ഹിമാലയം: കഴിഞ്ഞ 50 വർഷത്തിനിടെ ഉരുകിത്തീർന്നത് ആറുനില കെട്ടിടത്തിന് തുല്യമായ മഞ്ഞുപാളികൾ

ഹിമാലയത്തിന്റെ കിഴക്കൻ മേഖലകളിലെ ഉൾപ്പെടെയുള്ള പല മഞ്ഞുമലകളും (Glaciers) അതിവേഗം ഉരുകിക്കൊണ്ടിരിക്കുകയാണെന്നും, ഇത് നദികളിലെ ഒഴുക്കിന്റെ രീതി മാറ്റുന്നതിനും ഹിമതടാകങ്ങളുടെ (Glacial lakes) വിസ്തൃതി വർദ്ധിക്കുന്നതിനും കാരണമാകുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു
ഹിമാലയം: കഴിഞ്ഞ 50 വർഷത്തിനിടെ നഷ്ടമായത് ആറുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ള മഞ്ഞുപാളികൾ എന്ന് ഐസിഐഎംഒഡി (ICIMOD)
പാക് അധീന കാശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാനിലുള്ള സ്കർദുവിന് സമീപമുള്ള മഞ്ഞുപാളികൾഫോട്ടോ: iStock
Published on

ഹിമാലയൻ മേഖലയിലെ മഞ്ഞുമലകൾ - പടിഞ്ഞാറൻ, മധ്യ, കിഴക്കൻ ഹിമാലയങ്ങളും കാരക്കോറം പർവതനിരകളും ഉൾപ്പെടെ -1973 മുതൽ 2023 വരെയുള്ള കാലയളവിൽ ഏകദേശം 24 മീറ്റർ ജലത്തിന്റെ ആഴത്തിന് തുല്യമായ മഞ്ഞുപാളികൾ ഉരുകിത്തീർന്നതായി 'ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ്' (ICIMOD) നടത്തിയ പുതിയ വിശകലനം വ്യക്തമാക്കുന്നു.

"കാരക്കോറം പോലുള്ള ചില ഉപമേഖലകൾ സങ്കീർണ്ണമായ മാറ്റങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, നിലവിലെ ആഗോളതാപന സാഹചര്യത്തിൽ മഞ്ഞുമലകൾ തുടർച്ചയായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് പൊതുവായ സൂചനകൾ നൽകുന്നത്" എന്ന്, 'ഹിമാലയൻ ഗ്ലേസിയർ മോണിറ്ററിംഗിന്റെ 50 വർഷത്തെ ഉൾക്കാഴ്ചകൾ' (Insights from 50 Years of Himalayan Glacier Monitoring) എന്ന റിപ്പോർട്ട് നിരീക്ഷിക്കുന്നു.

എട്ട് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 16 പർവതനിരകളുടെ ഭാഗമാണ് ഹിമാലയവും കാരക്കോറം നിരകളും. ഇവയെല്ലാം ചേർന്നതാണ് 'ഹിന്ദുകുഷ് ഹിമാലയൻ' (HKH) പ്രദേശം.

ഹിന്ദുകുഷ് ഹിമാലയൻ മേഖലയിൽ 60,000-ത്തിലധികം മഞ്ഞുമലകളുണ്ടെങ്കിലും, വെറും 38 എണ്ണത്തിൽ മാത്രമാണ് ദീർഘകാല നിരീക്ഷണങ്ങൾ നടന്നിട്ടുള്ളത്. ഇതിൽ ആദ്യത്തെ നിരീക്ഷണം 1974 ജൂണിൽ ഇന്ത്യയിലെ ഹിമാചൽ പ്രദേശിലുള്ള 'ഗാര' (Gara) മഞ്ഞുമലയിലാണ് ആരംഭിച്ചത്.

ICIMOD-ന്റെ നിരീക്ഷണപ്രകാരം, ഭൂട്ടാൻ, കിഴക്കൻ ഇന്ത്യ, ചൈനയുടെയും മ്യാൻമറിന്റെയും ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഹിമാലയത്തിന്റെ കിഴക്കൻ മേഖലയിലെ മഞ്ഞുമലകളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുരുകൽ രേഖപ്പെടുത്തിയിരിക്കുന്നത്.

