയുമായിരുന്നു.

മിന്നൽപ്രളയം നിരവധി ജലവൈദ്യുത പദ്ധതികളെ തകർത്തതായി നേപ്പാൾ ഊർജ്ജ മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. രാജ്യത്തിന്റെ ആകെ ഉൽപ്പാദന ശേഷിയുടെ എട്ടിലൊന്നായ, ഏകദേശം 430 മെഗാവാട്ട് വൈദ്യുതി വിതരണത്തെ ഇത് പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ടിലുണ്ട്.

ഈ മിന്നൽപ്രളയത്തിന്റെ ഭയാനകമായ വ്യാപ്തി, ദുരന്തത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. "മഞ്ഞുവീഴ്ച, ലെൻഡെ (Lhende) നദിയെ തടസ്സപ്പെടുത്തിയതാണ് ഭോട്ടെ കോശി നദിയിൽ പെട്ടെന്നുണ്ടായ പ്രളയത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ," എന്ന് കാഠ്മണ്ഡു സർവ്വകലാശാലയിലെ പ്രൊഫസറും കാലാവസ്ഥാ ഗവേഷകനുമായ റിജൻ ഭക്ത കായസ്ഥയെ ഉദ്ധരിച്ച് ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, മഞ്ഞുവീഴ്ച കാരണം ലെൻഡെ നദിയുടെ ഒഴുക്ക് തടസ്സപ്പെടുകയും രൂപപ്പെട്ട താത്കാലിക തടാകം പിന്നീട് പൊട്ടിയൊഴുകുകയുമായിരുന്നു. "ഇതേ സമയത്തുതന്നെ ടിബറ്റൻ അതിർത്തി മേഖലയിൽ ഒരു ഭൂകമ്പവും ഉണ്ടായിട്ടുണ്ട്," എന്ന് പ്രൊഫ. കായസ്ഥ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ജൂലൈ 8-നും ഭോട്ടെ കോശി നദിയിൽ ശക്തമായ മിന്നൽപ്രളയം റിപ്പോർട്ട് ചെയ്തിരുന്നു. ഹിമതടാകം പൊട്ടിയതാണ് (Glacial Lake Outburst) ആ പ്രളയത്തിന് കാരണമായതെന്ന് നേപ്പാളിലെ ജലശാസ്ത്ര-കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു.

ജില്ലാ ആസ്ഥാനത്ത് മഴയൊന്നും ഉണ്ടായിരുന്നില്ലെന്ന് രസുവ ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ നരേന്ദ്ര പരിയാറിനെ ഉദ്ധരിച്ച് മറ്റൊരു പോസ്റ്റിൽ പറയുന്നു. "ഉയർന്ന പ്രദേശങ്ങളിലുണ്ടായ ഏതെങ്കിലും സ്വാഭാവിക പ്രകൃതി ദുരന്തമാകാം" മിന്നൽപ്രളയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. അത് ഹിമതടാകം പൊട്ടിയതാകാനും സാധ്യതയുണ്ട്.

നേരത്തെ നടത്തിയ ഒരു പഠനത്തിൽ ICIMOD (ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ്) ഇപ്രകാരം വ്യക്തമാക്കിയിരുന്നു: "ടിബറ്റ് സ്വയംഭരണ പ്രദേശത്തെ പൊയ്‌കു (Poiqu) നീർത്തട പ്രദേശം - നേപ്പാളിൽ ഇത് ഭോട്ടെ കോശി, സുൻ കോശി എന്നിങ്ങനെയാണ് അറിയപ്പെടുന്നത് - ഹിമതടാക പ്ലാവനത്തിന് (GLOFs) ഏറെ സാധ്യതയുള്ള മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്."

"ഉയർന്ന പ്രദേശങ്ങളിൽ എവിടെയെങ്കിലും ഹിമതടാകം പൊട്ടിയതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന് ഉറപ്പിച്ചു പറയാനാവില്ല. പ്രളയം പെട്ടെന്നാണ് ഉടലെടുത്തത്," എന്ന് പരിയാർ പറഞ്ഞതായി ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ (Xinhua) റിപ്പോർട്ട് ചെയ്തു.

ഡൗൺ ടു എർത്ത് (Down To Earth) റിപ്പോർട്ട് ചെയ്തതനുസരിച്ച്: "2000-കളുടെ തുടക്കത്തിൽ, ഹിന്ദുകുഷ് ഹിമാലയൻ മേഖലയിൽ 5 മുതൽ 10 വർഷത്തിലൊരിക്കൽ മാത്രമേ ഹിമതടാക പ്ലാവനം പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാൽ, കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം - 2025 മേയ്, ജൂൺ മാസങ്ങളിൽ - ഈ മേഖലയിൽ അത്തരം മൂന്ന് പ്രളയങ്ങൾ ഉണ്ടായതായി ICIMOD രേഖപ്പെടുത്തിയിട്ടുണ്ട്: നേപ്പാൾ (ലിമി), അഫ്ഗാനിസ്ഥാൻ (അന്ദൊരാബ് താഴ്‌വര), പാകിസ്താൻ (ചിത്രാൽ, ഹുൻസ) എന്നിവടങ്ങളിലാണ് ഈ ദുരന്തങ്ങളുണ്ടായത്."

"ഹിന്ദുകുഷ് ഹിമാലയൻ മേഖലയിൽ ഇത്ര വേഗത്തിൽ ദുരന്തങ്ങൾ ആവർത്തിക്കുന്നത് മുമ്പെങ്ങുമില്ലാത്തവിധമാണ്. പരമ്പരയായി ഉണ്ടാകുന്ന ഇത്തരം ആഘാതങ്ങളുടെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം അത്യാവശ്യമാണ്." - ശാശ്വത സന്യാൽ (ICIMOD Disaster Risk Reduction Lead) പ്രസ്താവനയിൽ പറഞ്ഞു. 

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in