മഞ്ഞുവീഴ്ചയെ തോൽപ്പിച്ച് ആഗോളതാപനം; റെക്കോർഡ് ചൂടിൽ 2026 ജനുവരി

അന്റാർട്ടിക്ക ഉൾപ്പെടെ ദക്ഷിണാർദ്ധഗോളത്തിലെ പല പ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്.
2026 ജനുവരി മാസം: യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ തണുപ്പുണ്ടായിട്ടും ഏറ്റവും ചൂടേറിയ അഞ്ചാമത്തെ ജനുവരി മാസം.
ഐസ്റ്റോക്ക്
Published on
Summary
  • യൂറോപ്പിലും വടക്കേ അമേരിക്കയിലും അതിശൈത്യം അനുഭവപ്പെട്ടിട്ടും, ആർട്ടിക് ജെറ്റ് സ്ട്രീമിലുണ്ടായ വ്യതിയാനങ്ങൾ കാരണം 2026 ജനുവരി, ചരിത്രത്തിലെ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ ജനുവരിയായി രേഖപ്പെടുത്തി.

  • ഉത്തരാർദ്ധഗോളത്തിൽ അതിശൈത്യം ആഞ്ഞടിച്ചപ്പോൾ, ദക്ഷിണാർദ്ധഗോളത്തിൽ അനുഭവപ്പെട്ട കടുത്ത ഉഷ്ണതരംഗം കാട്ടുതീ പടരാൻ കാരണമായി.

  • സമുദ്രോപരിതലത്തിലെ താപനില ഉയർന്ന നിലയിൽ തുടരുന്നതും, സമുദ്രത്തിലെ മഞ്ഞുപാളികളുടെ അളവ് ഗണ്യമായി കുറഞ്ഞതും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ എടുത്തുകാട്ടുന്നു.

യൂറോപ്യൻ കാലാവസ്ഥാ ഏജൻസിയായ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്റെ (C3S) കണക്കുകൾ പ്രകാരം, ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ ജനുവരിയായിരുന്നു 2026-ലേത്. ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിലും, ദക്ഷിണാർദ്ധഗോളത്തിലും, തികച്ചും വിപരീതമായ താപനിലയാണ് ഈ മാസം അനുഭവപ്പെട്ടത്.

ആർട്ടിക് മേഖലയിലെ അന്തരീക്ഷത്തിൽ കാറ്റിന്റെ സഞ്ചാരപാതയിലുണ്ടായ (ജെറ്റ് സ്ട്രീം) അസ്ഥിരത കാരണം, ജനുവരിയിലുടനീളം യൂറോപ്പിലും, വടക്കേ അമേരിക്കയുടെ വലിയൊരു ഭാഗത്തും, അതികഠിനമായ ശൈത്യം അനുഭവപ്പെട്ടു. എന്നാൽ ഇതേസമയം, ഓസ്‌ട്രേലിയ, ചിലി, അർജന്റീന തുടങ്ങിയ ദക്ഷിണാർദ്ധഗോളത്തിലെ രാജ്യങ്ങളിൽ കടുത്ത ചൂടും ഉഷ്ണതരംഗവും കാട്ടുതീയും ജനജീവിതം ദുസ്സഹമാക്കി.

വ്യവസായ വിപ്ലവത്തിന് മുൻപുള്ള ശരാശരി താപനിലയേക്കാൾ, 1.47°C കൂടുതലായിരുന്നു ഈ ജനുവരിയിലേത്. 2025 ജനുവരിയിലുണ്ടായ റെക്കോർഡ് ചൂടിനേക്കാൾ (1.75°C) 0.28°C കുറവാണെങ്കിലും, ആർട്ടിക് മേഖലയിലെ വേഗത്തിലുള്ള താപവർദ്ധനവ്, ആഗോള കാലാവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. വടക്കൻ മേഖലയിലെ ജെറ്റ് സ്ട്രീമിലുണ്ടായ വലിയ വ്യതിയാനങ്ങളായിരുന്നു ഉത്തരാർദ്ധഗോളത്തിലെ കാലാവസ്ഥയെ നിയന്ത്രിച്ചിരുന്നത്.

അസ്ഥിരമായ ഈ ജെറ്റ് സ്ട്രീം, വടക്കൻ മേഖലയിലെ തണുത്ത കാറ്റിനെ താഴ്ന്ന അക്ഷാംശങ്ങളിലേക്ക് എത്തിച്ചതോടെ, യൂറോപ്പിലും, വടക്കേ അമേരിക്കയിലും, സൈബീരിയയിലും, കനത്ത മഞ്ഞുവീഴ്ചയുണ്ടായി. ഇതിന്റെ ഫലമായി ശരാശരി താപനില -2.34°C ആയി കുറയുകയും, 2010-ന് ശേഷമുള്ള ഏറ്റവും തണുപ്പേറിയ ജനുവരിയായി യൂറോപ്പിൽ ഇത് മാറുകയും ചെയ്തു. കിഴക്കൻ യൂറോപ്പ്, റഷ്യ, അമേരിക്കയുടെ മധ്യ-കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ കടുത്ത ശൈത്യം അനുഭവപ്പെട്ടതായി C3S റിപ്പോർട്ട് ചെയ്യുന്നു.