"പല മഞ്ഞുമലകളും അതിവേഗം ഉരുകിക്കൊണ്ടിരിക്കുകയാണ്. ഇത് നദികളിലെ ജലപ്രവാഹത്തിന്റെ രീതി മാറ്റുന്നതിനും ഹിമതടാകങ്ങളുടെ വിസ്തൃതി വർദ്ധിക്കുന്നതിനും കാരണമാകുന്നു. ഇത് 'ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബേസ്റ്റ് ഫ്ലഡ്' (GLOF) അഥവാ ഹിമതടാകങ്ങൾ പൊട്ടിയുണ്ടാകുന്ന പ്രളയസാധ്യത വർദ്ധിപ്പിക്കുകയും ഭാവിയിലെ ജലലഭ്യതയെ ബാധിക്കുകയും ചെയ്യും," റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

നിരീക്ഷിക്കപ്പെട്ട 38 മഞ്ഞുമലകളിൽ, പടിഞ്ഞാറൻ ഹിമാലയത്തിലെ 'ഹംത' (Hamta), മധ്യ ഹിമാലയത്തിലെ 'വെസ്റ്റ് ചാങ്‌രി നുപ്' (West Changri Nup), കിഴക്കൻ ഹിമാലയത്തിലെ 'ഗാംജു ലാ' (Gangju La), 'ഥാന' (Thana) എന്നിവയിലാണ് ഏറ്റവും ഉയർന്ന മഞ്ഞുരുകൽ രേഖപ്പെടുത്തിയത്. പ്രതിവർഷം ശരാശരി 1.50 മുതൽ 1.67 മീറ്റർ വരെ ജലത്തിന്റെ ആഴത്തിന് തുല്യമായ മഞ്ഞാണ് ഇവിടെ നഷ്ടപ്പെടുന്നത്.

ഈ നിരീക്ഷണങ്ങൾ ആശങ്കാജനകമാണെങ്കിലും, ഹിന്ദുക്കുഷ് ഹിമാലയൻ മേഖലയിൽ പൂർണ്ണതോതിലുള്ള പഠനങ്ങൾ നടത്തുന്നതിൽ ഇപ്പോഴും വലിയ കുറവുകളുണ്ട് (lacuna).

ഹിമാലയത്തിൽ നിലവിൽ ലഭ്യമായ മഞ്ഞുമലകളുടെ കണക്കുകളൊന്നും തന്നെ 'റഫറൻസ് ഗ്ലേസിയർ' (Reference glacier) എന്ന പദവിക്ക് അർഹമല്ല. വേൾഡ് ഗ്ലേസിയർ മോണിറ്ററിംഗ് സർവീസിന്റെ (WGMS) മാനദണ്ഡപ്രകാരം കുറഞ്ഞത് 30 വർഷത്തെ തുടർച്ചയായ കണക്കെടുപ്പുകൾ ഉണ്ടെങ്കിൽ മാത്രമേ ഒരു മഞ്ഞുമലയെ ഇത്തരത്തിൽ കണക്കാക്കാനാവൂ.

ഈ പ്രശ്നം പരിഹരിക്കുന്നതിനായി, 30 വർഷത്തെ നിരീക്ഷണം പൂർത്തിയാക്കാത്തതും എന്നാൽ മറ്റ് നിരീക്ഷണ സംവിധാനങ്ങൾ ഇല്ലാത്തതുമായ മേഖലകളിൽ WGMS "ബെഞ്ച്മാർക്ക് ഗ്ലേസിയർ" (Benchmark glacier) എന്ന പുതിയ രീതി അവതരിപ്പിച്ചു.

നിലവിൽ ഹിമാലയൻ മേഖലയിലെ ഏഴ് മഞ്ഞുമലകൾ WGMS-ന്റെ ബെഞ്ച്മാർക്ക് ഗ്ലേസിയർ പട്ടികയിൽ ഉൾപ്പെടുന്നു.

എങ്കിലും, കാരക്കോറം, സിക്കിം, സാൻസ്കർ, ഭൂട്ടാനിലെ ഹിമാലയൻ മേഖലകൾ എന്നിവിടങ്ങളിൽ ഇപ്പോഴും ദീർഘകാല നിരീക്ഷണങ്ങളുടെ കുറവുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്താണ് ഇതിന്റെ പ്രസക്തി?

