

ഡൽഹിയിൽ, എന്റെ 14-ാമത്തെ ശൈത്യകാലമാണിത്. ഒരുകാലത്ത് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ കാലം, ഇന്ന് എനിക്ക് പേടിസ്വപ്നമാണ്. പലർക്കും മഞ്ഞുകാലത്തെ പ്രഭാതങ്ങൾ എന്നാൽ, പാർക്കിലെ നടത്തവും വെയിലു കായലും പുറത്തിരുന്നുള്ള ചായകുടിയുമൊക്കെയാവാം. എന്നാൽ എന്റെ പ്രഭാതങ്ങൾ തുടങ്ങുന്നത് ഉത്കണ്ഠയോടെയാണ്. ഞാൻ ആദ്യം കൈയിലെടുക്കുന്നത് പത്രമല്ല, മറിച്ച് വായുനിലവാരം നോക്കാൻ AQI മൊബൈൽ ആപ്പാണ്. എയർ ക്വാളിറ്റി ഇൻഡക്സിലെ ആ അക്കങ്ങളാണ് ഇപ്പോൾ എന്റെ ഓരോ ദിവസത്തെയും ചലനങ്ങൾ തീരുമാനിക്കുന്നത്. എനിക്ക് പുറത്തിറങ്ങാൻ കഴിയുമോ? ഇല്ല - വായു വിഷലിപ്തമാണ്. യോഗ ചെയ്യണമെങ്കിലോ? കഠിനമായവ വേണ്ട. ജനലുകൾ തുറന്നിടണോ? അല്പനേരം മാത്രം, അതും അസ്വസ്ഥതയോടെ.
ഡൽഹിയിൽ നമ്മൾ ശ്വസിക്കുന്നത് ഇപ്പോൾ വെറും വായുവല്ല; മറിച്ച്, മലിനീകരണത്തിന്റെ ഒരു വലിയ മിശ്രിതമാണ്. നമ്മുടെ ശ്വാസകോശത്തിലും രക്തത്തിലും ആഴത്തിൽ അടിഞ്ഞുകൂടുന്ന സൂക്ഷ്മകണികകളും രാസവസ്തുക്കളുമാനവ. അദൃശ്യമായ ഭീഷണികൾ. സുസ്ഥിരത, മാലിന്യ സംസ്കരണം എന്നീ മേഖലകളിലെ 15 വർഷത്തെ പ്രവൃത്തിപരിചയം എനിക്ക് ഇതിനെക്കുറിച്ച് അറിവും, വ്യക്തമായ കാഴ്ചപ്പാടും നൽകിയിട്ടുണ്ട്. എന്നാൽ, ഇതേ അറിവ് എന്നെ കൂടുതൽ ദുർബലയാക്കുകയും ചെയ്തിരിക്കുന്നു. വായു, മണ്ണ്, ജല മലിനീകരണങ്ങൾ എന്നിവ എങ്ങനെയാണ് ആരോഗ്യം, ഉപജീവനം, അസമത്വം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ, അതിന്റെ ആഘാതം നമ്മൾ വ്യത്യസ്തമായ രീതിയിൽ തിരിച്ചറിയുന്നു. ഇതിന്റെ കാരണങ്ങളും ഫലങ്ങളും എല്ലായിടത്തും നമുക്ക് കാണാൻ സാധിക്കും.
രാഷ്ട്രീയമായ ഉദാസീനതയും, ഭരണപരമായ മരവിപ്പും, സമൂഹത്തിന്റെ നിസ്സംഗതയും ഇവിടെ വ്യക്തമാണ്. ഡൽഹിയിലെ റോഡുകളിലിറങ്ങിയാൽ, ജീവിതം തികച്ചും സാധാരണമാണെന്ന് തോന്നും. ആരും തന്നെ മാസ്ക് ധരിക്കുന്നില്ല. തിരക്ക് പതിവുപോലെയാണ്, കടകൾ തുറന്നിരിക്കുന്നു, കുട്ടികൾ സ്കൂളിൽ പോകുന്നു. മലിനീകരണം നമ്മളെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്ന് കാണാത്തവർക്ക് - അല്ലെങ്കിൽ കാണാൻ ആഗ്രഹിക്കാത്തവർക്ക് - എല്ലാം പതിവുപോലെയാണ്. ഇവിടെ, അറിവില്ലായ്മ എന്നത് ഒരു വിചിത്രമായ ആനുകൂല്യമാണ്.
ഒടുവിൽ, ഒരു ദിവസം മലിനീകരണം ക്ഷണിക്കപ്പെടാത്ത അതിഥിയായി നമ്മുടെ വീട്ടിലുമെത്തുന്നു. കുടുംബത്തിലെ ഒരാൾക്ക് അസുഖം വരുന്നു. കടുത്ത ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുന്നു. പെട്ടെന്ന്, ജീവിതത്തിലെ ഓരോ തീരുമാനവും പുനർചിന്തനത്തിന് വിധേയമാകുന്നു. എന്തിനാണ് ഞാൻ ഇവിടെ തുടരുന്നത്?