ആർട്ടിക് മേഖല തെക്കോട്ട് തണുത്ത കാറ്റ് അയക്കുമ്പോഴും, ആ പ്രദേശം തന്നെയും സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് അനുഭവിച്ചത്. പ്രത്യേകിച്ച് ഗ്രീൻലാൻഡ്, കനേഡിയൻ ആർട്ടിക് ദ്വീപുകൾ, റഷ്യയുടെ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ വലിയ താപവ്യതിയാനം അനുഭവപ്പെട്ടു.

വേനൽക്കാലം അനുഭവപ്പെടുന്ന ദക്ഷിണാർദ്ധഗോളത്തിൽ തെക്കേ അമേരിക്ക, വടക്കൻ ആഫ്രിക്ക, മധ്യേഷ്യ, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നിവിടങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന ചൂട് രേഖപ്പെടുത്തി. ഇത് പലയിടങ്ങളിലും കടുത്ത ഉഷ്ണതരംഗത്തിനും കാട്ടുതീ പടരാനും കാരണമായി.

ജനുവരി രണ്ടാം വാരത്തിൽ, ഓസ്‌ട്രേലിയയിലുണ്ടായ ശക്തമായ കാട്ടുതീക്ക് പിന്നിൽ ആഗോളതാപനത്തിന് വലിയ പങ്കുണ്ടെന്ന് 'വേൾഡ് വെതർ ആട്രിബ്യൂഷൻ' (WWA) വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം ഇത്തരം കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടി വർദ്ധിച്ചതായും, താപനിലയിൽ 1.6°C വർദ്ധനവ് ഉണ്ടായതായും പഠനങ്ങൾ പറയുന്നു.

കരയിലെ അതിശൈത്യം സമുദ്രോപരിതലത്തിലെ താപനിലയെ കാര്യമായി ബാധിച്ചില്ല. സമുദ്രജലത്തിന്റെ ശരാശരി താപനില 20.68°C ആയി തുടരുന്നു, ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ നിരക്കാണ്. അറ്റ്ലാന്റിക് സമുദ്രത്തിലെയും നോർവീജിയൻ കടലിലെയും പല ഭാഗങ്ങളിലും ഈ കാലയളവിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടത്. പസഫിക് സമുദ്രത്തിന്റെ വലിയൊരു ഭാഗത്തും സമാനമായ അവസ്ഥയായിരുന്നു.

ആർട്ടിക് മേഖലയിലെ താപവർദ്ധനവ് കാരണം ജനുവരിയിലെ സമുദ്രത്തിലെ മഞ്ഞുപാളികളുടെ അളവ്, ശരാശരിയേക്കാൾ ആറ് ശതമാനം കുറഞ്ഞു. ബാറന്റ്സ് കടൽ, ബാഫിൻ ബേ, ലാബ്രഡോർ കടൽ എന്നിവിടങ്ങളിൽ മഞ്ഞുപാളികൾ ഗണ്യമായി കുറഞ്ഞത് വായുവിലെ താപനില വർദ്ധിക്കാൻ കാരണമായി.

മഞ്ഞുവീഴ്ചയ്‌ക്കൊപ്പം യൂറോപ്പിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. ഇറ്റലി, ഐബീരിയൻ പെനിൻസുല, ബാൾക്കൺസ്, അയർലൻഡ്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളിൽ മഴ, കനത്ത നാശനഷ്ടങ്ങൾ വരുത്തി. കാനഡ, മെക്സിക്കോ, ജപ്പാൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചു.

തെക്കൻ ആഫ്രിക്കയിലുണ്ടായ കനത്ത മഴ, മൊസാംബിക്, സിംബാബ്‌വെ, ദക്ഷിണാഫ്രിക്കയുടെ വടക്കുകിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ വലിയ വെള്ളപ്പൊക്കത്തിന് കാരണമായി. ഇതിൽ 200-ഓളം പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ ബാധിക്കുകയും ചെയ്തു. ആഗോളതാപനം ഇത്തരം പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം കൂട്ടുന്ന സാഹചര്യത്തിൽ, ആഫ്രിക്കൻ മേഖലയ്ക്കായി പ്രത്യേക കാലാവസ്ഥാ മോഡലുകൾ ആവശ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in