ധ്രുവപ്രദേശങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ മഞ്ഞുപാളികൾ കേന്ദ്രീകരിച്ചിരിക്കുന്നത് 'മൂന്നാം ധ്രുവം' (Third Pole) എന്നറിയപ്പെടുന്ന ഹിന്ദുക്കുഷ് ഹിമാലയൻ (HKH) മേഖലയിലാണ്. അനേകം നദീതടങ്ങളുടെ ഉറവിടമായ ഈ പ്രദേശം നദീജന്യ ആവാസവ്യവസ്ഥയുടെ (River ecosystem) നിലനിൽപ്പിൽ ഏറ്റവും നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്.

ഐസിഐഎംഒഡി (ICIMOD)-ന്റെ മറ്റൊരു റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഗംഗ, ബ്രഹ്മപുത്ര നദീതടങ്ങളിലാണ് ഏറ്റവും വലിയ തോതിൽ മഞ്ഞുരുകൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗംഗാ നദീതടത്തിൽ ഏകദേശം 21 ശതമാനവും ബ്രഹ്മപുത്ര നദീതടത്തിൽ 16 ശതമാനവും മഞ്ഞുപാളികൾ കുറഞ്ഞതായി റിപ്പോർട്ട് നിരീക്ഷിക്കുന്നു.

എന്താണ് ഹിന്ദുകുഷ് ഹിമാലയൻ (HKH) മേഖല?

ഐസിഐഎംഒഡി (ICIMOD) പ്രകാരം, എട്ട് രാജ്യങ്ങളിലായി 55,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഉയർന്ന ഭൂപ്രദേശമാണ് ഹിന്ദുക്കുഷ് ഹിമാലയം (HKH). പത്ത് വലിയ നദീതടങ്ങളുടെ ഉറവിടം കൂടിയാണ് ഈ പ്രദേശം.

ഏകദേശം 6,000 ക്യുബിക് കിലോമീറ്റർ മഞ്ഞുശേഖരമുള്ള 60,000-ത്തിലധികം മഞ്ഞുമലകൾ (Glaciers) ഈ മേഖലയിലുണ്ട്.

മൊത്തത്തിലുള്ള വിസ്തൃതിയിലും മഞ്ഞുമലകളുടെ എണ്ണത്തിലും ഈ മേഖലയിലെ ഏറ്റവും വലിയ പർവതനിരയായ ഹിമാലയത്തിന്, 1990 മുതൽ 2020 വരെയുള്ള കാലയളവിൽ അതിന്റെ ആകെ മഞ്ഞുപാളികളുടെ വിസ്തൃതിയുടെ 17 ശതമാനത്തിലധികം നഷ്ടമായി.

ഇന്ത്യയിലെ ഷിംല മുതൽ നേപ്പാളിന്റെ കിഴക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന ഹിമാലയത്തിന്റെ മധ്യഭാഗത്താണ് ഏറ്റവും വലിയ വിസ്തൃതി കുറവ് രേഖപ്പെടുത്തിയത് - ഏകദേശം 20 ശതമാനത്തിലധികം.

ഉയരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വ്യത്യസ്ത മേഖലകളായി തിരിച്ചിരിക്കുന്ന ഹിമാലയത്തിൽ, മധ്യമേഖലയെ കൂടാതെ കശ്മീർ മുതൽ ഷിംല വരെ വ്യാപിച്ചുകിടക്കുന്ന പടിഞ്ഞാറൻ ഭാഗവും ഭൂട്ടാൻ, കിഴക്കൻ ഇന്ത്യ, ചൈനയുടെയും മ്യാൻമറിന്റെയും ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന കിഴക്കൻ ഭാഗവുമുണ്ട്.

പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിൽ യഥാക്രമം 12 ശതമാനവും 17 ശതമാനവും മഞ്ഞുപാളികളുടെ വിസ്തൃതി കുറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

എന്നാൽ ആശ്വാസകരമായ ഒരു കാര്യം, വിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള കാരക്കോറം പർവതനിരകളിൽ മഞ്ഞുപാളികളുടെ കുറവ് വെറും 2 ശതമാനത്തിനടുത്താണ് എന്നതാണ്. 16 വ്യത്യസ്ത പർവതനിരകളുള്ള ഈ മേഖലയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണിത്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in