ഓരോ ശൈത്യകാലത്തും ഡൽഹി, വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ വായുമലിനീകരണം മിക്കവാറും എല്ലാ ഇന്ത്യൻ നഗരങ്ങളെയും ബാധിച്ചിരിക്കുന്നു എന്നതാണ് സത്യം. ഇത് ഒരു കാലികമായ പ്രതിസന്ധിയല്ല, മറിച്ച് ഗുരുതരമായ ഒരു ദീർഘകാല പ്രശ്നമാണ്. ചിലപ്പോഴൊക്കെ, ഇത്രയധികം കാര്യങ്ങൾ എനിക്ക് അറിയില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. വായുമലിനീകരണം കാരണം ഒരു ചെറിയ ജലദോഷം കൂടിപ്പോയി തന്റെ മൂന്ന് വയസ്സുള്ള കുട്ടിക്ക് ആന്റിബയോട്ടിക്കുകളും നെബുലൈസറുകളും നൽകേണ്ടി വരുമ്പോൾ ഈ പ്രതിസന്ധി വെറുമൊരു വാക്കല്ല. മഴയോ ഇടിമിന്നലോ കാരണമല്ല, മറിച്ച് വായുവിലെ വിഷാംശം കാരണമാണ് ഒരു കുഞ്ഞിനെ ദിവസങ്ങളോളം വീട്ടിനുള്ളിൽ തളച്ചിടേണ്ടി വരുന്നതെന്ന് ഓർക്കുക.
മാലിന്യക്കൂമ്പാരങ്ങൾ, കത്തുന്ന ചപ്പുചവറുകൾ, അഴുക്കുചാലുകൾ മൂടുന്ന പ്ലാസ്റ്റിക്, അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ - പരിസ്ഥിതിലോലമായ പ്രദേശങ്ങൾ പോലും ഇതിൽ നിന്ന് മുക്തമല്ല. നമ്മുടെ അമിതമായ ഉപഭോഗത്തിന്റെ വില നൽകുന്നത് മലിനമായ പുഴകളും, കായലുകളും, സമുദ്രങ്ങളുമാണ്. അമിതമായ വിനോദസഞ്ചാരം കാരണം നമ്മുടെ പരിസ്ഥിതി വ്യവസ്ഥകൾ തകരുകയാണ്. ഓരോ യാത്രയും എന്നോട് ചോദിക്കുന്നത് "എങ്ങനെ എനിക്ക് ഇത് കാണാതിരിക്കാൻ സാധിക്കും?" എന്നാണ്. എനിക്ക് അതിന് കഴിയില്ല. മനസ്സിനെ ഒന്ന് ശാന്തമാക്കാൻ ഉത്തരാഖണ്ഡിലെ മലനിരകളിലേക്ക് നടത്തിയ യാത്ര എന്നെ കൂടുതൽ അസ്വസ്ഥയാക്കി. മാലിന്യങ്ങൾ നിറഞ്ഞ മലനിരകളും, വീർപ്പുമുട്ടുന്ന റോഡുകളും, ലാൻഡൂർ കന്റോൺമെന്റിലെ അമിതമായ ജനത്തിരക്കും എന്നെ വേദനിപ്പിച്ചു. എന്റെ ആശങ്കകളെക്കുറിച്ച് ഞാൻ ബ്ലോഗ് എഴുതി; ഈ കാര്യങ്ങളിൽ മൗനം പാലിക്കുന്നത് വലിയൊരു തെറ്റായി എനിക്ക് തോന്നി. ചില അധികാരികൾ പ്രതികരിച്ചെങ്കിലും, ഉത്തരവാദിത്തമുള്ള ടൂറിസം എന്നത് പിന്നീട് ചിന്തിക്കേണ്ട ഒന്നല്ല - അത് അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യമാണ്.
പരിസ്ഥിതിയെക്കുറിച്ചുള്ള ഈ ഉത്കണ്ഠ, ഒരു ബലഹീനതയല്ല. യുക്തിരഹിതമായ ഒരു ലോകത്തോടുള്ള യുക്തിപരമായ പ്രതികരണം മാത്രമാണത്: നമ്മുടെ അറിവും ഉത്കണ്ഠയും അധികാരികളുടെ നിസ്സംഗതയുമായി കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥ. ഈ മേഖലയിൽ ജോലി ചെയ്യുമ്പോഴും അസ്വസ്ഥതകൾ അനുഭവിക്കുക, നാശത്തിലേക്ക് നീങ്ങുന്ന നഗരങ്ങളെ സ്നേഹിക്കുക, ഭാവി തലമുറയ്ക്ക് നമ്മൾ എന്ത് കൈമാറും എന്ന് ചിന്തിച്ച് ഒരു കുട്ടിയെ വളർത്തുക - ഇത്തരം വൈരുദ്ധ്യങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. എന്നിരുന്നാലും, വ്യക്തിപരമായ കഥകൾക്ക് കേവലം സ്ഥിതിവിവരക്കണക്കുകളേക്കാൾ സ്വാധീനമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഈ അസ്വസ്ഥതകൾ പരസ്പരം പങ്കുവെക്കുമ്പോൾ അത് വലിയൊരു മാറ്റത്തിനുള്ള കൂട്ടായ തീരുമാനമായി മാറും. എല്ലാം ശരിയാണെന്ന് ഇനിയും നടിക്കുന്നത്, നമുക്ക് മുന്നിലുള്ള പോംവഴിയല്ല.
ദിയ മിർസ, കൽക്കി കോച്ച്ലിൻ, കിരൺ റാവു, നിള മാധബ് പാണ്ഡ, സജന സജീവൻ, സെവാങ് ചുസ്കിറ്റ്, മനീഷ് മെഹ്റോത്ര എന്നിവരുമായുള്ള എക്സ്ക്ലൂസീവ് അഭിമുഖങ്ങളും ശാസ്ത്രജ്ഞർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ കോളങ്ങളും ഉൾക്കൊള്ളുന്ന 2026 ജനുവരി 1 മുതൽ 15 വരെ പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിൽ നിന്നുള്ളതാണ് ഈ കോളം.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)